
മുംബൈയെ പ്രണയിച്ച ആമി
Posted on: 01 Jun 2009
എന്‍. ശ്രീജിത്ത്

ഭര്‍ത്താവ് മാധവദാസിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ എക്കണോമിക് അഡൈ്വസര്‍ ജോലി. മാധവിക്കുട്ടി ഓരോ കഥകളിലും മുംബൈ നഗരത്തെ വീണ്ടെടുക്കുകയായിരുന്നു. കവിതകളുടെ പശ്ചാത്തലം കല്‍ക്കട്ട നഗരമായിരുന്നപ്പോള്‍, കഥകളില്‍ മുംബൈ നഗരം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
മന്ത്രാലയയ്ക്കടുത്ത ബാങ്ക് ഹൗസില്‍ താമസിക്കുമ്പോള്‍ നഗരഹൃദയത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ മാധവിക്കുട്ടി തൊട്ടറിഞ്ഞതായി എം.പി. നാരായണപ്പിള്ളയും ബാലകൃഷ്ണനും രേഖപ്പെടുത്തിയിട്ടുണ്ട്.
പിന്നീട് മാധവിക്കുട്ടി മതം മാറി ഇസ്‌ലാം മതം സ്വീകരിച്ചശേഷമാണ് ജീവിതത്തിന്റെ വസന്തസ്വപ്നങ്ങള്‍ക്ക് അറുതിവന്ന കാലയളവില്‍ മകന്‍ ജയസൂര്യയ്‌ക്കൊപ്പം പുണെയില്‍ എത്തുന്നത്.
അപ്പോഴും മുംബൈയില്‍നിന്ന് പഴയ സുഹൃത്തുക്കള്‍ തങ്ങളുടെ പഴയ ആമിയെ കാണാന്‍ പുണെയില്‍ നിരന്തരം യാത്ര നടത്തിയിരുന്നു.
എല്ലാ വസന്തങ്ങളില്‍ നിന്നും വേര്‍പെട്ട് മതംമാറ്റത്തിന്റെ ഭീഷണികളും അസഭ്യവചനങ്ങളും മാത്രം ലഭിക്കുന്ന കാലയളവില്‍ കേരളത്തില്‍നിന്ന് മഹാനഗരത്തിലേക്ക് മാധവിക്കുട്ടി തന്നെ പറിച്ചുനടുകയായിരുന്നു.
തന്റെ ജീവിതമത്രയും നഗരങ്ങളില്‍ ചെലവഴിച്ച്, മരണവും മറുനാട്ടിലാക്കി. മാധവിക്കുട്ടി അവസാനം കേരളത്തിന്റെ മണ്ണിലേക്കുതന്നെ മഹാനഗരത്തില്‍ നിന്ന് യാത്രയായി.
