goodnews head

അംഗപരിമിതരുടെ വിജയഗാഥകള്‍

Posted on: 03 Dec 2014


ഡിസംബര്‍ 3- ലോകഅംഗപരിമിതദിനം. അംഗപരിമിതരുടെ വിജയകഥകള്‍ വായിക്കാം.


അനീഷിന്റെ ആത്മവിശ്വാസത്തിന് സര്‍ക്കാരിന്റെ ആദരം

കോട്ടയം: വിധിയുടെ മുന്നില്‍ പകച്ചുനില്‍ക്കാതെ ജീവിതം തിരിച്ചുപിടിച്ച അനീഷ് മോഹന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്. ഭിന്നശേഷിയുള്ളവരില്‍ വേറിട്ട സേവനം ചെയ്യുന്നവര്‍ക്ക് സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയതാണിത്.

21 വയസ്സുവരെ അനീഷ് മോഹന്‍ ഭിന്നശേഷിയുളളവരുടെ കൂട്ടത്തിലല്ലായിരുന്നു. 2009 ഒക്ടോബര്‍ 14നാണ് വിധി തീവണ്ടിയുടെ രൂപത്തില്‍ പാഞ്ഞെത്തി ഈ യുവാവിനെ വികലാംഗനാക്കിയത്. ആര്‍പ്പൂക്കര വില്ലൂന്നി ഭാഗത്തേക്കുള്ള അവസാന ബസ്സില്‍ കയറാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് തിരക്കിട്ട് പോകുമ്പോള്‍ കാല്‍തട്ടി പാളത്തില്‍ വീണു. ബോധം നഷ്ടപ്പെട്ട അനീഷിന്റെ വലതുകൈയും ഇടതുകാലും തീവണ്ടി കൊണ്ടുപോയി.ബോധംവീണപ്പോള്‍ ആസ്പത്രിക്കിടക്കയിലായിരുന്നു.

എന്തുചെയ്യണമെന്നറിയാതെ അന്ന് കരഞ്ഞു. അച്ഛന്‍ വില്ലൂന്നി തിരുനല്ലൂര്‍ മോഹനനും അമ്മ വല്‍സയും സഹോദരന്‍ അരുണും അനീഷിന് ധൈര്യം പകര്‍ന്നു. അവരുടെ സ്‌നേഹത്തിലൂടെ ഈ യുവാവ് ജീവിതത്തിലേക്ക് രണ്ടാമതും പിച്ചവച്ചു.
പാലാ പോളിടെക്‌നിക്കില്‍നിന്ന് ഇന്‍സ്ട്രുമെന്റേഷനില്‍ റാങ്കോടെ ഡിപ്ലോമ നേടിയ ഉടനെയായിരുന്നു അപകടം. കഷ്ടപ്പെട്ട് വളര്‍ത്തിയ മകന്‍, ജീവിക്കാന്‍ അന്യരെ ആശ്രയിക്കേണ്ടിവരുമെന്ന ദുഃഖം അച്ഛനമ്മമാര്‍ക്കുണ്ടായിരുന്നു.

എന്നാല്‍ അനീഷ് പൊരുതാന്‍തന്നെ തീരുമാനിച്ചു. കാലില്ലെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രയത്‌നങ്ങള്‍ തുടങ്ങി. എം.ജി.സര്‍വകലാശാലയില്‍നിന്ന് കൗണ്‍സലിങ് പരിശീലിച്ചു. ഇപ്പോള്‍ ഇക്പായ് എന്ന പരിശീലന സംഘടനയുടെ ദേശീയ സംഘാടകനും പരിശീലകനുമാണ്. അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സ്ഥാപനത്തിലും ജോലി ചെയ്തു. ഇലക്ട്രിക്കല്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചു.
ഇതൊക്കെയാണെങ്കിലും ചെണ്ട കൊട്ടാന്‍ കഴിയാത്തതിന്റെ ദുഃഖം ബാക്കി. അറിയപ്പെടുന്ന വാദ്യകലാകാരനായിരുന്നു അനീഷ്.
കൃത്രിമക്കൈയും കാലും പിടിപ്പിച്ച ഇദ്ദേഹം ഡ്രൈവിങ് പഠിച്ചു. ലൈസന്‍സ് നേടാന്‍ മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ പോകേണ്ടിവന്നു. ഇപ്പോള്‍ ദിവസവും അഞ്ചുകിലോമീറ്ററോളം നടക്കുന്നു. സൈക്കിള്‍ ചവിട്ടും. കാറും ബൈക്കും ഓടിക്കും. ഒരു കാര്യത്തിനും പരസഹായം തേടാറില്ല.

