TravelBlogue

പാംഗോങ് തടാകതീരം

Posted on: 28 Jul 2009

ടി.എം.ഹാരിസ്‌


ജൂണ്‍ മുതല്‍ ജമ്മു-കശ്മീരില്‍ വേനല്‍കാലമാണ്. മഞ്ഞിന്‍ പട്ട്പുതച്ച മലനിരകളും വര്‍ണ്ണരാജി വിതറുന്ന ടുലിപ് ഉദ്യാനവും തണുത്തുറഞ്ഞ ദാല്‍ തടാകവും പൂത്തുലഞ്ഞുനില്‍ക്കുന്ന കുങ്കുമപ്പാടങ്ങളും യാത്രികന് നഷ്ടസ്വപ്നങ്ങളാവുകയാണ്. ഗുല്‍മാര്‍ഗിലേയും പഹല്‍ഗാമിലെയും മഞ്ഞുകാല വിനോദങ്ങള്‍ അവസാനിച്ചിരിക്കുന്നു. ഗുല്‍മാര്‍ഗില്‍ നിന്ന് കേബിള്‍ കാറിലുള്ള ആകാശയാത്രയും ഒരു ചടങ്ങായി മാറുന്നു. ശ്രീനഗറിലെ ഷാലിമാര്‍, ശീഷ്മ ഷാഹി, നിഷാത്ത് എന്നീ മുഗള്‍ ഉദ്യാനങ്ങളില്‍ വേനലവധിയില്‍ തിമിര്‍ത്തുല്ലസിക്കാനെത്തിയ കുഞ്ഞുമുഖങ്ങള്‍, വര്‍ണ്ണപുഷ്പങ്ങള്‍ പോലെ മനം നിറഞ്ഞുനിക്കും. 'കശ്മീരി കാഹ്‌വ' തന്ന് സല്‍ക്കരിച്ച ഞങ്ങളുടെ ഡ്രൈവര്‍ ബിലാലിന്റെ അമ്മ നിലോഫറിന്റേയും സഹോദരി റുക്‌സാനയുടേയും നിറപുഞ്ചിരിമായാതെ മനസ്സില്‍ ഇന്നുമുണ്ട്. (കശ്മീരി ചായയില്‍ കറുകപ്പട്ടയും ഡ്രൈഫ്രൂട്ട്‌സും ചേര്‍ത്ത് തിളപ്പിച്ച് തയ്യാറാക്കുന്ന പാനീയമാണ് 'കാഹ്‌വ')


പ്രിയ സുഹൃത്തുക്കളായ ജോയിയും സമദുമൊത്തുള്ള ഈ യാത്രയുടെ പ്രധാന ലക്ഷ്യം ലഡാക്ക് ആണ്. സാധാരണ മെയ് അവസാനംവരെ മഞ്ഞുമൂടിക്കിടക്കുന്ന ശ്രീനഗര്‍- ലേ ഹൈവേ 2008 ഏപ്രില്‍ മധ്യത്തോടെ തന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തത് ഈ ഹിമാലയന്‍ സംസ്ഥാനത്തേക്കുള്ള ടൂറിസ്റ്റ് പ്രവാഹം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ്. അതിര്‍ത്തി പാതകളുടെ സംഘടന (Boarder Roads Organisation - BRO) യാണ് ഹിമഗിരി നിരകളിലെ റോഡുകളുടെ നിര്‍മ്മാണവും സുരക്ഷിതത്വവും ഏറ്റെടുത്തിട്ടുള്ളത്. നാലു രാത്രികള്‍ ഞങ്ങള്‍ താമസിച്ച ദാല്‍ തടാകത്തിലെ പിന്‍ടെയ്ല്‍ (HB PINTAIL) എന്ന ഹൗസ് ബോട്ടിന്റെ ഉടമ അബ്ദുല്‍ മജീദിനോടും കുടുംബത്തോടും യാത്ര പറഞ്ഞ് ലേയിലേക്ക്.ജമ്മു-കശ്മീര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ സൂപ്പര്‍ ഡീലക്‌സ് ബസ്സില്‍ കാര്‍ഗില്‍ വഴിയാണ് ലേയിലേക്കുള്ള യാത്ര. സോനമാര്‍ഗ് (Sonamarg) പിന്നിട്ട് അല്‍പ ദൂരം ചെന്നാല്‍ ബാല്‍താലിലേക്ക് വഴി പരിയുന്നു. ബാല്‍താലില്‍ നിന്ന് അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകപ്രവാഹം. ലദ്ദാക്കിലേക്കുള്ള പ്രവേശന കവാടമായ സോജിലാ പാസ് (Zoji La Pass) കയറിത്തുടങ്ങുമ്പോള്‍ ദൂരെ സമതലങ്ങളില്‍ തീര്‍ത്ഥാടകരുടെ ടെന്റുകള്‍ കാണാം. ഓറഞ്ച്, നീല, മഞ്ഞ, വെള്ള അങ്ങനെ പല നിറങ്ങളിലുള്ള ടെന്റുകള്‍. അമര്‍നാഥ് ഗുഹ ലക്ഷ്യമാക്കി ഭക്തജനങ്ങളേയും കൊണ്ട് പറന്നുയരുന്ന ഹെലികോപ്റ്ററുകളും ദൃശ്യമാണ്. ബാല്‍താല്‍ വഴി, ഒരു ദിവസംകൊണ്ട് അമര്‍നാഥില്‍ നടന്നെത്താം. ഹെലികോപ്റ്ററിലാണെങ്കില്‍ വെറും അഞ്ച് മിനിറ്റ് മതി. (പഹല്‍ ഗാം വഴി നടന്നാല്‍ അമര്‍നാഥിലെത്താന്‍ മൂന്ന് ദിവസം വേണം.)

