
പൂജപ്പുര ജയിലിലെ തൂക്കുമരം ചരിത്രസ്മാരകമാകുമോ?
Posted on: 28 Feb 2014

സുപ്രീംകോടതിയുടെ പുതിയ വിധി തൂക്കുമരം പ്രതീക്ഷിച്ച് ജയിലുകളില്‍ കിടക്കുന്ന പല പ്രതികള്‍ക്കും ശാപമോക്ഷമായി. ഇതില്‍ പ്രധാനം മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ വധിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട പ്രതികളാണ്. ദയാഹര്‍ജിയില്‍ ഉണ്ടായ കാലതാമസത്തിനെതിരെയാണ് സുപ്രീംകോടതി വിധിയുണ്ടായത്. അതേസമയം വധശിക്ഷയ്ക്ക് എതിരെ കോടതി ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, വധശിക്ഷ വേണ്ടെന്ന വാദത്തിനും ഇപ്പോള്‍ ശക്തികൂടിയിരിക്കുന്നു. ഇന്ത്യയിലല്ല പല രാജ്യങ്ങളിലും വധശിക്ഷയ്‌ക്കെതിരെ ശക്തമായ വികാരമുണ്ട്. ചില രാജ്യങ്ങള്‍ വധശിക്ഷ ഇതിനകം നിര്‍ത്തുകയും ചെയ്തു. കേരളത്തിലെ ജയിലുകളില്‍ വധശിക്ഷകാത്ത് കിടക്കുന്നത് ഗോവിന്ദച്ചാമി ഉള്‍പ്പെടെ പതിമൂന്നുപേരാണ്. 1991ല്‍ കണ്ണൂര്‍ ജയിലില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിക്കൊന്നു. ഇതാണ് സംസ്ഥാനത്തെ അവസാനത്തെ തൂക്കിക്കൊല. അതിന് മുമ്പ് 1988 ല്‍ വാകിരി ബാലകൃഷ്ണന്റെ തൂക്കിക്കൊല കണ്ണൂരില്‍ നടന്നത് ജനശ്രദ്ധ ആകര്‍ഷിച്ചു. വയനാട്ടിലെ ഒരു കുടുംബത്തിലെ നാലുപേരെയാണ് ബാലകൃഷ്ണന്‍ കൊന്നത്. എന്നാല്‍, തൂക്കിക്കൊലവിധി വന്നശേഷം തന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പല സാംസ്‌കാരിക നായകര്‍ക്കും അയാള്‍ കത്തയച്ചു. സുകുമാര്‍ അഴീക്കോട് ബാലകൃഷ്ണനെ സന്ദര്‍ശിച്ചു. ചെയ്ത പാപത്തിന്റെ ഫലമാണ് ശിക്ഷയെന്നും പ്രാര്‍ഥനയോടെ ശിക്ഷ ഏറ്റുവാങ്ങുക മാത്രമേ മാര്‍ഗമുള്ളൂവെന്നും ഉപദേശിച്ചു. ഈ സംഭവം വലിയ വാര്‍ത്തയായി.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആരാച്ചാര്‍ ഇല്ലാതായിട്ട് ദശാബ്ദങ്ങളായി. 