NagaraPazhama

ഉള്ളൂര്‍കുന്നില്‍നിന്നും ആദ്യറിപ്പബ്ലിക്ദിനത്തില്‍ കേരളത്തിന് ലഭിച്ച സമ്മാനം

Posted on: 27 Jan 2015

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍




ഉള്ളൂരും കണ്ണംമൂലയും ഇന്ന് കുന്നുകളല്ല. ആ കുന്നുകളെല്ലാം സ്ഥാപനങ്ങളും കെട്ടിടങ്ങളും കോളനികളും ആതുരാലയങ്ങളും ഫ്ലാറ്റുകളുമായി രൂപംമാറി. ഒരുകാലത്ത് ഉള്ളൂര്‍ കുന്നിന്‍പ്രദേശത്ത് പകല്‍പോലും സഞ്ചരിക്കാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. വേളിയും ആക്കുളവും പുലയനാര്‍കോട്ടയും ഒരുവാതില്‍കോട്ടയും എല്ലാം ചേര്‍ന്ന വിസ്തൃമായ കാട്ടുപ്രദേശത്തിന്റെ ഒരുഭാഗമായിരന്നു ഉള്ളൂര്‍കുന്ന്. 1743ല്‍ കരുമുളക് വില്പന സംബന്ധിച്ച് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഉണ്ടാക്കിയ കരാറില്‍ 'ഉള്ളൂര്‍കുന്ന്' ഒരു അതിര്‍ത്തിയായി രേഖപ്പെടുത്തിയിട്ടുണ്ട്.(ഓല നമ്പര്‍ 189 ചുരുണ 1595). കൊടുംകാടായിരുന്ന ഉള്ളൂര്‍കുന്നിന്‍ പ്രദേശത്താണ് ആദ്യറിപ്പബ്‌ളിക് ദിനമായ 1950 ജനവരി 26ന് കേരളത്തിന് മഹത്തായ സംഭാവന ലഭിച്ചത്. അത് മറ്റൊന്നുമല്ല, കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജിെന്റ തറക്കല്ലിടല്‍ ആയിരുന്നു.

ഇന്ത്യ റിപ്പബ്ലിക്കാകുമ്പോള്‍ കേരളം രൂപവത്കരിച്ചിരുന്നില്ല. അന്ന് തിരുകൊച്ചിയും മലബാറുമായി കേരളം വേര്‍തിരിഞ്ഞുകിടക്കുകയായിരുന്നു.

തിരുവിതാംകൂര്‍, കൊച്ചിയുമായി ലയിക്കുന്നതിന് എത്രയോ മുമ്പ് തുടങ്ങിയതാണ് തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിനുള്ള ശ്രമം. എന്നാല്‍, തിരുവിതാംകൂര്‍ സര്‍വകലാശാല രൂപവത്കരണത്തിന് ഇടങ്കോലിടാന്‍ ശ്രമിച്ചതുപോലെ മദ്രാസ് സര്‍ക്കാര്‍ ഇതിനും തടസ്സവാദങ്ങളുമായി രംഗത്തുവന്നു. പക്ഷേ, അന്നത്തെ ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും അതേസമയം ഒരു പരിധിവരെ സേച്ഛാധിപതിയെപ്പോലെ പെരുമാറിയിരുന്ന ദിവാന്‍ സര്‍ സി.പി. രാമസ്വാമിഅയ്യര്‍ തടസ്സങ്ങളെല്ലാം തട്ടിനീക്കി തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിച്ചു. അതിന്റെ കീഴില്‍ മെഡിക്കല്‍കോളേജ് വേണമെന്ന ആവശ്യത്തിനെതിരെയും തല്പരകക്ഷികള്‍ രംഗത്ത് ഇറങ്ങി. അക്കാലത്ത് മറ്റ് മെഡിക്കല്‍ കോളേജുകളില്‍ തിരുവിതാംകൂറിലെ കുട്ടികള്‍ക്ക് സീറ്റ് റിസര്‍വേഷന്‍ ഉണ്ടായിരുന്നു. ഇതുകൂടാതെ മദ്രാസിലെ ഒരു മെഡിക്കല്‍ കോളേജില്‍ തിരുവിതാംകൂറിന് പകുതിസീറ്റ് റിസര്‍വ് ചെയ്യാമെന്നുമുള്ള വാദങ്ങളുമായി തല്പരകക്ഷികള്‍ രംഗത്ത് എത്തി. പക്ഷേ, ആ നിര്‍ദേശങ്ങളെല്ലാം സര്‍ സി.പി. പുച്ഛിച്ചുതള്ളി. തിരുവിതാംകൂറിന് സ്വന്തമായ മെഡിക്കല്‍ കോളേജ് വേണമെന്ന ആവശ്യത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. ഇതിനുവേണ്ടി സ്ഥലങ്ങള്‍പോലും സി.പി.യുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

