NagaraPazhama

കോഴിക്കോട്- പാലക്കാട് റോഡ് @ 1854

Posted on: 26 Feb 2014

അഡ്വ. ടി.ബി. സെലുരാജ് seluraj@yahoo.com




ഈയിടെ പാലക്കാട്ടേക്കൊരു യാത്ര തരപ്പെട്ടു, ഒരു വിവാഹസംബന്ധമായി. ദൂരെയാത്രകളില്‍ ടാക്‌സിയാണ് നല്ലതെന്ന് അനുഭവത്തില്‍നിന്ന് മനസ്സിലാക്കിയിരുന്നു. അതിരാവിലെത്തന്നെ ടാക്‌സിയെത്തി. പ്രായാധിക്യവും അനുഭവസമ്പത്തും കൈമുതലായുള്ള ഒരു ഡ്രൈവര്‍. സമയത്തിനുതന്നെ എത്താനാകുമോ എന്നൊരാശങ്ക അയാള്‍ എനിക്ക് സമ്മാനിച്ചു. കല്യാണങ്ങളില്‍ സദ്യക്കുതന്നെയാണല്ലോ മുന്‍തൂക്കം. മുഹൂര്‍ത്തം കഴിഞ്ഞിട്ടാണെങ്കിലും എത്തിയാല്‍ മതിയെന്ന് ആശ്വസിച്ചു. റോഡത്ര പന്തിയല്ലായിരുന്നു. അങ്ങിങ്ങ് കുഴികള്‍. ഡ്രൈവര്‍ പിറുപിറുക്കുന്നുണ്ടായിരുന്നു. ഗതാഗത വകുപ്പിന്റെ മന്ത്രിയെ മുതല്‍ ശിപായിയെവരെ അയാള്‍ ശകാരിച്ചുകൊണ്ടേയിരുന്നു. എനിക്ക് ചിരിയാണ് വന്നത്. എന്തിനാണ് ചിരിക്കുന്നതെന്ന സഹധര്‍മിണിയുടെ ചോദ്യത്തിനുമുന്നില്‍ മൗനംപാലിച്ചു. എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ഒരു കത്തായിരുന്നു - 1854 സപ്തംബര്‍ മാസം 16-ാം തീയതി മലബാറിലെ സിവില്‍ എന്‍ജിനീയറായിരുന്ന ക്യാപ്റ്റന്‍ ലഡ്‌ലോവ് മലബാര്‍ കളക്ടറായിരുന്ന കനോലിക്ക് അയച്ച ഒരു എഴുത്ത്. കോഴിക്കോട്-പാലക്കാട് റോഡിന്റെ ആദ്യരൂപം നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നതാണ് ഈ ഒരൊറ്റ എഴുത്ത്.

1854 സപ്തംബര്‍ മാസം 16-ാം തീയതി മലബാറിലെ സിവില്‍ എന്‍ജിനീയറായിരുന്ന ക്യാപ്റ്റന്‍ ലഡ്‌ലോവ് മലബാര്‍ കളക്ടറായിരുന്ന കനോലിക്ക് അയച്ച ആ എഴുത്തിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. ''സര്‍, രണ്ട് റോഡുകള്‍ക്കായി ഒരു എസ്റ്റിമേറ്റുണ്ടാക്കുവാന്‍ താങ്കള്‍ ആവശ്യപ്പെട്ടിരുന്നുവല്ലോ. കോഴിക്കോട്ടുനിന്നും ബേപ്പൂര്‍ വഴി കൊണ്ടോട്ടി, മലപ്പുറം, അങ്ങാടിപ്പുറം, മണ്ണാര്‍ക്കാട്, മുണ്ടൂര്‍ വഴിയുള്ള റോഡാണ് ആദ്യത്തേത്. മുണ്ടൂരുനിന്നും ഈ റോഡ് പാലക്കാട്ടേക്കുള്ള കാളവണ്ടിറോഡുമായി ചേരും. രണ്ടാമതായി ഈ റോഡിന് മഞ്ചേരിയുമായി കുണ്ടോട്ടിയില്‍വെച്ചോ അങ്ങാടിപ്പുറത്തുവെച്ചോ ബന്ധപ്പെടുത്തുക എന്നുള്ളതാണ്. രണ്ടാമത്തെ റോഡിനുവേണ്ടി ഞാന്‍ കാര്യമായി ശുപാര്‍ശകളൊന്നും ചെയ്യുന്നില്ല. എന്നാല്‍, ആദ്യത്തെ റോഡിനുവേണ്ടി ഞാന്‍ ശക്തമായി പിന്താങ്ങുന്നു. ഈ റോഡ്പണി തീര്‍ത്താല്‍ കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്ക് നേരിട്ട് എത്തുവാന്‍ കഴിയുമെന്ന നേട്ടമുണ്ട്. പശ്ചിമഘട്ടത്തിന്റെ താഴ്‌വരകളിലെ ഫലഭൂയിഷ്ഠമായ പ്രതലത്തില്‍ക്കൂടി കടന്നുപോകുന്ന ഒരു റോഡായിരിക്കുമിതെന്ന് എനിക്ക് ഉറപ്പുതരുവാന്‍ കഴിയും. അതിനാല്‍ ഈ ചക്രവണ്ടി (Wheel carriage) റോഡിനെ താങ്കളും ശരിവെക്കണം.

