NagaraPazhama

ജഡ്ജിമാര്‍ക്കും അന്ന് ശിക്ഷ

Posted on: 29 Jul 2014

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍



ജഡ്ജിമാര്‍ അഴിമതികാട്ടിയാല്‍ അവരെ നിര്‍ദാക്ഷിണ്യം ശിക്ഷിക്കുക, അവരുടെ വസ്തുക്കള്‍ കണ്ടുകെട്ടുക, ജഡ്ജിമാര്‍ പൗരമുഖ്യന്മാരും മറ്റ് ആളുകളുമായി ബന്ധപ്പെടുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ തിരുവിതാംകൂറില്‍, അതും വനിതാ ഭരണാധികാരികള്‍ ഭരിക്കുന്ന സമയത്തുപോലും ഉണ്ടായിരുന്നതിന് പുരാവസ്തുവകുപ്പില്‍ എത്രയോ തെളിവുകള്‍ ഉണ്ട്.
രാജാവും ദിവാനുമാണ് അന്ന് ഭരണാധികാരികള്‍. അവരുടെ ഉത്തരവുകള്‍ അക്ഷരംപ്രതി അനുസരിക്കുകയല്ലാതെ ചോദ്യംചെയ്യാന്‍ അധികാരമില്ലായിരുന്നു.

ഇംഗ്ലീഷ് റസിഡന്‍റ് ഭരണത്തിന് മുകളില്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അവര്‍ തങ്ങളുടെ രാജ്യതാത്പര്യമല്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടില്ലായിരുന്നു.
തിരുവായ്ക്ക് (രാജാവിന്റെ ശബ്ദത്തിന്) എതിര്‍വായ് (പ്രതിഷേധം) ഇല്ലെന്നത് അക്കാലത്ത് കുറെയൊക്കെ സത്യം, ധര്‍മ്മം, ദയ എന്നിവയുടെ അടിസ്ഥാനത്തില്‍ വിധിയെഴുതാന്‍ രാജഭരണകൂടം അനുവദിച്ചൂവെന്നാണ് രേഖകള്‍ തെളിയിക്കുന്നത്.
യൂറോപ്യന്മാരുടെ വരവിന് മുന്‍പ് ശാസനങ്ങളും സ്മൃതികളും അനുസരിച്ചുള്ള രാജനീതിയാണ് കേരളത്തില്‍ നിലനിന്നിരുന്നത്. ശിക്ഷാരീതികളും പ്രാകൃതമായിരുന്നു. അതില്‍ ഒന്നാണ് കുറ്റം തെളിയിക്കാന്‍ കുറ്റവാളികളെ ശുചീന്ദ്രം ക്ഷേത്രത്തില്‍ തിളച്ച എണ്ണയില്‍ കൈമുക്കുന്ന സമ്പ്രദായം. അങ്കംവെട്ടി തെളിയിക്കുന്ന രീതിയും അന്നുണ്ടായിരുന്നു.
1792ല്‍ ശ്രീരംഗം ഉടമ്പടിവഴി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നല്‍കിയ വയനാട് ഒഴികെയുള്ള മലബാര്‍ പ്രദേശങ്ങളിലെ ഭരണം ചിട്ടപ്പെടുത്താന്‍ കമ്പനി നിയോഗിച്ച 'ജോയിന്റ് കമ്മീഷണര്‍'മാര്‍ക്ക് കൊച്ചി രാജാവ് അയച്ചുകൊടുത്ത റിപ്പോര്‍ട്ട് വിചിത്രമാണ്.
കന്നുകാലികളെപ്പോലെ കൃഷിപ്പണിക്ക് അടിമകളെ കൈമാറ്റം ചെയ്യല്‍, കൊല്ലാന്‍പോലും ജന്മിക്ക് അധികാരം, ഒരേകുറ്റത്തിന് താഴ്ന്ന ജാതിക്കാര്‍ക്കും ഉയര്‍ന്ന ജാതിക്കാര്‍ക്കും രണ്ടുതരം ശിക്ഷ തുടങ്ങിയ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്.
1793 മാര്‍ച്ച് 18 ഇംഗ്ലീഷുകാര്‍ നേരിട്ടുഭരിക്കുന്ന മലബാര്‍ ജില്ല രൂപവത്കൃതമായി. ഇതായിരുന്നു കേരളത്തിലെ വ്യവസ്ഥാപിത ഭരണത്തിന്റെ തുടക്കം. പിന്നീട് തിരുവിതാംകൂറും കൊച്ചിയുമായി ഈസ്റ്റ് ഇന്ത്യാ കമ്പനി കരാര്‍ ഉണ്ടാക്കി. അതോടെ കേരളം അവരുടെ നിയന്ത്രണത്തിലായി.

