NagaraPazhama

ഗാന്ധിജിയുടെ മാര്‍ഗദര്‍ശിയായ ജി.പിയുടെ ചിത്രം ഇനിയെങ്കിലും വി.ജെ.ടി. ഹാളില്‍ പ്രത്യക്ഷപ്പെടുമോ?

Posted on: 06 Mar 2014


പൂജപ്പുരയില്‍ നിന്നും തിരുമലയിലേക്ക് പോകുമ്പോള്‍ ഓടിട്ട മനോഹരമായ ഒരു പഴയ കെട്ടിടം കാണാം. ഇന്നത് സൈനിക റിക്രൂട്ട്‌മെന്റ് ഓഫീസാണ്. ആ കെട്ടിടത്തിന്റെ പേര് 'ഗ്ലാഡ്സ്റ്റണ്‍ ഹൗസ്' എന്നായിരുന്നു. ബ്രിട്ടനിലെ പ്രധാനമന്ത്രിയും ലിബറല്‍ പാര്‍ട്ടി നേതാവുമായ ഗ്ലാഡ്സ്റ്റന്റെ പേരില്‍ തിരുമലയില്‍ എങ്ങനെ വീടുണ്ടായി? അതൊരു ചരിത്ര സംഭവമാണ്. അതറിയാന്‍ കാലത്തിന്റെ യവനിക പിന്നോട്ട് തിരിക്കണം. ബ്രിട്ടീഷ് മേധാവിത്വത്തില്‍ ഇന്ത്യ അമര്‍ന്നിരുന്ന കാലം. കേരളം അന്ന് തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് മലബാറുമായിരുന്നു.

തിരുവിതാംകൂര്‍ ഇംഗ്ലീഷ് റസിഡന്റിന്റെ കീഴില്‍ മഹാരാജക്കന്മാര്‍ ഭരണം നടത്തിയിരുന്നു. ഇന്ത്യയുടെ ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊണ്ടിരുന്നില്ല. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ സ്ഥാപിച്ചില്ല. തിരുവിതാംകൂറില്‍ പത്രങ്ങളില്ലായിരുന്നു. രാജഭരണത്തിനെതിരെ ആരും ശബ്ദിക്കാന്‍ ധൈര്യമില്ലാത്ത 'തിരുവായ്ക്ക് എതിര്‍വായ്' ഇല്ലാതിരുന്ന കാലം. രാജാവാണ് ഭരണത്തലവന്‍. എങ്കിലും ദിവാന്മാരും അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുമാണ് ഭരണം നിയന്ത്രിച്ചിരുന്നത്. രാജകീയ സര്‍വീസില്‍ അവരുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കൊണ്ട് നിറച്ചു. ഇതിനിടയ്ക്ക് സ്വാതിതിരുനാള്‍ സ്ഥാപിച്ച ഇംഗ്ലീഷ് വിദ്യാലയം മഹാരാജാസ് കോളേജായി ഉയര്‍ന്നിരുന്നു. അവിടെ പഠിച്ചും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷ എഴുതിയും ധാരാളം മലയാളി യുവാക്കള്‍ ഉയര്‍ന്നുവന്നു. പക്ഷേ രാജകീയ സര്‍വീസില്‍ അവര്‍ക്ക് ജോലി നല്‍കാന്‍ ദിവാന്മാര്‍ തയാറായില്ല.