11500 അടി ഉയരമുള്ള സോജിലാചുരത്തിലൂടെയുള്ള ബസ്‌യാത്ര ത്രസിപ്പിക്കുന്ന അനുഭവമാണ്. നെഞ്ചിടിപ്പിന്റെ താളം വ്യക്തമായും കേള്‍ക്കാം. എതിരെവരുന്ന വാഹനങ്ങള്‍ക്ക് ഇടം നല്‍കാനാവാതെ പലയിടത്തും യാത്ര ദീര്‍ഘനേരം തടസ്സപ്പെട്ടു. 60 വയസ്സിലധികം പ്രായം തോന്നിക്കുന്ന ഞങ്ങളുടെ ബസ് ഡ്രൈവറുടെ മികവും മന:സാന്നിധ്യവും ചുറുചുറുക്കും യാത്രക്കാര്‍ക്ക് ആശ്വാസം പകര്‍ന്നു. ലഡാക്ക് വഴി മദ്ധ്യേഷ്യയിലേക്കും ചൈനയിലേക്കും തിബത്തിലേക്കുമുള്ള സാര്‍ത്ഥവാഹക സംഘങ്ങളുടെ യാത്രാപഥമായിട്ടാണ് സോജിലാ പാസ് പുരാതനകാലം മുതല്‍ അറിയപ്പെട്ടിരുന്നത്. വ്യത്യസ്ത സംസ്‌ക്കാര ധാരകളെ കൂട്ടിയിണക്കുന്നതില്‍ ഈ സഞ്ചാര പഥം പ്രധാന പങ്കുവഹിച്ചു.ലോകത്തിലെ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ ജനവാസ കേന്ദ്രം (കുറഞ്ഞ ഊഷ്മാവ് 400 C) എന്ന് പ്രസിദ്ധിയുള്ള ദ്രാസ്സി (Drass) ലെത്തുമ്പോള്‍ സന്ധ്യമയങ്ങാറായിരുന്നു. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ലോക ശ്രദ്ധനേടിയ ദ്രാസ്, വസന്തകാലത്ത് കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിക്കുന്നു. ഇന്ത്യന്‍ സൈന്യം പൊരുതി നേടിയ ടൈഗര്‍ ഹില്‍സും മുഷ്‌കു താഴ്‌വരയും സാന്ധ്യവെളിച്ചത്തില്‍ ദ്രാസിലെ തെരുവില്‍ നിന്ന് ഞങ്ങള്‍ കണ്ടു. കുളിരകറ്റാന്‍ ഓരോ ചുടുചായ മൊത്തിക്കുടിച്ച് പിന്നെയും സഞ്ചാരം തുടരുകയാണ്. സോജില കടന്നാല്‍ കശ്മീരിന്റെ സാന്ദ്രവും കുളിരുള്ളതുമായ കാനനഭംഗി മെല്ലെമെല്ലെ അപ്രത്യക്ഷമാകുന്നു. ഇനി ലദ്ദാക്കിന്റെ പര്‍വ്വത വന്യത. അങ്ങിങ്ങ് മലയിടുക്കുകളില്‍ കട്ടപിടിച്ച മഞ്ഞിന്‍ പാളികള്‍. 204 കിലോമീറ്റര്‍ പിന്നിട്ട് കാര്‍ഗിലിലെത്തുമ്പോള്‍ നട്ടപ്പാതിര. ലഗേജും തൂക്കി അധികം നടക്കാതെതന്നെ ഒരു ആവാസ കേന്ദ്രം കണ്ടെത്തി. ഹോട്ടല്‍ മാര്‍ജിനാ. മുട്ടിവിളിച്ചപ്പോള്‍ ചൈനീസ് മുഖമുള്ള ഒരു പയ്യന്‍ വാതില്‍ തുറന്നു. കാര്‍ഗിലിലെ ആദ്യരാത്രി കുളിരറ്റതായിരുന്നു. ഇവിടെ ഇപ്പോള്‍ വസന്തകാലമാണ്. മെയ് മാസത്തില്‍ മഞ്ഞും വെളുത്ത ആപ്രിക്കോട്ട് പൂക്കളും കാര്‍ഗില്‍ താഴ്‌വരയെ ധവളാഭമാക്കുന്നു. ആഗസ്റ്റ് പിറക്കുന്നതോടെ ആപ്രിക്കോട്ട് പഴങ്ങള്‍ കാര്‍ഗിലിനെ സ്വര്‍ണ്ണ വര്‍ണ്ണമണിയിക്കും.

