നാല് നമ്പൂതിരിമാരും ഒരു അവിഹിതബന്ധവും
Posted on: 27 Jan 2014
അഡ്വ. ടി.ബി. സെലുരാജ്
ഞങ്ങള്‍ കുട്ടികളുടെ ലോകത്തും ചെറിയ ചെറിയ കുറ്റകൃത്യങ്ങളുണ്ടാകുമായിരുന്നു. ഓര്‍മയിലെ തറവാടിന്റെ നാലുഭാഗത്തും സര്‍പ്പക്കാവുകളില്‍ ഉഗ്രമൂര്‍ത്തികള്‍ സ്ഥിരതാമസക്കാരായിട്ടുണ്ടായിരുന്നു. തെക്ക് ഘണ്ടാകര്‍ണന്‍, വടക്ക് ബ്രഹ്മരക്ഷസ്സ്, കിഴക്കും പടിഞ്ഞാറും നാഗത്താന്മാര്‍. കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ക്ക് കാരണവന്മാര്‍ ശിക്ഷവിധിച്ചിരുന്നത് സന്ധ്യാനേരത്ത് ഒറ്റയ്ക്കുപോയി നാഗത്താന്‍കോട്ടയിലെ ചിത്രകൂടക്കല്ലുകളില്‍ തൊട്ട് സത്യംചെയ്യിക്കലായിരുന്നു. പല കൃത്യങ്ങള്‍ക്കും അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ ഇത്തരം സത്യപരീക്ഷകള്‍ക്ക് വിധേയരായി. സന്ധ്യാനേരത്ത് ഒറ്റയ്ക്ക് സര്‍പ്പക്കാവുകളില്‍ പോവുകയെന്നതുതന്നെ ഒരു ശിക്ഷയായിരുന്നു. കാവുകളില്‍ വിളക്കുവെക്കുക എന്നത് പെണ്‍കുട്ടികളുടെ ദൗത്യമായിരുന്നു. കൂട്ടായി ഞങ്ങള്‍ ആണ്‍കുട്ടികളെയായിരുന്നു പറഞ്ഞയയ്ക്കാറ്. എന്നാല്‍, സത്യപരീക്ഷകള്‍ക്ക് ഒറ്റയ്ക്കുതന്നെ പോകേണ്ടിയിരുന്നു. ഒരിക്കല്‍ ഒരു ചെറുകുറ്റത്തിന് ഞാനും ഈ സത്യപരീക്ഷയ്ക്ക് വിധേയനായി. നാലാം ക്ലാസ്സിലെ ഞങ്ങളുടെ ഹക്കിള്‍ബറി ഫിന്നായ പാക്കരനെന്ന ഭാസ്‌കരനാണ് എന്നോട് പറഞ്ഞത്, ''പേടിക്കേണ്ട, സത്യം സത്യമെന്ന് പറയുമ്പോള്‍ മനസ്സില്‍ 'അസത്യം അസത്യം' എന്നുപഞ്ഞാല്‍ മതി'' എന്ന്. ഈ ഉപദേശം പലപ്പോഴും എനിക്കൊരു തുണയായി.ഞാനിതെന്റെ കൂട്ടുകാരോടും പറഞ്ഞു. ഇതറിഞ്ഞ കാരണവന്മാര്‍ ഒരു ഫത്‌വ ഇറക്കി. 'ഇനിമുതല്‍ സത്യം ചെയ്യുമ്പോള്‍ മനസ്സില്‍ അസത്യമെന്ന് പറഞ്ഞിട്ടില്ലെന്നുകൂടി പറയണം'. പിന്നീടൊരിക്കലും തെറ്റുകള്‍ ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നതാണ് സത്യം. ഈ പ്രായത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ചിരിവരുന്നുണ്ട്, അതോടൊപ്പം വേദനയും. മനുഷ്യനെ നേര്‍വഴിക്ക് നടത്താനുള്ള കഴിഞ്ഞതലമുറയുടെ ഇത്തരം മാര്‍ഗങ്ങള്‍ നമുക്കന്യമായല്ലോ. കമ്പ്യൂട്ടറും ക്രിക്കറ്റും മാത്രമാണ് ബാല്യമെന്ന് കരുതുന്ന ഇന്നത്തെ തലമുറയോട് സഹതപിക്കാനേ കഴിയൂ.

