ആദ്യം തിരുവഞ്ചൂര്‍

Posted on: 08 Jun 2009


തിരുവനന്തപുരം: എസ്.എന്‍.സി. ലാവലിന്‍ ക്രമക്കേടിനെപ്പറ്റി നിയമസഭയില്‍ ആദ്യം ഉന്നയിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യ്ക്ക് ഇത് അഭിമാന നിമിഷം.

സത്യം തെളിയിക്കുന്നതിനുള്ള നിര്‍ണായകമായ വഴിത്തിരിവിലാണിപ്പോള്‍. ഇനിയെങ്കിലും സി.പി.എം. യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങള്‍ കാണണം. പിണറായി വിജയന്‍ ഇനിയും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുന്നതില്‍ അര്‍ഥമില്ല - തിരുവഞ്ചൂര്‍ പറയുന്നു.
1998ല്‍ എസ്.എന്‍.സി. ലാവലിന്റെയും സംസ്ഥാന വൈദ്യുതിബോര്‍ഡിന്റെയും പ്രതിനിധികള്‍ യോഗം ചേരുന്നദിവസം തന്നെ നിയമസഭയില്‍ ഈ കരാറിലെ അഴിമതി താന്‍ ചൂണ്ടിക്കാട്ടിയിരുന്നതാണെന്ന് തിരുവഞ്ചൂര്‍ പറയുന്നു. ലാവലിന് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്നതിനെപ്പറ്റി തീരുമാനിക്കാനായിരുന്നു അന്ന് യോഗം ചേര്‍ന്നത്.
1999 ഏപ്രില്‍ 16ന് വൈദ്യുതിവകുപ്പിനെ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഈ പ്രശ്‌നം തിരുവഞ്ചൂര്‍ വീണ്ടും ഉന്നയിച്ചു. ലാവലിന്‍ കരാറിലെ ക്രമക്കേടിനെപ്പറ്റി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ സഭയില്‍ ക്ഷുഭിതനായി. കരാറിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ 100 കോടി രൂപയുടെ സഹായം കിട്ടുമെന്നായിരുന്നു അന്ന് പിണറായി സഭയില്‍ പറഞ്ഞത്.

കാന്‍സര്‍ സെന്ററിനെ അട്ടിമറിക്കാനാണ് അഴിമതി സംബന്ധിച്ച ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു പിണറായി വിജയന്‍ വാദിച്ചതെന്ന് തിരുവഞ്ചൂര്‍ പറയുന്നു.

ആരോഗ്യവകുപ്പിന്റെ കീഴില്‍ സ്ഥാപിക്കേണ്ട കാന്‍സര്‍ സെന്റര്‍ എന്തിന് വൈദ്യുതി വകുപ്പിന് കീഴിലാക്കുന്നുവെന്ന ചോദ്യത്തിന് അന്നും ഇന്നും മറുപടി കിട്ടിയില്ലെന്നും തിരുവഞ്ചൂര്‍ പറയുന്നു.










MathrubhumiMatrimonial