goodnews head

ജോസഫ് പറയുന്നു... ലഹരിയല്ല ജീവിതം

Posted on: 02 Dec 2014

ടി.പി.രാജീവന്‍ ശ്രീകണ്ഠപുരം



മരണത്തോളമെത്തിയ മുഴുക്കുടിയില്‍നിന്ന് തിരിച്ചറിവിന്റെയും തിരിച്ചുവരവിന്റെയും വഴികളിലൂടെ ജീവിതം വീണ്ടെടുത്ത ഒരാള്‍ പിന്നീട് ഏറ്റെടുത്തത് ഒരു മഹത്തായ ദൗത്യമാണ്. കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന തലശ്ശേരി പൊന്ന്യത്തെ 'പ്രതീക്ഷ' ലഹരിവിമുക്ത ചികിത്സാ-പുനരധിവാസ കേന്ദ്രത്തിന്റെ പ്രോജക്ട് ഡയറക്ടര്‍ ടി.ടി.ജോസഫ് നൂറുകണക്കിന് മദ്യപരെ നന്മയുടെ വഴികളിലേക്ക് തിരിച്ചെത്തിക്കാനുള്ള പോരാട്ടത്തിലാണിന്ന്.


തലശ്ശേരി പൊന്ന്യത്തെ 'പ്രതീക്ഷ' ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിലെത്തുന്ന ഓരോ ലഹരിക്കടിമപ്പെട്ടവനും മുന്നില്‍ ഇന്ന് ഒരാളുണ്ട്. സാന്ത്വനവും സ്‌നേഹവും പരിചരണവും നല്കി ജീവിതത്തിന്റ നല്ല നാളുകളിലേക്ക് അവരെ കൈപിടിച്ചുയര്‍ത്താന്‍ നിശ്ചയദാര്‍ഢ്യവും അനുഭവങ്ങളുടെ തീക്കരുത്തും കൊണ്ട് പുതിയൊരു ജീവിതം കെട്ടിപ്പടുത്ത ഒരാള്‍. ടി.ടി.ജോസഫ്.

കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ലഹരിവിമുക്ത ചികിത്സാ-പുനരധിവാസ കേന്ദ്രത്തിന്റെ പ്രോജക്ട് ഡയറക്ടറാണ് ജോസഫ് ഇപ്പോള്‍.

മുഴുക്കുടിയനായി ബാറുകളിലും പാതയോരങ്ങളിലും വീണുകിടന്ന് പാഴാക്കിയ യുവത്വത്തിന്റെ നല്ല നാളുകളെക്കുറിച്ച് ചിന്തിച്ച് ജോസഫിന് ഇന്ന് ഒട്ടും സമയം പാഴാക്കാനില്ല. തന്നെപ്പോലെ ലഹരിക്ക് മുന്നില്‍ യുവത്വവും ജീവിതവും കൈവിട്ടുപോകുന്നവര്‍ക്ക് താങ്ങും തണലുമായി രാപകല്‍ സേവനമനുഷ്ഠിക്കുകയാണ് ജോസഫ്.

മുഴുക്കുടിയനായ ഒരാളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ മറ്റാരേക്കാളും ജോസഫിനറിയാം. അത്രയേറെ ആ വിപത്തിന്റെ ഇരയായി മാറിയിരുന്ന ഒരു ഭൂതകാലം ഇദ്ദേഹത്തിനുണ്ട്. ആ ഇരുണ്ട കാലത്തിന്റെ ഓര്‍മകളില്‍നിന്നാണ് ഓരോ മദ്യപാനിയുടെയും അവസ്ഥകള്‍ ജോസഫ് തിരിച്ചറിയുന്നതും അവരെ കൈപിടിച്ചുയര്‍ത്തുന്നതും.

ചെറുപുഴയിലായിരുന്നു ജോസഫിന്റെ ജനനം. പാലാവയല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ കഥയിലും കവിതയിലും പ്രസംഗത്തിലുമൊക്കെ ഒന്നാമന്‍. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കഥാരചനയില്‍ ഒന്നാംസ്ഥാനം. പ്രീഡിഗ്രി മുതല്‍ ബിരുദം വരെ പഠനം ചങ്ങനാശ്ശേരി എസ്.ബി. കോളേജിലായിരുന്നു. ഡി.ഐ.ജി. ടോമിന്‍ ജെ. തച്ചങ്കരിയുടെ സതീര്‍ഥ്യന്‍. കെ.എസ്.യു.വില്‍ സജീവമായിരുന്നപ്പോള്‍ ചങ്ങനാേശ്ശരി എന്‍.എസ്.എസ്. കോളേജില്‍ പഠിച്ചിരുന്ന രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുമായി ഉറ്റ സൗഹൃദം. കേരള യൂണിവേഴ്സിറ്റി കലോത്സവങ്ങളില്‍ വാങ്ങിക്കൂട്ടിയ സമ്മാനങ്ങള്‍ ഒട്ടേറെ. പിന്നീട് മലയാളത്തില്‍ ബിരുദാനന്തര ബിരുദവും.

