
കോഴിക്കോട്ട് നിന്ന് നീലഗിരി മലനിരകളിലേക്ക്
Posted on: 13 Jul 2014
അഡ്വ. ടി.ബി. സെലുരാജ്
3
1828-ല്‍ മലബാര്‍ കളക്ടറായിരുന്ന ഷെഫീല്‍ഡ് കോഴിക്കോട്ടുനിന്ന് നീലഗിരി മലനിരകളിലേക്ക് കരമാര്‍ഗം നടത്തിയ ഒരു യാത്രാവിവരണമായിരുന്നല്ലോ കഴിഞ്ഞ രണ്ടാഴ്ച. യാത്ര തുടരുകയാണ്. നമുക്കും ആ യാത്രയില്‍ പങ്കുചേരാം.
' 1828 ഒക്ടോബര്‍ 25 ശനിയാഴ്ച - രാവിലെ 9 മണിക്ക് മാട്ടുകയ്യിലെ ബദായരുടെ ഗ്രാമത്തില്‍ നിന്ന് രണ്ട് ഫര്‍ലോങ് നീളത്തിലുള്ള സമതലപ്രദേശത്തെ ഭേദിച്ചുകൊണ്ട് ഗൂഢല്ലൂരിനെ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. മാനന്തവാടിയില്‍ നിന്ന് ഗൂഢല്ലൂരിലേക്കുള്ള പ്രധാന പാതയിലേക്ക് 3 മൈലോളം യാത്ര ചെയ്തിട്ടുവേണം നമുക്ക് എത്തിച്ചേരാന്‍. ഇടയ്ക്കിടയ്ക്ക് നെല്‍വയലുകളെ കടന്ന് പോകുകയാണ് നമ്മള്‍. ഇപ്പോള്‍ നാം എത്തിയിരിക്കുന്നത് ഒരു ഘോരവനത്തിലാണ്. 20 വാര വീതിയുള്ളതും ശക്തിയായ ഒഴുക്കുള്ളതുമായ പാണ്ടിപ്പുഴയെ നാം ഇവിടെവെച്ച് കണ്ടുമുട്ടുന്നു. ഈ പുഴ മുളങ്കാടുകളിലൂടെ കടന്ന് താഴേക്ക് പതിക്കുന്നത് നല്ലൊരു കാഴ്ചതന്നെയാണ് .ഉച്ചയോടു കൂടി ഗൂഢല്ലൂരെത്തി, രാവിലെമുതലുള്ള ഞങ്ങളുടെ യാത്രയില്‍ താണ്ടിയത് ആറരമൈല്‍ ദൂരമാണ്.
ഗൂഢല്ലൂരുനിന്നും മൂന്നുമൈല്‍ തെക്ക് പടിഞ്ഞാറായി യാത്രചെയ്താല്‍ അതിസുന്ദരമായ ഒരു കാഴ്ചയാണ് നാം കാണുക. പാള്‍മല നിരകളാണിത്. നെടുവെട്ടു മലകളും തുടര്‍ച്ചയായി കിടക്കുന്ന പാള്‍മലയും അതിസുന്ദരമാണ് പാണ്ടിപ്പുഴയിലേക്കെത്തുന്ന അനവധി അരുവികള്‍ വെള്ളിനൂല്‍ കണക്കെ ഇവിടെനിന്ന് നമുക്ക് കാണാം. ചുരത്തിന്റെതാഴെ എത്തുമ്പോഴേക്കും പാണ്ടിപ്പുഴയ്ക്ക് കരിമ്പുഴ എന്ന പേര്‍ ലഭിക്കുന്നു. യൂറോപ്യന്‍കാരായ നമ്മള്‍ ബേപ്പൂര്‍ പുഴയെന്ന് വിളിക്കുന്ന ചാലിയാര്‍ പുഴയിലേക്കാണ് കരിമ്പുഴചെന്ന് ചേരുന്നത്. ഗൂഢല്ലൂര്‍ സമുദ്രനിരപ്പില്‍നിന്ന് 4,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. നടുവട്ടം ചുരത്തിന്റെ മുകള്‍ഭാഗത്തുനിന്ന് 4 മൈല്‍ ദൂരമാണ് ഇവിടേക്ക്. മലയുടെ പാതയോരത്ത് നാലോഅഞ്ചോ വീടുകള്‍ കണ്ടു. ബദായരുടെയും ചെട്ടികളുടെയും വീടുകളാണിത്. കോട്ടൂര്‍വിഭാഗം താമസിക്കുന്ന ഒരുകോളനിയും ഞങ്ങള്‍ക്ക് കാണുവാനിടയായി.

