NagaraPazhama

അമ്പത് വര്‍ഷത്തിനുശേഷം ഒരിക്കല്‍കൂടി നിയമസഭയില്‍....

Posted on: 30 Dec 2013


ആദ്യ നിയമസഭയിലെ ആദ്യ കണ്ണിയറ്റു




അനന്തപുരിയെ ഇളക്കിമറിച്ച മഹാസംഭവങ്ങളിലൊന്നായിരുന്നു അത്.

നിരോധനാജ്ഞയും പട്ടാളത്തിന്റെയും പോലീസിന്റെയും വിലക്കുകളും എല്ലാം അതിലംഘിച്ച് പതിനായിരങ്ങള്‍ തമ്പാനൂര്‍ മുതല്‍ വെട്ടിമുറിച്ചകോട്ട വരെ അണിനിരന്നു. നാടുഭരിച്ചിരുന്ന മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ജന്മദിനാഘോഷം കൂടിയായിരുന്നു 1938 ഒക്ടോബര്‍ 23-ാം തീയതി.

അന്നാണ് രാജഭരണത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പിച്ച മനുഷ്യമഹാസംഗമത്തിനും പ്രതിഷേധത്തിനും അനന്തപുരി വേദിയായത്. ഈ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത് അക്കാമ്മ ചെറിയാന്‍ എന്ന ധീരവനിതയായിരുന്നു.

ഉത്തരവാദ ഭരണം ആവശ്യപ്പെട്ട് സമാധാനപരമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളെ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ജയിലിലടച്ചു. ഇതില്‍ പ്രതിഷേധിക്കാനും തങ്ങളുടെ നേതാക്കളെ വിട്ടുതരണമെന്നാവശ്യപ്പെടാനും മഹാരാജാവിന്റെ ജന്മദിനത്തില്‍ നിവേദനം നല്‍കാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് അവസാന നേതാക്കളെയും അറസ്റ്റ് ചെയ്തത്.

പക്ഷേ സി.പിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടായിരുന്നു അക്കാമ്മ ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം. ആ മഹാപ്രകടനത്തിനുമുമ്പില്‍ സര്‍ സി.പിക്ക് മുട്ടുകുത്തേണ്ടിവന്നു. അന്നുതന്നെ ജയിലില്‍കിടന്ന എല്ലാ നേതാക്കളെയും വിമുക്തരാക്കി. ഈ സംഭവത്തിന് അക്കാമ ചെറിയാനോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു വനിതയായിരുന്നു അവരുടെ സഹോദരി റോസമ്മ പുന്നൂസ്.

പില്‍ക്കാലത്ത് ഇന്ത്യ സ്വതന്ത്രയാകുകയും ഐക്യകേരളം നിലവില്‍വരികയും ചെയ്തപ്പോള്‍ ആദ്യം പ്രോടെം സ്പീക്കറാകാന്‍ ഭാഗ്യംകിട്ടിയ വനിതയും അവരായിരുന്നു. രാജഭരണത്തിന്റെയും ജനാധിപത്യത്തിന്റെയും എത്രയെത്ര മഹാസംഭവങ്ങള്‍ക്ക് സാക്ഷിയായിരുന്ന, റോസമ്മ പുന്നൂസ് 100-ാം വയസില്‍ ഡിസംബര്‍ 28ന് ലോകത്തോട് വിടപറഞ്ഞു. ഗള്‍ഫില്‍ വെച്ചായിരുന്നു മരണം. നിയമസഭയുടെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം ഡിസംബര്‍ 30ന് നടക്കാനിരിക്കുന്നതിനിടയിലായിരുന്നു അവരുടെ മരണം.

ഇന്ത്യയുടെ സ്വാതന്ത്ര്യവും പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ജനാധിപത്യ സര്‍ക്കാരും പൗരാവകാശങ്ങളും അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അനുവാദവും ജന്മിമാരുടെയും മാടമ്പിമാരുടെയും അടിച്ചമര്‍ത്തലിന് വിധേയമായ തൊഴിലാളിവര്‍ഗത്തിന്റെ മോചനവും എല്ലാം സ്വപ്നംകണ്ടവരായിരുന്നു കേരള ജനത. മൂന്നായി കിടന്നിരുന്ന കേരളം ഒന്നായി ഐക്യകേരളം രൂപവത്കരിക്കണമെന്നത് മലയാളികളുടെ ചിരകാല സ്വപ്നമായിരുന്നു. ഇതിനുവേണ്ടി നടന്ന സമരങ്ങളുടെ കഥ നീണ്ടതാണ്. സ്വാതന്ത്ര്യം കൈപ്പിടിയില്‍ എത്തിയ സമയത്ത് തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ പുതിയ തന്ത്രം മെനഞ്ഞെടുത്തത് കേരളചരിത്രത്തില്‍ കറുത്ത അധ്യായമാണ്.