1979ല്‍ ആണ് ഇവിടെ അവസാനത്തെ വധശിക്ഷ നടന്നത്. ഒരുകാലത്ത് ആരാച്ചാര്‍ കറുത്ത തുണികൊണ്ട് പ്രതിയുടെ മുഖം മറയ്ക്കുന്നതും പിന്നീട് തൂക്കുകയര്‍ കഴുത്തിലിട്ടുകൊടുക്കുന്നതുമെല്ലാം അവിടത്തെ ഉദ്യോഗസ്ഥന്മാരുടെയും ജീവനക്കാരുടെയും ഓര്‍മയില്‍പ്പോലും ഇല്ലാതായിരിക്കുന്നു. രാജഭരണകാലത്ത് ശക്തനായ ഉദ്യോഗസ്ഥനായിരുന്നു ആരാച്ചാര്‍. നാഗര്‍കോവില്‍ സ്വദേശിയായിരുന്നു അവസാനത്തെ ആരാച്ചാര്‍. തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലംമുതല്‍ 'ആരാച്ചാര്‍' മതിലകം രേഖകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യം വട്ടിയൂര്‍ക്കാവിലും പിന്നീട് ചാലയിലും ആരാച്ചാര്‍മാര്‍ക്ക് താമസസ്ഥലം ഉണ്ടായിരുന്നതായി കാണാം. കള്ളനാണയം നിര്‍മിക്കുന്നതിന് കുറ്റവാളികള്‍ക്ക് ആദ്യകാലത്ത് മരണശിക്ഷ നല്‍കിയിരുന്നു. ആരാച്ചാര്‍മാരുടെ വീട്ടിനോടനുബന്ധിച്ച് പ്രതികളെ വിലങ്ങിട്ട് സൂക്ഷിക്കാനും സൗകര്യം ഉണ്ടായിരുന്നു. ആദ്യകാലത്ത് രേഖകള്‍ പ്രകാരം തൂക്കിലേറ്റുന്നത് വിശാലമായ കാടുകളിലായിരുന്നു. എന്നാല്‍, ജയിലുകള്‍ വന്നതോടെ ഈ സ്ഥിതിമാറി. പൂജപ്പുര ജയിലില്‍ ഇതേവരെ എത്രപേരെ തൂക്കിക്കൊന്നുവെന്ന് അറിയില്ല. തൂക്കിക്കൊല നടക്കുന്നതിന്റെ തലേദിവസം നാഗര്‍കോവിലില്‍നിന്നും ആരാച്ചാരുടെ വരവുംപോക്കും എല്ലാം പഴമക്കാര്‍ ഓര്‍ക്കുന്നു. യമധര്‍മന്റെ പ്രതിനിധിയായിട്ടാണ് അക്കാലത്ത് ആരാച്ചാരെ ആളുകള്‍ കണ്ടിരുന്നത്. നാഗര്‍കോവിലില്‍നിന്നും തലേദിവസം രാത്രി അനന്തപുരിയിലെത്തുന്ന ആരാച്ചാര്‍ കരമന ക്ഷേത്രം, കൊത്തുവാള്‍ തെരുവിലെ ക്ഷേത്രം എന്നിവിടങ്ങളില്‍ പൂജയ്ക്കുശേഷമാണ് പൂജപ്പുര ജയിലിലേക്ക് പോയിരുന്നതെന്ന് പോലീസ് ചരിത്രകാരനായ കെ. രമേശന്‍ നായര്‍ പറയുന്നു. കറുത്ത വില്ലുവണ്ടിയില്‍ ഉടുക്കുകൊട്ടി പൂജപ്പുരയിലേക്ക് വിധി നടപ്പിലാക്കാന്‍ പോകുന്ന ആരാച്ചാരെ ഭയത്തോടെയാണ് നോക്കിയിരുന്നത്. എന്നാല്‍, കുട്ടികളും സ്ത്രീകളും ആ രംഗം കാണാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ആരാച്ചാര്‍ പോകുമ്പോള്‍ പട്ടികള്‍ ഒരു പ്രത്യേക ശബ്ദത്തില്‍ കുരയ്ക്കുമെന്നും നത്ത് കരയുമെന്നും കുറുക്കന്മാര്‍ ഓലിയിടുമെന്നുമുള്ള കഥകളും പഴമക്കാര്‍ പറയാറുണ്ട്. ഇതിലെല്ലാം എത്ര വാസ്തവമുണ്ടെന്ന് അറിയില്ല.
