NagaraPazhama

മേസ്തിരികളെ തേടി

Posted on: 23 Mar 2014

അഡ്വ. ടി.ബി. സെലുരാജ്‌



കുളങ്ങളുടെയും കായലുകളുടെയും നാടാണ് ആലപ്പുഴയിലെ എന്റെ കൊച്ചു ഗ്രാമം. പച്ചക്കറി വയലുകളിലെ കുളങ്ങളെ ഞങ്ങള്‍ വെള്ളരിക്കുളമെന്നാണ് വിളിച്ചു വന്നിരുന്നത്. കുളിക്കാനുള്ള കുളത്തിനെ കുളിക്കുളമെന്നും പാത്രം കഴുകുവാനുള്ള കുളത്തെ പാത്രക്കുളമെന്നും ഞങ്ങള്‍ വിളിച്ചുപോന്നു. വേനല്‍ക്കാലത്ത് മരത്തടികള്‍ വളയാതിരിക്കാന്‍ ഞങ്ങളവയെ കുളത്തിലിടുമായിരുന്നു. അത്തരം കുളങ്ങളെ തടിക്കുളമെന്നാണ് വിളിച്ചുവന്നിരുന്നത്. കയര്‍ വ്യവസായത്തിന്റെ നാടായതിനാല്‍ തൊണ്ട് ചീയിക്കുവാനുള്ള കുളത്തെ ചകരിക്കുളമെന്നും കാളകളെ കുളിപ്പിക്കുന്ന കുളത്തിന് കാളക്കുളമെന്നുമായിരുന്നു ഞങ്ങള്‍ പേരിട്ടിരുന്നത്. ഇതൊക്കെ കണ്ടും കേട്ടുമറിഞ്ഞിരുന്ന ഞങ്ങളുടെ ബാല്യത്തിലേക്ക് മേസ്തിരിയെന്ന പദം കടന്നുവന്നത് തികച്ചും യാദൃച്ഛികമായി. തറവാട്ടിലൊരു കിണര്‍ കുഴിക്കുകയെന്ന ആശയം കാരണവരുടെ തലയിലാണോ ഉദിച്ചതെന്ന് വ്യക്തമായി ഓര്‍മ്മയില്ല. നാളെ മേസ്തിരി വരുമെന്നും കിണര്‍പണി തുടങ്ങുമെന്നും അടുക്കളയെന്ന തടവറയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ജാനകിചേച്ചിയാണ് പറഞ്ഞുതന്നത്. കിണറെന്നത് അക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിനൊരത്ഭുതമായിരുന്നു. കൈയില്‍ തൂക്കുകട്ടയുമായെത്തിയ അദ്ദേഹത്തെ ഞങ്ങള്‍ കുട്ടികളൊരു അത്ഭുതവസ്തുവായിട്ടാണ് നോക്കിക്കണ്ടത്. എന്താണ് മേസ്തിരിയെന്ന് ചോദിച്ചാല്‍ കിണര്‍പണിക്കാരന്‍ എന്നു ഞങ്ങള്‍ ഉത്തരം പറയുമായിരുന്നു. പിന്നീട് അതുല്യ നടനായ ശങ്കരാടിയുടെ 'കള്ളിച്ചെല്ലമ്മ'യിലെ മേസ്തിരിയും 'വെള്ളാനയുടെ നാട്ടില്‍' എന്ന സിനിമയിലൂടെയും മേസ്തിരിയെന്ന പദത്തിന് ഞങ്ങള്‍ മറ്റര്‍ത്ഥങ്ങള്‍ കണ്ടെത്തി. 