ഇന്നത്തെ ജനറല്‍ ആശുപത്രിക്ക് എതിര്‍വശത്ത് പാറ്റൂര്‍വരെയുള്ള സ്ഥലങ്ങളും ഇതിനുവേണ്ടി പരിശോധിച്ചു. എന്നാല്‍, സി.പി. ഇഷ്ടപ്പെട്ടത് ഇപ്പോള്‍ മാര്‍ ഇവാനിയോസ് കോളേജ് സ്ഥിതിചെയ്യുന്ന നാലാഞ്ചിറ പ്രദേശമായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ തങ്ങളെ അനുവദിക്കണമെന്ന മാര്‍ ഇവാനിയോസ് തിരുമേനിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഉള്ളൂര്‍കുന്നിലേക്ക് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ആലോചന തുടങ്ങിയത്. പക്ഷേ, സര്‍ സി.പി. അധികാരം വിട്ടതോടെ ഏതാനും മാസത്തേക്ക് മെഡിക്കല്‍ കോളേജ് രൂപവത്കരണത്തിനുള്ള നടപടികള്‍ മന്ദഗതിയിലായി.

1948 ഫിബ്രവരിയിലാണ് മെഡിക്കല്‍ കോളേജ് രൂപവത്കരണത്തിന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിയംഗങ്ങള്‍ ഇന്ത്യയിലെ പ്രമുഖ ഒമ്പത് മെഡിക്കല്‍ കോളേജുകള്‍ സന്ദര്‍ശിച്ചശേഷം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1948 ഒക്ടോബറില്‍ മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ തീരുമാനമെടുത്തു. പിന്നീടാണ് തിരുവിതാംകൂര്‍കൊച്ചി ലയനം നടന്നത്.

ആദ്യം ജനറല്‍ ആശുപത്രിക്ക് എതിര്‍വശത്തായി മെഡിക്കല്‍ കോളേജ് തുടങ്ങാനാണ് ഉദ്ദേശിച്ചത്. എന്നാല്‍, ചൊപ്ര കമ്മിറ്റി ശുപാര്‍ശ അനുസരിച്ചുള്ള കോളേജിന് വിസ്തൃതമായ സ്ഥലം വേണമെന്നതിനാല്‍ ഉള്ളൂരില്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തു. അവിടെ എല്ലാംകൂടി 86 ഏക്കര്‍ ഭൂമി ഉണ്ടായിരുന്നു. 14 ഏക്കര്‍കൂടി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ബോംബേയിലെ പ്രശസ്ത ആര്‍ക്കിടെക്ട് റിറ്റ്ചി (Ritchie)യെയായിരുന്നു കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കാന്‍ നിയോഗിച്ചത്.

1950 ജനവരി 26ന് മെഡിക്കല്‍ കോളേജിന് തിരുകൊച്ചി രാജപ്രമുഖന്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് തറക്കല്ലിട്ടു. എ.െജ.ജോണ്‍ ആയിരുന്നു അന്നത്തെ സംസ്ഥാന ആരോഗ്യമന്ത്രി. അദ്ദേഹം സ്വാഗതപ്രസംഗത്തില്‍ മെഡിക്കല്‍ കോളേജിനെപ്പറ്റി വിവരിച്ചു. അടുത്തവര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തു.



MathrubhumiMatrimonial