ലഹളയുണ്ടാക്കാതെ കേസ് നേരിടണം -ഗൗരിയമ്മ

Posted on: 09 Jun 2009


ആലപ്പുഴ: ലഹളയും കലാപവും ഉണ്ടാക്കി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാതെ ലാവലിന്‍ കേസിനെ നേരിടാന്‍ സി.പി.എം. തയ്യാറാവണമെന്ന് ജെ.എസ്.എസ്. ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു.

നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടണം. മുന്‍പ് പല കേസുകളും രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണം ഉണ്ടായിട്ടുണ്ട്. കേസില്‍ പ്രതികളായ രാഷ്ട്രീയക്കാര്‍ നിരപരാധിത്വം കോടതിയില്‍ തെളിയിച്ച് വീണ്ടും പൊതുരംഗത്തുണ്ട്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറണമോ എന്ന് തീരുമാനിക്കേണ്ടത് സി.പി.എമ്മാണ്. ഗവര്‍ണറുടെ തീരുമാനത്തില്‍ യു.ഡി.എഫ്. അമിതാഹ്ലാദം പ്രകടിപ്പിക്കുന്നത് ശരിയല്ല. ഇത് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണത്തിന് ശക്തി പകരുമെന്ന്, ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സുകാര്‍ ആഹ്ലാദപ്രകടനം നടത്തിയത് പരാമര്‍ശിച്ച് ഗൗരിയമ്മ അഭിപ്രായപ്പെട്ടു.

പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ നടപടിയെ എതിര്‍ക്കുന്ന മന്ത്രിമാരുടെ നിലപാട് ശരിയല്ല. മനോനില തെറ്റിയവരേ നിയമത്തെ എതിര്‍ക്കുകയുള്ളൂ. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അധികാരത്തോട് ആര്‍ത്തിയാണ്. അല്ലെങ്കില്‍ പിന്നെ, മുഖ്യമന്ത്രിക്കസേരയില്‍ എന്തിനാ ഈ നിലയില്‍ തുടരുന്നതെന്ന് ഗൗരിയമ്മ ചോദിച്ചു.




MathrubhumiMatrimonial