NagaraPazhama

ഒന്നാം ലോകമഹായുദ്ധത്തിന് അനന്തപുരിയിലൊരു സ്മാരകം

Posted on: 04 Aug 2014


പാളയത്ത് കോളേജ് ഓഫ് ആര്‍ട്‌സിന് എതിര്‍വശത്തും ആര്‍. ശങ്കര്‍ പ്രതിമയ്ക്ക് സമീപത്തുമായി ഒരു പാര്‍ക്കും അതിനുള്ളില്‍ ഒരു സിമന്റ് സ്മാരകവും കാണാം. അത് ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തതും ചരമം പ്രാപിച്ചതുമായ പട്ടാളക്കാരുടെ സ്മരണയ്ക്കുവേണ്ടിയുള്ള വാര്‍ മെമ്മോറിയല്‍ പാര്‍ക്കാണ്.
ഒന്നാം ലോകമഹായുദ്ധത്തിന് ജൂലായ് 28ന് നൂറു വയസ്സായി. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു തിരുവിതാംകൂര്‍. യുദ്ധസമയത്ത് ശ്രീമൂലം തിരുനാള്‍ മഹാരാജാവായിരുന്നു നാടുഭരിച്ചത്. യുദ്ധം കഴിഞ്ഞാല്‍ ഇന്ത്യക്ക് സ്വയംഭരണാവകാശം നല്‍കാമെന്ന വാഗ്ദാനം നല്‍കിയതുകാരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബ്രിട്ടനെ സഹായിച്ചു.
ഇന്ത്യയുടെ സഹായം അവര്‍ പരമാവധി ഉപയോഗിച്ചു. ആയിരക്കണക്കിനാളുകള്‍ പട്ടാളത്തില്‍ ചേര്‍ന്നു. യുദ്ധഫണ്ടിലേക്ക് നാട്ടുരാജ്യങ്ങളില്‍നിന്നും ബ്രിട്ടീഷ് ഭരണപ്രദേശങ്ങളില്‍ നിന്നുമായി കോടിക്കണക്കിന് രൂപ സംഭാവന ലഭിച്ചു. പക്ഷേ യുദ്ധം തീര്‍ന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ അവരുടെ തനിനിറം പുറത്തുകാട്ടി.
ഈ യുദ്ധത്തില്‍ അരലക്ഷത്തോളം ഇന്ത്യന്‍ പട്ടാളക്കാര്‍ മരിക്കുകയും അറുപത്തിഅയ്യായിരത്തില്‍പരം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തതായിട്ടാണ് പറയുന്നത്. 1914ല്‍ തുടങ്ങിയ യുദ്ധം 1918ലാണ് അവസാനിച്ചത്. എന്നാല്‍, പാളയത്ത് സ്ഥാപിച്ചിട്ടുള്ള യുദ്ധസ്മാരകത്തില്‍ 19141921 വരെ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് എന്തിനാണെന്നറിയില്ല.
പാളയം ഒരുകാലത്ത് തിരുവിതാംകൂര്‍ പട്ടാളക്കാരുടെ താവളമായിരുന്നു. വേലുത്തമ്പിദളവയുടെ ഇംഗ്ലീഷുകാര്‍ക്ക് എതിരായ കലാപത്തെ അടിച്ചമര്‍ത്താന്‍ വന്ന കമ്പനിപ്പട്ടാളം ആദ്യമെത്തിയ സ്ഥലമാണ് പാളയം. പട്ടാളം തമ്പടിച്ച സ്ഥലം എന്ന അര്‍ഥത്തിലാണ് 'പാളയം' അഥവാ 'കന്റോണ്‍മെന്റ്' എന്ന പേര് വന്നത്. പിന്നീട് ഇംഗ്ലീഷ് പട്ടാളത്തെ കൊല്ലത്തേക്ക് മാറ്റി. അതിനുശേഷം തിരുവിതാംകൂറിലെ ആവശ്യത്തിന് 'നായര്‍ ബ്രിഗേഡ്' എന്ന ഒരു ചെറിയ പട്ടാളവിഭാഗം രൂപവത്കരിക്കാന്‍ ഇംഗ്ലീഷുകാര്‍ അനുവദിച്ചു. ഇതിനെ പരിഷ്‌കരിച്ച് ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരെ തത്വത്തില്‍ പരിശീലനം നല്‍കി സുശക്തമായ സേനയാക്കി മാറ്റിയതോടെ കൊല്ലത്തുണ്ടായിരുന്ന കമ്പനിപ്പട്ടാളം വേണ്ടെന്നുെവച്ചു.
ഇന്നത്തെ ആയുര്‍വേദ കോളേജിന് എതിര്‍ഭാഗം മുതല്‍ സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്ന സ്ഥലംവരെ നായര്‍ പട്ടാളതാവളമായി പിന്നീട് മാറി. സെക്രട്ടേറിയറ്റ് പണിയുന്ന സമയത്താണ് പട്ടാള ആസ്ഥാനം വീണ്ടും പാളയത്തേക്ക് മാറ്റിയത്. ഇപ്പോള്‍ കേരള യൂണിവേഴ്‌സിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന ഭാഗം മുതല്‍ സ്റ്റുഡന്റ്‌സ് സെന്റര്‍ വരെയുള്ള ഭാഗങ്ങളും യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയവുമെല്ലാം പട്ടാളക്കാരുടെ വകയായി.