സുരു (Suru) നദിയുടെ തീരത്താണ് ലഡാക്കിലെ രണ്ടാമത്തെ പട്ടണമായ കാര്‍ഗില്‍. നദിക്ക് കുറുകെയുള്ള ഇരുമ്പ്പാലം കടന്ന് പുരാതന നഗരമായ പോയനി (Poyen) ലേക്ക് നടക്കാം. സുരുവിനക്കരെയുള്ള കുന്നിന്‍ ചെരുവിലൂടെ നടക്കുമ്പോള്‍ ചെറുതട്ടുകളായി കിടക്കുന്ന കാര്‍ഗില്‍ പട്ടണത്തിന്റെ സുന്ദരദൃശ്യം. നടുവില്‍ തലയുയര്‍ത്തിനിക്കുന്ന ഷിയ പള്ളി. ജനങ്ങളില്‍ 85 ശതമാനം പേരും ഷിയവിഭാഗക്കാരാണ്. തെരുവോരങ്ങളില്‍ പഴങ്ങളും പച്ചക്കറികളും കച്ചവടം ചെയ്യുന്ന സ്ത്രീകള്‍ ക്യാമറ കണ്ടപ്പോള്‍ 'മഫ്ത' (തലപ്പാവ്) കൊണ്ട് മുഖംമറച്ചു. നഗരത്തില്‍ തോക്കുമായി റോന്തുചുറ്റുന്ന പട്ടാളക്കാര്‍ നിത്യജീവിതത്തിന്റെ ഭാഗംതന്നെയാണ്.രണ്ടു കിലോമീറ്റര്‍ നടന്നു കയറിയാല്‍ ഗോമ കാര്‍ഗില്‍ (Gongma Kargil) പര്‍വ്വതശിഖരങ്ങളില്‍ നിന്ന് സുരുനദിയിലേക്കൊഴുകിയെത്തുന്ന അരുവിയുടെ ഓരം ചേര്‍ന്ന് നടക്കുമ്പോള്‍ കാര്‍ഗില്‍ നിവാസികളുമായി സൗഹൃദം പങ്കുവെയ്ക്കാം. ബാര്‍ളിയും ഗോതമ്പും ആപ്പിളും ആപ്രിക്കോട്ടും കൃഷിചെയ്യുന്നവരും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിചെയ്യുന്നവരും കോളേജ് വിദ്യാര്‍ത്ഥികളും മധ്യവേനലവധി ആഘോഷിക്കുന്ന കുട്ടികളുമൊക്കെ കുശലം പറയാനെത്തി. ഗോമാ കാര്‍ഗിലിലേക്കുള്ള വഴിയിലുടനീളം വിളഞ്ഞുനില്‍ക്കുന്ന ആപ്രിക്കോട്ട് മരങ്ങള്‍. മുന്തിയ ഇനം ആപ്രിക്കോട്ട് കൃഷി ചെയ്യുന്നത് കാര്‍ഗിലില്‍ മാത്രമാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഡ്രൈ ആപ്രിക്കോട്ട് കയറ്റി അയക്കുന്നുമുണ്ട്. അവധി ആസ്വദിക്കുന്ന കുട്ടികള്‍ മരച്ചുവട്ടില്‍ വീണുകിടക്കുന്ന ഓറഞ്ച് നിറത്തിലുള്ള പഴങ്ങള്‍ പെറുക്കിയെടുത്ത് ഞങ്ങള്‍ക്ക് നീട്ടി. അപരിചിതത്വത്തിന്റെ ആദ്യത്തെ ഭാവപ്പകര്‍ച്ചകള്‍ മാറ്റിവെച്ച് സൗഹൃദത്തിന്റെ മധുരക്കനികള്‍ സമ്മാനിച്ച് അവര്‍ കടന്നുപോയി. കാര്‍ഗില്‍ കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ ബൈത്തുല്‍ ഹുദയും ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ അസ്ഗര്‍ അലിയും ആ സഞ്ചാരവഴിയില്‍ സ്‌നേഹാന്വേഷണങ്ങളുമായെത്തി.

