NagaraPazhama

പേട്ടയും ചാക്കയും അനന്തപുരിയുടെ ആദ്യകവാടങ്ങള്‍

Posted on: 20 Dec 2013

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍



നഗരപ്പഴമ


ഈ മഹാനഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും ചരിത്രം ഉറങ്ങുന്നു. പക്ഷേ കാലപ്രവാഹത്തില്‍ പലപ്പോഴും പല പ്രദേശങ്ങളുടെ പഴമയും ചരിത്രവും പൈതൃകവും എല്ലാം ഇരുള്‍മൂടിപ്പോകുന്നു. അത്തരത്തിലുള്ള രണ്ട് പ്രദേശങ്ങളാണ് നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള പേട്ടയും ചാക്കയും. പേട്ടയുടെയത്ര പഴമ ചാക്കയ്ക്ക് ഇല്ല. ലഭ്യമായ രേഖകള്‍ അനുസരിച്ച് പേട്ടയുടെ ചരിത്രം 1758 മുതല്‍ 1798 വരെ നാടുഭരിച്ച കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ (ധര്‍മ്മരാജാവ്)യുടെ കാലത്തോളം നീളുന്നു. അതേസമയം 'ചാക്ക' ശ്രീമൂലംതിരുനാളിന്റെ കാലത്തോളമേ ഒറ്റനോട്ടത്തില്‍ പഴക്കം കാണുന്നുള്ളൂ. മതിലകം രേഖയനുസരിച്ച് ധര്‍മ്മരാജാവിന്റെ കാലത്ത് പേട്ടയില്‍ തിങ്കളാഴ്ചയും വ്യാഴാഴ്ചയും കൂടാറുള്ള ചന്ത ഉണ്ടായിരുന്നു. (മതിലകം ഇന്‍ഡക്‌സ് 3-ാം വാള്യം 30-ാം പേജ്). അന്ന് പേട്ടയുടെ പേര് തിരുമധുര പേട്ട എന്നാണ്. 'തിരു' ബഹുമാനസൂചകമായി ചേര്‍ക്കുന്നതാണ്.

തിരുവനന്തപുരവും തിരുമലയും എല്ലാം അങ്ങനെയുള്ള സ്ഥലങ്ങളില്‍ ചിലതാണ്. എന്നാല 'മധുര' എന്ന വാദം എങ്ങനെ വന്നു എന്നതിന് ഇനിയും പഠനം ആവശ്യമാണ്. മധുരയിലുള്ള കച്ചവടക്കാരോ മറ്റാളുകളോ ഇവിടെവന്ന് താമസിച്ചതുകൊണ്ടാണോ പേര് വന്നതെന്ന് അറിയില്ല. ഏതായാലും തിരുമധുര പേട്ട എന്ന പേരും സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുവരെ നിലനിന്നിരുന്നു. പേട്ട എന്നാല്‍ കച്ചവടസ്ഥലം, ടൗണ്‍ എന്നിങ്ങനെയാണ് അര്‍ഥമുള്ളത്. പേട്ടയുടെ ഒരു ഭാഗംകൂടി ചേര്‍ന്നാണ് ചാക്ക ഉണ്ടായത്. ചാക്കയുടെ പേര് 'ചൗക്ക'യില്‍ നിന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചൗക്കയുടെ അര്‍ഥം പരിശോധനാസ്ഥലം, കാവല്‍സ്ഥലം എന്നൊക്കെയാണ്. ചുങ്കം പിരിക്കാന്‍ രാജഭരണകാലത്ത് നാടിന്റെ പ്രധാന സ്ഥലങ്ങളില്‍ ചൗക്കകള്‍ ഉണ്ടായിരുന്നു. അവിടത്തെ പ്രധാന ഉദ്യോഗസ്ഥന്‍ ചൗക്കിദാര്‍ ആയിരുന്നു. സ്വാതിതിരുനാളിന്റെ കാലത്ത് അന്നത്തെ അസിസ്റ്റന്‍റ് റസിഡന്‍റ് മേജര്‍ ഹെബര്‍ ട്രൂറി എഡിറ്റ് ചെയ്ത 1840 അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോര്‍ട്ടില്‍ തിരുവിതാംകൂറിലെ ചൗക്കകള്‍ അല്ലെങ്കില്‍ കസ്റ്റംസ് ഹൗസുകളെപ്പറ്റി പറയുന്നുണ്ട്. അക്കാലത്ത് തിരുവനന്തപുരത്ത് പൂവാര്‍, വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിലേ ചൗക്കകള്‍ ഉള്ളൂ. എന്നാല്‍ ഇപ്പോഴത്തെ ചാക്കയില്‍ ആ പേരിന് കാരണമായ ചൗക്ക എന്ന് വന്നുവെന്ന് അറിയില്ല. 1896ല്‍ തിരുവനന്തപുരത്ത് എത്തിയ മദ്രാസ് ഗവര്‍ണര്‍ സര്‍ ആര്‍തര്‍ ഹവലോക്കിനെ ചാക്ക കടവിലും കല്പാലക്കടവി (വള്ളക്കടവ്)ലും രാജകീയ സ്വീകരണം നല്‍കിയതായി രേഖകളില്‍ കാണുന്നു. ഇതില്‍നിന്ന് അതിനുമുമ്പേ ചാക്ക എന്ന പേര് ഉണ്ടായിരുന്നതായി വ്യക്തമാണ്.

