
പാറുഅമ്മ ജീവിക്കുന്നു; സമീറയുടെ സ്‌നേഹതണലില്‍
Posted on: 01 Dec 2014
രമേഷ്‌കുമാര്‍ വെളളമുണ്ട
![]() |
സ്‌നേഹത്തിന്റെ സാന്ത്വനം. പാറുവമ്മയും സമീറയും. |
സ്വന്തം മക്കള്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ഉപേക്ഷിക്കുന്ന കാലം.നരച്ച് വിളറുന്ന ജീവിത ദൈന്യതയില്‍ എല്ലാം ഉള്ളപ്പോഴും ഒറ്റപ്പെട്ട് പോകുന്നവര്‍ ഏറെയുള്ള നാട്.സദാചാരത്തിന്റെ മതില്‍ക്കെട്ടുയര്‍ത്തി നന്മകളെ തൂക്കിലേറ്റുന്ന സമൂഹം.സഹികെട്ടു പോകുന്ന സമകാലികതയില്‍ വേറിട്ടു വായിക്കണം ഏഴാം തരം വരെ മാത്രം പഠിച്ച സമീറയുടെ ജീവിത പുസ്തകം.സദാചാരത്തിന്റെ മതം ചോദിച്ചാല്‍ പാറുവമ്മയ്ക്ക് ആരുമല്ല സമീറെയെന്ന മുസ്ലീം യുവതി. ഹിന്ദുവായ ഈ വൃദ്ധ സമീറയ്ക്കും ആരുമല്ല.സ്‌നേഹം മാത്രം മതമായി കാണുന്ന ഇവര്‍ക്കിടയില്‍ ആത്മബന്ധത്തിന്റെ നൂലിഴകള്‍ കാലങ്ങളായി ഇഴപിരിഞ്ഞുപോയിരിക്കുന്നു.ഇതിനിടയില്‍ തോററുപോവുകയാണ് ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്ന ചോദ്യമെല്ലാം.
ബന്ധുക്കളാരുമില്ലാതെ വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ പാറു വെന്ന എഴുപത്തിയഞ്ചുകാരിക്ക് കൂലിപ്പണിയെടുത്ത് കിട്ടുന്ന സമ്പാദ്യം കൊണ്ട് സാന്ത്വനമെത്തിക്കുകയാണ് സമീറ.വയനാട്ടിലെ കുപ്പാടിത്തറ മുണ്ടക്കുറ്റി പയനമൊട്ടം കുന്നിലെ ലക്ഷം വീട് കോളനിയില്‍ നിന്നാണ് ഊഷ്മളമായൊരു നന്മയുടെ കഥകള്‍ നാടറിയുന്നത്.ഊന്നുവടിയില്‍ ഉയര്‍ന്ന് നില്‍ക്കാന്‍ പോലുമാകാതെ തളര്‍ന്ന പോകുന്ന പാറുവേടത്തിക്ക് ഒരു താങ്ങായി എന്നും സമീറയുണ്ട്.ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് പൊക്കന്‍ മരിച്ചതോടെ ഒറ്റപ്പെട്ടുപോയി എന്ന് കരുതിയ ജീവിതത്തിലേക്ക് ഒരു നിയോഗം പോലെ കയറി വരികയായിരുന്നു സമീറയെന്ന അയല്‍ക്കാരി.മക്കളില്ലാത്ത പാറുവമ്മയക്ക് സമീറ മകളായി.സമീറയുടെ ചെറിയ നാലു പെണ്‍കുട്ടികള്‍ക്ക് പാറുവമ്മ ഇന്ന് അമ്മമ്മയാണ്.
