NagaraPazhama

ഒരു സന്ദര്‍ശനവും വിവാദവും

Posted on: 08 Jan 2015

അഡ്വ. ടി.ബി. സെലുരാജ്‌



ഇത് ഒരു വി.ഐ.പി.യുടെ മാനന്തവാടി സന്ദര്‍ശനത്തിന്റെ ചരിത്രമാണ്. സബ് കളക്ടറായ ഗുഡ്‌വിന്‍ മാനന്തവാടി സന്ദര്‍ശിച്ചതിന്റെ കഥ. വി.ഐ.പി. സന്ദര്‍ശനം നമുക്ക് സുപരിചിതമാണ്. റോഡുകളിലെ കുഴികള്‍ നികത്തുന്നതായി കണ്ടാല്‍, പാലങ്ങളുടെ കൈവരികള്‍ ചായംപൂശുന്നതായി കണ്ടാല്‍ നാം ഉറപ്പിക്കും ഏതോ ഒരു വി.ഐ.പി. നഗരം സന്ദര്‍ശിക്കുന്നു. ഇക്കൂട്ടരുടെ സന്ദര്‍ശനങ്ങള്‍ എപ്പോഴും വിവാദങ്ങളുണ്ടാക്കുന്നവയാണ്. പൈലറ്റ് വാഹനം വഴിതെറ്റി ഓടി എന്നതുമുതല്‍ ''ഈ ചങ്ങാതി സ്ഥലംവിട്ടില്ലേ?'' എന്ന പോലീസ് ഓഫീസറുടെ ഉറക്കെയുള്ള വിലാപം വരെ മാധ്യമങ്ങള്‍ക്ക് ആഘോഷങ്ങളാണ്. സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഗതാഗതനിയന്ത്രണവും അനുബന്ധ സുരക്ഷാ നടപടികളുമെല്ലാം പാവം സമ്മതിദായകനെ കുഴക്കുമെന്നല്ലാതെ ഇത്തരം വരവുകള്‍കൊണ്ട് അവര്‍ക്ക് ഗുണമൊന്നും കിട്ടാറില്ലെന്നതാണ് വാസ്തവം.

ഗുഡ്‌വിന്‍ എന്ന സബ് കളക്ടര്‍ മാനന്തവാടി സന്ദര്‍ശിച്ചപ്പോഴും വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. തുടര്‍ന്ന് അന്വേഷണമായി നടപടികളായി. ആ സന്ദര്‍ശനവേളയില്‍ എന്ത് സംഭവിച്ചുവെന്നും തുടര്‍ നടപടികളെന്തായിരുന്നുവെന്നും ഒന്നുരണ്ട് എഴുത്തുകുത്തുകളിലൂടെ ഇവിടെ വെളിപ്പെടുത്താം.

ഗുഡ്‌വിന്‍ എന്ന സബ്കളക്ടറുടെ വരവ് കുതിരപ്പുറത്തായിരുന്നു. അക്കാലത്ത് കാറുകളൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഇനി നമുക്ക് വയനാട് തഹസില്‍ദാര്‍ 1841ല്‍ മലബാര്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ കടന്നുപോകാം.

