NagaraPazhama

ഒരു വനിതയെ ഹജൂര്‍കച്ചേരിയില്‍ നിയമിച്ചത് വാര്‍ത്തയായ കാലം

Posted on: 21 Jan 2014

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍



ഒരു വനിതയെ ഹജൂര്‍കച്ചേരിയില്‍ ക്ലാര്‍ക്കായി നിയമിച്ചാല്‍ അത് വാര്‍ത്തയായ ഒരു കാലഘട്ടം ഉണ്ടായിരുന്നു. കാരണം അക്കാലത്ത് സെക്രട്ടേറിയറ്റില്‍ വനിതകള്‍ക്ക് നിയമനം കിട്ടുക അസാധാരണമാണ്. എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദീപം' എന്ന പത്രത്തിലാണ് 1932 കാലത്ത് അനന്തപുരി പ്രധാനവിശേഷമായി ആ വാര്‍ത്ത വന്നത്.

ജി.ആര്‍. തങ്കമ്മ (ബി.എ.) എന്ന വനിതയെ ഹജൂര്‍കച്ചേരിയില്‍ ക്ലാര്‍ക്കായി നിയമിച്ചിരിക്കുന്നുവെന്നും അവര്‍ മണക്കാട്ടുകാരിയാണെന്നുമായിരുന്നു ആ വാര്‍ത്ത. വനിതകള്‍ക്ക് ജോലികിട്ടുക മാത്രമല്ല, ബിരുദം നേടിയാലും അക്കാലത്ത് വാര്‍ത്തയാകുമായിരുന്നു.

മുമ്പ് സര്‍ക്കാര്‍ സര്‍വീസ് സ്ത്രീകള്‍ക്ക് ബാലികേറാമലയായിരുന്നു. 'തിരുവിതാംകൂര്‍' എന്ന വിശാലമായ രാജ്യം, അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ പടവെട്ടി സൃഷ്ടിക്കുന്നതിനുമുമ്പ് അത് ആറ്റിങ്ങല്‍ പേരകതാവഴി (നെടുമങ്ങാട്) ഇളയിടത്ത് സ്വരൂപം (കൊട്ടാരക്കര), ദേശിങ്ങനാട് (കൊല്ലം) തുടങ്ങിയ എത്രയോ ചെറിയ രാജ്യങ്ങളായിരുന്നു.

ആറ്റിങ്ങലിലെ ഉമയമ്മറാണിയെപ്പോലുള്ള ശക്തകളായ വനിതാഭരണാധികാരികള്‍ ചരിത്രത്തിലുണ്ട്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അഞ്ചുതെങ്ങില്‍ കോട്ടകെട്ടാന്‍ അനുവാദം നല്‍കിയ ശക്തയായ ഭരണാധികാരിയായിരുന്നു ആറ്റിങ്ങല്‍ റാണി. കൊച്ചിയുടെ ഭരണം പോര്‍ട്ടുഗീസുകാരില്‍നിന്ന് പിടിച്ചെടുത്ത ഡച്ചുകാര്‍ തെക്കന്‍ കേരളത്തിലെ രാജ്യങ്ങളില്‍ കരാര്‍ ഉണ്ടാക്കിയത് പല റാണിമാരുമായിട്ടാണ്. ഡച്ച് ക്യാപ്റ്റന്‍ ന്യൂഹാഫ് ആറ്റിങ്ങല്‍ റാണി, ദേശിങ്ങനാട് റാണി എന്നിവരെക്കണ്ടതും അവരുമായി കരാര്‍ ഉണ്ടാക്കിയതും രേഖപ്പെടുത്തിയിട്ടുണ്ട്.