ഇപ്പോള്‍ പാലക്കാട്ടേക്ക് വണ്ടിയില്‍ നേരിട്ടെത്തുവാന്‍ റോഡുകളില്ല. കുറച്ചുഭാഗങ്ങളില്‍ക്കൂടി കാളവണ്ടികളില്‍ സഞ്ചരിക്കാം. പിന്നീട് പല്ലക്കുകളില്‍ സഞ്ചരിച്ചുവേണം നമുക്ക് പാലക്കാട്ടെത്തുവാന്‍. മഞ്ചല്‍വാഹകരെയാണ് കാര്യമായും നാം ഈ യാത്രകള്‍ക്കായി ആശ്രയിക്കുന്നത്. റോഡുകള്‍ എന്ന് നാമിപ്പോള്‍ വിളിക്കുന്നത് വീതി കുറഞ്ഞ ഇടവഴികളെയാണ്. ചുരുക്കത്തില്‍ കോഴിക്കോട്ടുനിന്നും പാലക്കാട്ടേക്കെത്തുക സാഹസികമായ ഒരനുഭവമാണ്. തീരപ്രദേശങ്ങളിലൂടെ റോഡുകളുണ്ടാക്കുന്നതുപോലെ സുഗമമല്ലിത്. ഉയര്‍ന്ന കുന്നുകളും മലകളും താഴ്‌വരകളെ ഭേദിച്ചുകൊണ്ടാണ് ഉയര്‍ന്നുനില്‍ക്കുന്നത്. ഇതാകട്ടെ, താഴ്‌വരകളില്‍ പലപ്പോഴായി ആവര്‍ത്തിക്കപ്പെടുന്നു. ഒറ്റനോട്ടത്തില്‍ അനായാസകരമായി തോന്നുമെങ്കിലും ഇതിലൂടെ റോഡുകളുണ്ടാക്കുക അത്ര എളുപ്പമല്ല. പാറക്കുന്നുകളും മലകളും എന്തിനുമേതിനും വിഘാതങ്ങള്‍ സൃഷ്ടിക്കുന്നു.

നമുക്ക് ഈ ദുര്‍ഘടം പിടിച്ച വഴികളെ ചക്രവണ്ടി റോഡുകളായി മാറ്റേണ്ടതുണ്ട്. ഇതിന് ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ കുറച്ച് പണം ചെലവഴിക്കേണ്ടതായി വരും. എന്നാല്‍, മാത്രമേ കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്കൊരു റോഡ് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. ഇക്കാര്യത്തില്‍ അമാന്തം കാണിക്കരുതെന്നാണ് എന്റെ അഭിപ്രായം. ഒന്നാമതായി റോഡിനുവേണ്ടി കുറച്ചുപണം ചെലവഴിക്കേണ്ടതായി വരും. പല ഭാഗത്തും ഈ റോഡിനായി സ്ഥലമേറ്റെടുക്കേണ്ടതുണ്ട്. ഇതിന് നാം നഷ്ടപരിഹാരം കൊടുക്കണം. മലബാറില്‍ സ്ഥലം വളരെ വിലപിടിപ്പുള്ളതാണെന്നോര്‍ക്കുക. നിലവിലുള്ള വഴികള്‍തന്നെ റോഡാക്കുക എന്നതാണ് ഇതിനൊരു പരിഹാരം. വളരെ അത്യാവശ്യമെന്ന് തോന്നുന്നപക്ഷം മാത്രമേ ഈ വഴികളില്‍നിന്ന് വ്യതിചലിച്ചുകൊണ്ട് മറ്റുവഴികളെ കണ്ടെത്തേണ്ടതായിട്ടുള്ളൂ. മലബാറിനെപ്പോലെ ധാരാളമായി മഴലഭിക്കുന്ന രാജ്യങ്ങളില്‍ റോഡിലെ വെള്ളം ഒഴുകിപ്പോകേണ്ട ആവശ്യകതയുടെ പ്രാധാന്യം നാം നല്ലവണ്ണം മനസ്സിലാക്കിയിരിക്കണം. അതിനാല്‍ നല്ലൊരു ഡ്രൈനേജ് സൗകര്യം റോഡിലുടനീളം നാം തുടക്കത്തിലേ ഉണ്ടാക്കേണ്ടതായിട്ടുണ്ട്. റോഡുകളെ മുറിച്ചുകൊണ്ട് കടന്നുപോകുന്ന അനവധി പുഴകള്‍ ഈ ഭാഗങ്ങളിലുണ്ട്. ഇവയ്‌ക്കൊക്കെത്തന്നെ നാം പാലങ്ങള്‍ നിര്‍മിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ചെലവ് ഒരല്പം കൂടുമെന്ന് പറയാതെ വയ്യ.