ഞായറാഴ്ച ഒക്ടോബര്‍ 26: രാവിലെ 7 മണിക്ക് 5 മിനിട്ടുള്ളപ്പോള്‍ നടുവട്ടം ചുരത്തില്‍ സൈന്യത്തിന്റെ റോഡുപണിയിലേര്‍പ്പെട്ടിരിക്കുന്ന പയനീര്‍ വിഭാഗത്തിന്റെ തലവനായ ക്യാപ്റ്റന്‍ വീലറുമായി ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറായി. നടുവട്ടം ചുര റോഡിന്റെ നിര്‍മാണത്തിലാണിക്കൂട്ടര്‍. മൈസൂര്‍ രാജാവിന്റെ സ്ഥലമായ മംഗലാപുരത്തുനിന്ന് ഗൂഢല്ലൂര്‍ക്കുണ്ടാക്കുന്ന പുതിയറോഡിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. 9 മണിക്ക് അരമണിക്കൂര്‍ മുമ്പായി ഈ പയനീര്‍ റോഡിലെത്തി. സുന്ദരമായ ഒരു കയറ്റമാണിത്. ബക്കിയാരി പുഴയേയും കള്ളിക്കോട്ടപുഴയേയും ഈ പാതയില്‍നിന്ന് കാണാം. മൂന്ന് മൈലോളം വളഞ്ഞ് പുളഞ്ഞ് താഴേക്ക് പതിക്കുന്ന ബക്കിയാരി പുഴ. എന്നാല്‍ കള്ളിക്കോട്ടപുഴ കുത്തനെ നടുവട്ടം ചുരത്തിന്റെ മുകള്‍ഭാഗത്തുനിന്ന് നേരെ താഴേക്ക് പതിക്കുകയാണ്.
ആയിരം അടിയോളം നമുക്കിത് കാണാമെങ്കില്‍ പിന്നീടുള്ള മാര്‍ഗം കാടുകളാല്‍ മറഞ്ഞിരിക്കുന്നു. കുത്തനെയുള്ള കയറ്റമാണ് ഈ ചുരമെങ്കിലും ക്യാപ്റ്റന്‍ വീലര്‍ കുറെഭാഗം റോഡാക്കി എടുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. കുറച്ചുമാസങ്ങള്‍ കൊണ്ട് ഇതൊരു കാളവണ്ടി റോഡാകുമെന്ന് അദ്ദേഹം ഉറപ്പ് തന്നു. 10 മണിയോടുകൂടി ഞങ്ങള്‍ ഊട്ടിയെ ലക്ഷ്യമാക്കി യാത്രതുടര്‍ന്നു. നടുവത്തൂര്‍ ചുരം റോഡിന്റെ ഉയരംകൂടിയ ഭാഗമാണിത്. ബക്കിയാരി പുഴയെ നാം മറികടക്കുന്നുണ്ട്. ഈ പുഴ ഇവിടെവെച്ച് കോയമ്പത്തൂരിനേയും മലബാറിനേയും വേര്‍തിരിക്കുന്നു. ചിത്രപുല എന്ന മലമുടിയെ ഇവിടെവെച്ച് നാം കയറി കീഴടക്കുന്നു.
