സി.പി.എമ്മില്‍ വന്‍ ചലനങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു

Posted on: 08 Jun 2009


തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച സി.ബി.ഐ. കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ.യ്ക്ക് അനുമതി നല്‍കാനുള്ള സംസ്ഥാന ഗവര്‍ണര്‍ ആര്‍.എസ്. ഗവായിയുടെ തീരുമാനം സി.പി.എമ്മില്‍ വന്‍ചലനങ്ങള്‍ക്ക് വഴിയൊരുക്കും. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും ഒരേസമയം അവരവരുടെ സ്ഥാനങ്ങളില്‍നിന്നും നീക്കുന്ന സംഭവഗതികളിലേക്ക് പുതിയ സാഹചര്യം വളരുമോയെന്ന അഭ്യൂഹവും ശക്തമാണ്.

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന സംസ്ഥാന മന്ത്രിസഭയുടെ ഉപദേശം അവഗണിച്ചാണ് ഗവര്‍ണറുടെ തീരുമാനമെന്നത് നിയമപരമായ പല പുതിയ ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ടെങ്കിലും അത് സി.പി.എമ്മിനെ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തില്‍ തളയ്ക്കുകയാണ്. പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ കാത്തുസൂക്ഷിച്ചുകൊണ്ട് നിലവിലുള്ള സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ടു നീങ്ങുമെന്നതാണ് പ്രശ്‌നം.

ഗവര്‍ണര്‍ക്കെതിരെ പാര്‍ട്ടി അണികളെ രംഗത്തിറക്കി പ്രതിഷേധവുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും കേസിനെ നിയമപരമായി നേരിട്ടേ മതിയാകൂവെന്ന യാഥാര്‍ഥ്യവുമായി സി.പി.എം. ഇനിയെങ്കിലും പൊരുത്തപ്പെടേണ്ടിവരും. ഈ തീരുമാനങ്ങള്‍ സി.പി.എം. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഇടതുമുന്നണിയിലും കേരളത്തിലെ പൊതു രാഷ്ട്രീയ രംഗത്തും പ്രതിഫലിക്കും.

എസ്.എന്‍.സി. ലാവലിന്‍ കേസ് സംബന്ധിച്ച പാര്‍ട്ടി നിലപാടുകളെ പാര്‍ട്ടിക്കുള്ളിലും മന്ത്രിസഭയിലും ചോദ്യംചെയ്ത പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഗവര്‍ണറുടെ തീരുമാനം സന്തുഷ്ടനാക്കുമ്പോള്‍ സി.പി.എമ്മിലും ഇടതുമുന്നണിയിലും പിണറായി വിജയന് കടുത്ത സമ്മര്‍ദം നേരിടേണ്ടിവരുമെന്നതും ഉറപ്പ്. പാര്‍ട്ടിക്കുള്ളില്‍ വി.എസ്. നടത്തിവന്നിരുന്ന നീക്കങ്ങള്‍ക്ക് പിണറായി വിജയനെതിരായ പ്രോസിക്യൂഷന്‍ നടപടി ശക്തിപകരുമെന്നാണ് സൂചനകള്‍. തിരഞ്ഞെടുപ്പ് അവലോകനത്തിനായി അടുത്തുതന്നെ ചേരുന്ന പി.ബി. കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വി.എസ്സിന്റെ ശബ്ദത്തിനും വാക്കുകള്‍ക്കും ഇനി ഘനമേറുക സ്വാഭാവികം. പിണറായി വിജയനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റണമെന്ന തന്റെ ആവശ്യം കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ സി.ബി.ഐ. പ്രോസിക്യൂഷന്‍ നടപടികള്‍ വി.എസ്. ആയുധമാക്കുമെന്ന കാര്യം ഉറപ്പാണ്.

പിണറായിക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടായെന്ന അഡ്വ. ജനറലിന്റെ നിയമോപദേശം അനുസരിച്ച് മന്ത്രിസഭ തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിക്കണമെന്ന പാര്‍ട്ടി നിര്‍ദേശത്തോട് യോജിക്കാന്‍ മന്ത്രിസഭായോഗത്തില്‍ത്തന്നെ വി.എസ്. വിസമ്മതം പ്രകടമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മുഖ്യമന്ത്രിസ്ഥാനത്തുനിന്നും വി.എസ്സിനെ നീക്കണമെന്ന് പൊളിറ്റ്ബ്യൂറോയോട് ആവശ്യപ്പെട്ടിരുന്നു. പിണറായിയെ നീക്കണമെന്ന വി.എസ്സിന്റെ ആവശ്യവും വി.എസ്സിനെ നീക്കണമെന്ന പിണറായി പക്ഷത്തിന് മുന്‍തൂക്കമുള്ള സംസ്ഥാന സമിതിയുടെ ആവശ്യവും അടുത്ത സി.പി.എം. പി.ബി - കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ പരിഗണനയ്ക്ക് വരില്ലെങ്കിലും ഈ കാര്യം കേന്ദ്രനേതൃത്വത്തിന് കീറാമുട്ടിയാകുമെന്ന കാര്യം ഉറപ്പാണ്.