തിബത്തന്‍ രീതിയിലുള്ളതാണ് കാര്‍ഗിലിലെ ഭക്ഷണം. സമൂസയുടെ ആകൃതിയിലുള്ള മോമോ (Momo) ആട്ടിറച്ചിയും പഠാണിയും പച്ചക്കറികളും നിറച്ചതാണ്. നൂഡില്‍സ് പോലുള്ള ഒരു വിഭവമാണ് തുപ്പാ (Thukpa) ഇവ രണ്ടും ആട്ടിന്‍ സൂപ്പില്‍ ചേര്‍ത്ത് വിളമ്പുന്നതാണ് മോമോതുപ്പാ. കാലത്ത് മോമോതുപ്പ ഒരു ഹെവി ബ്രേക്ക്ഫാസ്റ്റ് തന്നെയാണ്. രണ്ടുനാളത്തെ കാര്‍ഗില്‍ വാസം സമ്മാനിച്ചത് ഹൃദ്യമായ അനുഭവം.പുലര്‍ച്ചെ 4.30ന് ഒരു സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ ലേയിലേയ്ക്ക് പുറപ്പെട്ടു. (234 കലോമീറ്റര്‍) ചുറ്റും പച്ചപ്പേതുമില്ലാത്ത വന്യപ്രകൃതി. പര്‍വ്വത ശ്രേണികള്‍ക്ക്് ചാരം കലര്‍ന്ന മണ്ണിന്റെ നിറം. പിന്നെ ഇരുണ്ട കരങ്കല്‍ നിറം. മേഘമാലകളിലേക്ക് സൂര്യന്‍ മറയുമ്പോള്‍ മലനിരകള്‍ നീല നിറം പോലെ തോന്നിച്ചു. പലപ്പോഴും സിന്ധുവിനൊപ്പമാണ് ലേയിലേയ്ക്കുള്ള പാത നീളുന്നത്. അങ്ങ് അഗാധതയിലൂടെ സിന്ധു വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നു. ഖല്‍ത്സെ (Khaltse) എന്ന സ്ഥലത്ത് ഭക്ഷണത്തിനായി ബസ് നിര്‍ത്തുമ്പോള്‍ മണി പത്ത്. വരണ്ട് ഉണങ്ങിയ മലമ്പാതയിലൂടെ ബസ് വീണ്ടും പൊടി പറത്തിപ്പായുകയാണ്. പട്ടാളബാരക്കുകള്‍ പിന്നിട്ട്, വിമാനത്താവളം പിന്നിട്ട് ഞങ്ങള്‍ ലേ (Leh) യിലെത്തുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് 11500 അടിഉയരത്തിലാണ് ലഡാക്കിന്റെ ഈ തലസ്ഥാന നഗരം. ഇത്രയും ഉയരത്തിലുള്ള ലോകത്തിലെ ഒരേയൊരു വിമാനത്താവളമാണ് ഇവിടത്തേത്. ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ടൂറിസ്റ്റുകള്‍ക്ക് സ്വാഗതമോതുന്ന ബോര്‍ഡ് വഴിയരികില്‍ കണ്ടു.

ലേയിലെ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാന്‍ 24 മുതല്‍ 48 മണിക്കൂര്‍വരെ വേണമെന്നാണ് അറിയിപ്പ്. പ്രത്യേകിച്ച് വിമാനത്തില്‍ വന്നിറങ്ങുന്നവര്‍ക്ക്. ആദ്യനാളുകളില്‍ വേഗത്തിലുള്ള നടത്തവും മലകയറ്റവും ഒഴിവാക്കണം. ഓക്‌സിജന്റെ കുറവുകാരണം ശ്വാസതടസ്സവും തലവേദനയും ഛര്‍ദ്ദിയും വിശപ്പില്ലായ്മയും അനുഭവപ്പെടാം. നഗര ഹൃദയത്തിലുള്ള സൊമോറി (Tsomori) ഹോട്ടലില്‍ മുറിയെടുത്ത് രണ്ട് മണിക്കൂര്‍ വിശ്രമിച്ച് തെരുവുകാഴ്ച്ചകളിലേക്കിറങ്ങി. തെരുവ് കച്ചവടക്കാരില്‍ ഏറെയും സ്ത്രീകളാണ്. തിബറ്റന്‍ റെഫ്യൂജി മാര്‍ക്കറ്റിലും സ്ഥിതി വ്യത്യസ്തമല്ല. നഗരത്തിന് സാന്ധ്യ ശോഭയേകാന്‍ ലഡാക്കി സുന്ദരിമാര്‍ കുന്നിന്‍മുകളിലെ ലേ പാലസിന്റെ സ്വര്‍ണ്ണ മകുടങ്ങള്‍ പോക്കുവെയിലേറ്റ് തിളങ്ങി. ഇരുട്ട് പരക്കുമ്പോള്‍ രാത്രി എട്ട് മണി. തിബറ്റില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളുടെ മാര്‍ക്കറ്റില്‍ മാലകളും മനോഹരമായ കല്ലുപതിച്ച മോതിരങ്ങളും വളകളും വില്‍പനക്ക് വെച്ചിരിക്കുന്ന സുന്ദരിക്കരികെ തൊട്ടിലില്‍ കിടന്നുറങ്ങുന്ന പിഞ്ചോമന. കരകൗശല വസ്തുക്കളും ആഭരണങ്ങളുമാണ് മാര്‍ക്കറ്റിലെ പ്രധാന ആകര്‍ഷണം. പര്‍വ്വതോന്നതിയിലെ രോഗങ്ങളില്‍ (High Altitude sickness) ചിലത് സമദിനേയും എന്നെയും ബാധിച്ച് തുടങ്ങിയിരുന്നു. കലശലായ തലവേദന. കൂടെ പനിയും. രാത്രി ഓരോ പാരസറ്റമോള്‍ വിഴുങ്ങി നേരത്തേ കിടന്നു.ഗ്ലേഷിയര്‍ ട്രക്ക് ആന്റ് ടൂര്‍ എന്ന സ്ഥാപനത്തിലേക്ക് കടന്ന് ചെല്ലുമ്പോള്‍ അവിടെ ഒരു ആലപ്പുഴക്കാരന്‍ ക്രിസ് എന്ന് കൂട്ടുകാര്‍ വിളിക്കുന്ന രാധാകൃഷ്ണന്‍. ദുബായില്‍ സോഫ്റ്റ്‌വെയര്‍ ബിസിനസ്സായിരുന്നു. തിരിച്ച് വന്ന ശേഷം ആദ്യമായി ലേയിലെത്തുമ്പോള്‍ ഗ്ലേഷിയറിന്റെ ഉടമസ്ഥനായ ജുമാമാലിക്കിനെ കാണുന്നു. പിന്നെ സൗഹൃദം പൂത്തുലഞ്ഞു. ഇത്തവണ ലേയിലെത്തിയിട്ട് ഒന്നരമാസമായി. സുഹൃത്തിനെ ബിസിനസ്സില്‍ സഹായിച്ചും തൊട്ടടുത്തുള്ള ഒരു മൊണാസ്ട്രിയില്‍ ക്ലാസെടുത്തും കഴിയുന്നു. ഇനിയുള്ള ഞങ്ങളുടെ യാത്രയുടെ ക്രമീകരണങ്ങള്‍ ക്രിസ് ഏറ്റെടുത്തു. പിറ്റേന്ന് പാംഗോങ്ങ് തടാക ( Pangong Tso) ത്തിലേക്കുള്ള യാത്ര ഗ്ലേഷിയറിന്റെ ടൊയോട്ട ക്വാളിസില്‍ ആവാമെന്ന് ഉറപ്പിച്ച ശേഷം വീണ്ടും ഒരു നഗര പ്രദക്ഷിണം. ക്രിസിന്റെയും ജുമായുടേയും ജര്‍മ്മന്‍ സുഹൃത്ത് യൂളിക് (Ulrich Balke) സായാഹ്ന സവാരിക്ക് ഞങ്ങളൊടൊപ്പം ചേര്‍ന്നു. ടിബറ്റന്‍ മാര്‍ക്കറ്റിലെ പലരും യൂളിക്കിന്റെ അടുപ്പക്കാരാണ്. ജര്‍മ്മനിയിലെ ഹാനോവറില്‍ സംഗീതാദ്ധ്യാപകനായ യൂളിക്ക് ലഡാക്കില്‍ പലതവണ ട്രെക്കിംഗിനായി വന്നിട്ടുണ്ട്. രാത്രി, ജുമയുടെ പുതുതായി ആരംഭിച്ച 'ചോപ് സ്റ്റിക്‌സ് ' റസ്റ്റോറന്റില്‍ നിന്ന് തായ് രുചിഭേദങ്ങളുള്ള കോഴിക്കറിയും ഫ്രൈഡ് റൈസും കഴിച്ച്, പിറ്റേന്ന് വീണ്ടും കാണാമെന്ന് പറഞ്ഞ് സൊമോറിയിലേക്ക്.

