
ഒരു കാലത്ത് അവരും തിരഞ്ഞെടുപ്പുഫലം കാത്തിരുന്നവരായിരുന്നു
Posted on: 13 May 2014
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
നഗരപ്പഴമ


ഇ.എം.എസ്, പട്ടം താണുപിള്ള, ആര്‍. ശങ്കര്‍, കെ. കരുണാകരന്‍, സി. കേശവന്‍, ടി.എം. വര്‍ഗീസ്, ആനി മസ്‌ക്രീന്‍, അക്കമ്മ ചെറിയാന്‍
കാലം ഒരു ഇന്ദ്രജാലക്കാരനാണെന്ന് തോന്നിേപ്പാകും പലപ്പോഴും. എത്രയെത്ര സംഭവങ്ങളാണ് കാലക്കടലില്‍ മിന്നി മറഞ്ഞുകൊണ്ടിരിക്കുന്നത്. രാജഭരണത്തിന്റെ അവസാനവും ജനാധിപത്യത്തിന്റെ ഉദയവും മന്ത്രിസഭകളുടെ ഉയര്‍ച്ചയും തകര്‍ച്ചയും ആദ്യത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ ഇങ്ങോട്ടുള്ള സംഭവങ്ങളും ഓര്‍ക്കുന്ന എത്രയോ പഴമക്കാര്‍ ഈ നഗരത്തിലുണ്ട്. ബ്രിട്ടീഷ് ഭരണത്തിനും രാജഭരണത്തിനും എതിരായി നടന്ന സമരങ്ങള്‍, അടിയുടെയും വെടിയുടെയും ഓര്‍മകള്‍, രാജഭരണവും ഇംഗ്‌ളീഷ് ഭരണവും ഒരിക്കലും മാറില്ലെന്ന് കരുതിയിരുന്ന ഒരു വിഭാഗം ജനങ്ങള്‍, അതേസമയം ജനരോഷത്തിന്റെ മുമ്പില്‍ സാമ്രാജ്യവും രാജാക്കന്മാരുടെ കിരീടവും ചെങ്കോലും തെറിച്ചുപോകുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന സ്വാതന്ത്ര്യ പ്രേമികള്‍. ഇതെല്ലാം ഈ മഹാനഗരം കണ്ടു.അന്നെല്ലാം ഇന്നത്തെ സെക്രട്ടേറിയറ്റി (ഹജൂര്‍കച്ചേരി) ല്‍ ഉയര്‍ന്നു പറന്നത് തിരുവിതാംകൂറിന്റെ ശംഖ് ആലേഖനം ചെയ്ത ചുവന്ന കൊടിയായിരുന്നു. ഇന്നത്തെ ഗസ്റ്റ് ഹൗസിനു സമീപം സ്ഥിതിചെയ്യുന്ന മനോഹരമായ റസിഡന്‍സി മന്ദിരം ഇംഗ്‌ളീഷ് കാലഘട്ടത്തിന്റെ കഥപറയുന്നു.
ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി ഭരണം നിയന്ത്രിച്ചിരുന്ന റസിഡന്റിന്റെ ആസ്ഥാനം അവിടെയായിരുന്നു. അതിന്റെ മുമ്പില്‍ വലിയൊരു കൊടിമരം ഇന്നും കാണാം. അതില്‍ പറന്നിരുന്നത് യൂണിയന്‍ ജാക്ക് ആയിരുന്നു. അവിടെ ഉണ്ടായിരുന്ന അവസാനത്തെ റസിഡന്റ് എഡ്വേര്‍ഡും ഭാര്യയും വികാര നിര്‍ഭരരായിട്ടാണ് സ്വാതന്ത്ര്യലബ്ധിയുടെ നാലാംനാള്‍ നഗരത്തോട് വിടപറഞ്ഞത്. അന്നുതന്നെയാണ് അവസാനത്തെ ദിവാന്‍ സര്‍. സി.പി. യാത്ര പറഞ്ഞത്.
പിന്നീടുള്ള ദിനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ കുളിര്‍കാറ്റ് നിറഞ്ഞവയായിരുന്നു.
പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂറില്‍ നടന്ന തിരഞ്ഞെടുപ്പ് ഉത്സവപ്രതീതി സൃഷ്ടിച്ചു. അതിനുശേഷവും പലതും സംഭവിച്ചു. സി.പിക്ക് പകരം ഒഫിഷ്യയേറ്റിങ് ദിവാനായ പി.ജി.എന്‍. ഉണ്ണിത്താന്‍ സെക്രട്ടേറിയറ്റിനോട് വിട പറഞ്ഞു. തന്റെ കസേരയില്‍ പുതിയ പ്രധാനമന്ത്രിയായ പട്ടം എ. താണുപിള്ളയെ പിടിച്ചിരുത്തിയിട്ടാണ് ഉണ്ണിത്താന്‍ വിടവാങ്ങിയത്. പിന്നെ രാജാവിന്റെ കീഴിലുള്ള ജനാധിപത്യ (ഉത്തരവാദഭരണ) ഭരണകാലം. തിരുവിതാംകൂറും കൊച്ചിയും പിന്നീട് ഒന്നായി. മഹാരാജാവ് 1949 ല്‍ രാജപ്രമുഖനായി. 1956 നവംബര്‍ ഒന്നിന് ഐക്യകേരളം നിലവില്‍വന്നു.
പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യകേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി ഇ.എം.എസ്. നമ്പൂതിരിപ്പാട് അധികാരത്തില്‍ വന്നു. ഇപ്പോള്‍ പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് ഇന്ത്യയിലെ ജനകോടികള്‍. മെയ് 16 ന് ശേഷം അറിയാം. എന്നാല്‍ ഒരു കാലത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പലപ്രാവശ്യവും ഫലം കാത്തിരിക്കുകയും ചെയ്ത നേതാക്കളില്‍ എത്രയോപേര്‍ ഇന്ന് പ്രതിമകളായി അനന്തപുരിയില്‍ നില്‍ക്കുന്നു.
നാല് മുഖ്യമന്ത്രിമാര്‍, കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി, ഒരു തിരുകൊച്ചി മുഖ്യമന്ത്രി, തിരുകൊച്ചി ആദ്യ സ്പീക്കര്‍ തുടങ്ങിയവരെ ഈ പ്രതിമയുടെ കൂട്ടത്തില്‍ കാണാം. കേരളത്തില്‍ ജനാധിപത്യത്തിന്റെ തുടക്കക്കാരും രാഷ്ട്രീയരംഗത്തെ അതികായന്മാരും ഇക്കൂട്ടത്തിലുണ്ട്.
ജനനായകരുടെ പ്രതിമകളില്‍ പ്രധാനം നിയമസഭയ്ക്ക് മുമ്പിലുള്ള ഇ.എം.എസിന്റെതാണ്. ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയാകാനുള്ള ചരിത്രനിയോഗം അദ്ദേഹത്തിനായിരുന്നു. ഒരിക്കല്‍ കോഴിക്കോട് സാമൂതിരിയും പിന്നീട് തിരുവിതാംകൂറിലെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുമെല്ലാം സ്വപ്നം കണ്ടതാണ് 'കേരള ചക്രവര്‍ത്തി' സ്ഥാനം. പലതായി കിടന്ന അന്നത്തെ കേരളത്തെ ഒന്നാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. എന്നാല്‍ സ്വാതന്ത്ര്യസമരകാലത്ത് മലയാളികളുടെ ചിരകാല സ്വപ്നമായി മാറി ഐക്യകേരളം . 1909 ല്‍ ഏലംകുളം മനയില്‍ ജനിച്ച് കോണ്‍ഗ്രസിലൂടെ പൊതുരംഗത്ത് എത്തി പലപ്രാവശ്യം ജയില്‍വാസം അനുഭവിക്കുകയും പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റും, കമ്മ്യൂണിസ്റ്റ് നേതാവുമായിമാറിയ ഈ മലബാറുകാരനായിരിക്കും ഐക്യ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി എന്ന് ആരും കരുതിക്കാണില്ല. നിയുക്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയ്ക്ക് തലേദിവസം മുഷിഞ്ഞ മുണ്ടും ഷര്‍ട്ടും ധരിച്ച് തലസ്ഥാനത്ത് എത്തിയ ഇ.എം.എസ്സിന്റെ ചിത്രം പലരും ഇന്നും ഓര്‍ക്കുന്നുണ്ട്. കേരള രൂപവത്കരണം മുതല്‍ 1998 മാര്‍ച്ച് 19 ന് അന്തരിക്കുന്നതുവരെ കേരള രാഷ്ട്രീയവും ഒരു പരിധിവരെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ശക്തി കേന്ദ്രമായിരുന്നു ഇ.എം.എസ്.