പയനീര്‍ വഴിയില്‍നിന്ന് 1,000 അടി ഉയരത്തിലാണ് ഈ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന് 7,000 അടി ഉയരത്തിലാണ് നാം ഇപ്പോള്‍. ഊട്ടിയിലെ കെട്ടിടങ്ങളെയും ദോദ കോട്ടയെയും ഇവിടെനിന്ന് കാണാം. മൈസൂരിനെ മുഴുവനായി തന്നെ അതായത് ശ്രീരംഗപട്ടണം ബല്ലിക്കല്‍ രംഗം റെയിഞ്ച് അര്‍ദിന ഹള്ളി എന്നീഭാഗങ്ങളെ വ്യക്തമായും ഇവിടെനിന്ന് നോക്കിയാല്‍ കാണാം. കനത്തമഴ കാരണം മലബാറിന്റെ താഴെ ഭാഗങ്ങള്‍ കാണാന്‍ പറ്റിയില്ല. ഊട്ടിയിലെ കെട്ടിടങ്ങള്‍ വ്യക്തമായി കണ്ടിരിക്കുന്നു. 17 മൈല്‍ ദൂരമാണ് ഇവിടെനിന്ന് ഊട്ടിയിലേക്ക് .പക്ഷേ, ശക്തമായ മഴയായതിനാല്‍ ഞങ്ങള്‍ മടക്കയാത്ര ആരംഭിക്കാമെന്ന് തീര്‍ച്ചപ്പെടുത്തി. പയനീര്‍ റോഡിലേക്ക് ഉച്ചയ്ക്ക് 2 മണിയോടുകൂടി എത്തിച്ചേര്‍ന്നു. വൈകുന്നേരം 5 മണിയോടുകൂടി ഗൂഢല്ലൂരില്‍ എത്തണമെന്നതിനാല്‍ നടുവട്ടം ചുരം വേഗമിറങ്ങി. എന്നാല്‍ ആറരയ്ക്ക് മാത്രമേ ഗൂഢല്ലൂരിലെത്താന്‍ കഴിഞ്ഞുള്ളൂ.
തിങ്കളാഴ്ച ഒക്ടോബര്‍ 27-ന്: രാവിലെ കുറച്ചുസമയം ഗൂഢല്ലൂരില്‍ ഒരു ആഴ്ചച്ചന്ത തുടങ്ങുന്നതിനെക്കുറിച്ച് നാട്ടുകാരുമായി സംസാരിച്ചു. ചില പാലങ്ങള്‍ നിര്‍മിച്ചുകൊണ്ട് ക്യാപ്റ്റന്‍ വീലര്‍ പുതുതായി ഉണ്ടാക്കുന്ന റോഡിനെ സഹായിക്കണമെന്ന് തീരുമാനിച്ചു. ഗൂഢല്ലൂരിനെ മൈസൂരുമായി എത്രയുംപെട്ടെന്ന് ബന്ധപ്പെടുത്താന്‍ തീര്‍ച്ചയാക്കി. ഇത്തരം ചര്‍ച്ചകള്‍ക്കുശേഷം വൈകുന്നേരം 4 മണിയോടു കൂടി മാട്ടുകൈയിലേക്ക് യാത്ര തിരിച്ചു. 7 മണിക്ക് മാട്ടുകൈയിലെത്തിയ ഞങ്ങള്‍ ബദായരുടെ ഗ്രാമത്തില്‍ത്തന്നെ തങ്ങി.
ചൊവ്വാഴ്ച, ഒക്ടോബര്‍ 28-ന്: രാവിലെ 8 മണിയോടുകൂടി മാട്ടുകൈയില്‍നിന്ന് കാരക്കൂര്‍ ചുരത്തിന്റെ മുകള്‍ഭാഗത്തുള്ള നാടുകാണിയെ ലക്ഷ്യമാക്കി മടക്കയാത്ര പുരോഗമിച്ചു. അവിടെ ഞങ്ങള്‍ക്ക് തങ്ങാനായി ഒരു ഷെഡ്ഡ് തിരുമുല്‍പ്പാട് അപ്പോഴേക്കും നിര്‍മിച്ചുകഴിഞ്ഞിരുന്നു. ഈ വഴിയില്‍വെച്ച് അരുവിക്കരകളില്‍നിന്ന് മണ്ണരിച്ച് സ്വര്‍ണപ്പൊടി കണ്ടെത്തുന്ന ഒരു തൊഴിലിന് സാക്ഷ്യംവഹിക്കാന്‍ ഇടയായി. സ്ഥലത്തുനിന്ന് കുറച്ച് സ്വര്‍ണപ്പൊടി വിലകൊടുത്ത് വാങ്ങിക്കുകയും ചെയ്തു. ഈ യാത്രയില്‍ മലബാറിന്റെ സമതലപ്രദേശങ്ങളെ മലനിരകളില്‍നിന്ന് നോക്കിക്കാണാനുള്ള സൗഭാഗ്യം ഞങ്ങള്‍ക്ക് ലഭിച്ചു. പോണ്ടിപ്പുഴയുടെ വളവുകളും തിരിവുകളും വ്യക്തമായിത്തന്നെ ഞങ്ങള്‍ക്കിവിടെനിന്ന് കാണാം.
