NagaraPazhama

നഗരത്തിലെ സി.എസ്.ഐ. പള്ളി

Posted on: 12 Feb 2015

അഡ്വ. ടി.ബി. സെലുരാജ്‌



ലാളിത്യംകൊണ്ട് നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ് നഗരത്തിലെ മാനാഞ്ചിറയിലുള്ള സി.എസ്.ഐ. പള്ളി. വ്യക്തിക്കെന്നപോലെ ആരാധനാലയങ്ങള്‍ക്കും ലാളിത്യം ഒരു ഭൂഷണംതന്നെ. ഒരു പ്രഭാതത്തിലാണ് ഞാനീ പള്ളിയിലേക്ക് കടന്നുചെല്ലുന്നത്. പുതുതായി വെള്ളപൂശി സുന്ദരമാക്കിയിട്ടുണ്ട് ഈ ആരാധനാലയം. നീലിമകലര്‍ന്ന ആകാശത്തിലേക്ക് എത്തിനോക്കുന്ന ഗോപുരം.
ഗോപുരത്തിന് മുകളില്‍ 'ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്ന് വിളിച്ചറിയിച്ചുകൊണ്ടൊരു മരക്കുരിശ്. പള്ളിയുടെ ചുറ്റുമതിലിന് മുന്നില്‍ ചെരിപ്പുകുത്തികള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കര്‍മനിരതരായ ഇക്കൂട്ടര്‍ തലയുയര്‍ത്തുന്നതേയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. സമീപത്തുള്ള നഴ്‌സറിയിലേക്കായിരിക്കണം ദൈവത്തിന്റെ കുഞ്ഞോമനകളെ ഇടതടവില്ലാതെ വന്നെത്തുന്ന ഓട്ടോറിക്ഷകള്‍ ചൊരിയുന്നുണ്ട്. പാദരക്ഷകള്‍ അഴിച്ചുവെച്ചുകൊണ്ട് അകത്തുകയറിയപ്പോള്‍ എന്തെന്നില്ലാത്തൊരു ആശ്വാസം. ദൈവത്തിന്റെ കരങ്ങളിലാണിപ്പോള്‍ എന്നൊരു തോന്നല്‍. ഞാനാ അള്‍ത്താരയ്ക്കുമുന്നില്‍ സ്വയമര്‍പ്പിച്ച് എല്ലാ സൗഭാഗ്യങ്ങള്‍ക്കും നന്ദിപറഞ്ഞുകൊണ്ട് ഒന്നും ആവശ്യപ്പെടാതെതന്നെ പുറത്തിറങ്ങി. 1842ല്‍ റവറന്റ് ജെ.എം. ഫ്രിറ്റ്‌സ് എന്ന ബാസല്‍മിഷന്‍ പുരോഹിതന്‍ നിര്‍മിച്ചതാണ് ഈ പള്ളിയെന്ന് ചുവരുകളില്‍ സ്ഥാപിച്ച ശിലാഫലകങ്ങള്‍ നമ്മെ അറിയിക്കുന്നു. പുറത്ത് നഗരം തിരക്കിലായിരിക്കുന്നു. മനസ്സിലേക്കപ്പോള്‍ ഓടിയെത്തിയത് ഈ പള്ളിനിര്‍മാണത്തെക്കുറിച്ചുള്ള എഴുതാപ്പുറങ്ങളാണ്. അതിങ്ങനെ:
മലബാറിലെ ബാസല്‍മിഷന്റെ പ്രവര്‍ത്തനമാരംഭിക്കുന്നത് ഹിന്ദുമതത്തിലെ അവര്‍ണവിഭാഗത്തിനെ മതപരിവര്‍ത്തനം ചെയ്തുകൊണ്ടാണ്. ഹിന്ദുമതത്തിലെ വര്‍ണവിവേചനങ്ങള്‍ ഇക്കൂട്ടരെ വേണ്ടുവോളം ഇക്കാര്യത്തില്‍ സഹായിച്ചിട്ടുമുണ്ട്. നായാടി സമൂഹത്തിനെയായിരുന്നു ഇക്കൂട്ടര്‍ ആദ്യം മതപരിവര്‍ത്തനത്തിനായി തിരഞ്ഞെടുത്തത്.
''നാം നായാടികളെ ഏറെക്കുറേ പൂര്‍ണമായും മതപരിവര്‍ത്തനം ചെയ്തിരിക്കുന്നു. നായാടികളെയും പുലയരെയും മാത്രം മതപരിവര്‍ത്തനം ചെയ്തതുകൊണ്ട് കാര്യമില്ല. സവര്‍ണരിലേക്കും നാം കടന്നുചെല്ലേണ്ടിയിരിക്കുന്നു.'' എന്നൊരു കത്ത് മലബാറിലെ മിഷണറി ആസ്ഥാനത്തുനിന്ന് ജര്‍മനിയിലേക്ക് പോയതായി വായിക്കുകയുണ്ടായി. ഇതുകൊണ്ടുതന്നെ മലബാറിലെ ആദ്യകാല ഇടവകയിലെ ജനത തുലോം ദരിദ്രരായിരുന്നു. തുടക്കത്തില്‍ വളരെ ചെറിയൊരു ചാപ്പല്‍ മാത്രമായിരുന്നു