
സ്വാതിതിരുനാളിനോട് അനീതികാട്ടിയ തലസ്ഥാനം
Posted on: 30 Apr 2014

ജനാധിപത്യ യുഗത്തില്‍ രാജാക്കന്മാരുടെ സ്മരണപുതുക്കലും അവരെ പ്രകീര്‍ത്തനങ്ങള്‍െകാണ്ട് പൊതിയലും ശരിയല്ലെന്ന് വാദിക്കുന്നവരുണ്ട്. അത് അവരുടെ വിശ്വാസപ്രമാണങ്ങളാകാം. ചരിത്രം ഇന്നിന്റെ മാത്രമല്ല, ഇന്നലെകളുടെയും ആകെത്തുക കൂടിയാണെന്നതാണ് യാഥാര്‍ഥ്യം. ഇന്നുകാണുന്ന സാമൂഹ്യമാറ്റവും പുരോഗതിയും ഒറ്റദിവസംകൊണ്ട് ഉണ്ടായതല്ല. അതിന് നൂറ്റാണ്ടുകളുടെ പരിണാമ ചരിത്രമുണ്ട്. അതില്‍, അതത് കാലഘട്ടത്തിലെ അധ്വാനവര്‍ഗങ്ങളെപ്പോലെയോജനനായകന്മാരെപ്പോലെയോ പരിഷ്‌കാരങ്ങളും പരിവര്‍ത്തനങ്ങളും ആഗ്രഹിച്ച ചക്രവര്‍ത്തിമാരുടെയും മഹാരാജാക്കന്മാരുടെയും പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു.
ഇന്നില്‍നിന്ന് കൊണ്ടല്ല ആ കാലഘട്ടത്തില്‍ നിന്നുകൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍.
ഇംഗ്ലീഷ് ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ ശക്തിയുടെയും മുഷ്‌കിന്റെയും മുള്‍കിരീടം ചൂടി എത്രയോ രാജാക്കന്മാരും ദിവാന്മാരും ഒരുകാലത്ത് മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ട് ഇവിടം ഭരിച്ചിരുന്നു. ജീവിതം ശപിച്ചുകൊണ്ടായിരുന്നു അവര്‍ ഭരണം നടത്തിയിരുന്നത്.
അവസാനം ഗത്യന്തരമില്ലാതെ അവരില്‍ പലരും കമ്പനിക്ക് എതിരെ യുദ്ധംചെയ്ത് മരണംവരിച്ചു. ഇംഗ്ലീഷുകാര്‍ എത്രവലിയ ശക്തിയായാലും ഞാന്‍ അവരോട് യുദ്ധംചെയ്യും എന്ന് പ്രഖ്യാപിച്ച് കമ്പനിയുമായി ഏറ്റുമുട്ടി മരണംവരിച്ച പഴശ്ശിരാജയുടെ ചരിത്രം ഇന്ന് ധീരതയുടെ പ്രതീകമായി നിലനില്‍ക്കുന്നു. പിന്നീട് കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ചനും തിരുവിതാംകൂര്‍ ദിവാന്‍ വേലുത്തമ്പി ദളവയും കമ്പനിക്ക് എതിരെ പടനയിച്ചു. ഇതിനുശേഷമാണ് സ്വാതിതിരുനാള്‍ 1829ല്‍ തിരുവിതാംകൂര്‍ മഹാരാജാവായത്.