ഭിന്നശേഷിയുള്ള സഹജീവികള്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുവരുന്നു. കോട്ടയം കളക്ടറേറ്റില്‍ ഇത്തരക്കാരുടെ സൗകര്യാര്‍ത്ഥം ലിഫ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. രാജ്യത്തെ ആദ്യ ഭിന്നശേഷിസൗഹൃദനഗരമായി കോട്ടയത്തെ മാറ്റണമെന്ന ആഗ്രഹം സഫലമാക്കാനുള്ള ശ്രമത്തിലാണ്.

ഈ ഓട്ടങ്ങള്‍ക്കിടയില്‍ കൃത്രിമക്കൈയുടെയും കാലിന്റെയും ഭാരം അനീഷിനെ വലയ്ക്കുന്നു. തടികൊണ്ടുള്ളവയാണിത്.
ഇരുവശത്തും തുല്യമല്ലാത്ത ഭാരം ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. സിലിക്കണ്‍കൊണ്ടുള്ള കൈകാലുകള്‍ വെച്ചാല്‍ പ്രശ്‌നമുണ്ടാവില്ല. പക്ഷേ, അതിനുള്ള ചെലവ് താങ്ങാനാവില്ല.

ലോക ഭിന്നശേഷിസൗഹൃദദിനമായ ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം അട്ടക്കുളങ്ങര ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.കെ.മുനീര്‍ അവാര്‍ഡ് സമ്മാനിക്കും.

ഇടതുകൈയില്ലാതെ കൈമള്‍ വണ്ടിയോടിക്കും; ഇനി ലൈസന്‍സ് വേണം

ചേര്‍ത്തല: ഇടതുകൈ ഇല്ലെങ്കിലും ഡ്രൈവിങ്ങില്‍ കൈമള്‍ സമ്പൂര്‍ണന്‍. ഇതുതന്നെയാണ് അധികൃതരുടെയും വിലയിരുത്തല്‍. എങ്കിലും കൈമളുടെ ഇന്‍വാലിഡ് കാരേജ് ലൈസന്‍സ് എന്ന ആവശ്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. അതിനെതിരെയാണ് കൈമളുടെ ഒറ്റയാള്‍ പോരാട്ടം. ആവശ്യം ഓരോതവണ തള്ളുമ്പോഴും പഴുതുകളടച്ച് വീണ്ടും പോരാട്ടം തുടരുന്നു. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ്.

ഡോ. എന്‍. ശാര്‍ങധര കൈമള്‍ എന്ന അറുപതുകാരന് 2001ല്‍ പഴനിയില്‍വച്ചുണ്ടായ തീവണ്ടി അപകടത്തിലാണ് ഇടതുകൈ പൂര്‍ണമായും നഷ്ടപ്പെട്ടത്. അതുവരെ തന്റെ കാറില്‍ യഥേഷ്ടം സഞ്ചരിച്ചിരുന്ന കൈമളുടെ കാര്‍ബന്ധത്തിന് അപകടത്തോടെ ബ്രേക്കുവീണു. 10വര്‍ഷത്തോളം ഡ്രൈവിങ് സീറ്റില്‍നിന്ന് ഈ ഹോമിയോ ഡോക്ടര്‍ അകന്നുനിന്നു. പിന്നെ ശക്തമായി തിരിച്ചുവന്നു.

ഇന്ന് കൈയില്ലാത്തതിന്റെ കുറവ് ഒരുതരത്തിലും പ്രതിഫലിക്കാത്തതാണ് കൈമളുടെ ഡ്രൈവിങ്.
ചേര്‍ത്തല പാണാവള്ളി വിശാഖം വീട്ടില്‍ ലൈസന്‍സിനായുള്ള പോരാട്ടത്തിന്റെ അടയാളങ്ങള്‍ നിരവധിയുണ്ട്. അപകടത്തിനുശേഷം യഥാസമയം ലൈസന്‍സ് പുതുക്കാന്‍ ഇദ്ദേഹത്തിനായില്ല. അതോടെ ലൈസന്‍സ് റദ്ദായി.

2012ല്‍ പുതിയ ഓട്ടോമാറ്റിക് കാര്‍ വാങ്ങിയതോടെയാണ് കൈമളുടെ പോരാട്ടം തുടങ്ങിയത്. ഇടതുകൈ ഇല്ലെന്ന കാരണം ഉയര്‍ത്തി അധികൃതര്‍ ലൈസന്‍സ് നിഷേധിച്ചപ്പോള്‍ അധികൃത നിര്‍ദേശപ്രകാരം കാറില്‍ ആവശ്യമായ രൂപമാറ്റങ്ങള്‍ വരുത്തി. എങ്കിലും അവര്‍ കനിഞ്ഞില്ല.