യൂളിക്കിനെ കൂടാതെ കൊറിയക്കാരായ ഫ്‌ളോറയും ലീയുമാണ് പാംഗോങ് സൊയിലേക്കുള്ള ഞങ്ങളുടെ സഹയാത്രികര്‍. ഉത്തര കൊറിയയിലെ പുസാനില്‍ (Pusan) അവസാന വര്‍ഷ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് അവര്‍. ലേയുടെ തെക്ക് -കിഴക്കായി 160 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചൈനീസ് അതിര്‍ത്തിയിലുള്ള പാംഗോങ് തടാകക്കരയിലെത്താം. മൂന്നിലൊന്നു ഭാഗം ഇന്ത്യയിലും ബാക്കി ചൈനയിലുമായി വ്യാപിച്ചുകിടക്കുന്ന ഈ ഉപ്പു ജലാശയത്തിന് 134 കിലോമീറ്റര്‍ നീളവും 5 കിലോ മീറ്റര്‍ വീതിയുമുണ്ട്. ഏറ്റവും കൂടിയ ആഴം 100 മീറ്റര്‍. ലേ-മനാലി ഹൈവേയില്‍ സിന്ധുവിന്റെ വഴിയില്‍ 35 കിലോമീറ്റര്‍ യാത്രയ്ക്കിടെ ഷെ (ടവല്യ) യിലേയും തിക്‌സെ (Thickse) യിലേയും ബുദ്ധമത സംന്യാസ മഠങ്ങള്‍ നാം പിന്നിടുന്നു. പിന്നെ കാരുവില്‍ (Kharu) വെച്ച് വഴിപിരിയുന്നു. തങ്‌സ്‌തെ (Thangsthe) യില്‍ ലഘുഭക്ഷണത്തിനായി അല്‍പനേരം. 17800 അടി ഉയരമുള്ള ചംഗ്‌ളചുര (Chang La Pass) ത്തിലെത്തുമ്പോള്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ കരുതിയ വസ്ത്രങ്ങള്‍ അപര്യാപ്തമായി തോന്നി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സഞ്ചാര യോഗ്യമായ മൂന്ന് ചുരങ്ങളും ലഡാക്കിലാണുള്ളത്. ഖര്‍ദ്ദൂംഖ് ലാ (Khardung La) 18383 അടി, തഗ്‌ളാംഗ് ലാ (Thaglang La) 17882 അടി, ചംഗ്‌ളാ (ഇവമിഴ ഘമ) 17800 അടി. ഒരു ആര്‍മി പോസ്റ്റും മൗണ്ടനീറിംഗ് സ്‌കൂളും കൊച്ചുകൊച്ചു ചായക്കടകളും മാത്രമേ ചംഗ്‌ളാ ചുരത്തിലുള്ളൂ. ചുരത്തിലിറങ്ങി തണുത്ത് വിറച്ച് ഫോട്ടോക്ക് പോസ് ചെയ്യുകയാണ് എല്ലാവരും.യാത്രതുടരുകയാണ്. ഇനി ഇറക്കം റോഡിന്റെ വഴി മുടക്കി ഒഴുകുന്ന 'പാഗല്‍നാല' (Crazy Stream)ക്ക് സമീപം വണ്ടി നിര്‍ത്തി. ഇവിടെ നിന്ന് 6 കിലോമീറ്റര്‍ കൂടി പോയാലേ പാംഗോങിന്റെ തീരത്തണയാന്‍ കഴിയൂ. വലിയ ട്രെക്കുള്‍പ്പടെയുള്ള വാഹനങ്ങളെ ഒഴുക്കിക്കളഞ്ഞ ചരിത്രമാണ് 'പാഗല്‍നാല' യ്ക്ക് പറയാനുള്ളത്. അതുകൊണ്ടാവാം ഞങ്ങളെത്ര നിര്‍ബന്ധിച്ചിട്ടും ടൊയോട്ടയുടെ ചെറുപ്പക്കാരനായ ഡ്രൈവര്‍ തോട് മുറിച്ച് വണ്ടിയോടിക്കാന്‍ കൂട്ടാക്കിയില്ല. മലമുകളിലെ മഞ്ഞ് ഉരുകി വരുന്ന നീരൊഴുക്ക് ശക്തമായിക്കൊണ്ടിരുന്നു. സാഹസപ്പെട്ട് മുന്നോട്ടുപോയ ചില വാഹനങ്ങള്‍ അക്കരെപറ്റാനാവാതെ വലിയ പാറക്കല്ലുകള്‍ക്കടയില്‍ കുടുങ്ങിപ്പോയി. വണ്ണമുള്ള കയറും കമ്പിയും വണ്ടികളില്‍ കെട്ടിവലിച്ചാണ് അവയെ കരകയറ്റിയത്. ശരീരം മരവിപ്പിക്കുന്ന ശീതജലപ്രവാഹത്തിലൂടെ നടന്നുകയറാന്‍ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എന്നാല്‍ യൂളിക് ഷൂ അഴിച്ച്മാറ്റി, പാന്റ്‌സ് തെറുത്ത് കയറ്റി ഒരു വാക്കിംഗ് സ്റ്റിക്കും കുത്തിപ്പിടിച്ച് ശ്രദ്ധാപൂര്‍വ്വം തോട് മുറിച്ച് കടന്നുപോകുന്നത് ഞങ്ങള്‍ കൗതുകത്തോടെ, ഒരല്‍പം അമ്പരപ്പോടെയും, നോക്കിനിന്നു.

