NagaraPazhama

ഈ നൂറ്റിയൊന്നുകാരനോട് ചോദിക്കൂ, നഗരചരിത്രം അറിയണമെങ്കില്‍

Posted on: 28 May 2014

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍



സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ചതും ആയില്യം തിരുനാള്‍ പൂര്‍ത്തിയാക്കിയതുമായ കോട്ടയ്ക്കകത്തെ രംഗവിലാസം കൊട്ടാരം നഗരത്തിലെ പ്രധാന ചരിത്രസ്മാരകമാണ്. അനന്തപുരിയിലെ എത്രയെത്ര കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയിട്ടുള്ള ഈ കൊട്ടാരത്തില്‍ ഒരിക്കല്‍ തിരുവിതാംകൂറിന്റെ ആര്‍ട്ട് ഗ്യാലറി പ്രവര്‍ത്തിച്ചിരുന്നു.

ഇന്നും ഇവിടെയുള്ള ഫോട്ടോ മ്യൂസിയത്തില്‍ ഗതകാല സ്മരണകള്‍ അയവിറക്കാന്‍, എത്രയോ സന്ദര്‍ശകരെത്തുന്നുണ്ട്. ഈ കൊട്ടാരഹാള്‍ മെയ് 24ന് പുതിയൊരു ചരിത്രത്തിന് സാക്ഷ്യംവഹിച്ചു. അത് നഗരത്തിന്റെ കാരണവരായ അഡ്വക്കേറ്റ് കെ. അയ്യപ്പന്‍പിളളയുടെ ശതാബ്ദിയാഘോഷമായിരുന്നു.

നിയമസഭാ സ്പീക്കറും മുന്‍ സ്പീക്കറും മേയറും മുന്‍ ചീഫ് സെക്രട്ടറിമാരും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും എല്ലാം ഉള്‍ക്കൊണ്ട സദസ്സില്‍െവച്ചാണ് നഗരം അദ്ദേഹത്തെ ആദരിച്ചത്. ഈ നഗരത്തിലെ മാത്രമല്ല കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയമണ്ഡലത്തിലെ മാറ്റങ്ങള്‍ക്ക് സാക്ഷിയാകുക മാത്രമല്ല, അതില്‍ ഭാഗഭാക്കാവുകയും ചെയ്ത കാരണവരാണ് അദ്ദേഹം. ചരിത്രത്തോടൊപ്പം നടക്കുന്ന അദ്ദേഹവും അനന്തപുരിയുടെ ചരിത്രത്തില്‍ പടവുകള്‍ സൃഷ്ടിച്ചു.