റോഡുസുരക്ഷയ്ക്ക് പ്രശ്‌നങ്ങളില്ലെന്നു ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കാര്‍ പരിശോധിച്ച് ഇന്‍വാലിഡ് കാര്യേജ് ലൈസന്‍സ് നല്‍കാവുന്നതാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പു നിയമം പറയുന്നത്. എന്നാല്‍, കൈമളുടെ കാര്യത്തില്‍ അതും നടന്നിട്ടില്ല. സുരക്ഷാപ്രശ്‌നങ്ങള്‍ വിലയിരുത്തിയാണ് ലൈസന്‍സ് നിഷേധമെന്നാണ് വകുപ്പിന്റെ വിശദീകരണം.

തന്റെ ആവശ്യം സാധിക്കാന്‍ ഇന്ത്യയില്‍ത്തന്നെ ഇത്തരത്തില്‍ ലൈസന്‍സ് നല്‍കിയ വ്യക്തികളുടെ വിവരങ്ങളും തെളിവുകളും നല്‍കി. പക്ഷേ, സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ് നിലപാടില്‍ ഉറച്ചുനില്ക്കുന്നു. ഇനി പ്രധാനമന്ത്രിയെ ആശ്രയമായി കാണുകയാണ് ഇദ്ദേഹം.

വൈകല്യം മാറിനില്‍ക്കും, ഗോപാലകൃഷ്ണന്റെ മനക്കരുത്തിന് മുന്നില്‍
ബീന ഗോവിന്ദ്


പാലക്കാട്: അസാധ്യം എന്ന വാക്ക് ഗോപാലകൃഷ്ണന്‍ അറിയാതെപോലും ഉച്ചരിക്കില്ല. തന്റെ വൈകല്യങ്ങളെ കുറവുകളായി കണക്കാക്കാറുമില്ല. 31 വയസ്സുള്ള ഈ യുവാവ് സ്വപ്‌നം കാണാന്‍ ഒരിക്കലും ഭയന്നിട്ടില്ല. മസ്തിഷ്‌കത്തെ ബാധിക്കുന്ന സെറിബ്രല്‍ പാള്‍സിയെന്ന രോഗാവസ്ഥയും കൊണ്ടാണ് ഗോപാലകൃഷ്ണന്‍ ജനിച്ചത്. അതിന്റെ പരിമിതികളെ വെല്ലുവിളിച്ചുകൊണ്ടാണ് ഡിഗ്രി വരെ പഠിച്ചത്. ഇപ്പോള്‍ ഗോപാലകൃഷ്ണന്‍ ആഗ്രഹിക്കുന്നത് ഒരു ജോലിയാണ്. പരസഹായമില്ലാതെ പുറത്തിറങ്ങാനാവാത്ത ഗോപാലകൃഷ്ണന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകൊടുക്കുന്നത് അമ്മ രാധയാണ്; ഒപ്പം കുറേ കൂട്ടുകാരും.