ആ റാണിമാരെപ്പറ്റി ശക്തകളായിട്ടാണ് ന്യൂഹാഫ് വിശേഷിപ്പിച്ചിട്ടുള്ളത്. പക്ഷേ ഇവരുടെ എല്ലാം രാജകീയ സര്‍വീസുകള്‍ നിയന്ത്രിച്ചിരുന്നത് പുരുഷന്മാരാണ്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രം പരിശോധിച്ചാല്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ജോലി അമ്പലങ്ങളിലെ 'അടിച്ചുതളി' ആയിരുന്നു. ആ ജോലിക്ക് അക്കാലത്ത് മാന്യത സമൂഹം കല്പിച്ചിരുന്നു. കൊല്ലവര്‍ഷം 644 (ഇംഗ്ലീഷ് വര്‍ഷം 1469) ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തോട് അനുബന്ധിച്ച് മാര്‍ത്താണ്ഡമഠത്തില്‍ ജോലിചെയ്തിരുന്ന ഒരു അടിച്ചുതളിക്കാരിയോട് അപമര്യാദയായി പെരുമാറിയ ഗാര്‍ഡിന് ശിക്ഷ നല്‍കിയത് സംബന്ധിച്ച് മതിലകം രേഖയിലുണ്ട്. ഉടന്‍തന്നെ ഗാര്‍ഡിനെ സര്‍വീസില്‍ നിന്നും നീക്കംചെയ്യുകയും അയാള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പൊതുലേലത്തിലൂടെ വില്‍ക്കുകയും ചെയ്തൂവെന്നാണ് രേഖ പറയുന്നത്.

യൂറോപ്യന്മാരുടെ വരവോടുകൂടി കേരള സമൂഹത്തിന്റെ രൂപവും ഭാവവും മാറി. ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനവും ഇംഗ്ലീഷ് പഠനവും വിദ്യാലയങ്ങളുടെ സ്ഥാപനവും എല്ലാം മാറ്റങ്ങള്‍ക്ക് ശക്തികൂട്ടി.സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ഇന്നത്തെ ആയുര്‍വേദ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് റോബര്‍ട്ട് എന്ന സായിപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സര്‍ക്കാര്‍ ഇംഗ്ലീഷ് വിദ്യാലയം ക്രമേണ ഹൈസ്‌കൂളും കോളേജുമായി വളര്‍ന്നുകൊണ്ടിരുന്നു. അത് പിന്നെ മഹാരാജാസ് കോളേജായി മാറി.

ഇവിടെ ആദ്യമായി ഒരു വനിത പഠിക്കാനെത്തി. അവരാണ് പില്‍ക്കാലത്ത് ചരിത്രത്തില്‍ അറിയപ്പെടുന്ന ഡോക്ടര്‍ മേരി പുന്നന്‍ ലൂക്കോസ്. അവരാണ് ഇന്ത്യയിലെ അല്ല, ലോകത്തെ തന്നെ ആദ്യത്തെ 'വനിതാ സര്‍ജന്‍ ജനറല്‍'. അക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിലാണ് ഈ പദവി ഉണ്ടായിരുന്നത്. എന്നാല്‍ മേരി പുന്നന്‍ ലൂക്കോസിനെപ്പോലെ ആ യോഗ്യത നേടാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിലാരും ഉണ്ടായിരുന്നില്ല. കാരണം വനിതാ വിദ്യാഭ്യാസ രംഗത്തിന് ഇംഗ്ലണ്ടില്‍ പോലും ആദ്യകാലത്ത് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിട്ടില്ലെന്നതുതന്നെ.

19-ാം നൂറ്റാണ്ടില്‍ ബംഗാളില്‍ ആരംഭിച്ച് മദ്രാസ്‌വഴി വീശിയ നവോഥാന പ്രസ്ഥാനമാണ് കേരളത്തിന്റെ ഭാവം മാറ്റിയത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലാരംഭിച്ച സ്വാതന്ത്ര്യസമരവും സാമുദായിക പരിവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഘടനകളുടെ പ്രവര്‍ത്തനവും വനിതകളുടെ ഉണര്‍വിന്റെ ചാലകശക്തിയായി മാറി. ഇതോടെയാണ് പഠനരംഗത്തും പൊതുരംഗത്തും ഉദ്യോഗരംഗത്തും എല്ലാം കൂടുതല്‍ സ്ത്രീകള്‍ കടന്നുവരാന്‍ തുടങ്ങിയത്. അതിനുമുമ്പ് ആശുപത്രികളിലെ ജോലിക്കും സ്‌കൂളുകളില്‍ അധ്യാപിക ജോലിക്കും കൂടുതല്‍ സ്ത്രീകള്‍ എത്തിയിരുന്നു.

റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി (1924-1931)യുടെ കാലത്താണ് ആദ്യമായി ഒരു വനിതയെ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അത് ഡോ. മേരി പുന്നന്‍ ലൂക്കോസ് അല്ലാതെ മറ്റാരുമായിരുന്നില്ല.ഇതൊക്കെയാണെങ്കിലും വനിതകള്‍ ഉദ്യോഗരംഗത്തും നിയമരംഗത്തും എത്തുന്നതിന് എതിര്‍പ്പുകള്‍ വിദ്യാസമ്പന്നരായ പുരുഷന്മാരില്‍ നിന്നുംതന്നെ പിന്നീടും ഉണ്ടായി. ഇതിന് ഉദാഹരണമാണ് തിരുവിതാംകൂര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ രൂപവത്കരണത്തിന് നിയോഗിച്ച കമ്മിറ്റിയില്‍ പ്രതിഫലിച്ച 'സ്ത്രീവിരോധം'. സ്ത്രീകള്‍ സര്‍വീസില്‍ വന്നാല്‍ അത് കാര്യക്ഷമതയെ ബാധിക്കുമെന്നും പ്രസവാവധി തുടങ്ങിയവ നല്‍കേണ്ടിവരുമെന്നും ഒരാള്‍ നോട്ടെഴുതി. അതുപോലെതന്നെ 1932 നവംബര്‍ 15-ാം തീയതി ലാ കോളേജി (ഇന്നത്തെ ഏജീസ് ഓഫീസിന് അകത്തുള്ള ഓടിട്ട കെട്ടിടം)ല്‍ നടന്ന വിവാദ ചര്‍ച്ച. ലാ കോളേജ് അസോസിയേഷന്‍ സംഘടിപ്പിച്ച ഈ ചര്‍ച്ചയില്‍ 'നിയമരംഗത്ത് സ്ത്രീകളുടെ വരവ്, പരിഷ്‌കരണത്തിന് വിപത്ത്' എന്ന പേരില്‍ ചൂടേറിയ വാദപ്രതിവാദം നടന്നു. സ്ത്രീകളുടെ ധര്‍മം കൂട്ടികളെ മാതൃകാപരമായി വളര്‍ത്തലും കുടുംബം സംരക്ഷിക്കലുമാണെന്ന് ഒരു വിഭാഗം പേര്‍ വാദിച്ചു.നിയമവൃത്തിയില്‍ സ്ത്രീകള്‍ കടന്നുകൂടിയാല്‍ അവരുടെ മൃദുലവികാരങ്ങള്‍ നഷ്ടപ്പെട്ടുപോകുമെന്ന് വാദിച്ചവരും അതിലുണ്ടായിരുന്നു. ഇതിനെതിരെ കൂടുതല്‍ ശബ്ദം ഉയര്‍ത്തിയത് ആനിമസ്‌ക്രീന്‍ ആണ്. തിരുവനന്തപുരത്ത് പഠിച്ച അന്നാചാണ്ടി ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയാകുമെന്നോ, ആനിമസ്‌ക്രിന്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരടില്‍ ഒപ്പിടുന്ന തെക്കേ ഇന്ത്യന്‍ വനിതാ അംഗം ആകുമെന്നോ അന്ന് ഒരുപക്ഷേ ആരും കരുതിക്കാണില്ല.



MathrubhumiMatrimonial