goodnews head

ടാക്‌സിയില്‍ അന്ധരെത്തേടി കെന്നഡി

Posted on: 30 Oct 2014


വഴിയില്‍ ഉപേക്ഷിക്കുന്ന കാഴ്ചയില്ലാത്തവര്‍ക്കും ഇനി തോഴന്‍


പത്തനംതിട്ട: കാഴ്ചയില്ലാത്തതുമൂലം വീടുകളില്‍ നിന്ന് ഉപേക്ഷിക്കുന്നവരെ ഏറ്റെടുക്കാന്‍ ഇനി കെന്നഡിയുണ്ട്. അന്ധരുടെ തോഴന്‍ എന്ന പേരില്‍ സാമൂഹികപ്രവര്‍ത്തനം നടത്തുന്ന പത്തനംതിട്ട സ്വദേശി കെന്നഡി ചാക്കോ ഇതിനുവേണ്ടി ആശാകേന്ദ്രം തുറക്കും. സ്വന്തംപേരിലുള്ള ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് ഇതിനുള്ള ഒരുക്കങ്ങള്‍. ട്രസ്‌റ്റെന്നും മററും കേള്‍ക്കുമ്പോള്‍ വന്‍കിട എന്‍.ജി.ഒ. ആണെന്ന് തെറ്റിദ്ധരിക്കരുത്. ടാക്‌സി ഓടിച്ച് ജീവിതം പുലര്‍ത്തുന്ന പത്തനംതിട്ടയിലെ വെറും സാധാരണക്കാരന്‍ മാത്രമാണ് ഈ യുവാവ്.

താഴെവെട്ടിപ്പുറത്ത് തുറക്കുന്ന കേന്ദ്രത്തില്‍ ആദ്യ അന്തേവാസിയായി തുലാപ്പള്ളി സ്വദേശി ശശീന്ദ്രന്‍ എത്തും.നവംബര്‍ 1നാണ് ഉദ്ഘാടനം.ഇവിടെ തൊഴില്‍ പരിശീലനംകൊടുത്ത് കാഴ്ചയില്ലാത്തവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.

കാഴ്ചയില്ലാത്തവര്‍ക്ക് സ്വന്തം ഐറിസ് ഓട്ടോയില്‍ സൗജന്യയാത്ര അനുവദിച്ച തൊഴിലാളിയാണ് കെന്നഡി. ജീവിതത്തിലെ അനുഭവങ്ങളാണ് കെന്നഡിയെ ഈ രംഗെത്തത്തിച്ചത്. കാഴ്ചയില്ലാത്തവരെ ചെറുപ്പംമുതല്‍ അനുകമ്പയോടെ കണ്ടിരുന്ന കെന്നഡി വിവാഹം ചെയ്തത് നേരിയ കാഴ്ച മാത്രമുള്ള അനിത എന്ന യുവതിയെയാണ്. ഇവരുടെ ഒരു മകനും കാഴ്ച വളരെ കുറവാണ്.പത്തുവര്‍ഷം മുമ്പായിരുന്നു കെന്നഡിയുടെ വിവാഹം.

2008ല്‍ കെന്നഡിയുടെ ജീവിതത്തിലും ഇരുളിെന്‍റ ദിനമെത്തി. തലച്ചോറിലുണ്ടായ രോഗംമൂലമാണ് ഇതുണ്ടായത്. താന്‍ എന്നും ആദരവോടെ മാത്രം കണ്ടിരുന്ന കാഴ്ചയില്ലാത്തവരുടെ ലോകം എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് കെന്നഡി മനസ്സിലാക്കി.മൂന്ന് ഇരുള്‍ദിനങ്ങള്‍ക്കുശേഷം കെന്നഡി വെളിച്ചത്തിന്റെ ലോകത്തേക്ക് മടങ്ങിവന്നു. ഇതോടെ അന്ധര്‍ക്കുവേണ്ടി താന്‍ ചെയ്യുന്നതൊന്നും മതിയാകിെല്ലന്ന് ഇദ്ദേഹം മനസ്സിലാക്കി.

കാഴ്ചയില്ലാത്തകുട്ടികളെ സൗജന്യമായി പഠിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ തീരുമാനിച്ചു. ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെ കെന്നഡി പഠിപ്പിക്കും. ഇവര്‍ക്കു വേണ്ട പഠനച്ചെലവ് വണ്ടി ഓടിച്ചാണ് കണ്ടെത്തുക. 147 കുട്ടികളെ ഇതിനകം അറിവിന്റെ ലോകെത്തത്തിക്കാന്‍ കഴിഞ്ഞു. നവംബര്‍ 1ന് രാവിലെ 11ന് കാഴ്ചയില്ലാത്തവര്‍ക്ക് സ്‌നേഹവിരുന്നുനല്‍കി നഗരസഭാചെയര്‍മാന്‍ എ. സുരേഷ് കുമാര്‍ ആശാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

 

 




MathrubhumiMatrimonial