കേരള രാഷ്ട്രീയ ചരിത്രപടവുകള്‍ എല്ലാം ചവിട്ടിക്കയറിയ നേതാവായിരുന്നു പട്ടം താണുപിള്ള. തിരുവിതാംകൂര്‍ 'പ്രധാനമന്ത്രി' തിരുകൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി, പിന്നീട് വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പട്ടത്തിന്റെ പ്രതിമയാണ് വി.ജെ.ടി. ഹാളിനു മുമ്പില്‍ നില്‍ക്കുന്നത്. 1885 ജൂലായ് 15 ന് തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹമാണ് തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നും ജനകീയഭരണം ഏറ്റുവാങ്ങിയ ആദ്യത്തെ ജനനായകന്‍. പട്ടം താണുപിള്ള അനന്തപുരിയുടെ ജനലക്ഷങ്ങളുടെ മനസില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു. 1970 ജൂലായില്‍ അദ്ദേഹം അന്തരിച്ചു.
കനകക്കുന്ന് കൊട്ടാര കോമ്പൗണ്ടില്‍ റോഡരികത്തായി സ്ഥാനം പിടിച്ചിരിക്കുന്ന കെ. കരുണാകരന്റെ പ്രതിമ പറയുന്നത് കേരള രാഷ്ട്രീയത്തിന്റെ കയ്പും മധുരവും നിറഞ്ഞ ഓര്‍മകളാണ്. ഒരു പക്ഷേ ഇത്രയും തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്ന മുഖ്യമന്ത്രി കേരളത്തിലുണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. പക്ഷേ, പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാനും തന്ത്രങ്ങളിലൂടെ മുന്നേറാനുമുള്ള മനക്കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് അനുയായികളുടെ മനസില്‍ 'ലീഡര്‍' ആയി അദ്ദേഹത്തിന്റെ സ്മരണ ഇന്നും നിലനില്‍ക്കുന്നത്. അവര്‍ക്ക് കരുണാകരന്‍ ആവേശമാണ്. 1918 ജൂലായില്‍ കണ്ണൂരിലെ ചിറയ്ക്കലില്‍ ജനിച്ച അദ്ദേഹം തിരുകൊച്ചി നിയമസഭാംഗം, കേരള പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നീനിലയില്‍ രാഷ്ട്രീയ ചരിത്രത്തിലെ സജീവ സാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് ഫലം കൂട്ടിയും കുറച്ചും സജീവമായിരുന്നു അദ്ദേഹം. 2010 ഡിസംബറിലാണ് അന്തരിച്ചത്.
മറ്റൊരു മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമയാണ് പാളയത്ത് സ്ഥാനം പിടിച്ചിട്ടുള്ളത്. 1909ല്‍ കൊല്ലം ജില്ലയിലെ പുത്തൂരില്‍ ജനിച്ച അദ്ദേഹം സ്വാതന്ത്ര്യസമരത്തിലൂടെയും സാമുദായിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെയും ആണ് രാഷ്ട്രീയരംഗത്ത് എത്തിയത്. എതിരാളികള്‍ക്കു മുമ്പില്‍ പതറാത്ത ശങ്കര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലീഡര്‍, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു. 1972 ല്‍ ആയിരുന്നു അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.