ഇന്നത്തെ എസ്.എം.വി. സ്‌കൂളിന്റെ എതിര്‍വശത്തുള്ള ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന്റെ മുമ്പിലായിരുന്നു പഴയ കോര്‍പ്പറേഷന്‍ ഓഫീസ്. 1940 ഒക്ടോബര്‍ 31ന് ആണ് കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനായി. 'തിരുവനന്തപുരം കോര്‍പ്പറേഷന്‍' രൂപം കൊണ്ടത്. റിട്ട. ആക്ടിങ് ചീഫ് സെക്രട്ടറി സി.ഒ. മാധവനെ ആദ്യത്തെ മേയറായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആദ്യകാലത്തുതന്നെ അംഗമാകുകയും പഴയ കൗണ്‍സിലര്‍മാരില്‍ കാരണവരായി ജീവിക്കുകയുംചെയ്യുന്ന ആളാണ് അയ്യപ്പന്‍പിള്ള. ഏജീസ് ഓഫീസിനുള്ളിലെ ഓടിട്ട മാനോഹരമായ ഒരു കെട്ടിടം ഇന്നും ഉണ്ട്. അതാണ് പഴയ ലോകോളേജ്. അവിടെ പഠിക്കുകയും ആയുര്‍വേദ കോളേജ് സ്ഥിതിചെയ്യുന്ന ഭാഗത്തെ പഴയ ജില്ലാ കോടതിയിലും സെക്രട്ടേറിയറ്റിനുള്ളിലെ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുകയും ചെയ്ത വക്കീലന്മാരുടെ കാരണവരാണ് അദ്ദേഹം. സെക്രട്ടേറിയറ്റിലെ ഹൈക്കോടതിയില്‍ നടന്ന എത്രയെത്ര സംഭവങ്ങള്‍ അയ്യപ്പന്‍പിള്ളയുടെ മനസ്സില്‍ മങ്ങാതെ നില്‍ക്കുന്നു. അതിലൊന്ന് സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് നടന്ന പാങ്ങോട്-കല്ലറ സമരങ്ങളിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ വിധിച്ചതും അതിലൊരാള്‍ ബോധരഹിതനായി നിലത്തുവീണതുമാണ്. വഞ്ചിയൂരില്‍ ഇന്നത്തെ കോടതി കിടക്കുന്ന കെട്ടിടം മുമ്പ് ശ്രീമൂലവിലാസം (എസ്.എം.വി.) ഹൈസ്‌കൂളായിരുന്നു. സ്‌കൂളിനെ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റിയശേഷം അവിടെ കോടതി സമുച്ചയമാക്കി മാറ്റിയത് ദിവാന്‍ സര്‍. സി.പി.യാണ്. അതിനാല്‍ ഇന്നത്തെ കോടതിയില്‍ പ്രാക്ടീസ് നടത്തിയവരില്‍ കാരണവര്‍ സ്ഥാനം അയ്യപ്പന്‍പിള്ളയ്ക്ക് തന്നെയാണ്.

വഞ്ചിയൂരിലെ എസ്.എം.വി. സ്‌കൂളിലേയും തൊട്ടടുത്തുള്ള സെന്റ്‌ജോസഫ്‌സ് സ്‌കൂളിലേയും വിദ്യാര്‍ഥികള്‍ ഒന്നിച്ച് സമരത്തിലിറങ്ങുന്നത് തടയാന്‍കൂടിയുള്ള ലക്ഷ്യമായിരുന്നു ദിവാന്റേത്. ഇന്നത്തെ എസ്.എം.വി. സ്‌കൂളില്‍ മുമ്പുണ്ടായിരുന്ന പോലീസ്‌കമ്മീഷണര്‍ ഓഫീസ് വഴുതയ്ക്കാട്ടേക്ക് മാറ്റിയശേഷം ആണ് അവിടേക്ക് വഞ്ചിയൂരില്‍നിന്നും സ്‌കൂള്‍മാറ്റി സ്ഥാപിച്ചത്. പാളയത്തുണ്ടായിരുന്ന പെണ്‍പള്ളിക്കൂടം മൂന്നായി വിഭജിച്ച് നഗരത്തിന്റെ മൂന്ന് ഭാഗത്താക്കിയതും സര്‍. സി.പി.യാണ്. അതില്‍ അവശേഷിക്കുന്ന രണ്ട് സ്‌കൂളുകളാണ് മണക്കാട് സ്‌കൂളും, പ്രശസ്തമായ കോട്ടണ്‍ഹില്‍ സ്‌കൂളുമെന്ന് അയ്യപ്പന്‍പിള്ള ഓര്‍ക്കുന്നു.