തോട്ടിന്‍കരയിലെത്തുന്ന വാഹനങ്ങളുടെ നിര നീളുകയാണ്. വലിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ റോഡിന് കുറുകെയുള്ള ശക്തമായ പ്രവാഹം കണ്ട് അന്തിച്ച് നില്‍ക്കവെ അക്കരെ ഒരു എര്‍ത്ത് റിമൂവര്‍ പ്രത്യക്ഷപ്പെട്ടു. കല്ലുകള്‍ ചിതറിമാറ്റി ഒഴുക്കിന്റെ ശക്തികുറയ്ക്കാന്‍ ശ്രമിക്കുകയാണ് അതിന്റെ ഡ്രൈവര്‍. ആ ജെ.സി.ബി ഇക്കരെയെത്തിയപ്പോള്‍ പാംഗോങ്ങ് യാത്ര മുടങ്ങുമോയെന്ന് ആശങ്കപ്പെട്ടിരുന്ന യാത്രികരില്‍ കുറേപേര്‍ അതില്‍ കയറിപ്പറ്റി. ഫ്‌ളോറയും ലീയും ആദ്യം തന്നെ ഓടിക്കയറി. അടുത്ത ട്രിപ്പില്‍ ഞങ്ങളും 'ഭ്രാന്തന്‍തോട് ' മുറിച്ച് കടന്നു. മെയ് മുതല്‍ സെപ്തംബര്‍ വരെയാണ് തടാക തീരം സഞ്ചാരികള്‍ക്കായ് തുറന്ന് കൊടുക്കുന്നത്. ലേയിലുള്ള ടൂറിസ്റ്റ് ഓഫീസില്‍ നിന്ന് അനുമതി വാങ്ങാം. ചെറിയ ഒരു തുക ഫീസ് അടച്ചാല്‍ ഇന്ത്യക്കാര്‍ക്ക് ഒറ്റൊയ്‌ക്കൊറ്റയ്ക്ക് അനുമതി കിട്ടും. വിദേശികളാണെങ്കില്‍ നാലംഗസംഘത്തിനേ അനുമതി നല്‍കൂ. സുരക്ഷാ കാരണങ്ങളാല്‍ തടാകത്തില്‍ ബോട്ട് സവാരി പാടില്ല. കയറ്റിയിറക്കങ്ങളും പൊടിയും നിറഞ്ഞ മലമ്പാതയിലൂടെ നാല് കിലോമീറ്റര്‍ നടത്തം കഴിയുമ്പോള്‍ പാംഗോങ്ങ് തടാകത്തിന്റെ ആദ്യാനുഭവം. മിഴികളിലേക്ക് മഴവില്‍ ചാരുത അലയടിച്ചുവരുന്നത്‌പോലെ. കടും നീലിമയാര്‍ന്ന ആകാശത്ത് വെള്ളി മേഘങ്ങളുടെ രഥ ഘോഷയാത്ര. രണ്ട് കിലോമീറ്റര്‍കൂടി നടന്നാല്‍ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ തടാകക്കരയില്‍ എത്തുകയായി. ചുറ്റും ചുണ്ണാമ്പ് പാറ. (Lime Stone) കളുടെ പര്‍വ്വതക്കെട്ടുകള്‍. പ്രായത്തെവെല്ലുന്ന നിശ്ചയദാര്‍ഢ്യത്തോടെ കുതിച്ചൊഴുകുന്ന 'ഭ്രാന്തന്‍തോട്' മുറിച്ച് കടന്ന് നേരത്തേതന്നെ തടാകത്തിനരികെയെത്തിച്ചേര്‍ന്ന യൂളിക് ഞങ്ങളെ സ്വീകരിക്കാന്‍ കാത്തുനിപ്പാണവിടെ.
ലഡാക്കിലെ രാജാവും തിബറ്റിലെ റീജന്റും തമ്മില്‍ ഒപ്പുവെച്ച ഒരു കരാര്‍ അനുസരിച്ചാണത്രേ ഈ തടാകം ഇന്ത്യയും തിബറ്റും വീതിച്ചെടുത്തത്. മൂന്നില്‍ ഒരു ഭാഗം ഇന്ത്യയ്ക്ക് ബാക്കി തിബറ്റിന്. വേനലില്‍ ദേശാടനപ്പക്ഷികളുടെ ആവാസകേന്ദ്രമാണിത്. സ്​പാങ്മിക് (Spangmick) എന്ന സമീപ ഗ്രാമത്തില്‍ ചാങ്പ (ഇവമിഴ ുമ) വര്‍ഗ്ഗക്കാര്‍ താമസിക്കുന്നു. പരമ്പരാഗതമായി ആടുമേയ്ച്ചു നടന്നിരുന്നവര്‍ ഇപ്പോള്‍ അലച്ചിലൊക്കെ മതിയാക്കി. വേനലില്‍ ബാര്‍ലിയും പഠാണിയും കൃഷിചെയ്യും. ശൈത്യകാലത്ത് ചെമ്മരിയാടുകളേയും പ്രസിദ്ധമായ പഷ്മിനാ ഷാളിനു വേണ്ടിയുള്ള പ്രത്യേകയിനം ആടുകളേയും പോറ്റാന്‍ ശാദ്വല ഭൂമികള്‍ തേടിയിറങ്ങും.

ചുറ്റും തലഉയര്‍ത്തി നക്കുന്ന മാമലകളുടെ പ്രിയപുത്രിയായി വിരാജിക്കുന്ന പാംഗോങിലെ കുഞ്ഞോളങ്ങള്‍ കരയെ വന്നുമ്മവെച്ചകലുകയാണ്. സൂര്യന്‍ ദിശ മാറുമ്പോള്‍ തടാകത്തില്‍ നിറഭേദങ്ങളുടെ സുന്ദരദൃശ്യങ്ങള്‍ നിറയുകയാണ്. നീല, പച്ച പിന്നെ മാന്തളിര്‍, വയലറ്റ് നിറങ്ങള്‍. ഒരേ പരപ്പില്‍, ഇങ്ങുനിന്നങ്ങോളം, വ്യത്യസ്ത വര്‍ണ്ണ രാജികള്‍. നിലാവ് പൂത്തിറങ്ങുന്ന രാത്രികളില്‍ പാംഗോങ് ഒരു പാക്കടലാകുന്നു. ശൈത്യകാലത്ത് മുകള്‍പരപ്പില്‍ മഞ്ഞിന്റെ ധവളിമ. യുളിക് ദൂരെയൊരു പര്‍വ്വത ശൃംഗത്തിലേക്ക് കൈചൂണ്ടി. വീണ്ടും ഒരു മലകയറ്റത്തിനുള്ള തയ്യാറെടുപ്പുമായാണ് ചങ്ങാതിയുടെ വരവ്. ഉടനെ തിരിച്ച് പോകാന്‍ ഞങ്ങഴ.ും മനസ്സുവന്നില്ല. കുറേ നേരംകൂടി തടാക തീരത്ത് ചെലവഴിച്ച് ഒരു മടക്കയാത്ര. തൊട്ടടുത്തുള്ള ചായക്കടയിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന ഒരു പഴഞ്ചന്‍ ജീപ്പ് ഞങ്ങഴ.് തിരിച്ച് പോകാനായി യുളിക് ഏര്‍പ്പാടാക്കിയിരുന്നു. 'പാഗല്‍നാല' വരെ അദ്ദേഹം ഞങ്ങളെ അനുഗമിക്കുകയും ചെയ്തു. കൊറിയന്‍ പെണ്‍കിടാങ്ങള്‍ ഒരു ലിഫ്റ്റ് സംഘടിപ്പിച്ച് നേരത്തേതന്നെ തിരിച്ച് പോയിരുന്നു. ഞങ്ങള്‍ എത്തുമ്പോള്‍ 'ഭ്രാന്തന്‍ തോട്ടി' ലെ നീരൊഴുക്ക് അല്‍പം കുറഞ്ഞിരുന്നു. കാമറ ഭദ്രമായി ബാഗില്‍വെച്ച്, ഷൂ അഴിച്ച് കഴുത്തില്‍ തൂക്കി, കൈ രണ്ടും സ്വതന്ത്രമാക്കി ഞങ്ങള്‍ വെള്ളത്തിലേക്കിറങ്ങി. കാലുകളിലെ രക്തം കട്ടപിടിക്കുമെന്ന് തോന്നി. മരവിപ്പിക്കുന്ന തണുപ്പ്. തൊട്ടടുത്ത കക്കൂമ്പാരത്തിലേക്ക് ചാടിക്കയറി. മരവിപ്പ് മാറുമ്പോള്‍ വീണ്ടും വെള്ളത്തിലിറങ്ങി നടന്നു. പിന്നെ പാറക്കെട്ടുകളില്‍ വിശ്രമം. ഇത് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒടുവില്‍ ഒരു വിധത്തില്‍ തിരിച്ച് കരപറ്റി. പാംഗോങ് സന്ദര്‍ശനത്തിന്റെ ആവേശം പങ്കുവെയ്ക്കാന്‍ ഫ്‌ളോറയും ലീയും ടൊയോട്ടയില്‍ ഞങ്ങളെ കാത്തിരിപ്പായിരുന്നു.
പ്രസിദ്ധമായ ബുദ്ധവിഹാരങ്ങളുടേയും കൊട്ടാരങ്ങളുടേയും നാടാണ് ലദ്ദാക്ക്. 17-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ദല്‍ദാന്‍ സംഗ്യാല്‍ രാജാവ് നിര്‍മ്മിച്ച ഷെ കൊട്ടാരം (Shey Palace) ഞങ്ങള്‍ സന്ദര്‍ശിച്ചു. പഴയ ലദ്ദാക്കിന്റെ തലസ്ഥാനം ഇവിടെയായിരുന്നു. ചെമ്പുപാളികള്‍കൊണ്ട് നിര്‍മ്മിച്ച, മൂന്ന് നിലക്കെട്ടിടത്തിന്റെ ഉയരമുള്ള ബുദ്ധപ്രതിമയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ലദ്ദാക്കിലെ ബുദ്ധമത വിഹാരങ്ങളില്‍ വെച്ച് ഏറ്റവും മനോഹരം തിക്‌സെ (Thickse) യിലേതാണ്. ലേയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ സിന്ധു നദിയുടെ വടക്ക് ഒരു കുന്നിന്‍ ചെരുവിലാണ് തിക്‌സെ ഗോംപ (Gonpa). എ.ഡി. 1430 ല്‍ ആണ് ഗേലൂപാ (Gelupka) വംശത്തില്‍ പെട്ട പല്‍ദാന്‍ ഷെറാബ് രാജാവ് ഈ വിഹാരം നിര്‍മ്മിക്കുന്നത്. ലേയില്‍ നിന്ന് 45 കിലോമീറ്റര്‍ യാത്രചെയ്തു സിന്ധുവിന്റെ പിടഞ്ഞാറെ കരയിലെത്തിയാല്‍ ലദ്ദാക്കിലെ ഏറ്റവും വലിയ മൊണാസ്ട്രിയായ ഹെമിസി (Hemis) ലെത്താം. ഹരിതാഭമായ കുന്നിന്‍ ചെരുവില്‍ പര്‍വ്വത ഭീമന്‍മാരാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ ആരാധനാ കേന്ദ്രം കാഴ്ചകളാല്‍ സമ്പന്നമാണ്. 1630 ലാണ് ഇത് നിര്‍മ്മിച്ചത്.