'മേല്‍നോട്ടം വഹിക്കുന്നവന്‍', 'പ്രധാന പണിക്കാരന്‍' എന്നിങ്ങനെയാണ് ഇതിന്റെ അര്‍ത്ഥമെന്ന് ശബ്ദതാരാവലിയില്‍ ഇന്നിപ്പോള്‍ പഠിപ്പിക്കുന്നു. കൂടുതലായി എഴുതുന്നില്ല. ഇന്നു രാവിലെ പന്നിയങ്കരയില്‍നിന്നും എ.ഐ.ആറില്‍നിന്നും റിട്ടയര്‍ ചെയ്ത ഒരു നമ്പീശന്‍ വിളിച്ചിരുന്നു. വാനോളം 'പൈതൃക'ത്തെ പുകഴ്ത്തിയ നമ്പീശന്‍ ആമുഖമായ ഒന്നാം ഖണ്ഡിക ചിലപ്പോള്‍ നീണ്ടുപോകുന്നില്ലേ എന്നൊരു അഭിപ്രായം പ്രകടിപ്പിച്ചു. ചരിത്രം കോളേജിലെ ചരിത്രാധ്യാപകരും വിദ്യാര്‍ത്ഥികളും മാത്രം അറിഞ്ഞിരിക്കേണ്ട ഒരു വിഷയമായി 'പൈതൃക'ത്തിന് തോന്നുന്നില്ല. ചരിത്രം സാധാരണക്കാരനിലേക്കും എത്തേണ്ടതായിട്ടുണ്ട്. അതുകൊണ്ടാണ് ലഘുവായി ഒന്നാം ഖണ്ഡികയിലൂടെ സാധാരണക്കാരനിലേക്ക് ചരിത്രമെത്തിക്കാന്‍ 'പൈതൃകം' ശ്രമിക്കുന്നത്.
ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പൊതുമരാമത്ത് വകുപ്പില്‍ പല തസ്തികകളുമുണ്ട്. സൂപ്പര്‍വൈസര്‍, ഓവര്‍സിയര്‍, ഡ്രാഫ്റ്റ്സ്മാന്‍ എന്നിങ്ങനെ പലതും. എന്നാല്‍ ചുകപ്പുകോട്ടയും താജ്മഹലുകളും സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്നുള്ള ചോദ്യം തികച്ചും ന്യായം. പാലങ്ങളും റോഡുകളും ആവിര്‍ഭാവംചെയ്ത ഒരു കാലഘട്ടത്തില്‍ ഇത്തരം തസ്തികകളൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. ഒരെഴുത്തിലൂടെ 1839-ല്‍ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥിതിയെന്തായിരുന്നു എന്ന് വെളിപ്പെടുകയാണിവിടെ.