സത്യപരീക്ഷ മുമ്പുമുണ്ടായിരുന്നു, പ്രത്യേകിച്ചും രാജഭരണകാലത്ത്. തിളച്ച എണ്ണയില്‍ കൈമുക്കുക, മൂര്‍ഖന്‍ പാമ്പിനെയിട്ട കുടത്തില്‍ കൈകടത്തുക, മുതലകള്‍ നിറഞ്ഞ പുഴയില്‍ അക്കരെയിക്കരെ നീന്തിക്കയറുക എന്നിങ്ങനെ പോകുന്നു ആ സത്യപരീക്ഷകള്‍. മലബാര്‍ കളക്ടറായിരുന്ന ലോഗന്‍ സത്യപരീക്ഷയെക്കുറിച്ച് വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്, മലബാര്‍ മാന്വലില്‍. അതിങ്ങനെ:
''സത്യപരീക്ഷയ്ക്ക് അഗ്‌നിപരീക്ഷയെന്നും പേരുണ്ടായിരുന്നു. അഗ്‌നിപരീക്ഷവഴിക്ക് കുറ്റക്കാരെ വിചാരണചെയ്യുന്ന സമ്പ്രദായം മലബാറില്‍ സാധാരണമായിരുന്നു. ഒരു പാത്രത്തിലെ കത്തിത്തിളയ്ക്കുന്ന എണ്ണയിലോ നെയ്യിലോ ഇട്ട ഒരു നാണയം കൈയിട്ടെടുക്കുകയും ഉടന്‍തന്നെ എണ്ണയില്‍ മുങ്ങിയ കൈ ഒരു ശീലക്കഷണംകൊണ്ട് മൂടിക്കെട്ടുകയും ഒരു നിശ്ചിത സമയം (മൂന്നു ദിവസമാണെന്ന് പറയുന്നു) കഴിഞ്ഞാല്‍ കൈയില്‍ ചുറ്റിയ ശീല അഴിച്ചുനോക്കുകയും കൈ പൊള്ളിയിട്ടില്ലെന്നുകണ്ടാല്‍ ആള്‍ നിരപരാധിയാണെന്നുകണ്ട് വെറുതെ വിടുകയും ചെയ്യുക എന്നതാണ് ഒരു രീതി. 1710-ല്‍ സാമൂതിരി രാജാവ് തലശ്ശേരിയിലെ ബ്രിട്ടീഷ് കച്ചവട സമൂഹത്തിന് നാട്ടുകാരുമായുണ്ടാകുന്ന വ്യാപാര കരാറുകളുടെ അനുസരണക്കേടുകള്‍ക്ക് സത്യപരീക്ഷയ്ക്ക് അനുവാദം കൊടുത്തതായി കാണുന്നു.'' മൂര്‍ഖന്‍ പാമ്പിനെ വെച്ച കുടത്തില്‍ കൈകടത്താന്‍ പറയുക എന്നതാണ് മറ്റൊരു രീതി. പാമ്പ് കടിച്ചില്ലെങ്കില്‍ പ്രതി നിരപരാധിയെന്നുറപ്പിക്കും. മുതലകള്‍ നിറഞ്ഞ കുളത്തില്‍ അക്കരെയിക്കരെ നീന്തിക്കയറുക എന്നുള്ളതാണ് മറ്റൊരു ശിക്ഷാരീതി. മുതലകള്‍ ഉപദ്രവിച്ചില്ലെങ്കില്‍ ആള്‍ നിരപരാധിതന്നെ. അശാസ്ത്രീയമാണ് ഈ രീതികളെന്ന് സമ്മതിക്കാതെവയ്യ. മൂര്‍ഖനും മുതലയും മനുഷ്യരെപ്പോലെതന്നെയാണ്. മൂഡും മൂഡോഫുമൊക്കെ അവര്‍ക്കുമുണ്ട്. അതനുസരിച്ചായിരിക്കും പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെടുന്നത്.
