NagaraPazhama

വില്യം ബാര്‍ട്ടന് പിന്‍ഗാമികളെ സൃഷ്ടിച്ച ആദ്യത്തെ എന്‍ജിനിയറിങ് കോളേജ്‌

Posted on: 21 Jul 2014

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍



കേരളത്തിലെ ആദ്യത്തെ എന്‍ജിനിയറിങ് കോളേജായ തിരുവനന്തപുരത്ത് സി.ഇ.ടിയുടെ 75ാം വാര്‍ഷികം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജൂലായ് 18ന് ഉദ്ഘാടനം ചെയ്തു. രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആയിരുന്നു തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിന്റെ തുടക്കം. എന്നാല്‍ മഹായുദ്ധകാലത്ത് ബ്രിട്ടനാവശ്യമായ പല യുദ്ധോപകരണങ്ങളും ഇവിടെ നിര്‍മിച്ച് നല്‍കുകയുണ്ടായി.
ഇന്നത്തെ പി.എം.ജി. ഓഫീസ് മുമ്പ് തിരുവിതാംകൂറിന്റെ ചീഫ് എന്‍ജിനിയറുടെ ഓഫീസായിരുന്നു. കുറെക്കാലം ചീഫ് എന്‍ജിനിയര്‍ ജങ്ഷന്‍ എന്ന് ഈ സ്ഥലം അറിയപ്പെട്ടു.
തിരുവിതാംകുറിലെ ആദ്യത്തെ ചീഫ് എന്‍ജിനിയര്‍ വില്യം ബാര്‍ട്ടന്റെ പിന്‍ഗാമികള്‍ നിര്‍മിച്ച ഈ കെട്ടിടത്തിലാണ് 1939 ജൂലായ് 3ന് എന്‍ജിനിയറിങ് കോളേജ് ആരംഭിച്ചത്. അതോടെ ഈ ജങ്ഷന്‍ എന്‍ജിനിയറിങ് കോളേജ് ജങ്ഷനായി.
വിസ്തൃതമായ പ്രദേശം ആയിരുന്നു അവിടം. തേക്കുംമൂടും പൂച്ചടിവിളയും എല്ലാം ഉള്‍ക്കൊണ്ട ഈ പ്രദേശം അന്ന് കുറെ ഭാഗം കാടായിരുന്നു. ഇന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം ആ പ്രദേശം മാറി. എന്‍ജിനിയറിങ് കോളേജിന്റെ വിവിധ വകുപ്പുകളുടെ പഴയ കെട്ടിടങ്ങള്‍ സിറ്റി സ്‌കൂളിനുള്ളില്‍ ഇപ്പോഴും കാണാം.

