കൊച്ചിയില്‍ ജനപ്രളയം

Posted on: 02 Jun 2009


കൊച്ചി: ജീവിതത്തിലെ വഴിത്തിരിവുകള്‍ക്ക് സാക്ഷ്യം വഹിച്ച മഹാനഗരത്തിലേക്ക് കമലാസുരയ്യ ഒരിക്കല്‍ കൂടി വന്നു: നെഞ്ചെരിയും ഓര്‍മ്മകളില്‍ കൊച്ചി വിതുമ്പി.... ഒരു വ്യാഴവട്ടത്തിലധികം ജീവിച്ച കൊച്ചിയിലേക്ക്, കമലാസുരയ്യയുടെ ചേതനയറ്റ ദേഹം കൊണ്ടു വരുന്നതറിഞ്ഞ് അവസാനമായി കാണാന്‍, വിവിധ തുറകളിലുള്ള ജനങ്ങള്‍ കാത്തുനിന്നു.... 1993 മുതല്‍ ദ്വാരക ജങ്ഷനിലെ അമ്പാടി അപ്പാര്‍ട്ട്‌മെന്റ്‌സിലും പിന്നീട് കടവന്ത്രയിലെ 'റോയല്‍ മാന്‍ഷനി'ലും താമസിച്ച കമലാസുരയ്യയ്ക്ക് സമസ്ത മേഖലകളിലേയും ആളുകളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.

1999ല്‍ ഇസ്ലാം മതം സ്വീകരിച്ചതായി കമലാസുരയ്യ പ്രഖ്യാപിച്ചത് കൊച്ചിയില്‍ തന്നെ നടന്ന പൊതുചടങ്ങിലാണ്. തൃശ്ശൂര്‍ പുന്നയൂര്‍കുളത്തെ സ്വത്ത് കമലാസുരയ്യ കേരളസാഹിത്യ അക്കാദമിക്ക് കൈമാറിയതും കൊച്ചിയില്‍ വെച്ചാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഭൗതികദേഹം എറണാകുളം ടൗണ്‍ ഹാളില്‍ കൊണ്ടു വന്നു.

എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, എസ്.ശര്‍മ്മ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഗോപി കോട്ടമുറിക്കല്‍, എം.എം.ലോറന്‍സ്, അബ്ദുള്‍നാസര്‍ മഅദനി, എന്‍.വേണുഗോപാല്‍, വി.ഡി.സതീശന്‍ എം.എല്‍.എ., വി.ജെ.പൗലോസ്, എ.എം.യൂസഫ് എം.എല്‍.എ., പി.രാജീവ് എം.പി., കെ.ചന്ദ്രന്‍പിള്ള, സുരേഷ്‌കുറുപ്പ്, എം.സി.ജോസഫൈന്‍, സുലൈമാന്‍ ഖാലിദ്, മുണ്ടക്കയം സദാശിവന്‍, വി.കെ.ബാബു, ഡൊമിനിക് പ്രസന്‍േറഷന്‍, തുടങ്ങിയ ഒട്ടേറെ പേരും സാഹിത്യരംഗത്തെ ഡോ.എം.ലീലാവതി, സേതു, ശ്രീകുമാരി രാമചന്ദ്രന്‍, കെ.എല്‍.മോഹനവര്‍മ്മ, പ്രൊഫ.തോമസ് മാത്യു, തനൂജ എസ്.ഭട്ടതിരി, കെ.പി.സുധീര തുടങ്ങി ഒട്ടേറെ പേര്‍ അന്തിമോചാരം അര്‍പ്പിക്കാന്‍ ടൗണ്‍ ഹാളില്‍ എത്തി.കേന്ദ്രമന്ത്രി കെ.വി.തോമസിന് വേണ്ടി കളക്ടര്‍ ഡോ.എം.ബീന പുഷ്പചക്രം സമര്‍പ്പിച്ചു.

തിങ്കളാഴ്ച രാവിലെ 7.45 ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഭൗതികശരീരം കൊച്ചി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്. മന്ത്രിമാരായ എസ്. ശര്‍മ, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. മകന്‍ എം.ഡി. നാലപ്പാട്, ഭാര്യ ലക്ഷ്മി, മന്ത്രി എം.എ. ബേബി എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ച് കൊച്ചി വിമാനത്താവളത്തിലെത്തി. മകന്‍ ചിന്നന്‍ദാസ് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു.

മൃതദേഹം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനല്‍ പരിസരത്ത് 20 മിനിറ്റോളം പൊതുദര്‍ശനത്തിനു വെച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, ജില്ലാ കളക്ടര്‍ ഡോ. എം. ബീന തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.



MathrubhumiMatrimonial