ഫ്രിറ്റ്‌സിനുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍, പിന്നീട് ഫ്രിറ്റ്‌സ് പള്ളി പുതുക്കിപ്പണിയാനായി ഇടവകക്കാരില്‍നിന്നും 1150 ഉറുപ്പിക പിരിച്ചെടുത്തു. എസ്റ്റിമേറ്റ് പ്രകാരം പള്ളി പുതുക്കിപ്പണിയുന്നതിന് 3500 ഉറുപ്പിക വേണ്ടിയിരുന്നു. ബാക്കി വേണ്ടിവരുന്ന തുകയിലേക്ക് ധനസഹായം ചെയ്യണമെന്ന് അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാറിലേക്ക് കത്തെഴുതി. എന്നാല്‍, 'ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണ'മെന്ന ശാഠ്യത്തിലായിരുന്നു ഭരണാധികാരികള്‍. ആ എഴുതാപ്പുറങ്ങളിലേക്ക് നമുക്കൊന്ന് കടന്നുചെല്ലാം.
മദ്രാസ് സര്‍ക്കാറിന്റെ ചീഫ് സെക്രട്ടറിയായ ഹെന്‍ട്രി മോണ്‍ടിഗാമിക്ക് ബാസല്‍ മിഷന്‍ വക്താക്കളായ ഫ്രിറ്റ്‌സും ഹ്യൂബറും എഴുതിയ കത്തുതന്നെ നമുക്കൊന്ന് നോക്കാം. 1853 ഒക്ടോബര്‍ 12നാണ് ഈ കത്തെഴുതിയതായി കാണുന്നത്. ''സര്‍, താങ്കളുടെ വിലയേറിയ സമയം അപഹരിച്ചതിനുള്ള മാപ്പ് ചോദിച്ചുകൊണ്ട് അറിയിക്കട്ടെ. കോഴിക്കോട് ബാസല്‍മിഷന്‍ പ്രവര്‍ത്തകര്‍ക്ക് നല്ല സൗകര്യമുള്ളൊരു പള്ളി ഇടവകയ്ക്കായി പണിയണമെന്നാഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കാലം ഒട്ടേറെയായി. കോഴിക്കോട്ടുകാരായ നാട്ടുകാരില്‍ വിശ്വാസികളായി വരുന്നവരുടെ എണ്ണം മുമ്പത്തേക്കാളേറെ ഈയിടെ വര്‍ധിച്ചിട്ടുണ്ട്. അതുപോലെതന്നെ യറോപ്യന്‍ വിശ്വാസികളുടെ എണ്ണവും. ഇതുകൊണ്ടുതന്നെ ബാസല്‍ മിഷന്‍ കോഴിക്കോട് നഗരത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പള്ളി പണിയാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ പള്ളിയെന്നു പറയുന്നത് മിഷന്‍ ഹാളിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വളരെ ചെറിയൊരു ചാപ്പല്‍ മാത്രമാണ്. പുതിയ പള്ളിയുടെ നിര്‍മാണത്തിനായി ഞങ്ങള്‍ക്ക് വേണ്ടിവരുന്നത് 3500 ഉറുപ്പികയായിരിക്കും. ഇതില്‍ 1150 ഉറുപ്പിക മാത്രമാണ് സാധരണക്കാരില്‍ സാധാരണക്കാരായ ഇടവകക്കാരില്‍നിന്നും പിരിച്ചെടുക്കാന്‍ സാധിച്ചിട്ടുള്ളത്. അതിനാല്‍ ബാക്കിവരുന്ന തുകയിലേക്ക് ഒരു തുക തന്ന് സഹായിക്കാന്‍ അവിടത്തെ ദയവുണ്ടായി ബഹുമാനപ്പെട്ട മദ്രാസ് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യണമെന്നതാണ് ഞങ്ങളുടെ ആവശ്യം. ഇതില്‍ അമാന്തിക്കരുത്. ഇതേപോലൊരാവശ്യം ദാര്‍വാറിലെ ഞങ്ങളുടെ സഭ ബോംബെ സര്‍ക്കാറിലേക്ക് കൊടുത്തിരുന്നു. അതനുവദിക്കപ്പെടുകയും ചെയ്തിരുന്നു. കോഴിക്കോട് ബാസല്‍മിഷന്റെ പള്ളി പണിയുന്ന കാര്യത്തിലും താങ്കളുടെ ഭാഗത്തുനിന്നും ഉദാരമായൊരു സമീപനം വേണമെന്നതാണ് ഞങ്ങളുടെ ആവശ്യം.''