1987-ല്‍ കണ്ണൂര്‍ മലയോരത്തെ ഒരു റഗുലര്‍ കോളേജില്‍ താത്കാലിക ലക്ചററായി ഒരു വര്‍ഷം ജോലി ചെയ്തു. സ്ഥിരം നിയമനത്തിന് സാധ്യതയുള്ളതിനാല്‍ കുറച്ച് പണം മാനേജ്മെന്റിന് നല്കുകയും ചെയ്തു. ഈ കാത്തിരിപ്പിനിടയിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഇറങ്ങിയത്. വാര്‍ഡ് പ്രസിഡന്റ് മുതല്‍ ബ്ലോക്ക് സെക്രട്ടറിവരെ. കാത്തിരുന്ന ലക്ചറര്‍സ്ഥാനം മറ്റു സ്വാധീനങ്ങളുടെ പേരില്‍ നഷ്ടപ്പെട്ടതോടെയാണ് മദ്യത്തിന്റെ ലോകത്തേക്ക് ജോസഫിന്റെ ജീവിതം മാറിയത്.

ചില പാരലല്‍ കോളേജുകളില്‍ ക്ലാസെടുക്കുന്നതായിരുന്നു വരുമാനം. വീട്ടില്‍പ്പോലും പോകാതെ എവിടെയെങ്കിലും അന്തിയുറക്കം. അവധിദിവസങ്ങളില്‍ പ്രഭാതഭക്ഷണത്തിന് മുമ്പ് ആരംഭിക്കുന്ന കുടി ബോധംകെടുംവരെയായിരുന്നു. കേരളം വിട്ട് മദ്യപാനത്തിന്റെ മറ്റുമേഖലകള്‍ തേടി അയല്‍സംസ്ഥാനങ്ങള്‍ വരെയെത്തും.

ദിവസങ്ങളോളം കുടുംബാംഗങ്ങള്‍ക്കടക്കം ജോസഫിനെ ആര്‍ക്കും ബന്ധപ്പെടാന്‍ കഴിയാത്ത ദിവസങ്ങള്‍. മറ്റുള്ളവര്‍ തന്നെ തേടുമ്പോള്‍ ലഹരിയുടെ ലോകത്ത് എവിടെയെങ്കിലും ബോധംെകട്ടുകിടക്കുകയായിരുന്നു ജോസഫ്. ദിവസങ്ങളോളം കാണാതായപ്പോള്‍ മരിച്ചെന്നും നാടുവിട്ടുമെന്നുള്ള അഭ്യൂഹങ്ങളായിരുന്നു നാട്ടില്‍. കലാലയങ്ങളില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും നെയ്‌തെടുത്ത സൗഹൃദങ്ങള്‍ ഇല്ലാതായി. പലരും വഴിമാറി നടന്നു. കൂടെ പഠിച്ചിരുന്നവര്‍ ജീവിതവിജയത്തിന്റെ പുതിയ പന്ഥാവുകളിലെത്തുന്നത് ലഹരിയുടെ ഉന്മാദം വിട്ടുമാറാത്ത കണ്ണുകളിലൂടെ ജോസഫ് അറിഞ്ഞു. സ്വയം കുറ്റപ്പെടുത്തല്‍ പിന്നീട് ആത്മഹത്യാ ചിന്തകളിലേക്ക് വഴിമാറിയതോടെ കുടിയും കൂടിവന്നു.

മദ്യലഹരിയില്‍ വയനാട്ടിലുള്ള ഒരു കോണ്‍വെന്റിലെ ബന്ധുവായ കന്യാസ്ത്രീയെ കാണാന്‍ പോയതാണ് ജോസഫിന് ജീവിതം വീണ്ടെടുക്കാന്‍ വഴിത്തിരിവായത്. താന്‍ ഏറെ ബഹുമാനിക്കുന്ന ആ കന്യാസ്ത്രീയുടെ കണ്ണീരിന്റെ നനവ് ലഹരിയുടെ തിമിരം വിട്ടുമാറാത്ത കണ്ണിലൂടെ ജോസഫ് കണ്ടു. വാക്കുകള്‍ മരവിച്ചുനിന്ന നിമിഷങ്ങള്‍. പിന്നീട് കടന്നുപോയത് പ്രാര്‍ഥനയുടെയും ചികിത്സയുടെയും നാലുദിനങ്ങള്‍. ജീവിതത്തിലൊരിക്കലും ലഹരിയെ ആശ്രയിക്കില്ലെന്ന നിശ്ചയദാര്‍ഢ്യം. അതിലപ്പുറം തന്റെ ഗതി ഇനി മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കാന്‍ പോരാടുന്ന കരളുറപ്പും.

തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള 'പ്രതീക്ഷ'യുടെ ചുമതലയുള്ള ഫാ. തോമസ് തൈത്തോട്ടമാണ് ജോസഫിന് ജീവിതത്തിലെ പുതിയ ദൗത്യം ഏല്പിച്ചുകൊടുത്തത്. ആദ്യം ആഴ്ചയില്‍ ഒരുദിവസം ക്ലാസെടുക്കാനായിരുന്നു വിളിച്ചത്. പിന്നീട് ദിവസങ്ങളുടെ എണ്ണം കൂടി. ഒരു മുന്‍ മദ്യപാനിയെ അച്ചന്‍ ധൈര്യപൂര്‍വം പ്രതീക്ഷയുടെ പ്രോജക്ട് ഓഫീസറാക്കി നിയമിക്കുകയായിരുന്നു.

'പ്രതീക്ഷ' പോലെ കേന്ദ്രസര്‍ക്കാറിന്റെ ലഹരിവിമുക്ത പദ്ധതികള്‍ നടപ്പാക്കുന്ന 516 സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എന്‍പവര്‍മെന്റ് വകുപ്പിന്റെ കീഴില്‍ ഡല്‍ഹിയില്‍ നടന്ന പരിശീലനത്തിനും ശേഷമാണ് ജോസഫ് തന്റെ ചുമതലയേറ്റെടുത്തത്. രാജ്യത്തെ ഇത്തരം സെന്ററുകളില്‍ ഒരു മുന്‍ മദ്യപന്‍ പ്രോജക്ട് ഡയറക്ടറായിട്ടുള്ളത് താന്‍ മാത്രമാണെന്ന് ജോസഫ് പറയുന്നു.

'പ്രതീക്ഷ'യില്‍ ചുമതലയേറ്റശേഷം കൗണ്‍സലിങ്ങിലും സൈക്കോളജിയിലും എം.എസ്സി. നേടിയ ജോസഫ് ഇപ്പോള്‍ ഇതേ വിഷയത്തില്‍ ഡോക്ടറേറ്റ് നേടാനുള്ള ഗവേഷണത്തിലാണ്. കേരളത്തിലെ മറ്റു ലഹരിവിമുക്ത ചികിത്സാ കേന്ദ്രങ്ങളില്‍ ക്ലാസെടുക്കാനും നാട്ടിലെ മറ്റു ബോധവത്കരണ പരിപാടികളില്‍ സമയം കണ്ടെത്താനും ജോസഫ് സമയം കണ്ടെത്തുന്നു.

മദ്യപാനമുക്തി ആഗ്രഹിച്ച് പ്രതിവര്‍ഷം ശരാശരി ആയിരത്തോളം പേരാണ് പ്രതീക്ഷയില്‍ എത്തുന്നത്. ദിവസം ശരാശരി 30 പേര്‍ ചികിത്സയിലുണ്ടാകും. രാവുംപകലും ശ്രദ്ധവേണ്ടവരാണ് ഏറെയും. ഇരിട്ടിക്കടുത്ത കിളിയന്തറയിലാണ് താമസമെങ്കിലും ജോസഫ് മിക്കപ്പോഴും ഇവിടെ താമസിച്ചുതന്നെയാണ് സേവനം ചെയ്യുന്നത്.

മുഴുക്കുടിയില്‍നിന്ന് ഒരാളെ മോചിപ്പിക്കണമെങ്കില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്‌നേഹവും കരുതലുമാണ് പ്രധാന ഘടകമെന്നാണ് ജോസഫിന്റെ പക്ഷം. പുതിയ ജീവിതത്തിലേക്കും പുതിയ ലോകേത്തക്കും ഒരു മദ്യപന്‍ തിരിച്ചുവരുമ്പോള്‍ കുറ്റപ്പെടുത്തലുകളും മറ്റുംകൊണ്ട് വീര്‍പ്പുമുട്ടിക്കുന്നിതനുപകരം സ്‌നേഹത്തിന്റെ മറ്റൊരു ലോകം കാണിച്ചുകൊടുക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ ഒരു പ്രാവശ്യത്തെ ചികിത്സകൊണ്ടുമാത്രം ഒരാള്‍ക്ക് മദ്യപാനത്തില്‍നിന്ന് രക്ഷപ്പെടാനാവില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കുടുംബവും സമൂഹവും സ്വീകരിക്കുന്ന സമീപനങ്ങളാണ് നിര്‍ണായകമാവുകയെന്ന് ജോസഫ് പറയുന്നു. പുറന്തള്ളലല്ല വീണ്ടെടുപ്പാണ് ആവശ്യമെന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു.

ജോസഫിന്റെ ഭാര്യ കിളിയന്തറ ഹൈസ്‌കൂള്‍ അധ്യാപിക ജോളിയും കോളിത്തട്ട് എല്‍.പി. സ്‌കൂള്‍ അധ്യാപകനായ മകന്‍ തോമസ് ടി.ജോസഫും മകള്‍ ആന്‍മേരി വെറോണിക്കയും ജോസഫിന്റെ പുതിയ ദൗത്യത്തിന് പൂര്‍ണപിന്തുണയുമായുണ്ട്. ഫോണ്‍: 9400751874

 

 




MathrubhumiMatrimonial