ബ്രിട്ടീഷുകാര്‍ പോകുമ്പോള്‍ തിരുവിതാംകൂര്‍ സ്വതന്ത്രരാജ്യം ആകുമെന്നും ഇന്ത്യയിലും പാകിസ്താനിലും ചേരില്ലെന്നുമായിരുന്നു ആ പ്രഖ്യാപനം. ഇതിന് രാജകുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ സ്വാതന്ത്ര്യംകിട്ടി തൊട്ടടുത്ത മാസം തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ, പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വിളംബരം പുറപ്പെടുവിച്ചു. തിരുവിതാംകൂര്‍ ഭരണഘടന നിര്‍മിക്കാനുള്ള സഭ രൂപവത്കരിക്കാനായിരുന്നു അത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭരണഘടന നിര്‍മാണസഭയെ 'നിയമസഭ' യാക്കാന്‍ മഹാരാജാവ് മടിച്ചില്ല. അങ്ങനെയാണ് തിരുവിതാംകൂറില്‍ പട്ടം താണുപിള്ള പ്രധാനമന്ത്രിയായും സി. കേശവന്‍, ടി.എം. വര്‍ഗീസ് മന്ത്രിമാരുമായി ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരത്തില്‍ വന്നത്. ഈ സമയത്തെല്ലാം തൊഴിലാളിവര്‍ഗത്തിനും പാവപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതാ നേതാവായിരുന്നു റോസമ്മ പുന്നൂസ്. അതിന് അവര്‍ അനുഭവിച്ച കഷ്ടപ്പാടിന് കൈയും കണക്കുമില്ല.

തിരുവിതാംകൂര്‍ പിന്നീട് കൊച്ചിയുമായി ചേര്‍ത്ത് തിരു-കൊച്ചി സംസ്ഥാനമായി. പിന്നീട് ജനലക്ഷങ്ങളുടെ സ്വപ്നമായ ഐക്യകേരളം നിലവില്‍ വന്നപ്പോള്‍ അവര്‍ ദേവികുളം മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറുന്നത് ലോകവാര്‍ത്തയായ കാലം. അപ്പോഴാണ് പ്രഥമ കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി റോസമ്മ പുന്നൂസിനെ തിരഞ്ഞെടുത്തത്. ആദ്യ നിയമസഭയിലെ ഇ.എം.എസ്., പട്ടംതാണുപിള്ള പി.ടി.ചാക്കോ, സി. അച്യുതമേനോന്‍ തുടങ്ങിയവരെല്ലാം റോസമ്മ പുന്നൂസിന്റെ മുമ്പാകെയാണ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.

എന്നാല്‍ പിന്നീടുണ്ടായ ഒരു തിരഞ്ഞെടുപ്പുകേസുമായി ബന്ധപ്പെട്ട് അവരുടെ നിയമസഭാംഗത്വം റദ്ദാക്കി. അവിടെനടന്ന ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയും റോസമ്മ പുന്നൂസായിരുന്നു. അവര്‍ വന്‍വിജയം നേടി. അങ്ങനെ കേരളത്തിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പും അതിലെ വിജയവും രാഷ്ട്രീയ ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. ഇന്നത്തെ പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന്‍ ആയിരുന്നു ആ തിരഞ്ഞെടുപ്പില്‍ പ്രധാന ചുമതലക്കാരന്‍. എം.ജി. രാമചന്ദ്രന്‍ ഉള്‍പ്പെടെ പല പ്രമുഖരും പ്രചാരണത്തിനെത്തിയതും ശ്രദ്ധേയമായിരുന്നു.

താന്‍ പ്രോടെം സ്പീക്കറുടെ കസേരയിലിരുന്ന് കേരളത്തിലെ ആദ്യത്തെ നിയമസഭാംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച പഴയ നിയമസഭാ മന്ദിരത്തില്‍ 2007 ഏപ്രില്‍ 27ന് റോസമ്മ പുന്നൂസ് എത്തിയത് ശ്രദ്ധേയമായി. നിയമസഭയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച പഴയതും പുതിയതുമായ സഭാംഗങ്ങളുടെ സംഗമമായിരുന്നു അത്.

ആദ്യ നിയമസഭയില്‍ അംഗങ്ങളായിരുന്ന കെ.ആര്‍. ഗൗരിയമ്മ, പി. ഗോവിന്ദപ്പിള്ള, ആര്‍. പ്രകാശം, എന്‍.എന്‍. പണ്ടാരത്തില്‍, വെളിയം ഭാര്‍ഗവന്‍, കാട്ടാക്കട ബാലകൃഷ്ണപിള്ള, ഇ. ചന്ദ്രശേഖരന്‍ നായര്‍, ശിവദാസന്‍ എന്നിവരെ കണ്ടപ്പോള്‍ അവര്‍ സന്തോഷംകൊണ്ട് മതിമറന്നു. വാര്‍ധക്യം മറന്ന് ഓടിനടന്ന് അവര്‍ എല്ലാവരോടും ഓര്‍മകള്‍ പുതുക്കി. പിന്നീട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ തുടങ്ങിയവരുമായി സൗഹൃദം പങ്കിട്ടു. അന്ന് പങ്കെടുത്ത ആദ്യനിയമസഭയിലെ പലരും ഇതിനകം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഇനി അവശേഷിക്കുന്നത് കെ.ആര്‍. ഗൗരിയമ്മയും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരും ഇ. ചന്ദ്രശേഖരന്‍ നായരും മാത്രം. എല്ലാം അപഹരിച്ചും പുതിയത് സൃഷ്ടിച്ചും കാലം ഇനിയും മുന്നോട്ടുപോകും.



MathrubhumiMatrimonial