രാജഭരണകാലത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പൂജപ്പുര ജയിലില്‍ പ്രത്യേക സംരക്ഷണത്തോടെയാണ് താമസിപ്പിച്ചിരുന്നത്. കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജി വിധിയെഴുതുന്നതിന് മുമ്പ് വീട്ടില്‍ പ്രത്യേക പൂജയും പിന്നീട് ക്ഷേത്രദര്‍ശനവുമെല്ലാം നടത്തുക പതിവായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. എന്നാല്‍, വധശിക്ഷ വേണ്ടെന്ന അഭിപ്രായക്കാരായിരുന്നു 1885 മുതല്‍ 1924 വരെ നാടുഭരിച്ച ശ്രീമൂലംതിരുനാള്‍. ആളുകളെ കൊല്ലുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അതേസമയം, നിയമം നടപ്പിലാക്കുകയും വേണം. വധശിക്ഷയ്ക്ക് വിധേയനായ ആള്‍ ശിക്ഷ ഇളവ് ചെയ്യാന്‍
മഹാരാജാവിന് ഹര്‍ജി നല്‍കും. പൗസ്ദാരി കമ്മീഷണര്‍ എന്ന ഉദ്യോഗസ്ഥനാണ് മരണവാറണ്ടില്‍ ഒപ്പിടേണ്ടത്. അപ്പോള്‍തന്നെ കമ്മീഷണര്‍ അതില്‍ ഒപ്പിടും. എന്നാല്‍ പതിവുപോലെ മഹാരാജാവ് തൂക്കേണ്ടെന്ന് പറയും. ഈ ഉത്തരവ് അയയ്ക്കുന്നത് തൂക്കിക്കൊല്ലല്‍ നടന്ന ശേഷമായിരിക്കും. രാജാവിന് പാപം കിട്ടാതിരിക്കാനുള്ള ഈ നടപടി വളരെക്കാലം തുടര്‍ന്നതായി പറയുന്നു. എന്നാല്‍ ഇതിന് രേഖകളൊന്നും കാണുന്നില്ല.
തിരുവിതാംകൂറില്‍ കോളിളക്കം സൃഷ്ടിച്ച കേസിനോട് അനുബന്ധിച്ച് തൂക്കിക്കൊല നടന്നത് 1940 ഡിസംബര്‍ 17, 18 തീയതികളിലാണ്. ഉത്തരവാദഭരണത്തിനുവേണ്ടി 1938ല്‍ രൂപംകൊണ്ട സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സമരത്തില്‍ നിന്ന് ആവേശംകൊണ്ടാണ് ആ വര്‍ഷം സപ്തംബറില്‍ ചരിത്രപ്രസിദ്ധമായ 'പാങ്ങോട് കല്ലറ' സമരം നടന്നത്. നെടുമങ്ങാട് താലൂക്കിലെ ഒരു പോലീസുകാരന്റെ മരണത്തെത്തുടര്‍ന്നുണ്ടായ പോലീസിന്റെയും പട്ടാളത്തിന്റെയും അതിക്രമം പാങ്ങോട് കല്ലറ പ്രദേശത്തെ ദുരിതത്തിലാക്കി. ഈ സമരത്തോടനുബന്ധിച്ചാണ് കൊച്ചപ്പി പിള്ള, പട്ടാളം കൃഷ്ണന്‍ എന്നിവരെ തൂക്കിലേറ്റിയത്. ഇവരെ മരണശിക്ഷയ്ക്ക് വിധിച്ച് പൂജപ്പുര ജയിലില്‍ കൊണ്ടുപോയപ്പോള്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാക്കളായ പട്ടംതാണു പിള്ള, പരവൂര്‍ ടി. കെ. നാരായണ പിള്ള, ആനിമസ്‌ക്രിന്‍ തുടങ്ങിയവരെല്ലാം ശിക്ഷിക്കപ്പെട്ട് അവിടെ ഉണ്ടായിരുന്നതായി നഗരത്തിന്റെ കാരണവരും മെയ് 24 ന് നൂറുവയസ്സ് തികയുന്ന കെ. അയ്യപ്പന്‍ പിള്ള ഓര്‍ക്കുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാവ്, യുവ അഭിഭാഷകന്‍ എന്നീ നിലകളില്‍ പാങ്ങോട് കല്ലറ സമരക്കേസുകളുടെയെല്ലാം സാക്ഷിയായിരുന്നു കെ. അയ്യപ്പന്‍ പിള്ള.
