
അടിമകളുടെ ദാമ്പത്യം
Posted on: 16 Jan 2014
അഡ്വ. ടി.ബി. സെലുരാജ്

വിവാഹിതരായാല്‍ ഒരുമിച്ച് താമസിക്കുകയെന്നതാണല്ലോ നാട്ടുനടപ്പ്. അത് അത്യാവശ്യമാണുതാനും. എന്നാല്‍ ഈ നാട്ടുനടപ്പിനെതിരെ ഭരണാധികാരികള്‍ ചിലപ്പോള്‍ രംഗത്തുവരാറുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലാണ് ഇത്തരം നാടകങ്ങള്‍ അരങ്ങേറാറുള്ളത്. ദമ്പതിമാരില്‍ ഭാര്യയെ തിരുവനന്തപുരത്തേക്കും ഭര്‍ത്താവിനെ കാസര്‍കോട്ടേക്കും സ്ഥലംമാറ്റി സംതൃപ്തിയടയുന്നവരാണ് ഇക്കൂട്ടര്‍. ആദ്യമൊക്കെ മുട്ടുമടക്കാന്‍ മനസ്സില്ല എന്നു പറയുമെങ്കിലും ഒടുവില്‍ അനന്തപുരിയിലെ ഭരണസിരാകേന്ദ്രത്തിന്റെ ചവിട്ടുപടികള്‍ ഇവര്‍ ഇറങ്ങിക്കയറും. ഭാര്യയ്ക്ക് തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയ കല്പനയുമായി വരുമ്പോഴാണറിയുക തന്നെ തിരുവനന്തപുരത്തേക്ക് മാറ്റിയിരിക്കുന്നുവെന്ന്.
ഇത്തരം അനീതികള്‍ക്ക് സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത് രാഷ്ട്രീയ പകപോക്കലുകളാണത്രെ. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച് താമസിക്കാനുള്ള അവകാശമുണ്ട്. അത് നാം അംഗീകരിക്കുകതന്നെ വേണം. 1826-ല്‍ സംഭവിച്ച ഒരു കൊലപാതകമാണ് ഈയൊരു ചോദ്യം ബ്രിട്ടീഷ് ഭരണകൂടത്തിനുമുന്നിലേക്ക് എത്തിച്ചത്.
അടിമയെന്നും അടിമക്കച്ചവടമെന്നും കേട്ടാല്‍ നമ്മുടെ മനസ്സിലേക്കോടിയെത്തുക ആഫ്രിക്കയിലെ കറുത്ത ജനതയെയാണ്. ലോകകമ്പോളങ്ങളില്‍ അറവുമാടുകളെപ്പോലെ കൈമാറ്റംചെയ്യപ്പെട്ട നീഗ്രോ വംശജര്‍. ബലിഷ്ഠമായ കരങ്ങളും ചുരുളന്‍മുടിയും കാരിരുമ്പിന്റെ നിറവും കണ്ണുകളില്‍ അമര്‍ത്തിവെച്ച അമര്‍ഷവുമായവര്‍ മരിച്ചു ജീവിച്ചു. എന്നാല്‍ നമ്മളോര്‍ക്കാത്ത ഒരു സത്യമുണ്ട്. നമ്മുടെ ഈ കൊച്ചുകേരളത്തിലും അടിമകളുണ്ടായിരുന്നു, അടിമക്കച്ചവടവും. ജീവിതത്തില്‍ സ്വപ്നങ്ങളും വര്‍ണ്ണങ്ങളുമില്ലാതിരുന്ന ഇക്കൂട്ടര്‍ പരുക്കന്‍ ജീവിതയാഥാര്‍ഥ്യങ്ങളുമായി അവരുടെ ജീവിതം ജീവിച്ചുതീര്‍ത്തു.
