
ആദ്യത്തെ സെന്‍സസും അനന്തപുരിയുടെ പരിണാമവും
Posted on: 09 Jun 2014

ഒന്നര നൂറ്റാണ്ടിനുമുമ്പ് കൃത്യമായിപറഞ്ഞാല്‍ 1865 (കൊല്ലവര്‍ഷം 1040 കര്‍ക്കിടകം 25) ന് ആണ് അനന്തപുരിയില്‍ ആദ്യമായി ജനസംഖ്യ കണക്ക് എടുത്തത്. അന്ന് തിരുവനന്തപുരം നഗരം കോട്ടയ്ക്കകം, പുത്തന്‍ചന്ത, പേട്ട, പൂജപ്പുര, ശ്രീവരാഹം, കരമന തുടങ്ങിയ ഭാഗങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. 'ടൗണ്‍' അഥവാ നഗരം എന്ന പദവി ചെറിയേതാതില്‍ മാത്രമേ അന്ന് തിരുവനന്തപുരത്തിനുണ്ടായിരുന്നുള്ളു. എങ്കിലും ഇക്കാലത്ത് ഹജൂര്‍കച്ചേരി അഥവാ സെക്രട്ടേറിയറ്റ് പ്രധാനമായും കോട്ടയ്ക്കകത്ത് ആയിരുന്നു. സ്വാതിതിരുനാള്‍ മഹാരാജാവ് (18291846) ആണ് കൊല്ലത്തുനിന്നും സെക്രട്ടേറിയറ്റ് (ഹജൂര്‍കച്ചേരി) കോട്ടയ്ക്കകത്തേക്ക് മാറ്റിയത്. ഇതിന് പ്രധാനമായ കാരണം ഭരണകാര്യങ്ങള്‍ വേഗതകൂട്ടാന്‍ ആയിരുന്നു.
അനന്തപുരിയില്‍ പല പരിഷ്‌കാരങ്ങളും പരിവര്‍ത്തനങ്ങളും സ്വാതി കൊണ്ടുവന്നത് ഹജൂര്‍കച്ചേരി ഇങ്ങോട്ട് മാറ്റിയശേഷമായിരുന്നു. എന്നാല്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അക്കാലവും കൊടികുത്തിവാണിരുന്നു. ഇതുകാരണം അയിത്തജാതിക്കാര്‍ക്ക് കോട്ടയ്ക്കകത്ത് പ്രവേശനം നിഷേധിച്ചിരുന്നു. കോട്ടയുടെ നാലുഭാഗത്തും നില ഉറപ്പിച്ചിരുന്ന രാജകീയ ഭടന്മാര്‍ അയിത്ത ജാതിക്കാര്‍ കോട്ടയ്ക്കുള്ളില്‍ കയറാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അങ്ങനെ ആരെങ്കിലും കയറിയാല്‍ അവര്‍ക്ക് കടുത്ത ശിക്ഷ കിട്ടുമായിരുന്നു. പലകാര്യങ്ങള്‍ക്കും ഹജൂര്‍കച്ചേരിയില്‍ പോകേണ്ട സാധാരണക്കാരെ ഇത് കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.
സ്വാതിതിരുനാളിനുശേഷം അധികാരത്തില്‍വന്ന അദ്ദേഹത്തിന്റെ അനുജന്‍ ഉത്രം തിരുനാളിന്റെ (18461860) കാലത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍, ഈഴവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവിധ കാര്യങ്ങള്‍ക്ക് ഹജൂര്‍കച്ചേരിയില്‍ പോകാന്‍ അനുഭവിക്കേണ്ട ബുദ്ധിമുട്ടുകളെപ്പറ്റി മദ്രാസ് സര്‍ക്കാരിന് നിവേദനം നല്‍കി. ഇതുപ്രകാരം പ്രധാന ഭരണ ഓഫീസുകള്‍ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന സ്ഥലത്തായിരിക്കണമെന്ന് മദ്രാസ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതുപ്രകാരമാണ് ഇന്നത്തെ സെക്രട്ടേറിയറ്റിന് സമീപം പങ്കജ് ഹോട്ടലിന് എതിര്‍വശത്ത് കച്ചേരി പണിതത്. ജനങ്ങള്‍ കൂടുതല്‍ ബന്ധപ്പെടേണ്ട വകുപ്പുകള്‍ അങ്ങോട്ടുമാറ്റി. ഇന്നത്തെ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങള്‍ അക്കാലത്ത് പട്ടാള ബാരക്‌സുകളായിരുന്നു. അവിടെ പുതിയതായി ഉണ്ടാക്കിയ കച്ചേരി പില്‍ക്കാലത്ത് നിര്‍മിച്ച സെക്രട്ടേറിയറ്റുപോലെ തൂവെള്ള കെട്ടിടമായിരുന്നു.