കരിമ്പുഴയുമായി പോണ്ടിപ്പുഴ സന്ധിക്കുന്ന ഭാഗത്തേക്കും ഞങ്ങള്‍ ഇറക്കം തുടര്‍ന്നു. അപ്പോഴേക്കും സമയം രാവിലെ പത്തരയായി കഴിഞ്ഞിരുന്നു. കയറ്റംപോലെ എളുപ്പമല്ല ഇറക്കം നല്ല വഴുക്കലുണ്ട്. ഇടയ്ക്കിടെയുള്ള മഴയും യാത്ര ദുഷ്‌കരമാക്കുന്നു. അപ്പോഴാണ് കാട്ടാനക്കൂട്ടം നടത്തിയ തെമ്മാടിത്തരം ഞങ്ങളുടെ ശ്രദ്ധയില്‍ പ്പെട്ടത്. ചെറുമരുടെ മോടം കൃഷി ആകെ നശിപ്പിച്ചിരിക്കുന്നു ആനകള്‍. അവരുടെ കുടിലുകളെല്ലാംതന്നെ നിലം പൊത്തിയിരിക്കുന്നു. നാട്ടുകാര്‍ക്ക് മാത്രമേ ഈ വഴിയില്‍ക്കൂടി യാത്ര ചെയ്യാന്‍ കഴിയൂ. അത്രയും ദുഷ്‌കരവും അപകടകരവുമാണ് ഈ പാത.
നാടുകാണിയില്‍നിന്ന് കോഴിക്കോട് വരെയുള്ള ഭാഗങ്ങള്‍ ശ്രീ വാര്‍ഡ് ഒരിക്കലും സര്‍വേ നടത്തിയിരുന്നില്ല. അതിനാല്‍ അദ്ദേഹം അതിന്റെ പണിയില്‍ വ്യാപൃതനായി. വൈകുന്നേരം 4 മണിയോടുകൂടി കാരക്കൂറിടത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. തിരുമുല്‍പ്പാടിന്റെ ഓലമേഞ്ഞ ഒരു ഷെഡ്ഡില്‍ ഞങ്ങള്‍ ഉറങ്ങാന്‍കിടന്നു.
രാത്രി 7 മണിയോടുകൂടി ആനകളുടെ ചിന്നം വിളിയും ഉറക്കെയുള്ള ശബ്ദകോലാഹലങ്ങളും കേള്‍ക്കാന്‍ തുടങ്ങി. അനവധി ആനകളുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങളുടെ ഷെഡ്ഡിനെ എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് തകര്‍ക്കാന്‍ കഴിയും അതിനാല്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. രാവിലെ നേരം വെളുത്തപ്പോള്‍ മാത്രമാണ് അവയുടെ ശബ്ദകോലഹലങ്ങള്‍ കെട്ടടങ്ങിയത്. രാത്രി 9 മണിയോടുകൂടി ആകാശത്തേക്ക് ഞങ്ങളുടെ കോല്‍ക്കാര്‍ പലകുറി വെടിവെച്ചിരുന്നുവെന്നും മനസ്സിലായി. വെടിയൊച്ച കേട്ടിട്ടും അവ പിന്തിരിഞ്ഞിരുന്നില്ലത്രേ. അവശേഷിച്ച കൃഷിയിടങ്ങളില്‍ കാവല്‍നിന്നിരുന്ന ചെറുമര്‍ രാവിലെ പറഞ്ഞത് മൂന്നാനക്കൂട്ടങ്ങള്‍ ഏറ്റുമുട്ടിയ കഥയാണ്. ഒരു കൂട്ടത്തില്‍ 20 ആനകളും രണ്ടാമത്തേതില്‍ 15-ഉം മൂന്നാമത്തേതില്‍ 12-ഉം വീതം ആനകള്‍ ഉണ്ടായിരുന്നുവത്രേ.
സ്ഥലവും പരിസരവുമൊക്കെ ഒരു യുദ്ധം കഴിഞ്ഞ പ്രതീതി ഉളവാക്കുന്നു. 50 വാര ചുറ്റളവില്‍ വൃക്ഷങ്ങളൊന്നും ശേഷിച്ചിട്ടില്ല'.
(തുടരും)
seluraj@yahoo.com