വിശാലമായ ഈ സ്ഥലം കോത്ത് (കവാത്ത്) മൈതാനം എന്നറിയപ്പെട്ടു. ഇപ്പോള്‍ നിയമസഭാമന്ദിരം സ്ഥിതിചെയ്യുന്നത്, പഴയ കുതിരലായം ഉണ്ടായിരുന്ന സ്ഥലത്താണ്. ശ്രീമൂലം തിരുനാളിന്റെ കാലത്തുതന്നെ നായര്‍ ബ്രിഗേഡിന്റെ നല്ലൊരുഭാഗം പാങ്ങോട്ടേക്ക് മാറ്റി. അതോടെയാണ് പട്ടാളമേധാവികള്‍ താമസിച്ചിരുന്ന 'കന്റോണ്‍മെന്റ് ഹൗസ്' ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒരു പട്ടാള ഉദ്യോഗസ്ഥന്‍ താമസിച്ചിരുന്ന കെട്ടിടം 1937 നവംബര്‍ ഒന്നിന് രൂപംകൊണ്ട തിരുവിതാംകൂര്‍ സര്‍വകലാശാലയുെട ആസ്ഥാനമായി മാറി. സെനറ്റ് ഹാളിനു പിന്നില്‍ ആ മനോഹരമായ കെട്ടിടം ഇപ്പോഴും കാണാം. പട്ടാളക്കാരുടെ പരിശീലനത്തിനുണ്ടായിരുന്ന ഗ്രൗണ്ട് യൂണിവേഴ്‌സിറ്റിക്ക് വിട്ടുകൊടുത്തു.
1935ല്‍ ഇന്ത്യാ സര്‍ക്കാരിന്റെ തീരുമാനപ്രകാരം നായര്‍ ബ്രിഗേഡ് 'ട്രവാന്‍കൂര്‍ സ്‌റ്റേറ്റ് ഫോഴ്‌സ്' ആയി മാറി. അതോടെ സൈന്യ കാര്യാലയം പൂര്‍ണമായും പാങ്ങോട്ടേക്കായി. ഇന്ന് പാളയത്ത് കാണുന്ന യുദ്ധസ്മാരകം അതിന് മുമ്പാണോ, ശേഷമാണോ നിര്‍മ്മിച്ചതെന്ന് വ്യക്തമല്ല. ഏതായാലും സര്‍ സി.പി. രാമസ്വാമി അയ്യര്‍ ദിവാനായശേഷം ഈ സ്മാരകം പുനരുദ്ധരിച്ചതിന്റെ ചിത്രങ്ങളുണ്ട്.
ഇന്ന് പാളയത്ത് എത്ര മാറ്റങ്ങളുണ്ടായി. പട്ടാളക്കാര്‍ക്കും ഇഗ്ലീഷ് ഉദ്യോഗസ്ഥന്മാര്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ റാണി ഗൗരിപാര്‍വതിഭായി 1817ല്‍ സ്ഥാപിച്ച പാളയം ചന്ത ഇന്ന് നഗരത്തിലെ പ്രധാന വാണിഭസ്ഥലമാണ്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് നഗരം സന്ദര്‍ശിച്ച മദ്രാസ് ഗവര്‍ണര്‍ 'കണ്ണിമാറ പ്രഭു'വിന്റെ പേരിലാണ് ആ ചന്ത ഇന്ന് അറിയപ്പെടുന്നത്. നായര്‍ ബ്രിഗേഡിന്റെ ബാന്‍ഡ് മാസ്റ്റര്‍ താമസിച്ചിരുന്ന കെട്ടിടം പില്‍ക്കാലത്ത് 'ട്രാവന്‍കൂര്‍ റേഡിയോനിലയം' ആയി. അത് പിന്നീട് പൊളിച്ചുമാറ്റി അവിടംകൂടി ഉള്‍പ്പെടുത്തിയാണ് എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സ് സമുച്ചയം തീര്‍ത്തിട്ടുള്ളത്. സെന്റ്‌ജോസഫ് പള്ളിക്ക് മുമ്പിലുള്ള വിശാലമായ സ്ഥലത്ത് മുമ്പ് കുതിരപോലീസിന്റെ ഡോക്ടര്‍മാര്‍ക്ക് കെട്ടിടം ഉണ്ടായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു.
അവിടം പിന്നീട് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം ആയി. പട്ടാളക്കാരുടെ ആരാധനയ്ക്ക് വേണ്ടി സ്ഥാപിച്ച മുസ്ലിംപള്ളി ഇന്ന് നഗരത്തിലെ പ്രധാന പള്ളികളിലൊന്നാണ്. തൊട്ടടുത്ത് നൂറ്റാണ്ടുപഴക്കമുള്ള ഗണപതിക്ഷേത്രവും കാണാം. അതിനോട് ചേര്‍ന്നിക്കുന്ന കന്യാമറിയത്തിന്റെ പേരിലുള്ള മലങ്കരപ്പള്ളി (ഇതിന്റെ മുന്‍വശം വി.ജെ.ടി. ഹാള്‍ റോഡിലാണ്) മുമ്പ് 'പോംപിഡോ' തിയേറ്റര്‍ ആയിരുന്നു. ഇത് വിലയ്ക്കുവാങ്ങിയാണ് അവിടെ പള്ളി സ്ഥാപിച്ചത്. ഇന്ന് ക്രിസ്ത്യന്‍പള്ളിയും മുസ്ലിംപള്ളിയും ഹിന്ദുക്ഷേത്രവും ഓരോഭാഗത്ത് തോളുരുമ്മി നില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയാണ് പാളയത്തിനുള്ളത്.



MathrubhumiMatrimonial