
ഒന്നരനൂറ്റാണ്ടോടടുക്കുന്ന മന്ദിരത്തിന്റെ സമീപത്തുള്ള സിമന്റ് കോലം
Posted on: 08 Dec 2014

അന്ന് ബ്രിട്ടീഷ് സാമ്രാജ്യം അസ്തമിക്കുമെന്നോ, രാജഭരണം അവസാനിക്കുമെന്നോ മൂന്നായി വേര്തിരിഞ്ഞ് കിടന്ന കേരളം ഒന്നാകുമെന്നോ അനന്തപുരി അതിന്റെ തലസ്ഥാനമാകുമെന്നോ ചിന്തിക്കാന്‌പോലും കഴിയാത്ത കാലമായിരുന്നു.
ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉത്തരേന്ത്യന് രാജാക്കന്മാര് നടത്തിയ ആദ്യ സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യയില് വന്ന ഭരണമാറ്റത്തിന്റെ പ്രതിഫലനംകൂടിയാണ് ഇന്ന് കാണുന്ന ഹജൂര്കച്ചേരിയെന്നോ, പുത്തന്കച്ചേരിയെന്നോ പഴമക്കാര് വിളിക്കുന്ന തൂവെള്ള സെക്രട്ടേറിയറ്റ് മന്ദിരം. ഒരുവര്ഷംകൂടി കഴിയുമ്പോള് ഈ മനോഹരമായ മന്ദിരത്തിന് അസ്തിവാരമിട്ടിട്ട് 150 വര്ഷമാകും. 1865 ഡിസംബര് ഏഴിനാണ് ഇതിന്റെ വാനക്കല്ല് ഇട്ടത്. ആയില്യം തിരുനാള് (18461880) മഹാരാജാവാണ് അന്ന് നാടുഭരിച്ചിരുന്നത്.
സെക്രട്ടേറിയറ്റ് മന്ദിരം പണിയാന് നേതൃത്വം കൊടുത്ത ദിവാന് സര് ടി. മാധവറാവു അഥവാ മാധവരായരുടെ പ്രതിമയാണ് എതിര്വശത്ത് കാണുന്നത്. പ്രതിമ വന്നതോടെ ആ സ്ഥലം 'സ്റ്റാച്യു' ആയി. സെക്രട്ടേറിയറ്റിന്റെ ശില്പിയും തിരുവിതാംകൂര് ചീഫ് എന്‍ജിനിയറുമായിരുന്ന വില്യം ബാര്ട്ടണ് താമസിച്ചിരുന്ന സ്ഥലം ഇന്ന് ' ബാര്ട്ടണ് ഹില്' എന്നറിയപ്പെടുന്നു. സെക്രട്ടേറിയറ്റിന് ചുടുകല്ല് നിര്മ്മിക്കാന് മണ്ണെടുത്ത സ്ഥലമാണ് 'ചെങ്കല്ച്ചൂള'. അനിഴം തിരുനാള് മാര്ത്താണ്ഡവര്മ്മ (17291758) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതതോടെയാണ് അനന്തപുരിയുടെ മാറ്റം തുടങ്ങിയത്. എന്നാല് സെക്രട്ടേറിയറ്റ് നിര്മ്മാണം നഗരത്തിന് പുതിയ മുഖശ്രീ നല്കി. സിവില് ആശുപത്രി (ജനറല് ആശുപത്രി), മഹാരാജാസ് കോളേജ് (യൂണിവേഴ്‌സിറ്റി കോളേജ്) എന്നീ മനോഹരമായ മന്ദിരങ്ങളും ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. അതിന് നേതൃത്വം കൊടുത്തതും മാധവറാവുവും ബാര്ട്ടനും തന്നെയാണ്. ഇവരുടെ നേതൃത്വത്തിലാണ് വര്ക്കല കുന്ന് തുരന്ന് ജലഗതാഗതം വ്യാപിപ്പിക്കാന് നടപടി തുടങ്ങിയത്. എന്നാല് മാധവറാവുവിനുശേഷമാണ് അത് പൂര്ത്തിയായത്. അതോടെ റെയില്വേ ഗതാഗതം ഉണ്ടായിരുന്ന ഷൊര്ണൂറുമായി അനന്തപുരി ബന്ധപ്പെട്ടു. ഇത് ജലഗതാഗതരംഗത്ത് വിപ്ലവം സൃഷ്ടിച്ചു.