എന്നാല്‍, ബ്രിട്ടീഷ് സര്‍ക്കാര്‍ ചില ഉപാധികളോടെ മാത്രമേ ധനസഹായം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നൊരു നിലപാടിലായിരുന്നു. 1853 ഡിസംബര്‍ 12ന് മലബാര്‍ കളക്ടര്‍ക്ക് ഫ്രിറ്റ്‌സും ഹ്യൂബറും അയച്ച ഒരെഴുത്തില്‍നിന്ന് നമുക്ക് ഈ സംഗതികള്‍ വ്യക്തമാകും. ''സര്‍, 1853 നവംബര്‍ 15ന് മിനുട്‌സ് ഓഫ് കണ്‍സള്‍ട്ടേഷനില്‍ താങ്കള്‍ രേഖപ്പെടുത്തിയ വിവരങ്ങളുടെ പകര്‍പ്പ് കിട്ടി. കുറേയേറെ വ്യവസ്ഥകളാണ് താങ്കളതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ വ്യവസ്ഥകള്‍ പാലിച്ചാലേ താങ്കള്‍ക്ക് ഞങ്ങളുടെ പള്ളി നവീകരണത്തിന് സഹായം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നാണ് മിനുട്‌സില്‍ പറഞ്ഞിട്ടുള്ളത്. ഈ വ്യവസ്ഥകള്‍ ഞങ്ങള്‍ക്ക് സ്വീകരിക്കാന്‍ ബുദ്ധുമുട്ടാണെന്നറിയിക്കട്ടെ. ഞങ്ങള്‍ പണിയാന്‍ പോകുന്ന പള്ളി സര്‍ക്കാറിന്റെ ഉടമസ്ഥതയിലായിരിക്കണമെന്നും സര്‍ക്കാര്‍ ചാപ്ലൈന്‍ എപ്പോഴൊക്കെ കോഴിക്കോട് സന്ദര്‍ശിക്കുന്നുവോ, അപ്പോഴൊക്കെ പള്ളി അദ്ദേഹത്തിന്റെ കീഴില്‍ വരണമെന്നുമുള്ള താങ്കളുടെ നിര്‍ദേശം ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. ഞങ്ങളതിന് ഒരുക്കവുമല്ല. ഞങ്ങളുടെ സൊസൈറ്റിയുടെ നിയമനിര്‍മാണങ്ങള്‍ ഞങ്ങളെ ഇതിനനുവദിക്കുന്നുമില്ല. ഞങ്ങളുടെ പള്ളി ഞങ്ങളുടേത് മാത്രമായിരിക്കും. ഞങ്ങളുടെ സ്ഥലത്താണ് പള്ളി ഉയരുന്നത്. ഇടവകയിലെ പാവങ്ങളില്‍നിന്നും നമ്മുടെ പള്ളി എന്നപേരിലാണ് ഞങ്ങള്‍ പണം പിരിച്ചിട്ടുള്ളത്. ഈ വാഗ്ദാനത്തില്‍നിന്നും ഞങ്ങള്‍ക്ക് പിന്തിരിയാന്‍ സാധ്യമല്ല. റോമന്‍ കത്തോലിക്കരോടും മറ്റു പ്രൊട്ടസ്റ്റന്റ് വിശ്വാസികളോടും കൂറും സ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ടുതന്നെ പറയട്ടെ. ഞങ്ങള്‍ക്ക് ഞങ്ങളുടെ പള്ളി Church of Englandലെ പുരോഹിതന്മാര്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിയില്ല. ദാര്‍വാറിലെ ഞങ്ങളുടെ പള്ളിയും ഇത് ചെയ്തിട്ടില്ല. അതിനാല്‍ വ്യവസ്ഥകളില്ലാതെ കഴിയുമെങ്കില്‍ 500 രൂപ ധനസഹായം ചെയ്യുക. വ്യവസ്ഥകള്‍ ഞങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക.'' ഫ്രിറ്റ്‌സിന്റെയും ഹ്യൂബറിന്റെയും വ്യക്തിത്വം മാത്രമല്ല, ബാസല്‍ മിഷന്റെ വ്യക്തിത്വവും ഇവിടെ വെളിപ്പെടുന്നു.
ഇങ്ങനെയൊക്കെയാണ് 1842ല്‍ ഒരു ചാപ്പലായി മാത്രം തുടങ്ങിയ സി.എസ്.ഐ. പള്ളി ഇന്നുകാണുന്ന രൂപത്തില്‍ വളര്‍ന്നുവന്നത്. ദൈവത്തിന്റെ വയലും വീടുമാണ് പാവങ്ങളെന്ന് വിളിച്ചറിയിച്ചുകൊണ്ട് സ്‌നേഹസന്ദേശവുമായി ഈ പള്ളി ഒരലങ്കാരമായി നഗരത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്നു.

seluraj@yahoo.com



MathrubhumiMatrimonial