1810 മുതല്‍ 1815 വരെ തിരുവിതാംകൂര്‍ ഭരിച്ച റാണി ഗൗരിലക്ഷ്മിഭായിയുടെ കാലത്ത് റസിഡന്റായിരുന്ന കേണല്‍ മണ്‍റോയാണ് തിരുവിതാംകൂറില്‍ നീതിന്യായ ഭരണത്തിന് തുടക്കം കുറിച്ചത്.
ഏതാണ്ട് ഇതേസമയത്തുതന്നെയാണ് കൊച്ചിയിലും േകാടതികള്‍ വന്നത്.റാണി ഗൗരിലക്ഷ്മിഭായിയുടെ കാലത്തുതന്നെ ഒരു ജഡ്ജിക്ക് കഠിനമായ പിഴ നല്‍കിയ ചരിത്രരേഖ ഉണ്ട്. ആലുവാ കോര്‍ട്ടില്‍ ഒരു കീഴ്ജാതിക്കാരനെ കളവിന്റെ പേരില്‍ ശിക്ഷവിധിച്ചു. അടിശിക്ഷയുടെ കാഠിന്യം കാരണം അയാള്‍ മരിച്ചു. ഇതേത്തുടര്‍ന്ന് ജഡ്ജി കുഞ്ഞുനാരായണ പിള്ളയ്ക്ക് 18,000 പണത്തിന് ശിക്ഷ വിധിച്ചു. എന്നാല്‍ 5000 പണം റസിഡന്‍റ് ഇളവ് ചെയ്തുകൊടുത്തു. ബാക്കിക്ക് അയാളുടെ വീടും വസ്തുക്കളും ജപ്തിചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടി.
ജഡ്ജിമാര്‍ ഔദ്യോഗിക വസതിവിട്ട് പൊതുജനങ്ങളോടോ ഉദ്യോഗസ്ഥരോടോ ബന്ധപ്പെടാന്‍ പാടില്ലെന്ന് പിന്നീട് നിര്‍ദ്ദേശം ഉണ്ടായി. എന്നാല്‍ 1828 റാണി ഗൗരിപാര്‍വ്വതിഭായിയുടെ വിളംബരം ശ്രദ്ധേയമായിരുന്നു. ജഡ്ജിമാര്‍ പക്ഷപാതമില്ലാത്തവരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടാക്കാന്‍ വാദികളോടോ പ്രതികളോടോ കോടതിയില്‍െവച്ചല്ലാതെ മൈറ്റാരിടത്ത്‌ െവച്ചും സംസാരിക്കാന്‍ പാടില്ലെന്നും ജനങ്ങളുമായി യാതൊരു ഇടപാടും അരുതെന്നും അവര്‍ വിളംബരം പ്രസിദ്ധപ്പെടുത്തി.
നീതിമാനായ ഒരു ജഡ്ജി തന്റെ വിധിപ്രഖ്യാപനത്തിന് മുമ്പ് രാജിക്കത്ത് തയ്യാറാക്കുകയും ഭാര്യയേയും കുട്ടികളേയും കപ്പല്‍വഴി സ്വദേശമായ കൊളംബോയിലേക്ക് അയക്കുകയും ചെയ്ത സംഭവം ഉണ്ട്.
ഒരിക്കല്‍ ക്ഷുഭിതനായി ചാടിഎണീറ്റ് അടിക്കാന്‍ തയ്യാറായ രാജാവിനുനേരെ, തന്നെ അടിച്ചാല്‍ വെടിവെയ്ക്കുമെന്ന് പിസ്റ്റല്‍ ചൂണ്ടിപ്പറഞ്ഞ ജഡ്ജിയും അനന്തപുരിയിലുണ്ടായിരുന്നതായി നഗരത്തിന്റെ കാരണവരായ കെ. അയ്യപ്പന്‍പിള്ള പറയുന്നു.
തെറ്റായ വിധി നടപ്പിലാക്കാനുള്ള മനഃപ്രയാസംകൊണ്ട് സൂത്രത്തില്‍ രംഗത്തുനിന്നും മാറിയ ജില്ലാ മജിസ്‌ട്രേട്ട് മഹാകവി ഉള്ളൂരിനെപ്പറ്റിയും കഥ ഉണ്ട്. 1931ല്‍ തിരുവനന്തപുരത്ത് മകള്‍ ഇന്ദിരയോടൊപ്പം എത്തിയ ജവഹര്‍ലാല്‍ നെഹ്‌റു ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കൊത്തുപണികള്‍ കാണാന്‍ ചെന്നാല്‍ തടയാനായിരുന്നു ഉത്തരവ്.
നെഹ്‌റു കടല്‍കടന്ന് വിദേശത്ത് പോയതിനാല്‍ അമ്പലങ്ങളില്‍ കയറാന്‍ ഭ്രഷ്ടുണ്ടായിരുന്നു. (ശ്രീചിത്തിരതിരുനാള്‍ മഹാരാജാവാണ് ഈ നിയമം പിന്നീട് എടുത്തുകളഞ്ഞത്). നെഹ്‌റുവിനെ ബഹുമാനിച്ചിരുന്ന ഉള്ളൂര്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഒരുസ്ഥലത്ത് ക്രമസമാധാനനില ശരിയാക്കാനെന്ന പേരില്‍ സൂത്രത്തില്‍ അങ്ങോട്ടേയ്ക്കുപോയി.
സ്വാതന്ത്ര്യസമരകാലത്ത് ജഡ്ജിമാരുടെയും മറ്റ് ന്യായാധിപന്മാരുടെയും നിഷ്പക്ഷതയില്‍ അല്പം മാറ്റം ഉണ്ടായി എന്നത് ശരിയാണ്. അത് ശക്തനായ ദിവാന്‍ സര്‍ സി.പി.യെ ജഡ്ജിമാര്‍ ഭയന്നതുകൊണ്ടായിരുന്നു.



MathrubhumiMatrimonial