ഇതിനെതിരെ അമര്‍ഷം ഉയര്‍ന്നു. പക്ഷേ ആരും പരസ്യമായി പ്രകടിപ്പിക്കാന്‍ തയാറായില്ല. പക്ഷേ പടിഞ്ഞാറന്‍ സാഹിത്യവും സാമൂഹ്യവ്യവസ്ഥിതിയും ജനാധിപത്യ വ്യവസ്ഥകളും എല്ലാം മനസ്സിലാക്കി ചിന്തിക്കുന്ന ഒരു യുവലോകം മഹാരാജാസ് കോളേജിലുണ്ടായി. അവരുടെ നേതാവായ പതിനെട്ടുകാരനായിരുന്ന, അസാധാരണ ധൈര്യവും ലോകത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുമുണ്ടായിരുന്ന, ആ യുവാവ് കൊച്ചിയില്‍നിന്നും ഇറങ്ങിയിരുന്ന ഇംഗ്ലീഷ് പത്രത്തില്‍ പേരുവയ്ക്കാതെ തിരുവിതാംകൂര്‍ ഭരണത്തെക്കുറിച്ച് ലേഖനം എഴുതി. ഒടുവില്‍ ദിവാന്‍ഭരണം അത് കണ്ടുപിടിച്ചു. അന്ന് നാട് ഭരിച്ചിരുന്നത് വിശാഖം തിരുനാള്‍ മഹാരാജാവ് (18801885) ആണ്. വെമ്പാകം രാമയ്യര്‍ ആയിരുന്നു ദിവാന്‍. പത്രത്തില്‍ ലേഖനം എഴുതിയതിന്റെ പേരില്‍ മഹാരാജാസ് കോളേജില്‍നിന്നും 1882ല്‍ പതിനെട്ടുകാരനായ ഗോവിന്ദന്‍ പരമേശ്വരന്‍ എന്ന വിദ്യാര്‍ഥിയെ പുറത്താക്കി. അദ്ദേഹമാണ് പില്‍ക്കാലത്ത് ഇന്ത്യയിലും ഇംഗ്ലണ്ടിലും അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും പത്രാധിപരും സാമൂഹ്യപ്രവര്‍ത്തകനുമായി മാറിയ ബാരിസ്റ്റര്‍ ജി.പി. പിള്ള. അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡബ്ല്യു.ഇ. ഗ്ലാഡ്സ്റ്റനെ സന്ദര്‍ശിച്ചശേഷം ആരാധനയോടെ വെച്ച വീടാണ് ഗ്ലാഡ്സ്റ്റണ്‍ ഹൗസ് എന്ന ഇന്നത്തെ സൈനിക റിക്രൂട്ട്‌മെന്റ് ഓഫീസ്.

യൂണിവേഴ്‌സിറ്റി കോളേജിന്റെ മുമ്പിലായി, ചെത്തുപൊടിഞ്ഞ് ഒരു മാവിന്‍തടി നില്‍ക്കുന്നുണ്ട്. ആ തേന്‍മാവിന് മനോഹരമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു. മഹാരാജാസ് കോളേജില്‍ പഠനത്തിനെത്തിയ കഴിഞ്ഞതലമുറയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തണലേകിയ ആ മാവിന്‍ചുവടാണ് രാജഭരണകാലത്ത് പല ചര്‍ച്ചകള്‍ക്കും വേദിയായത്. അവിടെയിരുന്ന് ചര്‍ച്ചചെയ്യുകയും സാമൂഹ്യമാറ്റത്തിനുവേണ്ടി ചിന്തിക്കുകയും മഹാരാജാസ് കോളേജില്‍ നിന്ന് പുറത്താക്കുകയും ചെയ്ത ജി. പരമേശ്വരന്‍ പിള്ള മദ്രാസ് പ്രസിഡന്‍സി കോളേജില്‍ പഠിച്ച് ദേശീയ നേതൃത്വനിരയിലേക്കും ഇംഗ്ലീഷ് എഴുത്തുകാരുടെ ലോകത്തും ഇന്ത്യന്‍ പത്രലോകത്തും കുതിച്ചു ഉയരുകയായിരുന്നു. അനന്തപുരിക്ക് സമീപത്തുള്ള പള്ളിപ്പുറത്ത് 1864 ല്‍ ജനിച്ച്, ഈ നഗരത്തില്‍ പഠിച്ച്, മദ്രാസ് തട്ടകമാക്കി മാറ്റിയ ജി. പരമേശ്വരന്‍ പിള്ള അഥവാ ജി.പി. പിള്ള എന്തൊക്കെ മേഖലകളിലാണ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്?

