
ബ്രിട്ടീഷ് സര്‍ക്കാരിനെയും ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെയും ഞെട്ടിപ്പിച്ച രാജി
Posted on: 15 Dec 2014
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

കേരളത്തിന് തലവേദനയായിരിക്കുന്ന സംഭവം.
സാത്വികനും പുരോഗമനവാദിയുമായ കൊച്ചിയിലെ രാമവര്‍മ മഹാരാജാവിനെ 'രാജര്‍ഷി' എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ തുറന്ന സമീപനം മദ്രാസ് സര്‍ക്കാര്‍ പലപ്പോഴും ഇഷ്ടപ്പെട്ടിരുന്നില്ല. തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും രാജാക്കന്മാരുടെ മുകളില്‍ ഇംഗ്ലീഷ് ഉദ്യോഗസ്ഥനായ 'റസിഡന്റ്' ഉണ്ടായിരുന്നു. മദ്രാസ് ഗവര്‍ണറുടെ കീഴിലായിരുന്നു ഈ രണ്ട് നാട്ടുരാജ്യങ്ങളും. ഇതുകാരണമാണ് അവര്‍ അടിച്ചേല്പിക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും ഈ നാട്ടുരാജ്യങ്ങള്‍ അനുസരിക്കേണ്ടിവന്നിരുന്നത്. മുമ്പ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ (പിന്നീടാണ് ഭരണം കമ്പനിയില്‍നിന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തത്) കാലത്ത് റസിഡന്റ് കല്ലന്റെ നടപടികളില്‍ മനംമടുത്ത തിരുവിതാംകൂറിലെ സ്വാതിതിരുനാള്‍ മഹാരാജാവ് (18291846) സ്ഥാനത്യാഗത്തെപ്പറ്റി ആലോചിച്ചിട്ടുള്ളതാണ്. പക്ഷേ, രാജകുടുംബത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി അദ്ദേഹം അതില്‍നിന്നും പിന്മാറി. അകാലത്തിലുണ്ടായ മരണം അദ്ദേഹത്തെ പ്രശ്‌നങ്ങളില്‍നിന്നും രക്ഷിക്കുകയും ചെയ്തു.
1895ലാണ് കൊച്ചിയിലെ രാമവര്‍മ മഹാരാജാവ് അധികാരമേറ്റത്. അദ്ദേഹത്തിന്റെ സ്വതന്ത്രമായ നിലപാട് പലപ്പോഴും മദ്രാസ് സര്‍ക്കാരിന് തലവേദനയായി. രാജി അഥവാ സ്ഥാനത്യാഗത്തിന് വഴിതെളിച്ച പ്രധാന സംഭവം അദ്ദേഹം വൈസ്രോയിക്ക് എഴുതിയ കത്താണ്. അതില്‍ വൈസ്രോയിയെ അഭിസംബോധനചെയ്തത് 'എന്റെ ശ്രേഷ്ഠനായ സ്‌നേഹിതന്‍' (My esteemed friend) എന്നായിരുന്നു. ഇതില്‍ റസിഡന്റ് വിയോജിപ്പ് പ്രകടിപ്പിച്ചു. വൈസ്രോയിയെ നാട്ടുരാജാവ് 'മൈ ലോര്‍ഡ്' എന്നാണ് അഭിസംബോധന ചെയ്യേണ്ടതെന്ന് റസിഡന്റ് ഓര്‍മിപ്പിച്ചു. ഇതേ തുടര്‍ന്നുള്ള കത്തിടപാടുകള്‍ പ്രശ്‌നം രൂക്ഷമാക്കി. ഇതിനിടയില്‍ അദ്ദേഹം പല പരിഷ്‌കാരങ്ങളും കൊണ്ടുവരാന്‍ ശ്രമിച്ചത് മദ്രാസ് സര്‍ക്കാര്‍ ഇടങ്കോലിടാന്‍ ശ്രമിച്ചു. പൊതുജനാഭിപ്രായം പ്രകടപ്പിക്കാനുള്ള ഉപദേശസമിതി രൂപവത്കരണം, കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാനുള്ള കുടിയാന്‍ ബില്‍, ഗ്രാമപഞ്ചായത്ത് രൂപവത്കരണം തുടങ്ങിയവയ്ക്കുള്ള നിര്‍ദേശങ്ങള്‍ക്ക് മദ്രാസ് സര്‍ക്കാര്‍ ഇടങ്കോലിട്ടു. ഈ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞാല്‍ താന്‍ സ്ഥാനത്യാഗം ചെയ്ത് വിശ്രമജീവിതം നയിക്കുമെന്ന് രാമവര്‍മ മഹാരാജാവ് പ്രഖ്യാപിച്ചു. എന്നാല്‍, 'സ്ഥാനത്യാഗം' പ്രഖ്യാപിച്ച സ്ഥിതിക്ക് പുതിയ രാജാവിനേ ഇതെല്ലാം നടപ്പിലാക്കാന്‍ അധികാരമുള്ളൂ എന്നായിരുന്നു റസിഡന്റിന്റെ നിലപാട്. ഇതുവഴി സ്ഥാനത്യാഗത്തില്‍നിന്നും രാമവര്‍മ പിന്മാറുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ഇതിനിടയില്‍ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമവും തുടര്‍ന്നുകൊണ്ടിരുന്നു. തന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് മദ്രാസ് സര്‍ക്കാര്‍ പൂര്‍ണ അനുമതി നല്‍കില്ലെന്ന് മനസ്സിലാക്കിയ അഭിമാനിയായ രാമവര്‍മ മഹാരാജാവ് 1914 ഡിസംബര്‍ 7ന് ചെങ്കോലും കിരീടവും ഉപേക്ഷിച്ചു. പിന്നീട് വിശ്രമജീവിതം നയിച്ച അദ്ദേഹം 1932 ജനവരി 29ന് ലോകത്തോട് വിട പറഞ്ഞു. ആ സ്ഥാനത്യാഗത്തിന്റെ നൂറാംവര്‍ഷം ഡിസംബര്‍ 7ന് ആരുമാരും അറിയാതെ കടന്നുപോയി. ഇന്ന് കൊച്ചിയും തിരുവിതാംകൂറും മലബാറും എല്ലാം ചേര്‍ന്ന് കേരളമായിരിക്കുന്നു. രാജഭരണം എന്നന്നേയ്ക്കുമായി അവസാനിച്ചു. രാജാക്കന്മാരെ നിയന്ത്രിച്ചിരുന്ന സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ചീട്ടുകോട്ടപോലെ തകര്‍ന്ന് തരിപ്പണമായി. പഴയത് തകര്‍ത്തും പുതിയത് സൃഷ്ടിച്ചും ചരിത്രത്തിന്റെ തേരോട്ടം തുടരുന്നു. ആര്‍ക്ക് അറിയാം ഇനി നൂറുവര്‍ഷം കഴിയുമ്പോള്‍ സ്ഥിതി എന്തായിരിക്കുമെന്ന്?
