
സി.പിയുടെ പ്രതിമ നിയമസഭാ കവാടത്തില്‍നിന്ന് മാറ്റാന്‍ ബഹളം
Posted on: 04 Feb 2014
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
നഗരപ്പഴമ
![]() |
സെക്രട്ടേറിയറ്റിനുള്ളിലെ പഴയ നിയമസഭാ മന്ദിരം നിര്‍മാണഘട്ടത്തില്‍. 1933 ഡിസംബറില്‍ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറല്‍ വെല്ലിങ്ടണ്‍ പ്രഭു തറക്കല്ലിട്ടതും 1939 ഫിബ്രവരിയില്‍ ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ ഉദ്ഘാടനം ചെയ്തതുമായ ഈ നിയമസഭാ മന്ദിരത്തിന് മുമ്പിലാണ് പ്രതിമ ഉണ്ടായിരുന്നത്. |
1948 കാലം. തിരുവിതാംകൂര്‍ മുന്‍ ദിവാന്‍ സര്‍.സി.പിയുടെ പ്രതിമ നിയമസഭാ കവാടത്തില്‍ നിന്ന് മാറ്റണമെന്ന് ഭരണവിഭാഗം. എന്നാല്‍ മഹാരാജാവാണ് ഇപ്പോഴും ഭരണത്തലവനെന്നുംഅദ്ദേഹത്തെ പിണയ്ക്കുന്ന നടപടി പാടില്ലെന്നും ഭരണകക്ഷിയില്‍പ്പെട്ട കുറെപ്പേര്‍. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളടങ്ങുന്ന മന്ത്രിസഭയാണ് ദിവാന് പകരം അപ്പോള്‍ ഭരണം നടത്തിയിരുന്നത്.
പട്ടം താണുപിള്ളയായിരുന്നു ആ ആദ്യത്തെ ജനകീയ 'പ്രധാനമന്ത്രി'. സര്‍. സി.പിയുടെ പ്രതിമ മാറ്റാനുള്ള നീക്കത്തിനെതിരെ ചിലര്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനും ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലിനും കത്തയച്ചു. പെട്ടെന്ന് പ്രകോപനമുണ്ടാക്കുന്ന നടപടി വേണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും നിലപാട്. ഇതേപ്പറ്റി നിയമസഭയില്‍ പലരും ചോദ്യങ്ങളുന്നയിക്കാന്‍ ശ്രമിച്ചു. സി.പിയുടെ പ്രതിമ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ച പലേടത്തും നടക്കുന്നതിനിടയിലാണ് 'സ്വദേശാഭിമാനി' പ്രശ്‌നം ഉയര്‍ന്നുവന്നത്.
പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ ശ്രീമൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് 1910 സപ്തംബര്‍ 26ന് തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തിയത്. 1916 മാര്‍ച്ച് 28ന് 38-ാം വയസ്സില്‍ രാമകൃഷ്ണ പിള്ള കണ്ണൂരില്‍വെച്ച് അന്ത്യശ്വാസം വലിച്ചു. നാടുകടത്തലിനുശേഷം പിന്നീടൊരിക്കലും തിരുവനന്തപുരത്ത് എത്താന്‍ കഴിയാത്ത രാമകൃഷ്ണ പിള്ളയുടെ കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്തുള്ള ഭൗതികാവശിഷ്ടത്തിന്റെ ഒരംശം തിരുവനന്തപുരത്ത് കൊണ്ടുവന്ന് അവിടെ രാമകൃഷ്ണ പിള്ളയുടെ സ്മാരകം സ്ഥാപിക്കാന്‍ സ്വാതന്ത്ര്യ സമരസേനാനികളും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളും തീരുമാനിച്ചു. എന്നാല്‍ സ്മാരകത്തിന് സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് പ്രശ്‌നം ഉയര്‍ന്നു. ശ്രീമൂലംതിരുനാള്‍ നാടുകടത്തിയ ഒരാളിന് സ്മാരകം പണിയുന്നത് മഹാരാജാവ് ശ്രീചിത്തിരതിരുനാളിന് ഇഷ്ടപ്പെടുമോ എന്നായിരുന്നു പ്രധാനമന്ത്രി പട്ടം താണുപിള്ളയുടെ സംശയം. ഇതിന്റെ പേരിലും പിന്നീടുള്ള പ്രശ്‌നങ്ങളുടെ പേരിലും പട്ടം താണുപിള്ള പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ഇതിന് അല്പം മുമ്പായിരുന്നു നിയമസഭയിലെ സി.പി. പ്രതിമ മാറ്റുന്ന പ്രശ്‌നം ഉടലെടുത്തത്.
പട്ടത്തിന്റെ രാജിയെത്തുടര്‍ന്ന് പറവൂര്‍ ടി.കെ. നാരായണ പിള്ള തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായി. ഒരു ദിവസം കാലത്ത് നിയമസഭാ മന്ദിരത്തിന് മുമ്പിലുള്ള സി.പിയുടെ പ്രതിമയും അത് സ്ഥാപിച്ചിരുന്ന പീഠവും അപ്രത്യക്ഷമായി. പ്രശ്‌നം രാഷ്ട്രീയ ഒച്ചപ്പാടായി. നടപടി ശരിയല്ലെന്ന് കാണിച്ച് ഒരുകൂട്ടം നേതാക്കള്‍ നാട്ടുരാജ്യവകുപ്പിന് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് സര്‍ദാര്‍ പട്ടേലില്‍ നിന്ന് തിരുവിതാംകൂര്‍ പ്രധാനമന്ത്രി ടി.കെയ്ക്ക് വിശദീകരണ നോട്ടീസ് ലഭിച്ചു. എന്നാല്‍ ടി.കെ. വിട്ടുകൊടുത്തില്ല. അദ്ദേഹം കേന്ദ്രത്തിന് മറുപടി അയച്ചു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയില്‍ താന്‍ തന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ടി.കെയുടെ മറുപടി. സര്‍ദാര്‍ പട്ടേലിന് മാത്രമല്ല, അതിന്റെ കോപ്പി ടി.കെ. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും അയച്ചുകൊടുത്തു. അതോടെ പ്രതിമ പ്രശ്‌നം കെട്ടടങ്ങി.

ഏതായാലും സി.പി. സത്രത്തിന്റെയും നിയമസഭയുടെയും മുമ്പിലുള്ള സി.പിയുടെ പ്രതിമകള്‍ പിന്നീട് നീക്കംചെയ്തു. അതുപോലെ എസ്.എം.വി. സ്‌കൂളിന് എതിര്‍വശത്ത് കോര്‍പ്പറേഷന്‍ (നഗരസഭാകാര്യാലയം) ഓഫീസിനോടനുബന്ധിച്ച് ഉണ്ടായിരുന്ന സി.പി. പ്രതിമയും പിന്നീട് നീക്കം ചെയ്തു. ആ പ്രതിമകള്‍ ഇന്ന് എവിടെയോ പൊടിപിടിച്ച് കിടക്കുന്നുണ്ടാകും.