കോഴിക്കോട് വളയനാട് ക്ഷേത്രമായിരുന്നു തിളച്ച എണ്ണയില്‍ കൈമുക്കുന്ന സത്യപരീക്ഷയില്‍ പേരുകേട്ടൊരു ക്ഷേത്രം. അതുപോലെതന്നെ തിരുവനന്തപുരത്തെ ശുചീന്ദ്രക്ഷേത്രവും ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ത്തന്നെ. 1825 മെയ് മാസം 20-ാം തീയതി തിരുവിതാംകൂര്‍ ദിവാന്‍ ബോധിപ്പിക്കുന്ന ഒരു മെമ്മോറാണ്ടത്തിലൂടെയാണ് ഈ സത്യപരീക്ഷയുടെ ഒരേകദേശരൂപം നമ്മുടെ മുമ്പില്‍ ഇതള്‍വിരിയുന്നത്: ''ചാത്തമംഗലം ദേശം പുലവായി ഹബ്ലി, കോഴിക്കോട് താലൂക്ക് എന്ന കമ്പനിയുടെ കീഴിലുള്ള ദേശത്ത് താമസിക്കും കേശവന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി, കുമാരന്‍ നമ്പൂതിരി എന്നിവര്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ അധീനതയിലുള്ള ശുചീന്ദ്രം ക്ഷേത്രത്തില്‍ വന്ന് തിളച്ച നെയ്യില്‍ കൈമുക്കി സത്യപരീക്ഷയില്‍ പങ്കെടുക്കാന്‍വേണ്ടി ഒരു ഹരജി തന്നിരിക്കുന്നു. ശുചീന്ദ്രം ക്ഷേത്രത്തില്‍ നടത്തിവരാറുള്ള ഈ അഗ്‌നിപരീക്ഷയില്‍ പങ്കെടുത്തിട്ടുവേണമത്രെ അവരുടെ മേല്‍ കോഴിക്കോട്ടെ ബ്രാഹ്മണസമൂഹം ചാര്‍ത്തിയ കുറ്റാരോപണങ്ങളില്‍നിന്ന് മുക്തികിട്ടാന്‍. ഈ നമ്പൂതിരിമാര്‍ക്ക് കോഴിക്കോട്ടുണ്ടായിരുന്ന ഒരു വിധവയായ നമ്പൂതിരിസ്ത്രീയുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്നാണ് നമ്പൂതിരിസമൂഹത്തിന്റെ ആക്ഷേപം. വിധവയായ നമ്പൂതിരിസ്ത്രീ സ്മാര്‍ത്തവിചാരം നടക്കുന്നതിനിടയില്‍ മരിച്ചുപോയിരിക്കുന്നു. എന്നാല്‍, പ്രസ്തുത യുവതിയുടെ ദാസിമാര്‍ ഈ നമ്പൂതിരിമാരുടെ പേരും സ്മാര്‍ത്തവിചാരസമയത്ത് പറഞ്ഞിരിക്കുന്നു. ഇതുകേട്ട നമ്പൂതിരിമേധാവിത്വം ഈ നാല് നമ്പൂതിരിമാരോടും തിരുവിതാംകൂര്‍ രാജ്യത്തിലെ ശുചീന്ദ്രം ക്ഷേത്രത്തില്‍ ചെന്ന് അഗ്‌നിപരീക്ഷയെ നേരിടാനാണ് കല്പിച്ചിട്ടുള്ളത്. എന്നാല്‍, മാത്രമേ ഇക്കൂട്ടര്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുകയുള്ളൂ. അതിനാലാണ് ഈ നമ്പൂതിരിമാര്‍ ഇത്തരമൊരു ആവശ്യവുമായി തിരുവിതാംകൂര്‍ രാജ്ഞിയെ സമീപിച്ചിട്ടുള്ളത്.