1944 നവംബര്‍ 11 ന് ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ക്ക് മാതൃകയായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ വധശിക്ഷ നിര്‍ത്തുന്ന ഉത്തരവില്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ഒപ്പുവെച്ചു. ഇതിനു മുന്‍കൈയെടുത്തത് ദിവാന്‍ സര്‍ സി. പി. രാമസ്വാമി അയ്യരാണ്. അക്കാലത്ത് ബ്രാഹ്മണരെയും സ്ത്രീകളെയും തൂക്കിക്കൊല്ലുക പതിവില്ലായിരുന്നു. ഒരേ കുറ്റം ചെയ്യുന്നവര്‍ക്ക് രണ്ടുതരം ശിക്ഷ പാടില്ലെന്നായിരുന്നു. സി.പി.യുടെ വാദം. നിയമത്തിന്റെ ദൃഷ്ടിയില്‍ എല്ലാവരും തുല്യരാണെന്നും അമേരിക്കയിലെ പല സംസ്ഥാനങ്ങളും നെതര്‍ലണ്ട്, ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലണ്ട് തുടങ്ങിയ പല പരിഷ്‌കൃത രാജ്യങ്ങളും വധശിക്ഷ നിര്‍ത്തലാക്കിയ പാത തിരുവിതാംകൂറും തുടരണമെന്നും സി.പി. മഹാരാജാവിനോട് രേഖാമൂലം അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്നാണ് മഹാരാജാവ് വധശിക്ഷ നിര്‍ത്തലാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ചത്.
സ്വാതന്ത്ര്യത്തിനുശേഷം വധശിക്ഷ വീണ്ടും നടപ്പിലാക്കി തുടങ്ങി. ഐക്യകേരള രൂപവത്കരണത്തിനുശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോടാകുളങ്ങര വാസുപിള്ള ചരിത്രം സൃഷ്ടിച്ചു. പല പ്രാവശ്യവും അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ തീയതി നിശ്ചയിച്ചുവെങ്കിലും ദയാഹര്‍ജിയെ തുടര്‍ന്ന് ശിക്ഷ ഇളവ് ചെയ്തു. തൂക്കിക്കൊല്ലാന്‍ വിധിക്കുന്ന പ്രതിയുടെ ദയാഹര്‍ജി, ജയിലില്‍ നിന്നും വന്നാല്‍ അതിന് അതിവേഗ പരിഗണനയാണ് നല്‍കിയിരുന്നതെന്ന് മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. കുറെക്കാലം അദ്ദേഹം ആഭ്യന്തരവകുപ്പ് സെക്രട്ടറിയായിരുന്നു. സൂപ്രണ്ടില്‍ നിന്നും എത്തുന്ന ദയാഹര്‍ജി കറുത്ത ബോര്‍ഡുള്ള ഫയലിലാക്കി ആദ്യം ഡെപ്യൂട്ടി സെക്രട്ടറിയുടെ മുമ്പിലും പിന്നീട് സെക്രട്ടറിയുടെ മുമ്പിലും ചീഫ് സെക്രട്ടറി വഴി അന്നുതന്നെ ഗവര്‍ണര്‍ക്കും എത്തിക്കുകയായിരുന്നു പതിവ്. ഗവര്‍ണര്‍ ദയാഹര്‍ജി തള്ളിയാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാം. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജി തീര്‍പ്പാക്കാതെ കിടന്നതാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധിക്ക് ആധാരം. ഇങ്ങനെ പോയാല്‍ വധശിക്ഷ അതിവേഗം ഇന്ത്യയിലും നിര്‍ത്താനാണ് സാധ്യത തെളിയുന്നത്. പൂജപ്പുര ജയിലിലെയും മറ്റ് ജയിലുകളിലെയും തൂക്കുമരങ്ങള്‍ ചരിത്ര സ്മാരകമായി മാറുന്ന കാലം വിദൂരമല്ല.
