
ദിവാന്‍ഭരണം അവസാനിപ്പിച്ച പ്രഥമ തിരഞ്ഞെടുപ്പ്
Posted on: 19 Mar 2014

പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ മുങ്ങിനില്‍ക്കുകയാണ് ഇന്ത്യാ മഹാരാജ്യം. ന്യൂഡല്‍ഹിയാണ് പാര്‍ലമെന്റിന്റെ ആസ്ഥാനമെങ്കിലും അനന്തപുരി ജനാധിപത്യഭരണത്തിന്റെ ആദ്യസാക്ഷിയാണ്. കാരണം ഈ നഗരത്തിലാണ് ജനാധിപത്യത്തിന്റെ കിളിവാതിലായ നിയമനിര്‍മാണസഭ 1888-ല്‍ ആദ്യമായി ഉടലെടുത്തത്. ശ്രീമൂലം തിരുന്നാള്‍ മഹാരാജാവായിരുന്നു അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്. അതുകഴിഞ്ഞ് പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നടന്നതും ജനകീയ മന്ത്രിമാര്‍ അധികാരത്തിലേറിയതിന് സാക്ഷിയായതും ഈ മഹാനഗരം തന്നെയാണ്.
ആഗസ്ത് 14 ന് അര്‍ധരാത്രി ഇന്ത്യ സ്വതന്ത്രയായി. അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ അതായത് ആഗസ്ത് 19 ന് വെട്ടേറ്റ് ശയ്യാവലംബിയായി കിടന്നിരുന്ന അവസാനത്തെ ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യരും അവസാനത്തെ ബ്രിട്ടീഷ് പ്രതിനിധിയായ റസിഡന്റ് സി.ജി.എന്‍.എഡ്‌വേര്‍ഡും തിരുവനന്തപുരത്തോട് വിടപറഞ്ഞു. മഹാരാജാവിന്റെ ഉത്തരവ് പ്രകാരം ഡോ. കേശവന്‍ നായര്‍, ഡി.എസ്.പി. ഹനീഫ, പ്രൈവറ്റ് സെക്രട്ടറി ചിദംബരം, ഏതാനും പോലീസുകാരും മറ്റ് ഉദ്യോഗസ്ഥരും സര്‍. സി.പിയെ അനുഗമിച്ചു. കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ സി. പി. അവിടെ നിന്നും ഊട്ടിയിലേക്കുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് കാറുകളുടെ അകമ്പടിയോടെയാണ് പോയത്. അവിടെ നിന്ന് താന്‍ ദിവാന്‍ സ്ഥാനം രാജിവെച്ചതായി സി.പി. മഹാരാജാവ് ശ്രീചിത്തിരതിരുനാളിന്‌സന്ദേശം അയച്ചു. ഉടന്‍തന്നെ പി.ജി.എന്‍. ഉണ്ണിത്താനെ ഒഫിഷിയേറ്റിങ് (ആക്ടിങ്) ദിവാനായി മഹാരാജാവ് നിയമിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തിരുവിതാംകൂര്‍ ഭരണചക്രം പിന്നീട് തിരിഞ്ഞത്. കേരളം അപ്പോഴും തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വേര്‍തിരിഞ്ഞ് കിടക്കുകയായിരുന്നു.
സപ്തംബര്‍ 4; സ്വാതന്ത്ര്യലബ്ധിക്കുശേഷം ആഴ്ചകള്‍ പിന്നിട്ടപ്പോള്‍, ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ തിരുവിതാംകൂര്‍ റേഡിയോയിലൂടെ ഉയര്‍ന്ന വിളംബരംകേട്ട് നേതാക്കളും ജനങ്ങളും ആഹ്ലാദപ്രഹര്‍ഷത്തിലായി. അത് തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ളതായിരുന്നു. തിരുവിതാംകൂറിലെ നേതാക്കളുടെ വര്‍ഷങ്ങളായ ആവശ്യമായിരുന്നു 'ഉത്തരവാദഭരണം'. ഇതിനുവേണ്ടിയാണ് എത്രയോ ആളുകള്‍ മരണം വരിച്ചതും മര്‍ദ്ദനമേറ്റതും ജയില്‍ശിക്ഷ അനുഭവിച്ചതും. മഹാരാജാവ് പ്രഖാപിച്ച ഉത്തരവു പ്രകാരം ഉത്തരവാദഭരണം അനുവദിക്കുന്നതിനുള്ള വിഷയങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ഭരണഘടന സമിതി രൂപവത്കരിക്കാനാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. എന്നാല്‍ ഈ സമയം ന്യൂഡല്‍ഹിയില്‍ രാജഭരണവും ദിവാന്‍ ഭരണവും എല്ലാം അവസാനിപ്പിച്ച് ഇന്ത്യയെ പരമാധികാര റിപ്പബ്ലിക്കാക്കാന്‍ ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായുള്ള കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയുടെ പ്രവര്‍ത്തനവും ഭരണഘടന നിര്‍മാണവും നടക്കുകയായിരുന്നുവെന്നത് മറ്റൊരു വശം. അതുകൊണ്ട്തിരുവിതാംകൂറിനുവേണ്ടി പ്രത്യേക ഭരണഘടന ആവശ്യമുണ്ടായില്ലെന്ന് മഹാരാജാവിന്റെ അന്നേ നേതാക്കള്‍ക്ക് അറിയാമായിരുന്നു. എങ്കിലും മഹാരാജാവിന്റെ വിളംബരത്തെ സ്വാഗതംചെയ്ത നേതാക്കള്‍ ഇന്ത്യയിലെ ആദ്യത്തെ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കുന്ന തിരുവിതാംകൂര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയിലാണ് മഹാത്മജി വെടിയേറ്റു മരിച്ചത്. തിരഞ്ഞെടുപ്പില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് 97 ഉം, മുസ്‌ലിം ലീഗിന് 8 ഉം, തമിഴനാട് കോണ്‍ഗ്രസ്സിന് 14 ഉം സ്വതന്ത്രന് ഒരു സീറ്റും ലഭിച്ചു. മൊത്തം 120 സീറ്റായിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ആദ്യസമ്മേളനം 1948 മാര്‍ച്ച് 20ന് നിയമസഭാഹാളില്‍ കൂടി. ആക്ടിങ് ദിവാന്‍ പി.ജി.എന്‍. ഉണ്ണിത്താന്‍ മഹാരാജാവിന്റെ സന്ദേശം വായിച്ചപ്പോള്‍ അംഗങ്ങള്‍ എണീറ്റുനിന്നു. പിന്നീട് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു. യോഗം ഏകകണ്ഠമായി സഭാധ്യക്ഷനായി എ.ജെ. ജോണിനെ തിരഞ്ഞെടുത്തു. അതോടെ ആക്ടിങ് ദിവാന്‍ യാത്രയായി. പിന്നീട് നടന്ന സമ്മേളനം, ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതിനാല്‍ തിരുവിതാംകൂര്‍ ഭരണഘടന സഭയെ 'നിയമനിര്‍മാണസഭ'യാക്കണമെന്ന് മഹാരാജാവിനോട് അഭ്യര്‍ഥിക്കുന്ന പ്രമേയം പാസാക്കി. അതനുസരിച്ച് മാര്‍ച്ച് 24ന് മഹാരാജാവ് പുതിയ വിളംബരം പുറപ്പെടുവിച്ചു. കൊട്ടാരം, രാജകുടുംബം, ശ്രീപണ്ടാരവക, ദേവസ്വം, ഹിന്ദുമതസ്ഥാപനങ്ങള്‍ എന്നിവ മഹാരാജാവിന്റെ അധികാരത്തില്‍ നിലനിര്‍ത്തിക്കൊണ്ടും മറ്റ് ഭരണവകുപ്പുകളെല്ലാം നിയമസഭയോട് ഉത്തരവാദിത്തമുള്ള മന്ത്രിസഭയ്ക്ക് വിട്ടുകൊടുത്തുകൊണ്ടായിരുന്നു ഉത്തരവ്. ഇതേത്തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് പട്ടം താണുപിള്ളയെ മന്ത്രിസഭ രൂപവത്കരിക്കാന്‍ രാജകീയ സര്‍ക്കാര്‍ ക്ഷണിച്ചു. പട്ടം മഹാരാജാവിനെ സന്ദര്‍ശിച്ച് മന്ത്രിസഭയുടെ ലിസ്റ്റ് നല്‍കി. പട്ടം ആയിരുന്നു പ്രധാനമന്ത്രി. സി. കേശവനും ടി.എം. വര്‍ഗീസും സഹമന്ത്രിമാരും. ഇതിന് മഹാരാജാവിന്റെ അംഗീകാരം ലഭിച്ചു. ഇതേത്തുടര്‍ന്ന് 1948 മാര്‍ച്ച് 24ന് ഉച്ചയ്ക്ക് പ്രധാനമന്ത്രി പട്ടവും മറ്റ് മന്ത്രിമാരും സഭാധ്യക്ഷനായ (സ്പീക്കര്‍) എ.ജെ. ജോണും ആക്ടിങ് ദിവാന്‍ പി.ജി.എന്‍. ഉണ്ണിത്താന്റെ മുറിയിലെത്തി. അവിടെയായിരുന്നു പ്രഥമ ജനകീയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. പ്രധാനമന്ത്രിയും മന്ത്രിമാരും ചീഫ് ജസ്റ്റിസ് പദ്മനാഭ കുക്കലിയായുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് സെക്രട്ടറി ടി. ചാണ്ടി പുതിയ മന്ത്രിസഭയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ആക്ടിങ് ദിവാന്‍ തന്റെ കസേര പുതിയ പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുകൊടുത്തു. പിന്നീട് അദ്ദേഹം രാജി സമര്‍പ്പിച്ചു. അങ്ങനെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ദിവാന്‍ ഭരണം ജനകീയഭരണത്തിന് വഴിമാറിക്കൊടുത്തു.