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് മറ്റ് പ്രശ്‌നങ്ങളൊന്നും ഉള്ളതായി ആദ്യകാഴ്ചയില്‍ അമ്മയ്ക്ക് തോന്നിയില്ല. കമിഴ്ന്ന് നീന്തുന്നതും നടക്കുന്നതുമൊക്കെ വൈകുന്നത് ശ്രദ്ധിച്ച മുത്തച്ഛന്‍ ഡോ. സി.വി. രാമനാണ് കുഞ്ഞിന് സെറിബ്രല്‍ പാള്‍സിയാണെന്ന് കണ്ടെത്തിയത്. ബുദ്ധിപരമായി കുറവുകളൊന്നുമില്ലെങ്കിലും ഗോപാലകൃഷ്ണന്‍ പിന്നെ ശാരീരികവൈകല്യങ്ങളോട് പൊരുതിയാണ് വളര്‍ന്നത്.
ഏഴാം വയസ്സില്‍ കല്പാത്തി എല്‍.പി. സ്‌കൂളില്‍ ഒന്നാംക്ലൂസില്‍ ചേര്‍ന്നു. ഏഴ് ജയിച്ച് പാലക്കാട്ടെ പി.എം.ജി. സ്‌കൂളിലേക്ക്. പത്തും പന്ത്രണ്ടും പാസായി. ആത്മവിശ്വാസത്തോടെയാണ് വിക്ടോറിയ കോളേജില്‍ ബി.കോമിന് ചേര്‍ന്നത്. 2005ല്‍ ബിരുദം പൂര്‍ത്തിയാക്കുന്ന നേരത്ത് അനാരോഗ്യം കടുത്തു. വൈകല്യങ്ങള്‍ പരിഹരിക്കാന്‍ നാല് ശസ്ത്രക്രിയകള്‍ നടത്തിയ ശരീരം മനസ്സിനൊപ്പം ഓടിയില്ല. സ്റ്റാറ്റിസ്റ്റിക്‌സില്‍ തോറ്റു. കുറേ വര്‍ഷം കടന്നുപോയി. ഇക്കുറി വാശിയോടെ വീണ്ടും സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയെഴുതുകയാണ് ഗോപാലകൃഷ്ണന്‍. ഇതിനിടയിലും വെറുതെയിരുന്നില്ല. കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ പാസ്സായി. ഇപ്പാള്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസ് ആന്‍ഡ് ട്രെയിനിങ് നടത്തുന്ന പാര്‍ലമെന്ററി പ്രാക്റ്റീസ് ആന്‍ഡ് പ്രൊസീജിയര്‍ എന്ന കോഴ്‌സ് പഠിക്കുകയാണ്. 75 ശതമാനം ശാരീരികവൈകല്യമുള്ളതിനാല്‍ സമ്പര്‍ക്കക്ലൂസുകളില്‍ ഹാജരാവാന്‍ ബുദ്ധിമുട്ടാണെന്ന് കാണിച്ച് സ്പീക്കര്‍ക്ക് അപേക്ഷ നല്‍കി അനുവാദം വാങ്ങി. പാലക്കാട് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ ഒരു കത്തുപോലും കിട്ടാത്തതില്‍ നിരാശനാണ് ഗോപാലകൃഷ്ണന്‍. ഒരുവിധം എല്ലാ മന്ത്രിമാര്‍ക്കും നിവേദനം നല്‍കിക്കഴിഞ്ഞു. എച്ച്.എം.ടി. ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ വിശ്വനാഥന്‍ നാലുവര്‍ഷം മുമ്പ് മരിച്ചു. എല്ലാ കാര്യങ്ങള്‍ക്കും മറ്റൊരാളുടെ സഹായം വേണ്ട ഗോപാലകൃഷ്ണന്റെ കരുത്ത് അമ്മയും ബോഷില്‍ ജോലിയുള്ള ചേട്ടന്‍ ബാലാജിയുമാണ്. ജോലി കിട്ടിയില്ലെങ്കില്‍ ചേട്ടനോടൊപ്പം ബാംഗ്ലൂരില്‍ പോയി കൂടുതല്‍ പഠിക്കാനാണ് ഗോപാലകൃഷ്ണന്റെ തീരുമാനം.

കൈകളില്ലാത്തവരുടെ ചിത്രമെഴുത്തിന് കൈത്താങ്ങായി ഒരു കൂട്ടായ്മ
റിനി കുറ്റൂര്‍


കണ്ണൂര്‍: കാലുകള്‍കൊണ്ടും വായകൊണ്ടും ചിത്രം വരയ്ക്കുന്നവരെ ഒരുകുടക്കീഴില്‍ അണിനിരത്തി അവര്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്താന്‍ ഒരു സംഘടനയുണ്ട്. ലിറ്റെയ്ന്‍സ്റ്റെയ്ന്‍ ആസ്ഥാനമായ ആ സംഘടനയുടെ തണലില്‍ അഞ്ചു മലയാളികള്‍ മാന്യമായി ജീവിക്കുന്നു.

അസോസിയേഷന്‍ ഓഫ് മൗത്ത് ആന്‍ഡ് ഫുട്ട് പെയിന്റിങ് ആര്‍ട്ടിസ്റ്റ്‌സ് (എ.എം.എഫ്.പി.എ.) എന്നാണ് സംഘടനയുടെ പേര്. അംഗങ്ങളുടെ പെയിന്റിങ്ങുകള്‍ വിറ്റാണ് സംഘടന അംഗങ്ങളെ സഹായിക്കുന്നത്.

ശരീരത്തിന്റെ വെല്ലുവിളികള്‍ക്കുനേരെ സഹതാപത്തിന്റെ വാക്കും നോട്ടവും വേണ്ട, സ്വന്തം കഴിവുകള്‍കൊണ്ട് അവയെ അതിജീവിക്കാം ('സെല്‍ഫ് ഹെല്‍പ്പ്, നോ ചാരിറ്റി') എന്നാണ് സംഘടനയുടെ മുദ്രാവാക്യം.