1813ല്‍ ജനിച്ച സ്വാതിതിരുനാള്‍ പതിനാറാം വയസ്സിലാണ് രാജാവായത്. ഇന്ത്യന്‍ നേവാഥാനത്തിന്റെ പിതാവായ രാജാറാം മോഹന്‍റോയിെയക്കാള്‍ നാല്പത്തിയൊന്ന് വയസ് പ്രായം കുറവായിരുന്നു സ്വാതിതിരുനാളിന്. പക്ഷേ രണ്ടുപേരുടെയും ചിന്താഗതി സമമായിരുന്നു. മോഹന്‍റോയിയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് 1829ല്‍ ഗവര്‍ണര്‍ ജനറല്‍ വില്യംബന്റിക് പ്രഭു ഇന്ത്യയിലെ ഏറ്റവും വലിയ ദുരാചാരമായ 'സതി' നിര്‍ത്തലാക്കിയത്. ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയെക്കൂടി തള്ളിയിട്ട് ദഹിപ്പിക്കുന്ന ആചാരമായിരുന്നു സതി. എന്നാല്‍ അതേവര്‍ഷം തന്നെയാണ് പതിനാറുകാരനായ സ്വാതിതിരുനാള്‍ 'ശുചീന്ദ്രം കൈമുക്ക്' തുടങ്ങിയ പ്രാകൃത ആചാരങ്ങളും പരിഷ്‌കാരങ്ങളും നിര്‍ത്തലാക്കിയത്. കുറ്റംചെയ്യുന്നവരെ മര്‍ദ്ദിച്ച് ഓടിക്കുക, സ്ത്രീകളെ തല മുണ്ഡനംചെയ്ത് കല്ലെറിഞ്ഞ് ഓടിക്കുക തുടങ്ങിയ പ്രാകൃത ശിക്ഷാനടപടികള്‍ അവസാനിപ്പിച്ച് ഒരു സിവില്‍ കോഡ് നിര്‍മിച്ചും കോടതികള്‍ സ്ഥാപിച്ചും സാമൂഹ്യരംഗത്ത് അദ്ദേഹം മാറ്റംവരുത്തി. ഇംഗ്ലീഷ് വിദ്യാഭ്യാസം, ഇംഗ്ലീഷ് ആശുപത്രി, സര്‍ക്കാര്‍ അച്ചുക്കൂടം, നക്ഷത്ര ബംഗ്ലാവ്, പബ്ലിക് ലൈബ്രറി, ടൗണ്‍പോലീസ്, വാഹനനിയന്ത്രണ ചട്ടങ്ങള്‍, ജനസംഖ്യ കണക്കെടുപ്പ് തുടങ്ങി എത്രയോ കാര്യങ്ങള്‍ക്ക് 1846 വരെയുള്ള അദ്ദേഹത്തിന്റെ ഭരണത്തിന് ഈ നഗരം സാക്ഷ്യംവഹിച്ചു.
കോട്ടയ്ക്കകത്തുണ്ടായിരുന്ന മൃഗശാലയില്‍ കൂടുതല്‍ മൃഗങ്ങളെ വരുത്തി പരിഷ്‌കരിച്ചതും നഗരത്തില്‍ നവരാത്രി ഘോഷയാത്രക്കും പൂജപ്പുര എഴുന്നള്ളത്തിനും തുടക്കം കുറിച്ചതും സ്വാതിയാണ്. സ്വാതിയുടെ കാലഘട്ടം ഭരണപരിഷ്‌കാരങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും മാത്രമല്ല, കലയുടെയും സംഗീതത്തിന്റെയും പൂക്കാലമായിരുന്നു. അദ്ദേഹം തന്നെ മഹാനായ കലാകാരനും കീര്‍ത്തനങ്ങളുടെ കര്‍ത്താവും വിവിധ ഭാഷകളിലെ പണ്ഡിതനുമായിരുന്നു. തഞ്ചാവൂരിലെ ശരഭോജി രാജാവിനെ ഇംഗ്ലീഷ് സര്‍ക്കാര്‍ തടവിലാക്കിയതോടെ കലാകാരന്മാരുടെ തീര്‍ഥാടനഭൂമി തിരുവനന്തപുരം ആയി. അവരെയെല്ലാം ആദരിച്ചും സമ്മാനങ്ങള്‍ നല്‍കിയും സ്വാതി പ്രോത്സാഹിപ്പിച്ചു. ഒരുപക്ഷേ സ്വാതിയുടെ കാലത്ത് ബ്രിട്ടീഷ് ഇന്ത്യയില്‍ തിരുവിതാംകൂറിനെപ്പോലെ കലയുടെയും പരിഷ്‌കാരങ്ങളുടെയും വിളനിലമായ മറ്റൊരു ഇന്ത്യന്‍ നാട്ടുരാജ്യം ഉണ്ടായിരുന്നുവോ എന്ന് സംശയമാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യന്‍ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് എത്രയോ മുമ്പാണ് സ്വാതി ഇവിടെ പലതും നടപ്പിലാക്കിയത്. അക്കാലത്ത് അനന്തപുരി സന്ദര്‍ശിച്ച റഷ്യന്‍ രാജകുമാരന്‍ സോള്‍ട്ടിക്കോവ് സ്വാതിയെപ്പറ്റി എഴുതിയിട്ടുണ്ട്. റഷ്യന്‍ഭാഷയില്‍ എഴുതിയ ഈ പുസ്തകത്തില്‍ നിന്നാണ് കാറല്‍മാര്‍ക്‌സ് ഇന്ത്യയെപ്പറ്റി ആദ്യം പഠിച്ചതെന്ന് പറയുന്നു. കാറല്‍മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്ന് എഴുതിയ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ' 1848ല്‍ ആണ് പ്രസിദ്ധീകരിച്ചത്. അതിന് രണ്ടു വര്‍ഷം മുമ്പാണ് സ്വാതി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.