സ്വാതിതിരുനാള് മഹാരാജാവ് (18291846) ആണ് കൊല്ലത്തുനിന്നും ഹജൂര്കച്ചേരി സ്ഥിരമായി അനന്തപുരിയിലേക്ക് മാറ്റിയത്. കോട്ടയ്ക്കകത്തായിരുന്നു ആദ്യം ഇത് പ്രവര്ത്തിച്ചത്. എന്നാല് അയിത്തത്തിന്റെ പേരില് തീണ്ടല് കല്പിച്ച് അകറ്റിനിര്ത്തിയിരുന്ന ഹിന്ദുക്കളിലെ ഒരു വിഭാഗക്കാര്ക്ക് ചില സമയങ്ങളില് കോട്ടയ്ക്കകത്ത് പ്രവേശനം നിഷേധിച്ചിരുന്നതിനാല് കച്ചേരി പൊതുസ്ഥലത്തുവേണമെന്ന് ബ്രിട്ടീഷ് സര്ക്കാര് ആവശ്യപ്പെട്ടു. ഇതേ തുടര്ന്നാണ് ഇപ്പോഴത്തെ സെക്രട്ടേറിയറ്റിന് സമീപം ഒരു ചെറിയ കച്ചേരി പണിതത്. 'ആനക്കച്ചേരി' എന്ന് അത് അറിയപ്പെട്ടു. ഈ സമയത്ത് ഇപ്പോള് സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്ന സ്ഥലം പട്ടാളകേന്ദ്രവും ബാരക്കുകളും ആയിരുന്നു. ആനക്കച്ചേരിയിലെ സ്ഥലപരിമിതിയും കോട്ടയ്ക്കകത്തുനിന്നും പുതിയ സ്ഥലത്ത് കച്ചേരി പണിയണമെന്ന സര് ടി. മാധവറാവുവിന്റെ ആഗ്രഹവുമാണ് ഇന്നത്തെ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് തുടക്കമായത്. 1865 ഡിസംബര് 7 ന് വൈകീട്ട് 5 മണിക്കായിരുന്നു ആയില്യം തിരുനാള് മഹാരാജാവ് ഇതിന് വാനക്കല്ലിട്ടത്.
വിശാഖംതിരുനാള് ഇളയരാജാവും റസിഡന്റ് ഉള്‌പ്പെടെയുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും എല്ലാം ചടങ്ങില് സന്നിഹിതരായിരുന്നു. ഇംഗ്ലണ്ടില് നിന്നും ഇറക്കുമതി ചെയ്ത ആവിയന്ത്രം ഉള്‌പ്പെടെയുള്ള ഉപകരണങ്ങളും കക്കയും സുര്ക്കയും ചെങ്കല്ലും തടികളും കൊണ്ടാണ് ഈ തൂവെള്ള കെട്ടിടം യൂറോപ്യന് ശില്പചാതുരിയില് നിര്മ്മിച്ചത്.
186465 ല് തിരുവിതാംകൂര് അഡ്മിനിസ്‌ട്രേഷന് റിപ്പോര്ട്ടില് പുതിയ പബ്ലിക് ഓഫീസിന്റെ നിര്മ്മാണത്തെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്. കോട്ടയ്ക്കകത്തുനിന്നും പാളയത്തുനിന്നും ഒരു മൈല് അകലെയും പൂജപ്പുരയ്ക്കും പേട്ടയ്ക്കും പോകുന്ന റോഡുകളുടെ മധ്യഭാഗത്തുമായി നിര്മ്മിക്കുന്ന പബ്ലിക് ഓഫീസിനുള്ള സ്ഥലം കണ്ടുപിടിക്കാന് നേരത്തെ വളരെ ബുദ്ധിമുട്ടിയെന്നും ഒന്നരലക്ഷം രൂപയാണ് നിര്മ്മാണ െചലവ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്ട്ടില് പറഞ്ഞിട്ടുണ്ട്.
പുതിയ ഓഫീസ് ഏതാനും വര്ഷത്തിനുള്ളില് പൂര്ത്തിയാകുന്നതോടെ സര്ക്കാര് വകുപ്പുകളെല്ലാം ഒരു കുടക്കീഴിലാകുമെന്നും ഇത് ഭരണത്തെ സഹായിക്കുമെന്നും റിപ്പോര്ട്ടിലുണ്ട്. ഊഴിയവേല അവസാനിച്ചതുകാരണം പണിക്ക് തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥ വന്നതിനെപ്പറ്റി വില്യം ബാര്ട്ടണ് രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് പൊതുമരാമത്ത് വകുപ്പിനുതന്നെ പതിനായിരത്തോളം കൂലിക്കാരുണ്ടായിരുന്നു.