1961 ല്‍ ആണ് എന്‍ജിനിയറിങ് കോളേജ് ശ്രീകാര്യത്തേക്ക് മാറ്റിയത്. പിന്നീട് ഈ മനോഹരമായ കെട്ടിടം പോസ്റ്റ്മാസ്റ്റര്‍ ജനറലിന് (പി.എം.ജി.) കൈമാറി. ഇന്ന് ആ പേരിലാണ് ജങ്ഷന്‍ അറിയപ്പെടുന്നത്.
യൂറോപ്യന്മാരുടെ വരവിന് മുമ്പ് തനതായ ഒരു വാസ്തുവിദ്യയും തച്ചുശാസ്ത്രവുമെല്ലാം കേരളത്തിനുണ്ടായിരുന്നു. അതുപ്രകാരമാണ് ഇവിടത്തെ ഭരണാധികാരികള്‍ അമ്പലങ്ങളും കൊട്ടാരങ്ങളും നാലുകെട്ട്, എട്ടുകെട്ട് തുടങ്ങിയ വലിയ കെട്ടിടങ്ങളും കല്ലുകൊണ്ടും മണ്ണുകൊണ്ടുമുള്ള പാലങ്ങളും കോട്ടകളും എല്ലാം ഉണ്ടാക്കിയിരുന്നത്. കാലത്തെ അതിലംഘിച്ച് ഇന്നും അതില്‍ പലതും നിലനില്‍ക്കുന്നുണ്ട്. സിമന്റ് വരുന്നതിനുമുമ്പ് പലതരം വസ്തുക്കള്‍ ഉപയോഗിച്ച് ഉറപ്പുള്ള കെട്ടിടങ്ങളും കൊട്ടാരങ്ങളും നിര്‍മിക്കാന്‍ അക്കാലത്ത് വിദഗ്ദ്ധന്മാരുണ്ടായിരുന്നു. 1729 മുതല്‍ 1758 വരെ തിരുവിതാംകൂര്‍ ഭരിച്ച അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നിര്‍മ്മിച്ച പദ്മനാഭപുരം ഉള്‍പ്പെടെയുള്ള കൊട്ടാരങ്ങളും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളും കഴിഞ്ഞകാല വാസ്തുശില്പ വൈദഗ്ദ്ധ്യത്തിന്റെ തെളിവായി നില്‍ക്കുന്നു. തെക്കേ ഇന്ത്യയിലെ പലനാടുകളുടെയും വാസ്തുവിദ്യയുടെ സംഗമമാണ് പില്‍ക്കാലത്തെ ഈ നിര്‍മ്മാണശൈലി എന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് ശരിയാണ്. ചോള, പാണ്ഡ്യ വാസ്തുശില്പകലയുടെ സ്വാധീനം മലയാളക്കരയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആധുനിക എന്‍ജിനിയറിങ് വൈദഗ്ദ്ധ്യത്തെപോലും അത്ഭുതപ്പെടുത്തുന്ന കെട്ടിടങ്ങളും പാലങ്ങളും പഴയകാലത്ത് ഉണ്ടായിരുന്നു. ഉദാഹരണത്തിന് ശ്രീപദ്മനാഭസ്വാമിക്ഷേത്ര നിര്‍മ്മാണം തന്നെ. 'തൈക്കാട് കേശവന്‍' എന്ന ശില്പിയെയാണ് ക്ഷേത്രനിര്‍മ്മാണത്തിനും കോട്ട നിര്‍മ്മാണത്തിനും മാര്‍ത്താണ്ഡവര്‍മ്മ ഏല്പിച്ചത്. ചുരുങ്ങിയവര്‍ഷം കൊണ്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും ഗോപുരത്തിന്റെ കുറെ ഭാഗവും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തിരുവനന്തപുരത്തിന്റെ പലഭാഗത്തുമുള്ള വയല്‍ (കരി) കുഴിച്ച് കളിമണ്ണ് കൊണ്ടുവന്ന് ചുട്ടാണ് കിഴക്കേക്കോട്ട കെട്ടിയതെന്ന് മതിലകം രേഖകളില്‍ നിന്നും മനസ്സിലാക്കാം. എന്നാല്‍ തിരുമലയില്‍ നിന്നും ഒരു പടുകൂറ്റന്‍ പാറവെട്ടി ക്ഷേത്രത്തില്‍ കൊണ്ടുവന്ന് ഒറ്റക്കല്‍ മണ്ഡപം തീര്‍ത്തതെങ്ങിനെയാണെന്നത് ഇന്നും അത്ഭുതമാണ്. ഈ പാറ എങ്ങനെയാണ് വെട്ടിയെടുത്തത്? അതിനുള്ള ആയുധങ്ങള്‍ എന്തൊക്കെ ആയിരുന്നു? അതെല്ലാം ഇന്നും അജ്ഞാതം. 100 ആനകളും 4000 കല്‍പണിക്കാരും 6000 കൂലിക്കാരും ഏഴ് മാസത്തോളം േജാലിചെയ്ത് നിര്‍മിച്ചതാണ് ക്ഷേത്രത്തിനെ വലയംചെയ്യുന്ന ശീവേലിപ്പുര. കിഴക്കുപടിഞ്ഞാറ് 420 അടിയും തെക്കുവടക്ക് 226.5 അടിയും അളവുള്ളതാണ് ശീവേലിപ്പുര. ഇതിന് 13 അടി ഉയരവും രണ്ടര അടി വ്യാസവുമുള്ള 368 കല്‍തൂണുകള്‍ ഉണ്ട്. പതിെനാന്നര അടി ഘനവും ഇരുപത്തിയൊന്നര അടി വീതിയും 25 അടി നീളവുമുള്ള കരിങ്കല്‍ ഫലകങ്ങളാണ് മുകളില്‍ പതിച്ചിരിക്കുന്നത്. ഒരേ ഘനമുള്ള ഈ കരിങ്കല്‍പാളികള്‍ എങ്ങനെ മുറിച്ചെടുത്തതെന്നോ, എങ്ങനെയാണ് അത് നീങ്ങാത്തവിധത്തില്‍ മുകളില്‍ ഉറപ്പിച്ചിരിക്കുന്നതെന്നോ അറിയാന്‍ ഗവേഷണം തുടരുന്നു.