സംഘടനയില്‍ ഇന്ത്യയില്‍നിന്ന് 20 പേരുണ്ട്. അഞ്ചു മലയാളികളുള്ളതില്‍ മൂന്നുപേര്‍ കണ്ണൂര്‍ജില്ലയില്‍നിന്നും ഒരാള്‍ മലപ്പുറത്തുനിന്നും മറ്റൊരാള്‍ കൊല്ലത്തുനിന്നുമാണ്. കണ്ണൂര്‍ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയായ ഗണേഷ്‌കുമാര്‍, സഹോദരി സുനിത, പയ്യന്നൂര്‍ തായിനേരിയിലെ നളിനത്തില്‍ രവീന്ദ്രന്‍ എന്നിവരും മലപ്പുറം കോട്ടക്കുന്നിലെ ജസ്ഫര്‍, കൊല്ലം സ്വദേശിനിയായ സ്വപ്‌ന അഗസ്റ്റിന്‍ എന്നിവരുമാണവര്‍.


10 പെയിന്റിങ്ങുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ട്, ജീവചരിത്രക്കുറിപ്പ് എന്നിവ സഹിതം അപേക്ഷിച്ച ഇവരുടെ വീട്ടിലേക്ക് എ.എം.എഫ്.പി.എ.യുടെ ഒരു പ്രതിനിധിയെത്തി വിവരങ്ങള്‍ സ്ഥിരീകരിച്ചാണ് അംഗത്വം നല്‍കിയത്. സ്റ്റുഡന്റ്‌സ്, അസോസിയേറ്റ്‌സ്, ആജീവനാന്തം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് അംഗത്വം.

കേരളത്തിലുള്ളവര്‍ക്ക് വിദ്യാര്‍ഥിവിഭാഗത്തിലാണ് അംഗത്വമുള്ളത്. ഗണേഷ്‌കുമാര്‍ 1988 മുതല്‍ സംഘടനയില്‍ അംഗമാണ്. കണ്ണിന് അസുഖം ബാധിച്ചപ്പോള്‍ ചികിത്സിച്ച ഡോക്ടര്‍ ജയന്താണ് സംഘടനയെക്കുറിച്ച് ഗണേഷിനോടു പറഞ്ഞത്. സഹോദരി സുനിത 2004-ല്‍ സംഘടനയില്‍ അംഗമായി. ഗണേഷ്‌കുമാറിന്റെ ആയിരത്തോളം ചിത്രങ്ങളും സുനിതയുടെ അഞ്ഞൂറോളം ചിത്രങ്ങളും ഇതിനകം എ.എം.എഫ്.പി.എ.യിലൂടെ വില്പന നടത്തിക്കഴിഞ്ഞു.

പയ്യന്നൂര്‍ തായിനേരിയിലെ മാവിച്ചേരി വടക്കേവീട്ടില്‍ രവീന്ദ്രന്‍ 2000 മുതലാണ് ബ്രഷ് കടിച്ചുപിടിച്ചുള്ള ചിത്രരചനയാരംഭിച്ചത്. 2003-ലാണ് രവീന്ദ്രന്‍ സംഘടനയില്‍ അംഗമായത്. ഇദ്ദേഹത്തിന്റെ അമ്പതോളം ചിത്രങ്ങള്‍ സംഘടനവഴി വിപണനം നടത്തിക്കഴിഞ്ഞു.
സ്വപ്‌ന അഗസ്റ്റിന്‍ 12 വര്‍ഷം മുമ്പാണ് എ.എം.എഫ്.പി.എ.യുടെ ഭാഗമായത്. തുടര്‍ന്ന്, വരയ്ക്കുന്ന ചിത്രങ്ങള്‍ സംഘടനയ്ക്കയച്ചുകൊടുക്കുന്നു.

ജസ്ഫര്‍ കൂട്ടായ്മയില്‍ അംഗമായിട്ട് ആറുവര്‍ഷമായതേയുള്ളൂ. ഏറ്റവും ജൂനിയറായ വിദ്യാര്‍ഥിയാണ് ജസ്ഫര്‍. മുപ്പതോളം ചിത്രങ്ങള്‍ സംഘടനയ്ക്കു നല്‍കി.

ഇത് അതിജീവനത്തിന്റെ ദിനം കൂടിയാണ്; തോല്‍പ്പിക്കാന്‍ ശ്രമിച്ചതിനെ മനക്കരുത്തുകൊണ്ട് തോല്‍പ്പിച്ച അനേകങ്ങളെ അറിയാനുള്ള ദിനംകൂടി.

 

 

 




MathrubhumiMatrimonial