
അമാലന്മാരുടെ സങ്കടഹര്‍ജി
Posted on: 09 Jan 2014
അഡ്വ. ടി.ബി. സെലുരാജ്
''സര്‍ക്യൂട്ട് കോടതി മുമ്പാകെ കോഴിക്കോട്ടെ അമാലന്മാരായ മുക്കുവര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പകര്‍പ്പ് ഇതോടൊപ്പമയയ്ക്കുന്നു. എത്രയും പെട്ടെന്ന് വിശദമായി ഈ വിഷയത്തില്‍ ഒരന്വേഷണം നടത്തുക. താമസമൊട്ടുംതന്നെ ഉണ്ടായിക്കൂടാ. ചൗക്കീദാര്‍ കളവായിട്ടാണ് ഇത്തരമൊരു കേസ് പാറ്റേഴ്‌സണ് മുമ്പില്‍ കൊണ്ടുവന്നതെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ശിക്ഷിക്കപ്പെടേണ്ടതാണ്. ഇതിലൊട്ടും അമാന്തിച്ചുകൂടാ.''

1826 ഏപ്രില്‍ ആറാംതിയ്യതി കോഴിക്കോട്ടുനിന്ന് കൊയിലാണ്ടിയിലേക്ക് 'ഫെല്‍' എന്ന സായിപ്പ് നടത്തിയ ഒരു യാത്രയുടെ കഥയാണിത്. 20 അമാലന്മാരാണ് ഒപ്പമുണ്ടായിരുന്നത്. എന്ത് സംഭവിച്ചുവെന്നത് നമുക്കിനി കത്തില്‍നിന്നുതന്നെ മനസ്സിലാക്കാം.
''സര്‍ക്യൂട്ട് കോടതി മുമ്പാകെ കോഴിക്കോട് താമസക്കാരും മുക്കുവരുമായ കാണപ്പ, ചോയി, പൊന്നിച്ചോയി, വെള്ളാട്ടുചോയി, ബദുവ, തേയ, കൊളവ എന്നിവര്‍ ബോധിപ്പിക്കുന്ന സങ്കടഹര്‍ജി. ഞങ്ങള്‍ മുക്കുവരും അമാലന്മാരുമാണ്. ഈ മാസം ആറാം തിയ്യതി ഞങ്ങളെ കൊത്തുവാള്‍ ചൗക്കിയിലേക്ക് വിളിപ്പിച്ചിരിക്കുന്നു. അവിടെയെത്തിയ ഞങ്ങളോട് ഫെല്‍ എന്ന സായിപ്പിനെ കൊയിലാണ്ടിയിലേക്കെത്തിക്കണമെന്ന് കൊത്തുവാള്‍ ആവശ്യപ്പെട്ടു. 20 പണമാണ് ഞങ്ങള്‍ കൂലിയായി ചോദിച്ചിരുന്നത്. അത് അഡ്വാന്‍സായി തരികയും ചെയ്തു. ഞങ്ങള്‍ 12 പേരാണ് പല്ലക്കുവാഹകരായി ഉണ്ടായിരുന്നത്. ഞങ്ങളില്‍ നാലുപേര്‍ പുതുതായി ഇസ്‌ലാം മതത്തില്‍ ചേര്‍ന്നവരായിരുന്നു. പല്ലക്ക് എലത്തൂരിലെത്തിയപ്പോള്‍ പുതുതായി ഇസ്‌ലാം മതത്തില്‍ ചേര്‍ന്ന നാലുപേര്‍ നോമ്പുള്ളതിനാല്‍ ക്ഷീണിതരായി. എലത്തൂരുനിന്നും ഈ നാലുപേരും മടങ്ങിപ്പോയി. ബാക്കിയായ ഞങ്ങള്‍ എട്ടുപേര്‍ ഫെല്ലിനെ കൊയിലാണ്ടിയിലെത്തിക്കുകയും ചെയ്തു. മടങ്ങിവന്ന ഞങ്ങള്‍ കൊത്തുവാളിനെ വിവരം അറിയിക്കുകയും ചെയ്തതാണ്. എന്നാല്‍, ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കൊത്തുവാള്‍ ഞങ്ങളോട് ചൗക്കിയിലെത്താന്‍ നിര്‍ദേശിച്ചു. അവിടെയെത്തിയ ഞങ്ങളോട് മടങ്ങിപ്പോയ നാലുപേരുടെ പണം മടക്കിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌നാലുപേരുടെ കൂലിയായ എട്ട് പണവും അഞ്ച് പൈയും ഞങ്ങള്‍ മടക്കിക്കൊടുത്തു. എന്നാല്‍, പിന്നീട് ഞങ്ങളെ പാറ്റേഴ്‌സണ്‍ എന്ന മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുകയാണ് ചെയ്തത്. എന്തിനാണ് ഞങ്ങളെ ഹാജരാക്കിയതെന്ന് മജിസ്‌ട്രേട്ട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ സ്ഥലത്തെ കള്ളന്മാരാണെന്നും തെമ്മാടികളാണെന്നും ചൗക്കീദാര്‍ സായിപ്പിനെ ബോധിപ്പിച്ചു. ഇതുകേട്ടയുടനെ പാറ്റേഴ്‌സണ്‍ സായിപ്പ് ഞങ്ങള്‍ക്ക് മൂന്നുദിവസത്തെ തടവുശിക്ഷയും ഓരോരുത്തര്‍ക്കുമായി ആറു ചാട്ടവാറടിയും ശിക്ഷ വിധിച്ചു. കോഴിക്കോട്ടെ അങ്ങാടിയില്‍വെച്ചാണ് പരസ്യമായി ഞങ്ങളെ ചാട്ടവാറടിക്ക് വിധേയരാക്കിയത്. ഞങ്ങള്‍ ഇതിനുമുമ്പ് എത്രയോ ബ്രിട്ടീഷുകാരെയും നാട്ടിലെ പ്രമാണിമാരെയും പല്ലക്കിലും മഞ്ചലിലും പലയിടങ്ങളിലും കൊണ്ടുപോയിരിക്കുന്നു. ഒരിക്കലും ഇത്തരമൊരു ബുദ്ധിമുട്ടുണ്ടായിട്ടില്ല. ഇത് ചൗക്കീദാറിന്റെ കുത്സിത പ്രവൃത്തിയാണ്. നാട്ടുകാരനായ ചൗക്കീദാര്‍ ഞങ്ങള്‍ക്കെതിരെ നടത്തിയ അന്യായമായൊരു പ്രവൃത്തിയാണിത്. യാതൊരു തെളിവുകളും ചൗക്കീദാറിന് ഞങ്ങള്‍ക്കെതിരെ പാറ്റേഴ്‌സണ് മുമ്പാകെ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. യാതൊരു അന്വേഷണവും നടത്താതെയാണ് പാറ്റേഴ്‌സണ്‍ എന്ന മജിസ്‌ട്രേട്ടും ഈ വിഷയത്തില്‍ ഞങ്ങള്‍ക്കെതിരെ ശിക്ഷാവിധികളുമായി മുന്നോട്ടുപോയത്. ആയതിനാല്‍ ബഹുമാനപ്പെട്ട കോടതിയുടെ ദയവുണ്ടായി ഈ കാര്യമന്വേഷിച്ച് ഞങ്ങള്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് അറുതിവരുത്താനായി ചൗക്കീദാര്‍ക്കെതിരെ നടപടികളെടുത്ത് തക്കതായ രീതിയില്‍ ശിക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.
സര്‍ക്യൂട്ട് കോടതി പ്രസ്തുത ഹരജി കിട്ടിയ ഉടനെത്തന്നെ അമാലന്മാരുടെ ഈ ഹരജി ആക്ടിങ് മജിസ്‌ട്രേട്ടിന് അയച്ചുകൊടുത്തു. എന്നുമാത്രമല്ല, ഈ വിഷയത്തില്‍ ഗൗരവപരമായ ഒരന്വേഷണം നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. 1826 ഏപ്രില്‍ 26-ാം തിയ്യതിയാണ് ഇങ്ങനെയൊരു നിര്‍ദേശം കൊടുത്തതായി കാണുന്നത്. ''സര്‍ക്യൂട്ട് കോടതി മുമ്പാകെ കോഴിക്കോട്ടെ അമാലന്മാരായ മുക്കുവര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പകര്‍പ്പ് ഇതോടൊപ്പമയയ്ക്കുന്നു. എത്രയും പെട്ടെന്ന് വിശദമായി ഈ വിഷയത്തില്‍ ഒരന്വേഷണം നടത്തുക.
താമസമൊട്ടുംതന്നെ ഉണ്ടായിക്കൂടാ. ചൗക്കീദാര്‍ കളവായിട്ടാണ് ഇത്തരമൊരു കേസ് പാറ്റേഴ്‌സണ് മുമ്പില്‍ കൊണ്ടുവന്നതെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ശിക്ഷിക്കപ്പെടേണ്ടതാണ്. ഇതിലൊട്ടും അമാന്തിച്ചുകൂടാ.''ഇന്നത്തെ തലമുറയ്ക്ക് ഈ യാത്രാക്ലേശങ്ങളൊന്നും പറഞ്ഞാല്‍ മനസ്സിലാകണമെന്നില്ല. ആറന്മുള മുതലായ ഗ്രാമങ്ങളില്‍പോലും ഇന്ന് വിമാനത്താവളങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണല്ലോ.