സുര്‍ക്കയും കരിപ്പെട്ടിയും ശര്‍ക്കരയും മുട്ടയുടെ വെള്ളക്കരുവും ചില പച്ചിലച്ചാറുകളും കൊണ്ട് ഉണ്ടാക്കിയ സിമന്റിനെക്കാള്‍ ശക്തമായ കൂട്ട് അന്നത്തെ വിദഗ്ദ്ധന്മാര്‍ക്ക് അറിയായിരുന്നു. ഇതുകാരണം അന്ന് നിര്‍മ്മിച്ച പല പാലങ്ങളും പില്‍ക്കാലത്ത് പൊളിച്ച് പുതിയ പാലം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ട് പറ്റാതെയായിട്ടുണ്ട്. പിന്നീട് ഡയനാമെറ്റ് ഉപയോഗിച്ചാണ് അത് തകര്‍ക്കേണ്ടിവന്നത്.
തിരുവിതാംകൂറില്‍ ആധുനിക എന്‍ജിനിയറിങ് വിദ്യയ്ക്ക് കൂടുതല്‍ പ്രചാരം കിട്ടിയത് റാണി ലക്ഷ്മിഭായി (18101815) യുടെ കാലത്താണ്. തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ഒരു മാളിക പണിയാന്‍ ഇംഗ്ലീഷ് എന്‍ജിനിയറുടെ സേവനം ആവശ്യപ്പെട്ടുകൊണ്ട് റാണി, കൊല്ലത്തുള്ള റസിഡന്റിന് കത്ത് എഴുതിയതിന്റെ പകര്‍പ്പ് പുരാരേഖാ വകുപ്പിലുണ്ട്. അങ്ങനെ നിര്‍മ്മിച്ചതാണ് ശ്രീപാദം കൊട്ടാരത്തിന്റെ മുന്‍വശം. കേരളയൂറോപ്യന്‍ ശൈലി ഒത്തുചേര്‍ന്ന നഗരത്തിലെ ആദ്യകെട്ടിടമാണിത്. എന്നാല്‍ സ്വാതിതിരുനാളിന്റെ കാലത്ത് (182946) ഒരു ഇംഗ്ലീഷ് എന്‍ജിനിയറായി ഹോഴ്‌സിലി സായിപ്പിനെ തന്നെ ഇവിടെ നിയമിച്ചു. നക്ഷത്ര ബംഗ്ലാവ്, കരമന പാലം, കുന്ന് തുരന്ന് തുരങ്കം നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.
ബാര്‍ട്ടനെ പിന്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് പലവിഭാഗങ്ങളായി വളര്‍ന്നുകൊണ്ടിരുന്നു. അപ്പോഴും മരാമത്ത് വിഭാഗം ഇതിന്റെ കീഴിലുണ്ടായിരുന്നു. അതത് ഡിവിഷനുകളിലെ പേഷ്‌ക്കാര്‍മാര്‍ (കളക്ടര്‍)ക്ക് ആയിരുന്നു അതിന്റെ ചുമതല. ചെറിയ ജോലികളും കൊട്ടാരങ്ങളും അമ്പലങ്ങളും തോടുകളും റോഡുകളും എല്ലാം പുതുക്കി പണിഞ്ഞിരുന്നത് മരാമത്ത് വിഭാഗം ആയിരുന്നു. കൂടുതല്‍ സമര്‍ഥരായ എന്‍ജിനിയര്‍മാര്‍ സംസ്ഥാനത്തിന് ആവശ്യമാണെന്ന് മനസ്സിലാക്കിയാണ് ദീര്‍ഘവീക്ഷണത്തോടെ ദിവാന്‍ സര്‍. സി.പി. എന്‍ജിനിയറിങ് കോളേജ് തുടങ്ങാന്‍ തീരുമാനിച്ചത്.ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് അംഗീകാരം നല്‍കിയതോടെ അത് യാഥാര്‍ഥ്യമായി. തിരുവിതാംകൂറിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ചീഫ് എന്‍ജിനിയര്‍ വില്യം ബാര്‍ട്ടന്റെ പിന്‍ഗാമികള്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ആദ്യ എന്‍ജിനിയറിങ് കോേളജ് പിറന്നത് ചരിത്രത്തിന്റെ പൂരകമായിരിക്കാം.







MathrubhumiMatrimonial