
ഉണ്മയുടെ വെണ്മയിലേക്ക്
Posted on: 22 Aug 2009
അബ്ദുസ്സമദ് സമദാനി എംപി

വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അദ്ധ്യായമായ അല്‍ബഖറഃയിലെ 183-ാം സൂക്തത്തില്‍ വ്രതാനുഷ്ഠാനത്തിന്റെ നിര്‍ബന്ധബാധ്യതയെക്കുറിച്ചുള്ള ഉദ്‌ബോധനമാണുള്ളത്. വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം ഇവിടെ ഊന്നിപ്പറഞ്ഞിരിക്കുന്നു. ഗതകാലസമൂഹങ്ങള്‍ക്കും ദൈവിക മാര്‍ഗദര്‍ശനത്തിന്റെ ഭാഗമായി അനുശാസിക്കപ്പെട്ട ആരാധനാകര്‍മങ്ങളില്‍ വ്രതാനുഷ്ഠാനവും ഉള്‍പ്പെടുന്ന കാര്യവും ഈ ഖുര്‍ആനിക പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഖുര്‍ആനിക വീക്ഷണത്തില്‍ ദൈവത്തിനുള്ള സമര്‍പ്പണവും തത്ഫലമായി കൈവരുന്ന സമാധാനവുമാണ് മതകീയജീവിതത്തിന്റെ ലക്ഷ്യവും നേട്ടവും. 'ഇസ്‌ലാം' എന്ന അറബിവാക്കിന്റെ മൂലരൂപമായ 'സില്‍മ്' എന്ന പദത്തിന് സമാധാനം എന്നും സമര്‍പ്പണമെന്നും അര്‍ത്ഥമുണ്ട്. ദൈവത്തിന്റെ ദാനമായ ജീവിതം അവന്റെ ദാസനായ മനുഷ്യന്‍ ദൈവികപ്രീതിക്ക് മുമ്പില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അതുവഴി ഐഹികജീവിതത്തിലും പാരത്രികജീവിതത്തിലും സമാധാനം കൈവരും.
നിഷ്‌കളങ്കമായ ഏകദൈവവിശ്വാസവും തജ്ജന്യമായ സത്കര്‍മങ്ങളുമാണ് ദൈവികശാസനകള്‍ ശിരസ്സാവഹിക്കുന്ന സംശുദ്ധജീവിതത്തിന്റെ ആധാരശിലകള്‍. അത് പാലിക്കുന്നതിനാവശ്യമായ മാര്‍ഗദര്‍ശനം അല്ലാഹു അന്ത്യപ്രവാചകനായ തന്റെ തിരുദൂതന്‍ മുഹമ്മദ്‌നബി(സ)യിലൂടെയും അവിടുത്തേക്ക് അവതരിപ്പിച്ചുകൊടുത്ത ദൈവികവചനങ്ങളുടെ സമാഹാരമായ വിശുദ്ധ ഖുര്‍ആനിലൂടെയും വ്യക്തമാക്കിയിരിക്കുന്നു.
ഏകദൈവത്വത്തിന്റെ സത്യസാക്ഷ്യവും അഞ്ചുനേരത്തെ പ്രാര്‍ത്ഥനയും റംസാനിലെ വ്രതാനുഷ്ഠാനവും നിര്‍ബന്ധദാനവും ഹജ്ജ് തീര്‍ത്ഥാടനവുമാണ് ഇസ്‌ലാമിക ജീവിതത്തിന്റെ പഞ്ചസ്തംഭങ്ങള്‍. കര്‍മപരമായ ഈ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിനുമുമ്പ് വിശ്വാസപരമായ കടമകള്‍ പാലിക്കേണ്ടതുണ്ട്. അല്ലാഹുവിലും അവന്റെ മാലാഖമാരിലും അവന്റെ വേദഗ്രന്ഥങ്ങളിലും ദൂതന്മാരിലും മരണാനന്തരജീവിതത്തിലും ദൈവികനിയതിയിലും അഗാധമായ വിശ്വാസമര്‍പ്പിക്കേണ്ടതുണ്ട്.
വ്രതാനുഷ്ഠാനം പൂര്‍വ്വകാലസമൂഹങ്ങള്‍ക്കും ബാധകമായിരുന്നു എന്നാണ് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്. സകല ജനസമൂഹങ്ങളുടെയും നസ്രഷ്ടാവും നിയന്താവും ഒന്നാണ്. അവന്റെ മാര്‍ഗദര്‍ശനവും ഒന്നാണ്. വിവിധങ്ങളായ കാലഘട്ടങ്ങളില്‍ വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ നിയോഗിക്കപ്പെട്ട ദൈവദൂതന്മാര്‍ മാനവരാശിയെ സത്യവും ധര്‍മവും നന്മയും പഠിപ്പിച്ചു. ധാര്‍മികമായ ജീവിതത്തിന്റെ ചട്ടക്കൂട് ദൈവത്തിന്റെ കല്പനപ്രകാരം അവര്‍ അവതരിപ്പിച്ചു. പ്രാര്‍ത്ഥനയും ഉപവാസവും ആ ശിക്ഷണക്രമത്തിന്റെ അവിഭാജ്യ അംശങ്ങളായി.
സ്വത്വത്തിന് സ്വാസ്ഥ്യം നല്‍കുന്ന സുകൃതങ്ങളുടെ സമാഹാരമാണ് റംസാനിലെ വ്രതാനുഷ്ഠാനം. അത് ഭക്തിയും സൂക്ഷ്മതയും പ്രദാനം ചെയ്യുന്നു. നൈതികമൂല്യങ്ങളെ നിഷേധിച്ചും ധാര്‍മികമൂല്യങ്ങളെ സംഹരിച്ചും തന്റെ ജീവിതത്തെയും താന്‍ പാര്‍ക്കുന്ന പാരിടത്തെയും അവതാളത്തിലാക്കിയ ആധുനികമനുഷ്യന് അവന്റെ ഉണ്മയുടെ വെണ്മയിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള കരുത്ത് റംസാനിന്റെ സംസ്‌കാരത്തിനുണ്ട്.
