NagaraPazhama

'ഊട്ടിയാത്രയ്ക്ക് ഒരാഴ്ച'

Posted on: 19 Jun 2014

അഡ്വ. സെലുരാജ് ടി.ബി.



ഊട്ടി അറിയപ്പെടുന്ന ഒരു സുഖവാസകേന്ദ്രമാണല്ലോ. ഊട്ടി എന്ന ഈ സ്ഥലത്തിന്റെ ദൃശ്യമനോഹാരിത കിലുക്കം എന്ന സിനിമയുടെ ക്യാമറക്കണ്ണുകള്‍ ഭംഗിയായിത്തന്നെ ഒപ്പിയെടുത്തിരിക്കുന്നു. കോഴിക്കോട്ടുനിന്ന് അഞ്ചോ ആറോ മണിക്കൂറുകൊണ്ട് നമുക്ക് ഊട്ടിയിലെത്താം. എന്നാല്‍, ഊട്ടിയിലെത്താന്‍ ഒരാഴ്ച യാത്രചെയ്യേണ്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. 1828-ല്‍ ഊട്ടിയില്‍ എത്താന്‍ 7 ദിവസമെടുത്തിരുന്നുവെന്ന് കാണിക്കുന്ന രേഖകളാണ് എന്റെ മുന്നില്‍. ചോദ്യോത്തരമായിട്ടാണ് ഈ രേഖകള്‍. മലബാറിലെ പ്രിന്‍സിപ്പല്‍ കളക്ടറായിരുന്ന ഷഫീല്‍ഡ് ബോര്‍ഡ് ഓഫ് റവന്യൂവിന് അയച്ച മറുപടി എഴുത്താണിത്.

ചോദ്യം: ബേപ്പൂര് നിന്നും കാരക്കൂര്‍ മലകളിലേക്ക് ഉള്ള ജലഗതാഗതത്തിന്റെ ഒരു വിവരണം തരിക.

