ലാവലിന്‍: കുറ്റപത്രം ഒരാഴ്ചയ്ക്കകം - സിബിഐ

Posted on: 09 Jun 2009


കൊച്ചി: എസ്.എന്‍.സി. ലാവലിന്‍ കേസിലെ പ്രതികള്‍ക്കുള്ള കുറ്റപത്രം ഒരാഴ്ചയ്ക്കകം സിബിഐ ഫയല്‍ ചെയ്യും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് വിചാരണ ചെയ്യുക.

മുന്‍മന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പത്ത്പ്രതികള്‍ കേസിലുണ്ട്. ഒന്നാം പ്രതി കെ. മോഹനചന്ദ്രനേയും പത്താം പ്രതി എ. ഫ്രാന്‍സിസിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി കിട്ടിയിട്ടില്ലെങ്കിലും അവര്‍ക്ക് എതിരെയും കുറ്റപത്രം ഫയല്‍ ചെയ്യാന്‍ തടസ്സമില്ല. എന്നാല്‍, പ്രതികള്‍ക്ക് കോടതി സമന്‍സ് അയക്കുന്ന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ അനുമതി അവര്‍ക്കും കിട്ടിയിരിക്കണം. രണ്ട് പ്രതികള്‍ക്കും പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയാല്‍ മാത്രമേ അതിന് കഴിയൂ.

ഹൈക്കോടതി ഉത്തരവ് പ്രതികള്‍ സ്വാഭാവികമായും സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യും. സിബിഐക്ക് അനുകൂല വിധി ഉണ്ടായാല്‍ മാത്രമേ ഈ രണ്ട് പ്രതികള്‍ക്കും സമന്‍സ് അയക്കാന്‍ വിചാരണ കോടതിക്ക് കഴിയൂ. തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ അനുമതി പിണറായി വിജയനും ഹൈക്കോടതിയില്‍ ചോദ്യം ചെയേ്തക്കാം.

പത്ത് പ്രതികളില്‍ മൂന്നുപേര്‍ക്ക് മാത്രമേ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമുള്ളൂ. മറ്റ് പ്രതികള്‍ക്ക് ആവശ്യമില്ല. പ്രോസിക്യൂഷന്‍ അനുമതി ആവശ്യമായ പ്രതികള്‍ക്ക് കൂടി അത് കിട്ടിയശേഷം മാത്രമേ പ്രതികള്‍ക്കെല്ലാം വിചാരണ കോടതി സമന്‍സ് അയക്കൂ. അനുമതി ആവശ്യമില്ലാത്തവര്‍ക്ക് മാത്രമായി സമന്‍സ് അയക്കാനുള്ള നടപടി കോടതി സാധാരണയായി സ്വീകരിക്കാറില്ല. അതിനാല്‍ സമന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാനും കാലതാമസം നേരിട്ടേക്കാം.

മുന്‍ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥന്‍ കെ.ജി. രാജശേഖരന്‍ നായര്‍, മുന്‍ ഇല. ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍, മുന്‍ ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍, മുന്‍മന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, ലാവലിന്‍ കമ്പനി വൈസ് പ്രസിഡന്റ് ക്ലോഡ് ട്രിയന്റ്, ലാവലിന്‍ കമ്പനി കാനഡ എന്നിവരാണ് പ്രതികള്‍. മുന്‍ എന്‍ജിനീയര്‍ മാത്യു റോയി പ്രതിയാണെങ്കിലും മരിച്ചുപോയി. മുന്‍ ബോര്‍ഡ് അംഗം ആര്‍. ഗോപാലകൃഷ്‌നനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ വിചാരണ ചെയ്യേണ്ട കേസില്‍ പത്ത് പ്രതികള്‍ മാത്രമേയുള്ളൂ.

എല്ലാ പ്രതികള്‍ക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനയുമാണ് സിബിഐ ചുമത്തിയിട്ടുള്ളത്. പിണറായി വിജയനെപ്പോലുള്ള പ്രതികള്‍ അധികാര ദുര്‍വിനിയോഗം നടത്തി സര്‍ക്കാരിന് 84 കോടി രൂപ നഷ്ടപ്പെടുത്തി എന്നാണ് കേസ്. മലബാര്‍ കാന്‍സര്‍ സെന്ററിന് കിട്ടേണ്ട 84 കോടി ഇടനിലക്കാര്‍ വഴി അപ്രത്യക്ഷമായതായും സിബിഐ ആരോപിക്കുന്നു. പിണറായിയും മറ്റ് പ്രതികളും അറിഞ്ഞുകൊണ്ടുതന്നെ ഈ തുക നഷ്ടപ്പെടുത്തിയെന്നും സിബിഐ ആരോപിക്കുന്നു. രണ്ട് വര്‍ഷംകൊണ്ടാണ് ലാവലിന്‍ കേസ് അന്വേഷണം സിബിഐ പൂര്‍ത്തിയാക്കിയത്.




MathrubhumiMatrimonial