'ആനക്കച്ചേരി' എന്ന പേരില്‍ ഇത് (രണ്ട് ആനകളുടെ ചിത്രമുള്ളതാണ് പേരിന് കാരണം) അറിയപ്പെട്ടു. സെക്രട്ടേറിയറ്റ് കെട്ടിടം നിര്‍മിക്കുന്നതുവരെ ആനക്കച്ചേരിയുടെ പ്രതാപം നിലനിന്നു. വളരെക്കാലത്തിനുശേഷം ആനക്കച്ചേരിയില്‍, മലയാളക്കരയിലെ ആദ്യത്തെ സര്‍ക്കാര്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി.) ആരംഭിച്ചു. ഇപ്പോള്‍ അതിന്റെ ട്രഷറി ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത് പഴയ ആനക്കച്ചേരി സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ്. പൊളിച്ചുമാറ്റിയ ആ മനോഹരമായ കെട്ടിടം എത്രയോ പഴമക്കാരുടെ മനസ്സില്‍ ഇന്നും ഓര്‍മയായി നില്‍ക്കുന്നു.

1865ല്‍ നഗരത്തിലെ ആദ്യത്തെ സെന്‍സസിന് നേതൃത്വം കൊടുത്തത് ദിവാന്‍ സര്‍ ടി. മാധവറാവു ആയിരുന്നു. എന്നാല്‍ ഇതിനുമുമ്പ് 1816 മുതല്‍ 1820 വരെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ലഫ്റ്റനന്റ് വാര്‍ഡും ലഫ്റ്റനന്റ് കോര്‍ണറും തിരുവിതാംകൂറില്‍ സര്‍വെ നടത്തി. ഒരുപക്ഷേ, തിരുവിതാംകൂറിലെയും കൊച്ചിയിലെയും ആദ്യത്തെ ആധികാരിക സര്‍വെ ഇതായിരിക്കാം. പല്ലക്ക്, കുതിര, മേനാവ് എന്നിവയിലൂടെയും കാല്‍നടയായും സഞ്ചരിച്ചാണ് ഈ സര്‍വയര്‍മാര്‍ തങ്ങളുടെ ദൗത്യം നിര്‍വഹിച്ചത്. ഈ സമയത്ത് സ്വാതിതിരുനാളിനുവേണ്ടി അദ്ദേഹത്തിന്റെ ഇളയമ്മ ഗൗരിപാര്‍വതിഭായിയാണ് രാജ്യം ഭരിച്ചിരുന്നത്.
സര്‍വെ നടക്കുമ്പോള്‍ തിരുവനന്തപുരം ജില്ല തെക്ക് ഡിവിഷന്‍, വടക്ക് ഡിവിഷന്‍ എന്നീ വിഭാഗങ്ങളായിരുന്നു. തെക്ക് ഡിവിഷനില്‍ നെല്ലമണ്‍, പട്ടം, ഉള്ളൂര്‍, കുളത്തൂര്‍, പള്ളിപ്പുറം അധികാരങ്ങളും വടക്കേ സബ്ഡിവിഷനില്‍ വെങ്ങാന്നൂര്‍, പാല്‍കുളം (പാല്‍ക്കുളങ്ങര), വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തോന്നയ്ക്കല്‍ അധികാരങ്ങളുമാണ് ഉണ്ടായിരുന്നത്. തെക്കേ ഡിവിഷനില്‍ 24605 ഉം വടക്കേ ഡിവിഷനില്‍ 18978 ഉം ആയിരുന്നു ജനസംഖ്യ.
1865ല്‍ തിരുവനന്തപുരം നഗരത്തില്‍ മാത്രമായി നടത്തിയ സെന്‍സസ് ഒരുരാത്രിയിലാണ് നടന്നത്. വീടുകളിലും മറ്റ് സ്ഥലങ്ങളിലും കയറിയിറങ്ങിയാണ് ഇത് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിനുവേണ്ട പ്രത്യേക ഫോറം വിതരണം ചെയ്തിരുന്നു. പിടാക, വീട്ടുപേര്, ആളുകളുട എണ്ണം, പുരുഷന്മാര്‍, സ്ത്രീകള്‍, പ്രായപൂര്‍ത്തിയായവര്‍, മൊത്തത്തില്‍ കുഞ്ഞുങ്ങള്‍, ജാതി, മതം, പേര്, തൊഴില്‍ ഇത്രയുമാണ് ഓരോ വീട്ടുകാരും പൂരിപ്പിച്ച് നല്‍കേണ്ടിയിരുന്നത്. ആയിരംരൂപയ്ക്ക് മുകളില്‍ വിലയുള്ള വീടിനെ ഒന്നാംക്ലാസ്സായും നൂറുമുതല്‍ ആയിരം രൂപവരെയുള്ള വീടിനെ രണ്ടാംക്ലാസായും നൂറുരൂപയ്ക്ക് താഴെയുള്ളതിനെ മൂന്നാംക്ലാസായും പരിഗണിക്കാന്‍ ഉത്തരവിലുണ്ട്. ഈ കണക്കെടുപ്പ് ലിസ്റ്റ് പുരാരേഖ വകുപ്പിലുണ്ടാകും. പന്ത്രണ്ടുവര്‍ഷത്തിനുശേഷം (1877) തിരുവിതാംകൂര്‍ സര്‍ക്കാര്‍ കോട്ടയ്ക്കകം, ചാല, ശ്രീവരാഹം, മണക്കാട്, പേട്ട എന്നീ സ്ഥലങ്ങളെ ഉള്‍പ്പെടുത്തി കണ്‍സര്‍വേഷന്‍ നിയമം നടപ്പിലാക്കി. ഇതാണ് ആധുനിക തിരുവനന്തപുരം നഗരത്തിന്റെ തുടക്കം.