9ൈ8%''വയനാട് തഹസില്‍ദാറായ ഞാന്‍ ബഹുമാനപ്പെട്ട മലബാര്‍ കളക്ടര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുന്നതെന്തെന്നാല്‍ സബ്കളക്ടര്‍ ആഗസ്ത് 5ാം തിയ്യതി മാനന്തവാടി സന്ദര്‍ശിക്കുന്ന വിവരം ഞാന്‍ ഏളൂര്‍നാട് അധികാരിയെയും മറ്റു രണ്ട് അധികാരികളെയും അറിയിച്ചിരുന്നു. അവശ്യം വേണ്ടിവരുന്ന എല്ലാ തയ്യാറെടുപ്പുകളും ശരിയാക്കിവെക്കണമെന്നും ഇക്കാര്യത്തില്‍ യാതൊരു ഉപേക്ഷയും പാടില്ലെന്നും പ്രത്യേകം അറിയിക്കുകയുണ്ടായി. മാനന്തവാടിയില്‍ കച്ചേരി കൂടുവാനായിരുന്നു ഇദ്ദേഹം വന്നിരുന്നത്. വിവരം കിട്ടിയ ഉടനെ ഏളൂര്‍നാട് അധികാരി തൃശ്ശിലേരിയിലെ മുഖ്യസ്ഥന് 40 കോഴികള്‍, 100 കോഴിമുട്ടകള്‍, 10 പഴുത്ത വാഴക്കുലകള്‍, ഓറഞ്ച്, ഉണങ്ങിയതും ഉണങ്ങാത്തതുമായ പുല്ലിന്റെ കെട്ടുകള്‍ (കുതിരയുടെ ഭക്ഷണം) ഇവ മാനന്തവാടി കച്ചേരിയില്‍ സംഘടിപ്പിച്ചുവെക്കാന്‍ ഉത്തരവിട്ടതായി എന്നെ അറിയിച്ചു. ഇവയ്ക്ക് വേണ്ടുന്ന ചെലവ് മുഖ്യസ്ഥനോട് നേരിട്ട് കൈപ്പറ്റണമെന്നും ഞാന്‍ നിര്‍ദേശിക്കുകയുണ്ടായി. ഇതിനുപുറമേ 80 കൂലിക്കാരെ സംഘടിപ്പിച്ചുവെക്കാന്‍ അയാള്‍ നിര്‍ദേശം കൊടുത്തതായും എനിക്ക് വിവരം ലഭിച്ചു. ഇതില്‍ വല്ല പാളിച്ചകളും സംഭവിച്ചാല്‍ അതിനുള്ള കാരണം താലൂക്കില്‍ ബോധിപ്പിക്കണമെന്നും കല്പനയുണ്ടായിരുന്നു. ഞാന്‍ ഈ കല്പന അധികാരിക്ക് കൈമാറിയത് സര്‍ക്കാര്‍ ശിപായി മുഖാന്തരമാണെന്നറിയിക്കട്ടെ. എന്നാല്‍, പിന്നീട് അംശം പ്യൂണായ ചന്തു എന്നെ വിവരമറിയിച്ചത് അയാള്‍ വിവരം കൊടുത്തിട്ടും മുഖ്യസ്ഥര്‍ കാര്യമായി ഒന്നും ചെയ്തില്ല എന്നതാണ്. മുഖ്യസ്ഥര്‍ പറഞ്ഞത് സബ്കളക്ടര്‍ മാനന്തവാടിയില്‍ സന്ദര്‍ശനം നടത്തിയാല്‍ വേണ്ടത് ചെയ്യാന്‍ അവര്‍ക്ക് അറിയാമെന്നാണത്രെ.

ആറാം തീയതി ഏളൂര്‍നാട് അധികാരി അറിയിച്ചത് മാനന്തവാടി പുഴകടക്കാനുള്ള ചങ്ങാടനിര്‍മിതിക്കാവശ്യമായ മുളകളും കൂലിപ്പണിക്കാരെയും ആവശ്യപ്പെട്ടിട്ടും ആയത് നല്‍കാന്‍ മുഖ്യസ്ഥര്‍ തയ്യാറായില്ല എന്നതാണ്. മുഖ്യസ്ഥരോട് ഇവ ആവശ്യപ്പെട്ടതും ചന്തു എന്ന ശിപായിതന്നെയാണെന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. പോലീസുകാരോ അതല്ലെങ്കില്‍ താലൂക്കോഫീസില്‍നിന്നോ ആവശ്യപ്പെട്ടാല്‍ വേണ്ടത് ചെയ്യാമെന്നായിരുന്നു മുഖ്യസ്ഥരുടെ നിലപാട്.''

ഇക്കാര്യത്തില്‍ ശിപായി ചന്തുവിനും ഇതുതന്നെയാണ് പറയാനുണ്ടായിരുന്നത്. താന്‍ സബ്കളക്ടറുടെ സന്ദര്‍ശനവിവരമെല്ലാം മുഖ്യസ്ഥനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍, അവര്‍ അതിന് തയ്യാറായില്ലെന്നും കൂലിക്കാരെ സംഘടിപ്പിക്കാന്‍ സ്ഥലത്തെത്തിയ തന്നെ കെട്ടിയിട്ട് കൊള്ളയടിച്ചുവെന്നുമായിരുന്നു ചന്തുവിന്റെ നിലപാട്. ആഗസ്ത് 21ന് ശിപായി ചന്തു കൊടുത്ത പരാതിയില്‍ ''തന്നെ കെട്ടിയിട്ട് മര്‍ദിച്ചുവെന്നും ചീത്തവിളിച്ചുവെന്നും തന്റെ കൈയിലുണ്ടായിരുന്ന 5 പണവും തൂവാലയും ഒരു കത്തിയും മുഖ്യസ്ഥര്‍ പിടിച്ചുപറ്റിയെന്നും ആരോപിച്ചിരുന്നു. ഇതിനുപുറമേ ഒരെഴുത്താണിയും അവര്‍ അപഹരിച്ചതായി പറഞ്ഞിരുന്നു.

തുടര്‍ന്ന് സംഗതികള്‍ വഷളായി. താലൂക്ക് കച്ചേരിയില്‍നിന്നും മുഖ്യസ്ഥര്‍ക്ക് കോടതിയില്‍നിന്ന് സമന്‍സയച്ചിരുന്നു. മുഖ്യസ്ഥര്‍ ഹാജരായി. വിചാരണയെത്തുടര്‍ന്ന് ആറുദിവസം മുഖ്യസ്ഥരെ തടവില്‍ പാര്‍പ്പിക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്തു. പുറത്തിറങ്ങിയ മുഖ്യസ്ഥര്‍ ടി.എച്ച്. ബാബറോട് ഈ കേസ് എന്റെ മുന്നിലെത്തിക്കാന്‍ പറയുകയും തുടര്‍ന്ന് സബ്കളക്ടറായ ഞാന്‍തന്നെ ഈ കേസ് അന്വേഷിക്കുകയും ചെയ്തു.