1826-ലാണ് അടിമകളുടെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉയര്‍ന്നുകേട്ട ഒരു ചോദ്യം ബ്രിട്ടീഷുകാരുടെ ഉറക്കംകെടുത്തിയത്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച് ജീവിച്ചുകൂടേ എന്നതായിരുന്നു ആ ചോദ്യം. രണ്ട് കേസ്സുകളായിരുന്നു ഫൗജിദാര്‍ അദാലത്ത് കോടതിയുടെ മുമ്പാകെ വിചാരണയ്ക്കായി വന്നിരുന്നത്. നമുക്കിനി ആ കേസ്സുയര്‍ത്തിയ ചില നിയമപ്രശ്‌നങ്ങളിലേക്ക് കടന്നുചെല്ലാം. അതിനായി നമുക്കു ചില കത്തുകളെത്തന്നെ ആശ്രയിക്കേണ്ടിയിരിക്കുന്നു. അതിങ്ങനെ:
24-02-1826 ഫൗജിദാര്‍ അദാലത്ത് കോടതി ഗവണ്‍മെന്റ് സെക്രട്ടറിക്ക് അയച്ച എഴുത്തിങ്ങനെ: ''അടിമകളുടെ കാര്യത്തില്‍ നിലവിലുള്ള നാട്ടുനടപ്പ് വ്യവസ്ഥയെ നമുക്ക് പെട്ടെന്നൊന്നും ഒരു ഭരണാധികാരിയെന്ന നിലയില്‍ ചോദ്യംചെയ്തുകൂടാ. എന്നാല്‍ നാട്ടുനടപ്പ് അനുവദിച്ചുകൊടുക്കുന്ന അടിമകളുടെ അവകാശങ്ങളെ നാം സംരക്ഷിക്കേണ്ടതായുണ്ട്. അടിമകളുടെ ഉടമകളുടെ പീഡനങ്ങളെ തടയേണ്ട ബാധ്യത നമുക്കുണ്ട്. അടിമകളുടെ കാര്യത്തില്‍ നാം കൂടുതല്‍ നിയമ നിര്‍മാണം നടത്തേണ്ടതായിട്ടുണ്ട്. സത്യത്തില്‍ കോടതികളിന്ന് ഒരാശയക്കുഴപ്പത്തിലാണ്. ഒരു ഉടമയുടെ അധികാരപരിധി എന്താണെന്നു നാം നിശ്ചയിക്കുകയും നിര്‍വഹിക്കുകയും വേണം. എന്നാല്‍ മാത്രമേ കോടതികള്‍ക്ക് എപ്പോഴാണ് ഇടപെടേണ്ടതെന്ന് തീര്‍ച്ചപ്പെടുത്താനാകൂ.''
ആക്ടിങ് മജിസ്‌ട്രേട്ട് ഓഫ് മലബാര്‍ ഗവണ്‍മെന്റ് രജിസ്ട്രാര്‍ക്ക് എഴുതിയ കത്തുകൂടി ഒന്നു നോക്കാം. ''അടിമകളുടെ കാര്യത്തില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിവാഹിതരായ അടിമ ദമ്പതിമാരുടെ നാട്ടുനടപ്പു പ്രകാരമുള്ള അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി തേര്‍ഡ് ജഡ്ജ് ഒരു റിപ്പോര്‍ട്ട് അയച്ചുതന്നിട്ടുണ്ട്. അത് ഇതോടൊപ്പം അയയ്ക്കുന്നു. താങ്കളുടെ കീഴിലുള്ള താലൂക്കുകള്‍ സന്ദര്‍ശിച്ച് വിവാഹിതരായ അടിമകളുടെ താമസസൗകര്യങ്ങളെക്കുറിച്ചും മറ്റും പഠിച്ച് എഴുതി അറിയിക്കുക. പ്രത്യേകിച്ചും ഇവര്‍ വ്യത്യസ്ത ഉടമകളുടെ കീഴിലാണെങ്കില്‍ എന്താണവസ്ഥ എന്ന് അറിയിക്കുക.
മൂന്നാം ജഡ്ജി ഫസ്റ്റ് സെഷന്‍സ് കോര്‍ട്ടിലേക്ക് 1826-ല്‍ സമര്‍പ്പിച്ച ദമ്പതിമാരായ അടിമകളുടെ ജീവിതസാഹചര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങനെ: ''ഈയിടെയായി മംഗലാപുരത്തിനടുത്ത് നടന്ന ഒരു കൊലപാതകത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഒരടിമയെ പണിക്കുവരാത്തതിനെത്തുടര്‍ന്ന് ഏഴടികള്‍ അടിച്ചതുമൂലം മരണപ്പെട്ടുപോയ കേസ്സാണിത്. ഈ കേസ് ഫൗജിദാര്‍ അദാലത്ത് കോടതിയിലേക്ക് അയച്ചതിനെത്തുടര്‍ന്ന് എന്നോട് വടക്കന്‍ മലബാറിലെയും മംഗലാപുരം മുതലായ പ്രദേശങ്ങളിലെയും ദമ്പതികളായ അടിമകളുടെ ജീവിതസാഹചര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് മംഗലാപുരത്തും വടക്കന്‍ മലബാറിലും ഞാന്‍ അന്വേഷണം നടത്തുകയുണ്ടായി. ഒരു ഉടമയുടെ കീഴിലുള്ള അടിമ യുവതി മറ്റൊരു ഉടമയുടെ കീഴിലുള്ള അടിമ യുവാവിനെ വിവാഹം കഴിച്ചാല്‍ ഉടമകള്‍ക്ക് അടിമകളെ ഒരുമിച്ച് ജീവിക്കുന്നതില്‍നിന്ന് വിലക്കാന്‍ അധികാരമുണ്ടോ എന്നതായിരുന്നു ഞാന്‍ അന്വേഷിക്കേണ്ടിയിരുന്നത്. മേല്‍ ഉദ്ധരിച്ച കേസ്സില്‍ അടിമയായ ഭര്‍ത്താവ് ദൂരെയുള്ള അടിമയായ ഭാര്യയെ സന്ദര്‍ശിക്കാന്‍ പോയ കാരണത്താലാണ് സ്വന്തം ഉടമയാല്‍ വധിക്കപ്പെട്ടത്. ഈ കേസ്സില്‍ അടിമ യുവതിയുടെ ഉടമ അവരെ ഒരുമിച്ച് താമസിക്കാന്‍ അനുവദിച്ചിരുന്നില്ല. നാട്ടുനടപ്പ് പ്രകാരം അടിമ ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള അവകാശം ഉള്ളതാണ്. അങ്ങനെയാണ് ഈ പ്രദേശങ്ങളില്‍ നടന്നുവരുന്നത്. എന്നാല്‍ ഭര്‍ത്താവായ അടിമയുടെ വീട് ഭാര്യഅടിമയുടെ ഉടമയുടെ വീട്ടില്‍നിന്നും അകലെയാണെങ്കില്‍ അവളുടെ ഉടമയുടെ പണിസ്ഥലത്ത് എല്ലാ ദിവസവും പണിക്കെത്താന്‍ കഴിയണമെന്നില്ല. അങ്ങനെ സംഭവിക്കുന്നപക്ഷം ഭര്‍ത്താവ് അടിമയുടെ ഉടമ ഭാര്യഅടിമയുടെ ഉടമയ്ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതായിട്ടുണ്ട്. എല്ലാ വര്‍ഷവും അര മുറം അരിയാണ് ഇങ്ങനെ നഷ്ടപരിഹാരമായി ഭര്‍ത്താവ്അടിമയുടെ ഉടമ ഭാര്യഅടിമയുടെ ഉടമയ്ക്ക് കൊടുക്കേണ്ടത്. ഉടമ തന്റെ അടിമപ്പെണ്ണിനെ വീട്ടുപണിക്കാണ് നിര്‍ത്തുന്നതെങ്കില്‍ ഭര്‍ത്താവ് അടിമയെയും അതേ വീട്ടില്‍ താമസിപ്പിക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്നപക്ഷം ഭര്‍ത്താവ് അടിമയുടെ ഉടമയ്ക്ക് വര്‍ഷത്തില്‍ ഒരുമുറം അരി എന്ന തോതില്‍ നഷ്ടപരിഹാരം കൊടുക്കേണ്ടതായിട്ടുണ്ട്. നാട്ടുനടപ്പ് ഇതായിരിക്കെ ഇത്തരം കേസ്സുകള്‍ കൈകാര്യം ചെയ്യുന്ന മജിസ്‌ട്രേട്ടുമാര്‍ ശ്രദ്ധിക്കേണ്ടത് നാട്ടുനടപ്പ് പ്രകാരമുള്ള അടിമകളുടെ അവകാശങ്ങളെ സംരക്ഷിക്കുകയെന്നതാണ്. അതിനോടൊപ്പം ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. ഈ നിയമങ്ങള്‍ ബ്രിട്ടീഷ് പൗരന്മാരോ നാട്ടുകാരോ അടിമകളെകയറ്റി അയയ്ക്കരുതെന്ന് 1812 റഗുലേഷന്‍ 2, ക്ലോസ് 14, സെക്ഷന്‍ 18 അനുശാസിക്കുന്നു. അടിമസമ്പ്രദായം നിരോധിക്കുന്നതിനുവേണ്ടി നമ്മുടെ പാര്‍ലമെന്റ് ഇപ്പോള്‍ ചിന്തിക്കുന്നുണ്ട്. നിയമം വരുന്നതുവരെ നാം നാട്ടുവ്യവസ്ഥയെ തള്ളിക്കളയേണ്ടതില്ല. എന്നാല്‍ നാട്ടുനടപ്പ് പ്രകാരമുള്ള അടിമകളെ സംരക്ഷിക്കേണ്ടതായിട്ടുണ്ടെന്ന് ഓര്‍ക്കുക.''
ഇന്ന് കേരളത്തില്‍ അടിമകളില്ല. അതുകൊണ്ടുതന്നെ ഇത്തരം വാര്‍ത്തകള്‍ നമുക്കൊരു പുതുമയായിരിക്കും.
selurajOyahoo.com
