രാമക്കല്‍മേട്-കാറ്റിന്റെ കൂടാരം

Posted on: 02 Aug 2009

-സ്വന്തം ലേഖകന്‍




നിലയ്ക്കാത്ത കാറ്റിന്റെ കൂടാരമാണ് രാമക്കല്‍മേട്. ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തുനിന്ന് 15 കിലോമീറ്റര്‍ കിഴക്ക് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍, സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ (3560 അടി) ഉയരത്തില്‍ ആണ് ഈ സ്ഥലം. ശരാശരി കണക്ക് വെച്ച് ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന സ്ഥലമാണിത്;മണിക്കൂറില്‍ ശരാശരി 32.5 കിലോമീറ്റര്‍ വേഗം. ചിലയവസരങ്ങളില്‍ അത് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയാകും.


നെടുങ്കണ്ടത്ത് നിന്ന് യാത്ര തിരിക്കുന്ന ഒരാള്‍, രാമക്കല്‍മേടിലെ ചെറിയൊരു കയറ്റം കയറിയെത്തുന്നത് ലോകത്തിന്റെ അറ്റമെന്ന് തോന്നിക്കുന്ന ഒരു പര്‍വതവക്കിലേക്കാണ്. പശ്ചിമഘട്ടം അവിടെ അവസാനിക്കുന്നതുപോലെ. തൊട്ടുമുന്നില്‍, ആയിരത്തിലേറെ മീറ്റര്‍ അഗാധതയില്‍, പര്‍വതച്ചുവട്ടില്‍ മറ്റൊരു ലോകം ആരംഭിക്കുന്നു. നോക്കെത്താ ദൂരത്തോളം എത്തുന്ന താഴ്‌വരയുടെ ലോകം.

അവിടെ ആ സമതലത്തില്‍ ചതുരപ്പാടങ്ങള്‍. തെങ്ങിന്‍തോപ്പുകളും നാരകത്തോട്ടങ്ങളും, മുന്തിരിയും നിലക്കടലയും വിളയുന്ന കൃഷിയിടങ്ങളും. ദൂരെ ആകാശത്തിന്റെ അതിരോളം പടര്‍ന്നുകിടക്കുന്ന താഴ്‌വര തമിഴ് കാര്‍ഷികമേഖലയാണ്. പച്ചപ്പിന്റെ ചതുരങ്ങള്‍ക്കിടയില്‍, ചതുരംഗപ്പലകയിലെ കരുക്കള്‍ പോലെ പട്ടങ്ങളുടെയും ഗ്രാമങ്ങളുടെയും വിദൂരദൃശ്യങ്ങള്‍-തേവാരം, കമ്പം, കൊബൈ തുടങ്ങിയ പട്ടണങ്ങളാണത്. നല്ല പ്രകാശമുള്ള സമയമാണെങ്കില്‍, രാമക്കല്‍മേട്ടില്‍ നിന്ന് മധുരയുടെ സാന്നിധ്യവും അനുഭവിക്കാം.

ത്രേതായുഗത്തില്‍ സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള യാത്രാമധ്യേ ശ്രീരാമന്‍ ഈ മേടിലെത്തിയെന്നാണ് ഐതീഹ്യം. സേതുബന്ധനത്തിന് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങള്‍ പതിഞ്ഞതിനാലാണത്രേ, ഈ സ്ഥലത്തതിന് രാമക്കല്‍മേട് എന്ന പേര് വന്നത്.


മേടിന് മുകളിലെ 'കല്ലുമ്മേല്‍ കല്ലു'മായി ബന്ധപ്പെട്ട് വേറൊരു ഐതീഹ്യവുമുണ്ട്. വനവാസകാലത്ത് പാണ്ഡവന്‍മാര്‍ ഇവിടെ വന്നിരുന്നുവെന്നും, ദൗപതിക്ക് മുറുക്കാന്‍ ഇടിച്ചു കൊടുക്കാന്‍ ഭീമസേനന്‍ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.

രാമക്കല്‍മേടിന് ചുവട്ടില്‍ താഴ്‌വര തുടങ്ങുന്നിടത്താണ് ശ്രീരാമ പ്രതിഷ്ഠയുള്ള രംഗനാഥ ക്ഷേത്രം. കന്നി മാസത്തില്‍ (ഒക്ടോബര്‍ ആദ്യം) അവിടെ അഞ്ചുനാള്‍ നീളുന്ന ഉത്സവം നടക്കാറുണ്ട്. കേരളത്തില്‍നിന്ന് മലയിറങ്ങിയാല്‍ രംഗനാഥക്ഷേത്ര പരിസരത്താണെത്തുക. അവിടുത്തെ ചെറുകവലയില്‍ നിന്ന് സൈക്കില്‍ വാടകയ്ക്ക് കിട്ടും; കൊബൈ വരെ പോയി വരാന്‍.

രാമക്കല്‍മേടിലെ പുല്‍മേട്ടില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കുറവന്‍-കുറത്തി ശില്പം ഇപ്പോള്‍ ഈ സ്ഥലം സന്ദര്‍ശിക്കുന്നവരുടെ പ്രധാന ആകര്‍ഷണമാണ്. കുരുവിക്കാനത്ത് വൈദ്യുതിയുത്പാദനത്തിന് നിര്‍മിച്ചിട്ടുള്ള കാറ്റാടി യന്ത്രങ്ങളും ഇവിടെ നിന്നാല്‍ കാണാം.

റോഡു മാര്‍ഗമേ രാമക്കല്‍മേട്ടില്‍ എത്താനാകൂ. കുമിളിയില്‍ നിന്നും (40 കിലോമീറ്റര്‍) കട്ടപ്പനയില്‍ നിന്നും (20 കിലോമീറ്റര്‍) മൂന്നാര്‍ നിന്നും (70 കിലോമീറ്റര്‍) ഇവിടെ എത്താം. ഫോണ്‍: ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍, തേക്കടി-04869 222620; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ്, നെടുങ്കണ്ടം-04868 233260.

ചിത്രങ്ങള്‍: മധുരാജ്




MathrubhumiMatrimonial