ലാവലിന്‍ കേസിലെ പ്രോസിക്യൂഷന്‍ സംബന്ധിച്ച ഗവര്‍ണറുടെ തീരുമാനം വലിയ തിരിച്ചടിയായെങ്കിലും വി.എസ്സിനെതിരായ നീക്കങ്ങള്‍ ഇനിയും ശക്തമാക്കുമെന്നുതന്നെയാണ് സി.പി.എമ്മിലെ ഔദ്യോഗികപക്ഷ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായി കണ്ടെത്തിയ ലെനിനിസ്റ്റ് സംഘടനാതത്വ ലംഘനത്തിന്റെ കുറ്റം വി.എസ്സില്‍ ചുമത്തിയ സംസ്ഥാന സമിതിയുടെ നീക്കങ്ങള്‍ ഈ ദിശയിലുള്ള സൂചനകളാണ്.

ലാവലിന്‍ കേസ് കുത്തിപ്പൊക്കി സജീവമാക്കുന്നതിന് പിന്നില്‍ വി.എസ്സിന്റെ കരങ്ങളുണ്ടെന്നതിന്റെ തെളിവുകളും അവര്‍ നിരത്തുന്നുണ്ട്. പാര്‍ട്ടി തീരുമാനങ്ങള്‍ തുടരെത്തുടരെ ലംഘിച്ച് മന്ത്രിസഭയിലും പുറത്തും നടത്തിയ പ്രതികരണങ്ങള്‍ അവര്‍ ഉദാഹരണങ്ങളായി എടുത്തുകാട്ടുന്നു.

ഗവര്‍ണറുടെ തീരുമാനം തങ്ങള്‍ക്ക് അപ്രതീക്ഷിതമായിരുന്നില്ലെന്ന സൂചനയും സി.പി.എം. ഔദ്യോഗിക നേതൃത്വം നല്‍കുന്നുണ്ട്. ജനാധിപത്യ ഭരണ വ്യവസ്ഥയനുസരിച്ച് മന്ത്രിസഭ നല്‍കിയ ഉപദേശം അവഗണിച്ച്, സ്വന്തം വിവേചനാധികാരം ഉപയോഗിച്ചുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നിയമയുദ്ധത്തിന് തുടക്കംകുറിക്കാനൊരുങ്ങുകയാണ് പിണറായിപക്ഷത്തിന് സമ്പൂര്‍ണാധിപത്യമുള്ള സി.പി.എം. ഔദ്യോഗിക നേതൃത്വം. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനമാണ് ഗവര്‍ണര്‍ അവഗണിച്ചത് എന്നതിന്റെ പേരില്‍ മന്ത്രിസഭയെ ഉപയോഗിച്ചുതന്നെ നിയമയുദ്ധത്തിന് തുടക്കംകുറിക്കാനുള്ള നീക്കങ്ങളും സജീവമാണ്. ഗവര്‍ണറുടെ നടപടിക്കെതിരെ രാജ്ഭവന്‍മാര്‍ച്ചും കരിദിനവും ഉള്‍പ്പെടെയുള്ള സമരങ്ങളുടെ രൂപത്തില്‍ തങ്ങളുടെ ഭാവി നീക്കങ്ങള്‍ സംബന്ധിച്ച സൂചന സി.പി.എം. നല്‍കിക്കഴിഞ്ഞു. എന്നാല്‍, മന്ത്രിസഭയെ രംഗത്തിറക്കിയുള്ള നിയമയുദ്ധങ്ങളെ മുഖ്യമന്ത്രി എതിര്‍ത്താല്‍ അത് വീണ്ടും മുഖ്യമന്ത്രി ഒരുവശത്തും മറ്റു സി.പി.എം. മന്ത്രിമാരും പാര്‍ട്ടിയും മറുവശത്തുമായുള്ള പുതിയ വടംവലിക്ക് തുടക്കമാവുകയും ചെയ്യും.

2008 ഫിബ്രവരിയില്‍ കോട്ടയത്തുനടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയില്‍ ഏതാണ്ട് പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു വി.എസ്. എന്നാല്‍, കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വി പിണറായി പക്ഷത്തിന് പൂര്‍ണ ആധിപത്യമുള്ള സംസ്ഥാന സമിതിയില്‍ വി.എസ്സിന് അനുകൂലമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് അനുമതി നല്‍കിക്കൊണ്ടുള്ള ഗവര്‍ണറുടെ തീരുമാനത്തോടെ ഈ പ്രവണത ശക്തിപ്പെടുമെന്ന പ്രതീക്ഷ വി.എസ്. പക്ഷം പ്രകടിപ്പിക്കുന്നുമുണ്ട്. മെയ് അവസാനവാരം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ വി.എസ്സിന് അനുകൂലമായി ഉയര്‍ന്ന ചെറുത്തുനില്പ് ഇതിന്റെ ഉദാഹരണമാണെന്നും അവര്‍ എടുത്തുകാട്ടുന്നു. വി.എസ്. ഉന്നയിച്ച പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞ സമീപനം പ്രദര്‍ശിപ്പിച്ച കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കുള്ള താക്കീതാണ് തിരഞ്ഞെടുപ്പുഫലവും ലാവലിന്‍ കേസിലെ സംഭവവികാസങ്ങളുമെന്നും അവര്‍ വിശദീകരിക്കുന്നു.





MathrubhumiMatrimonial