തീരാത്ത കാഴ്ചകളിലേക്ക് ലഡാക്ക് ഞങ്ങളെ വീണ്ടുംവീണ്ടും മാടിവിളിക്കുകയാണ്. പക്ഷേ, തിരിച്ച് പോകാതെ വയ്യ. റൂപ്‌ഷോ (Rupsho) പീഠഭൂമിയിലൂടെ തഗ്‌ളാംഗ്‌ള ചുരം കടന്ന് ഖേയ്‌ലോംഗ് (Khaylong) വഴി മനാലിയിലേക്ക്. യാത്രികരുടെ പറുദീസയായ മനാലിയിലും ഷിംലയിലും രണ്ടു നാള്‍ വീതം. ഷിംലയില്‍ നിന്ന് പുരാതന ചരിത്രമുറങ്ങുന്ന വഴികളിലൂടെ ദില്ലിയിലേക്ക്. നാട്ടിലേക്ക് മടങ്ങാനുള്ള റെയില്‍വെ ടിക്കറ്റ് നേരത്തേ തന്നെ റിസര്‍വ്വ് ചെയ്തതാണ്.

ലഡാക്ക്, ഞങ്ങള്‍ ഇനിയും വരും. നിന്റെ മടിത്തട്ടില്‍ പഞ്ഞിക്കഷ്ണങ്ങള്‍ പോലെ മഞ്ഞു പെയ്തിറങ്ങുന്ന നാളുകളില്‍.

Text & Photos: ടി.എം.ഹാരിസ്
MathrubhumiMatrimonial