ഗവര്‍ണര്‍ ഗവായിയും ചരിത്രത്തിലേക്ക്

Posted on: 08 Jun 2009

പി.എസ്. ജയന്‍



തിരുവനന്തപുരം: രാമകൃഷ്ണന്‍ സൂര്യഭന്‍ ഗവായ് എന്ന ആര്‍.എസ്.ഗവായ് കേരള ഗവര്‍ണറായി സത്യപ്രതിജ്ഞചെയ്തത് 2008 ജൂലായ് പത്തിനാണ്. ലാവലിന്‍ കേസ് അന്ത്യഘട്ടത്തിലേക്ക് പ്രവേശിക്കവെ, പതിവിനുവിരുദ്ധമായി കേരളം തങ്ങളുടെ ഗവര്‍ണറുടെ രാഷ്ട്രീയം ചര്‍ച്ചാവിഷയമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് , പിണറായിയെ വിചാരണചെയ്യാന്‍ സി.ബി.ഐയ്ക്ക് പച്ചക്കൊടി കാണിച്ചതോടെ ഗവായ് എന്ന ഗവര്‍ണര്‍ക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍കൂടി ഇടം ലഭിക്കുകയാണ്.

1987-91 നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭ നല്‍കിയ പട്ടിക അന്നത്തെ ഗവര്‍ണര്‍ രാംദുലാരി സിന്‍ഹ തള്ളിക്കളഞ്ഞതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കുശേഷം ഗവര്‍ണര്‍ കേരളത്തിന്റെ നിത്യനിദാന രാഷ്ട്രീയത്തിലേക്ക് ഇടപെട്ടത് അത്യപൂര്‍വമായി മാത്രം. ഗവര്‍ണര്‍ക്ക് ഉപദേശം നല്‍കേണ്ട മന്ത്രിസഭയുടെ തീരുമാനം തള്ളിക്കളയാന്‍തക്കവിധമുള്ള ബാഹ്യഉപദേശം ഗവര്‍ണര്‍ക്ക് എവിടെനിന്ന് ലഭിച്ചുവെന്നതിനെച്ചൊല്ലി അന്ന് രാഷ്ട്രീയ കേരളം ഏറെചര്‍ച്ചചെയ്തിരുന്നു. ഇക്കുറിയും അത്തരം ചോദ്യങ്ങള്‍ ഗവര്‍ണര്‍ക്കുമുന്നിലുണ്ടെങ്കിലും മന്ത്രിസഭയുടെ ഇംഗിത പ്രകാരമല്ലാത്തൊരു തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് മതിയായ കാരണങ്ങളുണ്ടെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ലാവലിന്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ അദ്ദേഹത്തിന് മുന്നില്‍ പലതവണയായി നിരത്തിയ അതിശക്തമായ തെളിവുകള്‍തന്നെ അതിന് പ്രധാന കാരണം. അത്തരമൊരു തീരുമാനമെടുക്കുകവഴി രാജ്ഭവന്‍ എന്ന ഭരണഘടനാനുസൃത സ്ഥാപനത്തിന് വ്യക്തവും വ്യതിരിക്തവുമായൊരു പ്രസക്തിയുണ്ടെന്നും മന്ത്രിസഭയുടെ ആജ്ഞാനുവര്‍ത്തിയല്ല ഗവര്‍ണര്‍ എന്ന് സ്ഥാപിക്കുകയുമാണ് ഗവായ് എന്ന ഗവര്‍ണര്‍ ചെയ്തതെന്നും ഒരുവിഭാഗം നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല കേന്ദ്രമന്ത്രിസഭയുടെ പല വിവാദ തീരുമാനങ്ങളും മടക്കിയയച്ച ചരിത്രം രാഷ്ട്രപതിഭവനുമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

മന്ത്രിസഭയുടെ തീരുമാനത്തിനു വിരുദ്ധമായി വിവേചനാധികാരം പ്രയോഗിക്കാനുള്ള അനുഭവ പരിചയവും നിയമപിന്തുണയും ആര്‍.എസ്.ഗവായിയ്ക്കുണ്ടെന്നും അഭിപ്രായമുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയും അംബേദ്കര്‍ അനുഭാവിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവുമായ ഗവായ് 1964 മുതല്‍ 1994 വരെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. 1998-ല്‍ അദ്ദേഹം ലോക്‌സഭാംഗമായി. 2006 ജൂണ്‍ മുതല്‍ അദ്ദേഹം ബീഹാര്‍ ഗവര്‍ണറായിരുന്നു. ഭരണഘടന, ജാതിവ്യവസ്ഥ, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്ന് ഗവായിയുടെ മകന്‍ മത്സരിച്ചിരുന്നു. സി.പി.എം അദ്ദേഹത്തിന് പിന്തുണ നല്‍കിയത് ഏറെ വാര്‍ത്താ പ്രാധാന്യവും നേടിയിരുന്നു. സി.പി.എമ്മിന്റെ പിന്തുണ കിട്ടിയിട്ടും മകന്‍ ഗവായ് തോറ്റെങ്കിലും സി.പി.എമ്മിന്റെ ശത്രുവായി അച്ഛന്‍ ഗവായ് ജയിച്ചിരിക്കുകയാണ് . ഗവര്‍ണര്‍ പദവിയിലും കാര്യമുണ്ടെന്ന് സ്ഥാപിക്കുന്നതിലാണ് അദ്ദേഹത്തിന്റെ വിജയം.




MathrubhumiMatrimonial