ഇക്കാരണങ്ങള്‍ കണക്കിലെടുത്തുകൊണ്ട് താങ്കളുടെ സമക്ഷത്തിങ്കലേക്കായി ഈ റോഡ് നിര്‍മാണ ചെലവിലേക്കായി 45,707 ഉറുപ്പിക 14 അണയുടെ ഒരു എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നു. ഇത് നിലവിലുള്ള വഴികളെ വീതി കൂട്ടുവാനായും അറ്റകുറ്റപ്പണികള്‍ നടത്തുവാനും പിന്നെ ചില ടണലുകളുണ്ടാക്കുവാനും മാത്രമാണ്. 30 അടിയില്‍ താഴെ വീതിയുള്ള 23 അരുവികളുണ്ട് ഈ വഴിയില്‍. 30 മുതല്‍ 200 അടി വരെ വീതിയുള്ള പത്ത് പുഴകളും ഇവയ്ക്കുപുറമെയായുണ്ട്. ഇവയ്‌ക്കൊക്കെ പാലം പണിയുവാനുള്ള എസ്റ്റിമേറ്റ് ഞാന്‍ തയ്യാറാക്കുന്നതേയുള്ളൂ. എന്റെ സെക്ഷനില്‍നിന്ന് എനിക്ക് കിട്ടിയ വിവരം 35 പാലങ്ങള്‍ക്കായി 45,000 ഉറുപ്പിക ചെലവിടേണ്ടിവരുമെന്നാണ്. ഇങ്ങനെ ചക്രവണ്ടികള്‍ക്കായി കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്ക് മലപ്പുറം, മണ്ണാര്‍ക്കാട്, അങ്ങാടിപ്പുറം ഭാഗങ്ങളില്‍ക്കൂടി റോഡ് വന്നാല്‍ അത് ഫലഭൂയിഷ്ഠമായ ഈ പ്രദേശങ്ങളെ തീരപ്രദേശങ്ങളുമായും മറ്റു ഭാഗങ്ങളുമായും ബന്ധപ്പെടുത്തുവാന്‍ കഴിയും. ഇതാണ് ഈ റോഡിന്റെ ഏറ്റവും വലിയ നേട്ടം. ഈ വിഷയത്തില്‍ എന്നെക്കാള്‍ കൂടുതല്‍ അഭിപ്രായം പറയുവാന്‍ എന്തുകൊണ്ടും താങ്കള്‍തന്നെയാണ് പ്രാപ്തന്‍. ഈ റോഡ് എന്തുകൊണ്ടും സൈനികമായും കാര്‍ഷികപരമായും രാഷ്ട്രീയപരമായും പ്രാധാന്യമര്‍ഹിക്കുന്നതാണ്. കോളറ്റിന്റെ റിപ്പോര്‍ട്ടില്‍ ഈ പ്രാധാന്യത്തെ എടുത്തുപറയുന്നുണ്ട്. അതും കൂടി ശ്രദ്ധിക്കുക. ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ ഞാന്‍ കോളറ്റിനോടൊപ്പം സന്ദര്‍ശനം നടത്തുകയുണ്ടായി. എന്നു മാത്രമല്ല, ഈ റോഡിന്റെ സര്‍വേക്കായി ഒരു സര്‍വെയറെ അടിയന്തരമായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാല്‍ ഈ റോഡിന്റെ പ്രാധാന്യം മനസ്സിലാക്കി ഈ എസ്റ്റിമേറ്റ് എത്രയും പെട്ടെന്ന് അനുവദിച്ച് തരിക.''

വണ്ടി പാലക്കാട്ടെത്തിയിരിക്കുന്നു. ഭാഗ്യം! കൊട്ടും കുരവയും കേള്‍ക്കുന്നുണ്ട്. മനസ്സില്‍ ലഡ്‌ലോവിനോടും കനോലിയോടും നന്ദി പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ടുതന്നെ ഞാന്‍ കാറില്‍നിന്നിറങ്ങി വിവാഹപ്പന്തലിലേക്ക് നടന്നു.



MathrubhumiMatrimonial