ഉത്തരം: കോഴിക്കോട് നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് ജലഗതാഗതംതന്നെയാണ് യാത്രയ്ക്ക് കാര്യമായി ഉപയോഗപ്പെടുക. പ്രത്യേകിച്ചും ചരക്കുനീക്കത്തിന്. ബേപ്പൂരില്‍നിന്നും വര്‍ഷത്തില്‍ എപ്പോഴും അരീക്കോടുവരെ വലിയ തോണികളില്‍ യാത്രചെയ്യാം. കോഴിക്കോടുനിന്നും 40 മൈല്‍ ദൂരമുണ്ട്. ബേപ്പൂരില്‍ നിന്നും വൈകുന്നേരം 4 മണിക്ക് പുറപ്പെടുന്ന വലിയ തോണി പിറ്റേദിവസം രാവിലെ 7 മണിക്ക് അരീക്കോട്ടെത്തും. ചെറിയ തോണിയാണെങ്കില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേയെത്താം. വേലിയേറ്റ സമയത്ത് അരീക്കോട്ട് നല്ല വെള്ളമുണ്ടാകും. എന്നാല്‍, മടക്കത്തിലാണെങ്കില്‍ ഏഴോ എട്ടോ മണിക്കൂര്‍മാത്രം മതിയാകും ബേപ്പൂരിലെത്താന്‍. കോഴിക്കോട്ടേക്കാണെങ്കില്‍ 11-12 മണിക്കൂറെടുക്കും. അരീക്കോടിന്റെ മുകള്‍ഭാഗത്തേക്ക് മാര്‍ച്ച്, ഏപ്രില്‍ , മെയ് മാസങ്ങളില്‍ വെള്ളം കുറവായതിനാല്‍ പോകാന്‍ പ്രയാസമാണ്. 91/2 മൈല്‍ ദൂരെയുള്ള എടവണ്ണ അങ്ങാടിയിലേക്ക് 5 മണിക്കൂറുകൊണ്ട് എത്തിച്ചേരാം. ജനവരി കഴിഞ്ഞാല്‍ ഇവിടെനിന്ന് മമ്പാട് അങ്ങാടിയിലേക്ക് ചെറുതോണികള്‍പോലും പോവുകയില്ല. സാധാരണയായി 7 മണിക്കൂറുകൊണ്ട് അരീക്കോടുനിന്ന് മമ്പാട് അങ്ങാടിയിലെത്താം. എന്നാല്‍, വലിയ തോണികളാണെങ്കില്‍ 10 മുതല്‍ 12 മണിക്കൂര്‍ എടുക്കും. മമ്പാടുനിന്ന് ചെറിയ തോണിയില്‍ മാത്രം നിലമ്പൂര്‍ക്ക് പോകുക. മഴക്കാലത്ത് ഒഴുക്ക് ശക്തമായതിനാല്‍ നിങ്ങള്‍ക്ക് തോണിയെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് അപകടം ക്ഷണിച്ചുവരുത്തുകയും ചെയ്യും. ഡിസംബര്‍ മാസത്തിന്റെ പകുതിവരെ ഇങ്ങനെ യാത്രചെയ്യാം. മമ്പാട് അങ്ങാടിയില്‍നിന്ന് 5 മണിക്കൂറാണ് ഈ യാത്രയ്ക്ക് വേണ്ടിവരിക. വലിയ തോണിയാണെങ്കില്‍ 7 മണിക്കൂറെടുക്കും നിലമ്പൂരുനിന്ന് മുകളിലോട്ടുള്ള യാത്ര തികച്ചും ദുഷ്‌കരമാണ്. നിലമ്പൂരുനിന്ന് 10 മൈല്‍ ദൂരമുള്ള എടക്കര കുളത്തില്‍ എത്തണമെങ്കില്‍ 2 ദിവസമെടുക്കും. ഇവിടെ നദി വളഞ്ഞുപുളഞ്ഞ് പോകുന്നതിനാലാണ് ഇത്. ഒഴുക്കാണെങ്കില്‍ അതി ശക്തവും. എടക്കര കുളത്തിന്റെ മുകള്‍ഭാഗത്തേക്ക് തോണികള്‍ ഒരുകാലത്തും പോകുകയില്ല. മടക്കയാത്രയിലാണെങ്കില്‍ എടക്കര കുളത്തുനിന്ന് നിലമ്പൂരിലേക്ക് 7 മണിക്കൂര്‍കൊണ്ടും നിലമ്പൂരുനിന്ന് അരീക്കോട്ടേക്ക് 6 മണിക്കൂറുകൊണ്ടും എത്താം. നിലമ്പൂരുനിന്ന് മമ്പാട് അങ്ങാടിയിലേക്ക് 2 മണിക്കൂറും മമ്പാട് അങ്ങാടിയില്‍നിന്ന് എടവണ്ണ അങ്ങാടിയിലേക്ക് 2 മണിക്കൂറും അവിടെനിന്ന് അരീക്കോട്ടേക്ക് 2 മണിക്കൂറുമെടുക്കും.