സമീറയും പെയിന്റിങ്ങ് തൊഴിലാളിയായ ഭര്‍ത്താവ് അഷ്‌റഫും താമസിക്കുന്ന ലക്ഷം വീട് കോളനിക്ക് തൊട്ടുമുന്നിലാണ് പാറുവമ്മയുടെ താമസം.പത്ത് സെന്റ് സ്ഥലവും ദ്രവിച്ച് വീഴാറായ ചെറിയ വീടുംമാത്രമുള്ള ഈ വൃദ്ധയ്ക്ക് പരസഹായമില്ലാതെ ഒരടി മുന്നോട്ടുവെക്കാനാവില്ല.ആസ്പത്രിയില്‍ പോകണമെങ്കിലും എന്തിനും ഏതിനും ആശ്രയത്തിനെല്ലാം സമീറയുണ്ട്.കത്തനെയുള്ള കുന്നുകള്‍ പിടിച്ചുകയറ്റി ആസ്പത്രി വരാന്തകളില്‍ ഡോക്ടറെ കാണാന്‍ ക്ഷമയോടെ കാത്തിരുന്ന് സ്വന്തം മകളെ പോലെ സമീറ പരിചരിക്കുമ്പോള്‍ തിരിച്ചു നല്‍കാന്‍ ഒന്നുമില്ലാതെ വേവലാതി പെടുകയാണ് ഈയമ്മയുടെ മനസ്സു മുഴുവനും.ഓണം പോലുള്ള വിശേഷ ദിവസങ്ങളില്‍ സമീറയും കുടുംബവും ഇവിടെ സദ്യയൊരുക്കും.മതവും ജാതിയുമില്ലാതെ ഇവരുടെ ജീവിതം ഇവിടെ ഇല്ലായ്കള്‍ക്കിടയിലും ആഘോഷമാണ്.
മക്കളില്ലാത്ത പാറുവമ്മ സമീപത്തുള്ള കുട്ടികളെയെല്ലാം അതിരറ്റ് സ്‌നേഹിച്ചിരുന്നു.ഇതിനെല്ലാമുള്ള പ്രത്യുപകാരമായിരിക്കണം ജീവിത സായന്തനത്തിലെ സമീറയുടെ സാന്ത്വനം.പതിനേഴ് വര്ഷത്തോളമായി പെയിന്റിങ്ങ് ജോലിയെടുത്ത കഴിയുന്ന ഭര്‍ത്താവ് അഷ്‌റഫും പാറുവമ്മയുടെ സഹായിയായുണ്ട്.തൊഴിലെടുത്ത് കിട്ടുന്ന വരുമാനത്തില്‍ നിന്നും കുടുംബത്തിലെന്ന പോലെ ആഹാരത്തിന്റെ ഒരോഹരി ഈയമ്മയക്ക് നല്‍കാനും അഷ്‌റഫ് മടികാണിക്കാറില്ല.ആരുടെ മുന്നിലും കൈനീട്ടാതെ പാറുവമ്മയ്ക്ക് കഴിയാന്‍ തന്നാലാവുന്നത് ചെയ്യുമന്നാണ് പ്രരാബ്ദങ്ങള്‍ക്കിടയിലും ഈ നല്ല അയല്‍ക്കാരന്റെയും വാക്കുകള്‍ .ഗള്‍ഫില്‍ പോയെങ്കിലും നിതാഖത്തില്‍ കുടുങ്ങി തിരിച്ചെത്തിയ അഷ്‌റഫ് ഈ നാട്ടില്‍ തന്നെ പിടിച്ചുനില്‍ക്കന്‍ ശ്രമം നടത്തുകയാണ്.വല്ലപ്പോഴും കിട്ടുന്ന വാര്‍ദ്ധക്യ പെന്‍ഷന്‍ മാത്രം വരുമാനമുള്ള ആരുമില്ലാത്ത ഈ വയോധികയുടെ റേഷന്‍ കാര്‍ഡുപോലും ദരിദ്രരേഖയ്ക്ക് മുകളിലാണ്.ഇതിനിടയിലും അയല്‍ക്കാരായ സമീറയുടെ കുടുംബം ഇവര്‍ക്ക് എന്നും തണലാവുന്നു.സാമൂഹ്യപ്രവര്‍ത്തകനായ റിട്ടയേര്‍ഡ് അധ്യാപകന്‍ മുരളി കാവരയുടെ സഹായത്തോടെ രണ്ടുതവണ ഹൃദയാഘാതം വന്ന ഈ പാറുവേട്ടത്തിയെ കൂടുതല്‍ ചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള തിരക്കിലാണ് സമീറ.