പുരുഷന്മാര്ക്ക് നാലണയായിരുന്നു ദിവസക്കൂലി. സ്ത്രീകളെ ജോലിക്കാരായി നിയമിക്കുന്നതിന് മാറുമറയ്ക്കണമെന്ന കര്ശന നിര്‌ദ്ദേശം ഉണ്ടായിരുന്നു. ചില സമയത്ത് തങ്ങള്തന്നെ കക്ക കൊണ്ടുവന്ന് കുമ്മായം നീറ്റുകയും സ്വന്തം വര്ക്ക്‌ഷോപ്പില് നട്ടും ബോള്ട്ടും ആണികളും നിര്മ്മിക്കേണ്ടിയും വന്നുവെന്ന് ബാര്ട്ടണ് പറഞ്ഞിട്ടുണ്ട്. ഏതായിരുന്നാലും നിശ്ചിത സമയത്തിനുള്ളില് സെക്രട്ടേറിയറ്റ് കെട്ടിടം പൂര്ത്തിയായി. ഇതിന്റെ നിര്മ്മാണം കാണാന് കൊച്ചി മഹാരാജാവ് ഉള്‌പ്പെടെ ധാരാളം പ്രമുഖര് എത്തിയിരുന്നു. 1869 ആഗസ്ത് 23 ന് (ഗാന്ധിജി ജനിക്കുന്നതിന് ഏതാനും മാസം മുമ്പ്) ആയില്യം തിരുനാള് മഹാരാജാവ് സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തു. അലങ്കരിച്ച ആനകളും പീരങ്കിപ്പടയും പട്ടാളക്കാരും അണിനിരന്ന ഉദ്ഘാടനച്ചടങ്ങ് സമയത്ത് ഇരുപത്തി ഒന്ന് ആചാരവെടികള് മുഴങ്ങി. സെക്രട്ടേറിയറ്റില് ആദ്യം ആസ്ഥാനം ഉറപ്പിച്ച ദിവാന് സര് ടി. മാധവറാവുവാണ്. അതിനുശേഷം മനോഹരമായ ഈ ചുണ്ണാമ്പ് കെട്ടിടം ചരിത്രത്തില് എത്രയോ സംഭവങ്ങള്ക്ക് സാക്ഷിയായി. കഴ്‌സണ് പ്രഭു ഉള്‌പ്പെടെയുള്ള വൈസ്‌റോയിമാരും ബ്രിട്ടീഷ് ഉന്നത ഉദ്യോഗസ്ഥന്മാരും ഗവര്ണര്മാരും ഈ മന്ദിരത്തില് അതിഥികളായി എത്തിയിട്ടുണ്ട്. ബ്രിട്ടീഷ് രാജാവിന്റെയോ ഗവര്ണര് ജനറല്മാരുടെയോ കിരീടധാരണങ്ങളോടും അധികാരം ഏല്ക്കലോടും അനുബന്ധിച്ച് നടന്ന ദര്ബാറുകള്ക്ക് എത്രയോപ്രാവശ്യം ഈ മന്ദിരം അണിഞ്ഞൊരുങ്ങിയിട്ടുണ്ട്.
*****
സെക്രട്ടേറിയറ്റിന്റെ തെക്കും വടക്കും ഉള്ള കെട്ടിടങ്ങള് സ്വാതന്ത്ര്യലബ്ദിക്കുശേഷം നിര്മ്മിച്ചവയാണ്. ഒന്നുമില്ലെങ്കിലും പഴയ നിര്മ്മാണ ശൈലിയോട് അവ നീതിപുലര്ത്തി. എന്നാല് തൊട്ടടുത്ത് കേരളീയ വാസ്തുശില്പചാതുരി വിളിച്ചറിയിക്കുന്ന മനോഹരമായ പാംലാന്റ് മന്ദിരം നിലനിന്ന സ്ഥലത്ത് നിര്മ്മിച്ച 'സെക്രട്ടേറിയറ്റ് അനക്‌സ്' നോക്കുക. ബാര്ട്ടന്റെ മനോഹരമായ തൂവെള്ളകെട്ടിടത്തിന് കമ്പേറ് ഏല്ക്കാതിരിക്കാന് പൊതുമരാമത്ത് വകുപ്പ് പണിത സിമന്റ് കൂടാരമാണിത്.
വില്യം ബാര്ട്ടനെ പരിഹസിക്കുന്ന ആ സിമന്റ് കൂടാരത്തിന്റെ ഒരു ഭാഗത്ത് ഇപ്പോള് ചെറിയ മാറ്റം വരുത്തിയിരിക്കുന്നു. കതിരില് വളം െവയ്ക്കുന്നതുപോലെയുള്ള ഈ നടപടികൊണ്ട് പൈതൃക സംരക്ഷണത്തില് അവര് കാട്ടിയ അപരാധം മായ്ക്കാന് കഴിയുമോ?