ഇന്ത്യയിലെ ഇംഗ്ലീഷ് ഭരണത്തിന്റെ ചൂഷണത്തിനെതിരെ പഠനം നടത്തിയിട്ടുള്ള മഹാനായിരുന്നു കാറല്‍മാര്‍ക്‌സ്. എന്നാല്‍ മാര്‍ക്‌സിനെക്കാള്‍ മുമ്പേ ഇംഗ്ലീഷുകാരുടെ ചൂഷണം മനസ്സിലാക്കിയ ആളായിരുന്നു സ്വാതി. ചാള്‍സ് ഡാന്‍വിന്‍ തുടങ്ങിയ വിശ്വപ്രസിദ്ധരായ ശാസ്ത്രജ്ഞന്മാര്‍ ജീവിച്ചിരുന്ന കാലമായിരുന്നു സ്വാതിയുടേത്. ആ കാലഘട്ടത്തിലെ ശാസ്ത്രകാര്യങ്ങള്‍ സ്വാതിയെ സ്വാധീനിച്ചുവെന്നതിന്റെ തെളിവാണ് അനന്തപുരിയിലെ നക്ഷത്രബംഗ്ലാവും അന്ന് അദ്ദേഹം ഇംഗ്ലണ്ടില്‍നിന്ന് വരുത്തിയ ടെലിസ്‌കോപ്പും. അത് ഇന്ന് അവിടെയുണ്ട്. സര്‍ക്കാര്‍ പ്രസ്സിലേക്ക് വിദേശത്തുനിന്നും അദ്ദേഹം വരുത്തിയ യന്ത്രങ്ങള്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് സൊസൈറ്റി േഫാര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് എന്ന സംഘടനയില്‍ ഓണററി ഫെലോ ആയിരുന്നു സ്വാതി. അതുകൊണ്ടുതന്നെയാണ് ഇംഗ്ലണ്ടില്‍പോലും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം ഉണ്ടായത്. തിരുവനന്തപുരം നഗരത്തിന്റെ ശില്പി സ്വാതിയാണ്. ഈ നഗരം ആധുനീകരിക്കുന്നതിന് ആദ്യനടപടി തുടങ്ങിയത് അദ്ദേഹമായിരുന്നു. പക്ഷേ ഈ നഗരം അദ്ദേഹത്തോട് നീതികാട്ടിയോ? ഇരുന്നൂറാം ജന്മവാര്‍ഷികം കഴിഞ്ഞവര്‍ഷം ആരംഭിച്ചുവെങ്കിലും പരിപാടികള്‍ ശുഷ്‌കമായിരുന്നു. അദ്ദേഹത്തിന്റെ പ്രതിമ മ്യൂസിയത്തിന് എതിര്‍വശത്തുള്ള കല്‍മണ്ഡപത്തില്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ആ സ്ഥലം കാടുപിടിച്ചുകിടക്കുന്നു. ഇരുന്നൂറാം ജന്മവാര്‍ഷിക സമാപനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ലക്ഷ്മി ദേവദാസ് ഇംഗ്ലീഷില്‍ മനോഹരമായ ഒരു സ്വാതി ചിത്രകഥ തലസ്ഥാനത്ത് പ്രസിദ്ധീകരിച്ചു. ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍ ആയിരുന്നു ഇതിന്റെ പിന്നില്‍. അതുകൂടാതെ നടന്ന പ്രധാന പരിപാടി പിരപ്പന്‍കോട് മുരളി എഴുതിയ 'സ്വാതിതിരുനാള്‍' എന്ന നാടകം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തതും അദ്ദേഹവുമായി അഭിമുഖം നടത്തിയതുമാണ്. സ്വാതിക്ക് ഇത്രയും മതിയോ? സാംസ്‌കാരികരംഗം ആലോചിക്കട്ടെ.തിരുത്ത്: 'സര്‍ സി.പിയെ വെട്ടിയസ്ഥലത്തുനിന്നും തിരഞ്ഞെടുപ്പ് ഉപകരണങ്ങളുമായി' എന്ന ഏപ്രില്‍ 14ലെ നഗരപ്പഴമയില്‍ 'ഐക്യകേരള രൂപവത്കരണത്തിനുശേഷം ആദ്യമായി കേരളത്തില്‍ നടന്ന 1952ലെ തിരഞ്ഞെടുപ്പില്‍' എന്ന് എഴുതിയത് ശരിയല്ല. 'ഐക്യകേരള രൂപവത്കരണത്തിനുമുമ്പ് ആദ്യമായി നടന്ന 1952ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്' എന്നതാണ് ശരി.