തിരുവിതാംകൂറില്‍ നിന്നുള്ള ആദ്യത്തെ കോണ്‍ഗ്രസ് നേതാവ്, ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എത്തുന്നതിനുമുമ്പ് ഇന്ത്യയൊട്ടാകെ നിറഞ്ഞുനിന്ന നേതാവ്, തിരുവിതാംകൂറില്‍ നിന്നും ഇംഗ്ലണ്ടില്‍ പോകുകയും അവിടെ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും പതിനായിരങ്ങളെ ആകര്‍ഷിച്ച എഴുത്തുകാരന്‍, ഗാന്ധിജിയുടെ മാര്‍ഗദര്‍ശി, ഗാന്ധിജി ആത്മകഥയില്‍ പറയുന്ന ഏക മലയാളി, തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ വിപ്ലവമായ മലയാളി മെമ്മോറിയലിന്റെ ഉപജ്ഞാതാവ്, തിരുവിതാംകൂറിലെ ഈഴവര്‍ തുടങ്ങിയ പിന്നാക്ക ജാതിക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സ്വാമി വിവേകാനന്ദന്റെ കത്തുമായി ഇംഗ്ലണ്ടില്‍പോയ സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കാന്‍ ഡോ. പല്പുവിന്റെ സഹായിയായ മഹാമനസ്‌കന്‍, ഇന്ത്യന്‍ പത്രലോകം 'എഡിറ്റേഴ്‌സ് എഡിറ്റര്‍' എന്ന് വിളിച്ചിരുന്ന പത്രാധിപര്‍, ദാദാഭായി നവറോജി, ബാലഗംഗധര തിലകന്‍, ഗോപാലകൃഷ്ണ ഗോഖലെ, ഡബ്ല്യു.സി. ബാനര്‍ജി, സുരേന്ദ്രനാഥ ബാനര്‍ജി, മദന്‍മോഹന്‍ മാളവ്യ, സര്‍. സി. ശങ്കരന്‍ നായര്‍ തുടങ്ങി എത്രയോ ദേശീയ നേതാക്കളുടെ സമകാലികന്‍, ഇതെല്ലാം ജി.പിയെക്കുറിച്ചുള്ള വിശേഷണങ്ങളാകുന്നു. അന്നത്തെ ഏറ്റവും വലിയ അഭിഭാഷകനായ ഭാഷ്യം അയ്യങ്കാര്‍, ജി.പിക്കെതിരെ ഒരു മാനനഷ്ടക്കേസ് കൊടുത്തു. ദേശീയ നേതാക്കളും 'ഹിന്ദു' അടക്കമുള്ള പത്രങ്ങളും കേസ് പിന്‍വലിക്കണമെന്ന് ഭാഷ്യം അയ്യങ്കാരോട് ആവശ്യപ്പെട്ടുവെങ്കിലും അത് ചെയ്തില്ല. ഈ വാശിയിലാണ് ഇംഗ്ലണ്ടില്‍പോയ പിള്ള ബാരിസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയത്. തിരിച്ച് അനന്തപുരിയിലെത്തിയ അദ്ദേഹത്തിന് ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഉന്നത ഉദ്യോഗം വാഗ്ദാനം ചെയ്തുവെങ്കിലും സ്വീകരിച്ചില്ല. ഇവിടെ പ്രാക്ടീസ് ആരംഭിച്ച ജി.പിയെ ക്ഷയരോഗം കാര്‍ന്നുതിന്നാന്‍ തുടങ്ങി. 1903 മെയ് 21ന് 39ാം വയസ്സില്‍ ജി.പി. ലോകത്തോട് വിടപറഞ്ഞു.

ഇങ്ങനെ ഒരു നേതാവ് ഈ അനന്തപുരിയില്‍ ജീവിച്ചിരുന്നുവെന്ന് എത്രപേര്‍ക്ക് അറിയാം? 1964ല്‍ അദ്ദേഹത്തിന്റെ ജന്മശതാബ്ദി നഗരം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് വി.ജെ.ടി. ഹാളില്‍ അനാച്ഛാദനം ചെയ്ത ഫോട്ടോപോലും പിന്നീട് അപ്രത്യക്ഷമായി. ആ ഫോട്ടോ അവിടെ തിരിച്ചുവെയ്ക്കണമെന്ന ജി.പിയുടെ ചെറുമകള്‍ ഇന്ദിരാ രാമകൃഷ്ണപിള്ളയുടെ ദശാബ്ദങ്ങളായി നടത്തുന്ന ശ്രമത്തിന് ഫലം കാണാന്‍ പോകുന്നു. ഈ പ്രശ്‌നത്തില്‍ ഇപ്പോള്‍ പുതിയ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ഇടപെടുകയും ചിത്രം വി.ജെ.ടി. ഹാളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. ജി.പിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സി. ഓഫീസില്‍ നടന്ന ചടങ്ങിലാണ് ഇന്ദിരാ രാമകൃഷ്ണപിള്ള തന്റെ ശ്രമം സുധീരനോട് പറഞ്ഞത്. ഇത് സുധീരനില്‍നിന്നും അറിഞ്ഞ മുഖ്യമന്ത്രി ചിത്രം പുനഃസ്ഥാപിക്കാമെന്ന് ഏറ്റിട്ടുണ്ട്. ഇനിയെങ്കിലും ഗാന്ധിജിയുടെ മാര്‍ഗദര്‍ശിയായ ആ മലയാളി മഹാന്റെ ചിത്രം വി.ജെ.ടി. ഹാളിന്റെ ചുവരില്‍ സ്ഥാനം പിടിക്കുമോ? കാത്തിരുന്നുകാണാം.



MathrubhumiMatrimonial