1839 മെയ് മാസം 8-ാം തിയ്യതി വയനാട് സബ്ബ്കളക്ടര്‍ മലബാറിലെ പ്രിന്‍സിപ്പല്‍ കളക്ടര്‍ക്കെഴുതിയ ഒരെഴുത്തിലൂടെ നമുക്കൊന്ന് കടന്നുപോകാം. ''വടക്കന്‍ മലബാറില്‍ ഒരു മരാമത്ത് മേസ്തിരിയെ നിയമിക്കേണ്ട ആവശ്യകതയെക്കുറിച്ച് അറിയിക്കുവാനാണ് ഞാനീ കത്തെഴുതുന്നത്. ഈ എഴുത്തിന് വളരെയേറെ പ്രാധാന്യം കല്പിക്കേണ്ടതാണെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ.
ഇപ്പോള്‍ മലബാര്‍ ജില്ലയില്‍ മൊത്തമായി ഒരു സര്‍ക്കാര്‍ മേസ്തിരി മാത്രമേ നിലവിലുള്ളൂ. മലബാര്‍ ജില്ല എന്നു പറയുന്നത് മദ്രാസ് പ്രസിഡന്‍സിയിലെ ഏറ്റവും വലിയ ജില്ലകളിലൊന്നാണെന്നത് താങ്കള്‍ക്കറിയാമല്ലോ. മലബാര്‍ ജില്ലയിലുണ്ടാകുന്ന ഭാരിച്ച വര്‍ഷപാതം നിമിത്തം ഇവിടെയുള്ള റോഡുകള്‍ക്കും ചുരങ്ങള്‍ക്കും തന്നെ എല്ലാ വര്‍ഷവും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായി വരും. ഇപ്പോള്‍ നിലവിലുള്ള മരാമത്ത് സമ്പ്രദായം ഇങ്ങനെയാണ്. നാം മേസ്തിരികളെ താത്കാലികമായി കൂലിക്കെടുക്കുന്നു. ഇവരെ കൂലിമേസ്തിരിയെന്നാണ് വിളിക്കാറ്. മരാമത്ത് പണികളുടെ എസ്റ്റിമേറ്റില്‍ത്തന്നെ ഇവരുടെ കൂലിയും വകകൊള്ളിക്കുന്നു. ഇക്കൂട്ടര്‍ക്കാവട്ടെ, റോഡുകളെക്കുറിച്ചോ ചുരങ്ങളെക്കുറിച്ചോ അവ നില്‍ക്കുന്ന പ്രദേശങ്ങളെക്കുറിച്ചോ കാര്യമായ വിവരങ്ങളൊന്നുമില്ല. മലമ്പനിയെന്ന വിപത്ത് കടന്നു വരാറുള്ള പെരിയചുരം-കൂര്‍ഗ് റോഡ്, വയനാട്ടിലെ മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പണിയെടുക്കുവാന്‍ ഇക്കൂട്ടര്‍ തയ്യാറുമല്ല. അതിനാല്‍ നമ്മുടെ മരാമത്തു പണികള്‍ തീര്‍ന്നുകിട്ടുവാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ഇക്കൂട്ടരെ നിയമിക്കുമ്പോള്‍ എട്ടുമാസവും നമ്മള്‍ നല്ല ശമ്പളം കൊടുക്കാറുണ്ട്. ഇക്കൂട്ടര്‍ക്ക് പ്രാപ്തിയില്ല എന്ന് അറിഞ്ഞിട്ടുകൂടി.