തുടക്കത്തില്‍തന്നെ ഒന്നെനിക്ക് മനസ്സിലായി. ഈ കേസ് മെനഞ്ഞെടുത്തതാണ്. 1841 ആഗസ്ത് 7ന് മാനന്തവാടിയിലെത്തി ഞാനീ കേസ് ഏറ്റെടുത്തു. അപ്പോഴേക്കും മുഖ്യസ്ഥരെ ജയിലില്‍നിന്ന് വിട്ടയച്ചിരുന്നു. അവരെ ഞാന്‍ വിചാരണചെയ്തു. രണ്ട് മാപ്പിള ശിപായിമാര്‍ അവരെ തല്ലിയെന്നുപറഞ്ഞത് ശരിയല്ലെന്നെനിക്ക് ബോധ്യമായി. അത് വെറും ശണ്ഠകൂടല്‍ മാത്രമായിരുന്നു. ചന്തുവെന്ന ശിപായിയെ മുഖ്യസ്ഥര്‍ തല്ലിയെന്നുപറയുന്നതും കളവാണെന്നെനിക്ക് മനസ്സിലായി. അവനില്‍നിന്ന് അഞ്ച് പണം തട്ടിയെടുത്തുവെന്നു പറയുന്നതും കളവാണ് ശുദ്ധമായ കളവ്. ശിപായി ചന്തുവിനെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ ഞാന്‍ കല്പനയിറക്കി. ചന്തുവിന്റെ പരാതി അധികാരിയുടെ പ്രേരണയാല്‍ മെനഞ്ഞെടുത്തതാണെന്നും മനസ്സിലായി. അതിനാല്‍ അധികാരിയെയും പറഞ്ഞുവിടാന്‍ ഞാന്‍ കല്പനയാക്കിയിരിക്കുന്നു. ചങ്ങാടം വേണം, പക്ഷേ, എന്തിനാണ് 80 കൂലിക്കാര്‍? അതുപോലെതന്നെ 40 കോഴികളെ എന്തിനാണ്? തികച്ചും ധൂര്‍ത്തായിട്ടുതന്നെ ഞാനിതിനെ കാണുന്നു. പ്യൂണ്‍ ചന്തുവിന്റെ പെരുമാറ്റംതന്നെ സംശയം തോന്നിപ്പിക്കുന്നതാണ്. അയാളില്‍ വിശ്വാസം തീരെ അര്‍പ്പിച്ചുകൂടാ എന്നെനിക്ക് മനസ്സിലായി. ടി.എച്ച്. ബാബര്‍ എന്നെ നേരിട്ട് വിവരമറിയിച്ചില്ലായിരുന്നുവെങ്കില്‍ മാനന്തവാടിയിലെ ഈ അധികാരിയുടെ ദുഷ്പ്രവൃത്തിയെക്കുറിച്ച് അറിയാതെ പോകുമായിരുന്നു. അതിനാല്‍ ബാബറോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു.

1841 സപ്തംബര്‍ 16
ഗുഡ്‌വിന്‍, സബ്കളക്ടര്‍ (ഒപ്പ്)


ഒരു വി.ഐ.പി. തന്നെ നേരിട്ടിറങ്ങി അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് കള്ളക്കളി മനസ്സിലായത്. അതായത് അംശം അധികാരിയുടെ സഹായത്തോടുകൂടി ഒരു ശിപായി നടത്തിയ കള്ളക്കഥ. സബ്കളക്ടറുടെ സന്ദര്‍ശനത്തെക്കുറിച്ച് മുഖ്യസ്ഥര്‍ക്ക് ഒരു വിവരവും കിട്ടിയിരുന്നില്ല എന്നതാണ് വാസ്തവം. അധികാരിക്ക് മുഖ്യസ്ഥരോടുള്ള വിദ്വേഷം തീര്‍ത്തതായിരുന്നു പ്രസ്തുത സംഭവം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ബ്യൂറോക്രസിയിലെ കിടമത്സരങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നു. സബ്കളക്ടര്‍ ഗുഡ്‌വിന്‍ നടത്തിയതുപോലെ നേരിട്ടൊരു അന്വേഷണം നടത്തുകയാണെങ്കില്‍ വി.ഐ.പി.കള്‍ക്കൊന്ന് മനസ്സിലാകും തങ്ങളുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നുണ്ട് എന്നുള്ള വസ്തുത.

seluraj@yahoo.com





MathrubhumiMatrimonial