മ്യൂസിയത്തിന്റെ മുമ്പില്‍ സ്ഥാനം പിടിച്ചിരിക്കുന്ന സി. കേശവന്റെയും കേശവദാസപുരത്ത് നില്‍ക്കുന്ന ടി.എം. വര്‍ഗീസിന്റെയും പ്രതിമകള്‍ക്ക് പറയാനുള്ളത് രാജഭരണവും ദിവാന്‍ഭരണവും അവസാനിപ്പിച്ച് ജനാധിപത്യത്തിനു വേണ്ടി നടത്തിയ ധീരോജ്വലമായ സമരകഥകളാണ്. 1891 മെയ് മാസം മയ്യനാട്ട് ജനിച്ച സി. കേശവന്‍ ദിവാന്‍ സര്‍. സി.പി.യുടെ കണ്ണിലെ കരടായിരുന്നു. സി.പിയ്‌ക്കെതിരെ പ്രസംഗിച്ചതിന്റെ പേരിലുള്‍പ്പെടെ പല പ്രാവശ്യം അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ്, തിരുവിതാംകൂര്‍ മന്ത്രി, തിരുകൊച്ചി മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1969 ജൂലായില്‍ അന്തരിച്ചു. ദിവാന്‍ ഭരണത്തിനെതിരെ നിലയുറപ്പിച്ച ടി.എം. വര്‍ഗീസ് 1885 ല്‍ മാവേലിക്കരയിലാണ് ജനിച്ചത്. തിരുവിതാംകൂര്‍ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായ അദ്ദേഹം, സി. കേശവനെ അനുകൂലിച്ചതിന്റെ പേരില്‍ ദിവാന്‍ സര്‍. സി.പിയുടെ കോപത്തിന് ഇടയാക്കി. പിന്നീട് അവിശ്വാസപ്രമേയത്തിലൂടെ പദവി തെറിപ്പിക്കാന്‍ സി.പിക്ക് കഴിഞ്ഞു. തിരുവിതാംകൂര്‍ മന്ത്രി, തിരുകൊച്ചി നിയമസഭയിലെ ആദ്യ സ്പീക്കര്‍, തിരുകൊച്ചി മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1961 ഡിസംബറില്‍ അന്തരിച്ചു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഫലം കാത്തിരിക്കുകയും ചെയ്തിരുന്ന വനിതകളുടെയും പ്രതിമകള്‍ തലസ്ഥാനത്ത് ഉണ്ട്. അതാണ് വിമന്‍സ് കോളേജിനു മുമ്പിലുള്ള ആനിമസ്‌ക്രിന്റെയും രാജ്ഭവനു മുമ്പിലുള്ള അക്കമ്മ ചെറിയാന്റെയും പ്രതിമകള്‍.
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായിരുന്ന ആനിമസ്‌ക്രീന്‍ 1902 ല്‍ തിരുവനന്തപുരത്ത് ജനിച്ചു. തിരുവിതാംകൂര്‍ നിയമസഭാംഗം, തിരുകൊച്ചി മന്ത്രി, ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭയിലെ അംഗം, തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ ആദ്യ അംഗം എന്നീ നിലകളില്‍ അവര്‍ പ്രവര്‍ത്തിച്ചു. തിരുകൊച്ചി മന്ത്രിസഭയില്‍ അംഗമായിരുന്ന ആനിമസ്‌ക്രിന്‍ ആണ് മലയാളക്കരയിലെ ആദ്യ വനിതാ മന്ത്രി. 1963 ജൂലായില്‍ അവര്‍ അന്തരിച്ചു.
സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തപ്പോള്‍ തിരുവിതാംകൂര്‍ മഹാരാജാവിന് നിവേദനം നല്‍കാന്‍ ജോണ്‍ ഓഫ് ആര്‍ക്കിനെപ്പോലെ പതിനായിരങ്ങളെ നയിച്ച അക്കമ്മ ചെറിയാന്‍ 1909 ഫിബ്രവരിയില്‍ കാഞ്ഞിരപ്പള്ളിയിലാണ് ജനിച്ചത്. തിരുവിതാംകൂര്‍ നിയമസഭാംഗമായിരുന്ന അവര്‍ 1982 ലാണ് അന്തരിച്ചത്.