ചോദ്യം: മലബാറില്‍ ലഭ്യമായ തോണികളെക്കുറിച്ച് ഒരു വിവരണം തരിക. കൂടാതെ വല്ല നിര്‍ദേശവും യാത്ര സുഗമമാക്കാന്‍ താങ്കളുടെ ഭാഗത്തുനിന്ന് ഉണ്ടോ?
ഉത്തരം: 8 മുതല്‍ 11 ആള്‍ക്കാരെമാത്രം കയറ്റുന്ന ചെറുതോണികളും 4 ടണ്‍ ഭാരമുള്ളതും 50 അടി നീളമുള്ളതും 4 അടി വീതിയുള്ളതുമായ വലിയ തോണികളുമുണ്ട്. നീളമുള്ള മുളകളും തുഴകളുംമൂലം ഇവയെ നിയന്ത്രിക്കുന്നു. അടിഭാഗം പരന്ന മീന്‍പിടിത്ത തോണികളും ഇവിടെ കാണാം. ഇവയാണ് ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത്. ബേപ്പൂരുനിന്ന് അരീക്കോടുവരെ ജങ്കാറുകളും ലഭ്യമാണ്. രണ്ട് തോണികള്‍ കൂട്ടിക്കെട്ടിയതാണ് ഇവരുടെ ജങ്കാറുകള്‍. നടുവില്‍ കാബിനുകളും ഉണ്ടായിരിക്കും. കൊച്ചിയില്‍നിന്ന് ചെറുതോണികളെ ഇറക്കുമതിചെയ്യുന്നത് നന്നായിരിക്കും. ചുരുങ്ങിയ സമയംകൊണ്ട് ബഹുദൂരം പോകുന്നതാണിവ. കാബിനുകള്‍ ഇവയില്‍ താത്കാലികമായോ സ്ഥിരമായോ ഉണ്ടാക്കാവുന്നതാണ്. 200 മുതല്‍ 500 രൂപവരെയാണ് കൊച്ചിയില്‍ ഇവയ്ക്ക് വില. അരീക്കോടുനിന്ന് മുകള്‍ഭാഗത്തേക്കുള്ള യാത്ര സുഗമമാക്കാന്‍ ആ പ്രദേശത്തെ പാറകള്‍ നീക്കം ചെയ്യേണ്ടതായിട്ടുണ്ട്. എടവണ്ണ അങ്ങാടി. അരീക്കോട് നിലമ്പൂര്‍, നാടുകാണി നെടുമ്പറ്റ എന്നിവിടങ്ങളില്‍ ട്രാവല്‍ ബംഗ്ലാവുകള്‍ പണിയേണ്ടതായുണ്ട്. ഗൂഡല്ലൂരിലെ ചെറിയ ബംഗ്ലാവ് നന്നാക്കിയെടുക്കണം. 250 ഉറുപ്പിക മുതല്‍ 300 ഉറുപ്പിക വരെ ഇതിനാകും. തോണികള്‍ നിര്‍മിക്കുന്നതിന് ബേപ്പൂരിലും കോഴിക്കോട്ടും സൗകര്യമുണ്ട്. ഇവയുടെ നിര്‍മാണം നടക്കുന്നുമുണ്ട്. നല്ല മരം ലഭ്യമാകുന്ന സ്ഥലങ്ങളാണിവ.

ചോ: മമ്പാട് അങ്ങാടിയെക്കുറിച്ച് താങ്കള്‍ക്ക് ലഭ്യമായ അറിവുകള്‍ എന്തൊക്കെ?

ഉ: കാരക്കൂര്‍ ചുരത്തിന്റെ അടുത്തുള്ള അങ്ങാടി മമ്പാട് അങ്ങാടിയാണ്. ഇവിടെ നമ്മുടെവക ഉപ്പ് ഗോഡൗണുകളുണ്ട്. മമ്പാട് അങ്ങാടിയുടെയും ചുരത്തിന്റെ അടിവാരത്തിനുമിടയില്‍ ജനവാസമില്ലെന്നുതന്നെ പറയാം. നിലമ്പൂര്‍ തിരുമുല്‍പ്പാടിന്റെ ആശ്രിതര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ചുരത്തിന്റെ പടിഞ്ഞാറായിട്ടുള്ളത് മമ്പാട് അങ്ങാടി മാത്രമാണ്. ഒരു ആഴ്ചച്ചന്തയും ഒരങ്ങാടിയും ഇവിടെയുണ്ട്. 1827-ല്‍ ഈ ചന്ത ഞാന്‍ നേരിട്ട് കാണുകയുണ്ടായി. എല്ലാ ചൊവ്വാഴ്ചയുമാണ് ആഴ്ചച്ചന്തയുള്ളത്. എടവണ്ണ അങ്ങാടിയിലും അരീക്കോട് അങ്ങാടിയിലുമാണ് മറ്റ് ആഴ്ചച്ചന്തകള്‍ ഉള്ളത്. എടവണ്ണ അങ്ങാടിയില്‍ ഞായറാഴ്ചയും അരീക്കോട് അങ്ങാടിയില്‍ എല്ലാ വെള്ളിയാഴ്ചയുമാണ് ആഴ്ചച്ചന്തയുള്ളത്. കാരക്കൂര്‍ ചുരംവഴി നിലമ്പൂരുമായി മൈസൂരിലെയും വയനാട്ടിലെയും കച്ചവടക്കാര്‍ ബന്ധം സ്ഥാപിക്കാറുണ്ടോ? ഇല്ല എന്നുതന്നെ പറയാം. എന്നാല്‍, ഇപ്പോള്‍ മമ്പാട് അങ്ങാടിയിലെ ഉപ്പ് ഗോഡൗണ്‍ ഉദ്യോഗസ്ഥന്‍മാരോട് ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചിട്ടുണ്ട്.