എന്നാല്‍ എനിക്ക് ഈയിടെയൊരു മിടുക്കനായ മേസ്തിരിയെ കിട്ടുകയുണ്ടായി. കന്തസ്വാമി എന്നാണയാളുടെ പേര്‍. ബുദ്ധിസാമര്‍ത്ഥ്യം വേണ്ടുവോളമുള്ള കന്തസ്വാമിയെ നാം സര്‍ക്കാരിലേക്ക് സ്ഥിരം മേസ്തിരിയായി നിയമിക്കേണ്ടതായുണ്ട്. ഇദ്ദേഹം വന്നതിനുശേഷം സിവില്‍ എന്‍ജിനീയര്‍ക്ക് ഭംഗിയായി പണിയെടുക്കുവാന്‍ കഴിയുന്നു. കുറേക്കാലമായി ഇദ്ദേഹം മലബാറില്‍ ജോലിനോക്കുന്നു. അതിനാല്‍തന്നെ ഇവിടത്തെ കാലാവസ്ഥയുമായി ഇദ്ദേഹം ഇണങ്ങിക്കഴിഞ്ഞു. ഇദ്ദേഹത്തിന്റെ സേവനം മറ്റു ജില്ലകളിലേക്കും കൂടി വ്യാപിപ്പിക്കാവുന്നതാണ്. എന്നാല്‍ ഇദ്ദേഹത്തിന് സ്ഥിരമായി മലബാറില്‍ തങ്ങുവാന്‍ ഉദ്ദേശ്യമില്ലെന്നാണറിയുന്നത്. അതിനാല്‍ മാസത്തില്‍ 10 പഗോഡ ശമ്പളം നിശ്ചയിച്ചുകൊണ്ട് ഇദ്ദേഹത്തെ സര്‍ക്കാര്‍ മേസ്തിരിയായി നിയമിക്കുക. നാമദ്ദേഹത്തെ ഈ േസവനം സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുകയും വേണം. ഇതിനായി ഞാന്‍ ശക്തമായിത്തന്നെ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുന്നു.
കഴിഞ്ഞ ഫെബ്രുവരി 15-ാം തിയ്യതി ഞാനയച്ച എഴുത്തില്‍നിന്നുതന്നെ വയനാട്ടില്‍ നടക്കുന്ന മരാമത്ത് പണികളുടെ ഏകദേശ രൂപം മനസ്സിലായിക്കാണുമല്ലോ. തീര്‍ച്ചയായും ഒരു മേസ്തിരിക്ക് വര്‍ഷം മുഴുവനായി ഇവിടെ പണിയുണ്ടായിരിക്കും. തളിപ്പറമ്പില്‍നിന്ന് നായിക്നന്ദിലേക്ക് പുതുയായി നാമൊരു റോഡ് വെട്ടേണ്ടതായുണ്ട്. പെരിയ, കുറ്റിയാടി എന്നിവിടങ്ങളിലെ അടിവാരത്തുനിന്നും തീരപ്രദേശങ്ങളിലേക്കും നാം റോഡ് നിര്‍മിച്ചേ തീരൂ. കവ്വായിലോട്ടുള്ള തീരദേശ റോഡിനാകട്ടെ അറ്റകുറ്റപ്പണികള്‍ കാര്യമായിത്തന്നെ നാം നടത്തേണ്ടതായുണ്ട്. മഴക്കാലമായാല്‍ മേസ്തിരിമാര്‍ക്ക് പണിയുണ്ടാകില്ല എന്നൊരു വാദം ചിലര്‍ ഉന്നയിക്കാം. എന്നാല്‍ മഴക്കാലത്ത് ഇക്കൂട്ടരെ പ്ലാനും എസ്റ്റിമേറ്റുമുണ്ടാക്കാന്‍ ഉപയോഗിച്ചൂകൂടാ? ഇപ്പോള്‍ ഇത്തരം പണികള്‍ ചെയ്യുന്നത് മരാമത്ത് പണികളുമായി പുലബന്ധമില്ലാത്ത തഹസില്‍ദാരന്മാരാണെന്നോര്‍ക്കുക. ഇവരെ കൂടുതല്‍ നമ്പുന്നതില്‍ അര്‍ഥമൊന്നുമില്ലെന്ന് ഞാനോര്‍മിപ്പിക്കട്ടെ.
ഒരധികച്ചിലവായി നമുക്കനുഭവപ്പെടുക വര്‍ഷത്തില്‍ വെറും 40 പഗോഡയായിരിക്കുമെന്ന് ഞാനോര്‍മിപ്പിക്കട്ടെ. അതൊരിക്കലും നൂറ് കഴിയില്ലെന്നോര്‍ക്കുക. സ്ഥിരമായി ഒരു സര്‍ക്കാര്‍ മേസ്തിരിയെ നിയമിച്ചാല്‍ എട്ടുമാസത്തെ മരാമത്ത് പണികളുടെ മേല്‍നോട്ടമാകും എന്നു മാത്രമല്ല, ബാക്കി നാലു മാസങ്ങളില്‍ നാമവരെക്കൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കിക്കുകയും പ്ലാന്‍ വരപ്പിക്കുകയും ചെയ്യും. അതിനാല്‍ നമുക്ക് നഷെ്ടമാന്നുമുണ്ടാകുന്നില്ല. അതിനാല്‍ കഴിവില്ലാത്തവരെ ഉയര്‍ന്ന വേതനം കൊടുത്തുകൊണ്ട് കൂലിമേസ്തിരികളായി നിയമിക്കുന്നതിലും ഭേദം നല്ല ശമ്പളത്തില്‍ സ്ഥിരമായി 'സര്‍ക്കാര്‍ മേസ്തിരി'മാരെ നിയമിക്കുക എന്നതാണ് എന്തുകൊണ്ടും ഗുണം ചെയ്യുക.'' ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പൊതുമരാമത്ത് വകുപ്പില്‍ ധാരാളം തസ്തികകളുണ്ട്. പക്ഷേ, പൊതുമരാമത്ത് വകുപ്പ് എപ്പോഴും വെള്ളാനയായി അവശേഷിക്കുന്നു എന്നതാണ് വാസ്തവം.

seluraj@yahoo.com





MathrubhumiMatrimonial