രാജകീയ പാരമ്പര്യം ഉള്‍ക്കൊണ്ട കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന്, മഹാത്മാഗാന്ധിയുടെ ഉപദേശപ്രകാരം സര്‍ക്കാര്‍ ജോലിവേണ്ടെന്നുെവച്ച് പൊതുരംഗത്ത് ഇറങ്ങിത്തിരിച്ച രാഷ്ട്രീയ - സാമൂഹിക പ്രവര്‍ത്തകരുടെ കാരണവരാണ് അയ്യപ്പന്‍പിള്ള. ഗാന്ധിജിയെ കാണുകയും അദ്ദേഹത്തെ സ്പര്‍ശിക്കാന്‍ ഭാഗ്യംലഭിക്കുകയും ചെയ്ത അയ്യപ്പന്‍പിള്ളയുടെ മനസ്സില്‍ സ്വാതന്ത്ര്യസമരത്തിന്റെ എത്രയോ പോരാട്ട കഥകള്‍ നിറഞ്ഞുനില്‍ക്കുന്നു. പുളിമൂട്ടിലെ ജനറല്‍ പോസ്റ്റോഫീസിന് എതിര്‍വശത്ത് മുമ്പ് ഒരു ഹോട്ടലുണ്ടായിരുന്നു. കുറുപ്പ് നടത്തിയ ആ രാഷ്ട്രീയ ഹോട്ടലിന്റെ മുകള്‍ഭാഗം വക്കീലന്മാരുടെ ഓഫീസായിരുന്നു. അവിടെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നിര്‍ദേശപ്രകാരം 1938ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് ജന്മംകൊണ്ടത്. അതിന്റെ ആദ്യകാല പ്രവര്‍ത്തകന്മാരില്‍ അവശേഷിക്കുന്നവരുടെ കാരണവരും അയ്യപ്പന്‍പിള്ളയാണ്, ഉത്തരവാദഭരണത്തിനുവേണ്ടി പട്ടം താണുപിള്ള, പൊന്നറ ശ്രീധര്‍, സി. കേശവന്‍, ടി.എം. വര്‍ഗീസ്,
എ.ജെ. ജോണ്‍, ആനിമസ്‌ക്രീന്‍ തുടങ്ങിയ ആദ്യകാല നേതാക്കന്മാരോടൊപ്പം പ്രവര്‍ത്തിച്ചവരില്‍ അവശേഷിക്കുന്ന ആളാണ് അയ്യപ്പന്‍പിള്ള. അന്നത്തെ സമരങ്ങളില്‍ പങ്കെടുത്ത കെ.ഇ. മാമന്‍ ഇന്ന് രോഗാതുരനായി കിടക്കുന്നു. അന്ന് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പി.യും എം.എല്‍.എ.യുമായ പി. വിശ്വംഭരന്‍, അയ്യപ്പന്‍പിള്ളയുടെ ശതാബ്ദി ആഘോഷക്കമ്മിറ്റിയുടെ രക്ഷാധികാരിയായത് ചരിത്രനിയോഗമാണ്. നൂറാം വയസ്സിലും ഏകനായി നഗരത്തിലെങ്ങും സഞ്ചരിക്കുകയും ഏത് പൊതുപരിപാടിയിലും കൃത്യസമയത്ത് പങ്കെടുക്കുകയും സുസ്‌മേരവദനനായി നഗരചരിത്രം ആരു ചോദിച്ചാലും വിവരിക്കുകയും ചെയ്യുന്ന അയ്യപ്പന്‍പിള്ള അനന്തപുരിക്ക് കാലംനല്‍കിയ വരദാനമാണ്. കാളവണ്ടിയിലും മണ്ണെണ്ണ വിളക്കിലും ഒതുങ്ങിനിന്ന നഗരത്തിന്റെ വളര്‍ച്ച കമ്പ്യൂട്ടര്‍യുഗത്തിലേക്ക് വളര്‍ന്നതിന്റെ എത്രയോ കഥകള്‍ ആ ഓര്‍മകളില്‍ സൂക്ഷിക്കുന്നു.

ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട 1914ല്‍ ആണ് അയ്യപ്പന്‍പിള്ളയുടെ ജനനം. അദ്ദേഹത്തിന്റെ ജനനത്തിന് നാലുവര്‍ഷം മുമ്പാണ് അനന്തപുരിയില്‍ ആദ്യമായി മോട്ടോര്‍ വാഹനംഎത്തിയത്. നാലുവയസ്സായപ്പോള്‍ (1918 ജനവരി ഒന്നിന്) കൊല്ലത്തുനിന്നും തീവണ്ടി ബിച്ചില്‍ (ചാക്ക) എത്തി. ആദ്യമായി തീവണ്ടിയില്‍ കയറിയ ഓര്‍മ ഇന്നും അദ്ദേഹത്തിനുണ്ട്. ചാക്കയില്‍ യാത്രക്കാര്‍ക്കുവേണ്ടി ഗസ്റ്റ്ഹൗസ് ഉണ്ടായിരുന്നു. തീവണ്ടിവരുന്നതുവരെ ഗതാഗതം വള്ളക്കടവി (കല്പാലകടവ്) ല്‍നിന്നും കനാല്‍ വഴിയായിരുന്നു. അന്ന് നഗരത്തിലെ പ്രധാന യാത്രാവാഹനങ്ങള്‍ വില്ലുവണ്ടികളും ജഡുക്കകളും ഫീറ്റന്‍ വണ്ടികളുമായിരുന്നു. തന്റെ ചെറുപ്പകാലത്ത് മോട്ടോര്‍ വാഹനങ്ങളുടെ പ്രധാന കേന്ദ്രം ഇന്ന് തൈയ്ക്കാട് ടാജ് ഹോട്ടല്‍ സ്ഥിതിചെയ്യുന്ന ഭാഗത്തായിരുന്നു. ഇന്നത്തെ കലാഭവന്‍ തിയേറ്റര്‍ ഭാഗത്താണ് ഈ വാഹനങ്ങളുടെ ഉടമസ്ഥനായിരുന്ന അരുമന ശ്രീനാരയണന്‍തമ്പിയുടെ ഓഫീസ്. കടംകയറി അദ്ദേഹം നട്ടംതിരിഞ്ഞു. തീവണ്ടിയാത്രയ്ക്കിടയിലായിരുന്നു അദ്ദേഹത്തിന്റ മരണം. നഗരത്തിലെ ഇന്നത്തെ പ്രധാന കെട്ടിടങ്ങളെല്ലാം ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാരോ അവരുടെ ഓഫീസോ ആണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അയ്യപ്പന്‍പിള്ള ഓര്‍ക്കുന്നു. ഇന്നത്തെ വിമെന്‍സ് കോളേജ്, ദര്‍ബാര്‍ ഫിസിഷ്യന്റെ ക്വാര്‍ട്ടേഴ്‌സായിരുന്നു. ഇപ്പോഴത്തെ പോലീസ് കമ്മീഷണര്‍ ഓഫീസ് റസിഡന്‍സി ആശുപത്രിയും സാനഡു വിമെന്‍സ് കോളേജ് പ്രിന്‍സിപ്പളിന്റെ വസതിയും തൈയ്ക്കാട് ഹൗസ് ഇന്ത്യന്‍ അസി. റസിഡന്റിന്റേയും താമസസ്ഥലമായിരുന്നു. ക്ലിഫ്ഹൗസില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ റോബിന്‍സണ്‍ മുമ്പ് താമസിച്ചിരുന്നു. കന്റോണ്‍മെന്റ് ഹൗസില്‍ പട്ടാളമേധാവിയാണ് താമസിച്ചിരുന്നത്. ആര്യശാലയില്‍ വീരരാഘവ അയ്യരാണ് നഗരത്തില്‍ ആദ്യമായി പെട്രോള്‍പമ്പ് സ്ഥാപിച്ചതെന്ന് അയ്യപ്പന്‍പിള്ള ഓര്‍ക്കുന്നു. ഇങ്ങനെ നഗരത്തിന്റെ നൂറായിരം ഓര്‍മകളുമായി നൂറ്റിയൊന്നാം വയസ്സിലേക്ക് നടന്നു നീങ്ങിയ അയ്യപ്പന്‍പിള്ള ചരിത്രവഴിത്താരയിലെ പ്രകാശവിളക്കാണ്.




MathrubhumiMatrimonial