എന്നാല്‍, ഇത്തരം ചടങ്ങുകളില്‍നിന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ പ്രജകളെ നിയമംമൂലം നാം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ടുകാരായ ഈ നാല് നമ്പൂതിരിമാരും ബ്രിട്ടീഷ് ഇന്ത്യയിലെ പ്രജകളാണെന്നോര്‍ക്കുക. അതിനാല്‍ ശുചീന്ദ്രം ക്ഷേത്രത്തില്‍ വന്ന് കൈമുക്കി സത്യപരീക്ഷയില്‍ പങ്കെടുക്കാന്‍ നിയമം ഇവരെ അനുശാസിക്കുന്നില്ല. തീര്‍ച്ചയായും സത്യപരീക്ഷയെന്ന ഇത്തരം പ്രവൃത്തികള്‍ നീചവും നാം അപലപിക്കേണ്ടതുമാണ്. എന്നാല്‍, നമ്പൂതിരിമാര്‍ക്കാകട്ടെ, അവരുടെ സമൂഹം കല്പിച്ച വിധിയിലൂടെ കടന്നുപോവുകയല്ലാതെ നിര്‍വാഹമില്ലല്ലോ! തിളച്ച നെയ്യില്‍ കൈമുക്കിയാല്‍ മാത്രമേ നിരപരാധിത്വം തെളിയിക്കാന്‍ കഴിയൂ എന്ന നിലപാട് തികച്ചും അശാസ്ത്രീയവും പൈശാചികവുമാണ്. ഈ തീരുമാനങ്ങള്‍ നമ്പൂതിരിമേധാവിത്വമെടുത്തത് തീര്‍ച്ചയായും മലബാറിന്റെ പ്രിന്‍സിപ്പല്‍ കളക്ടറുടെ അറിവോടുകൂടിത്തന്നെയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അതിനാല്‍ മലബാറിലെ കളക്ടറും ബ്രാഹ്മണമേധാവിത്വവും ഇത്തരം പൈശാചിക തീരുമാനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍, മാത്രമേ ഈ വൃത്തികെട്ട സമ്പ്രദായത്തെ തുടച്ചുമാറ്റാന്‍ നമുക്ക് കഴിയൂ. അതിനാല്‍ മലബാറിലെ പ്രിന്‍സിപ്പല്‍ കളക്ടറോടും അദ്ദേഹത്തിന്റെ ഓഫീസിനോടും എനിക്ക് പറയാനുള്ളത് കോഴിക്കോട്ടെ നമ്പൂതിരി സമുദായത്തിന്റെ ഇത്തരം നീചപ്രവൃത്തികളില്‍ നിങ്ങളിടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ്. ഈ വൃത്തികെട്ട രീതിയൊഴിവാക്കി മറ്റേതെങ്കിലും രീതിമൂലം ഈ പാവം നമ്പൂതിരിമാരുടെ നിരപരാധിത്വം തെളിയിക്കുക. അഗ്‌നിപരീക്ഷയെന്ന പൈശാചിക രീതിയെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാറിന് കഴിയുകയില്ലെന്നറിയിക്കട്ടെ.''
1825 മെയ് മാസം 20 - റസിഡന്റ്
1825-ലാണ് ഈ കത്ത് എഴുതിയതായി കാണുന്നത്. എന്നാല്‍, ഈ സമ്പ്രദായം പിന്നീടും തുടര്‍ന്നിരുന്നുവെന്നാണ് ലോഗന്റെ മലബാര്‍ മാന്വലില്‍നിന്ന് മനസ്സിലാക്കേണ്ടത്. സരിതാനായരും സലിംരാജുമൊക്കെ പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ഇന്നത്തെ ഭരണാധികാരികള്‍ക്ക് സത്യത്തിന്റെ നേര്‍വഴികളെക്കുറിച്ച് വലിയ താത്പര്യമൊന്നുമില്ലെന്നാണ്.