ചോ: കാരക്കൂര്‍ ചുരത്തിന്റെ ചരിത്രമെന്താണ്?

ഉ: 1790-ലാണ് ടിപ്പു സുല്‍ത്താന്‍ കാരക്കൂര്‍ ചുരം തുറക്കുന്നത്. കോഴിക്കോട്ടുനിന്ന് ജനങ്ങളെ ഫാറൂഖാബാദിലേക്ക് മാറ്റിക്കൊണ്ട് ഫാറൂഖാബാദില്‍ ഒരു കോട്ട പണിയാന്‍ തീര്‍ച്ചപ്പെടുത്തി. കോട്ടയില്‍ സ്ഥാപിക്കാനുള്ള പീരങ്കികള്‍ ശ്രീരംഗപട്ടണത്തുനിന്ന് കൊണ്ടുവരാനാണ് കാരക്കൂര്‍ ചുരം തുറന്നെടുത്തത്. ചുരംവഴി പീരങ്കികള്‍ നിലമ്പൂരെത്തിച്ച് അവിടെനിന്ന് ബേപ്പൂര്‍പുഴമാര്‍ഗം ഫാറൂഖാബാദിലെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. അദ്ദേഹത്തിനുശേഷം ഈ വഴി അധികമാരും ഉപയോഗിച്ചില്ല. പിന്നീട് 1826-ലാണ് നമ്മുടെ സൈന്യത്തിന്റെ പയിനീര്‍ വിഭാഗം ഈ വഴി നന്നാക്കിയെടുത്തത്. കോഴിക്കോട്ടുനിന്ന് ഊട്ടിയിലെത്തുവാന്‍ ഒരു സെറ്റ് പല്ലക്ക് വാഹകരുണ്ടായാല്‍മാത്രം പോരാ എന്ന് ഓര്‍മിപ്പിക്കട്ടെ. കോഴിക്കോട്ടുനിന്ന് ഊട്ടകണ്ടിലെത്തുവാന്‍ എടുത്ത സമയം താഴെ കൊടുക്കുന്നു.
കോഴിക്കോട്ടുനിന്ന് അരീക്കോട് എത്താന്‍ - 1 ദിവസം
അവിടെനിന്ന് നിലമ്പൂര്‍ക്ക് - 1 ദിവസം
അവിടെനിന്ന് കാരക്കൂര്‍ ഇടം - 1 ദിവസം
അവിടെനിന്ന് ചുരത്തിന്റെ മുകള്‍ഭാഗത്തേക്ക് - 1 ദിവസം
അവിടെനിന്ന് ഗൂഡല്ലൂരിലേക്ക് - 1 ദിവസം
അവിടെനിന്ന് ബേയ്ക്കാരി പുഴയിലേക്ക് - 1 ദിവസം
അവിടെനിന്ന് ഊട്ടകമണ്ടിലേക്ക് - 1 ദിവസം
ഞാന്‍ നടത്തിയ ഊട്ടി യാത്രയുടെ വിശദമായ റിപ്പോര്‍ട്ട് ഇതൊടൊപ്പം അയക്കുന്നു'. 1828 ആഗസ്ത് 8.
(അടുത്ത ആഴ്ച മലബാര്‍ കളക്ടറായ ഷെഫീല്‍ മദ്രാസ് കൗണ്‍സിലിനയച്ച ആ റിപ്പോര്‍ട്ടിലൂടെ നമുക്ക് കടന്നു പോകാം.)

seluraj@yahoo.com



MathrubhumiMatrimonial