തിരുവനന്തപുരം നഗരത്തിലേക്കുള്ള ജലഗതാഗതത്തിന്റെയും തീവണ്ടിയുടെയും വിമാനത്തിന്റെയും വരവിന് ആദ്യം സാക്ഷിയായ പ്രദേശങ്ങളാണ് പേട്ടയും ചാക്കയും. ഇതുമാത്രമല്ല കേരളത്തിലെ നവോത്ഥാനത്തിന്‍േറയും മതസൗഹാര്‍ദ്ദത്തിന്റെയും മാധ്യമ മുന്നേറ്റത്തിന്റെയും കര്‍മ്മഭൂമിയും സ്വാതന്ത്ര്യസമരത്തിന്റെ ഈറ്റില്ലവുമാണ് പേട്ട. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ കാലവുമായി ബന്ധപ്പെട്ടതാണ് പേട്ട ജങ്ഷനിലെ പ്രധാന ഹിന്ദുക്ഷേത്രവും തൊട്ടടുത്തുള്ള സെന്‍റ് ആന്‍സ് ഫൊറേന്‍ പള്ളിയും. ക്ഷേത്രദര്‍ശനത്തിന് എത്തിയ മഹാരാജാവിനോട് അന്നത്തെ പ്രധാന കരാറുകാരനും ധനാഢ്യനുമായ മാത്തു തരകന്‍ സമര്‍പ്പിച്ച അപേക്ഷ പ്രകാരമാണ് തൊട്ടടുത്ത് പള്ളികെട്ടാന്‍ അനുവാദം നല്‍കിയതെന്ന് പറയുന്നു. പിന്നീട് ഈ സ്ഥലം പള്ളിമുക്കായി. പോര്‍ട്ടുഗിസുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ ആരാധനാ സ്ഥാപനമായി ഇത് മാറി. വര്‍ഷങ്ങളോളം കത്തോലിക്കര്‍ക്ക് ഈ പള്ളി മാത്രമേ നഗരത്തിലുണ്ടായിരുന്നുള്ളൂ. അക്കാലത്ത് ആമയിഴഞ്ചാന്‍ തോട് വലുതായിരുന്നു. പാറ്റൂര്‍ ഭാഗത്തുകൂടി ഒഴുകിയിരുന്ന ഈ തോട്, മഴക്കാലത്ത് കാര്‍നടയാത്ര ദുഷ്‌കരമാക്കി. ഇതേതുടര്‍ന്ന് തങ്ങള്‍ക്ക് മഴക്കാലത്ത് പേട്ട പള്ളിയില്‍ പോകാന്‍ പറ്റുന്നില്ലെന്നും നഗരത്തില്‍ പുതിയ പള്ളി പണിയാന്‍ അനുവാദം വേണമെന്നും വിശ്വാസികള്‍ ആയില്യം തിരുനാള്‍ മഹാരാജാവിനോട് അഭ്യര്‍ഥിച്ചു. അതുപ്രകാരമാണ് പാളയത്തെ സെന്‍റ്‌ജോസഫ് പള്ളി നിര്‍മിച്ചത്.

കേരളത്തിലെ നവോത്ഥാനത്തിന് തുടക്കം കുറിച്ച എത്രയോ മഹാന്മാര്‍ക്ക് ജന്മം നല്‍കിയ സ്ഥലമാണ് പേട്ട. അവരില്‍ പ്രധാനികളാണ് പേട്ടയില്‍ രാമന്‍പിള്ള ആശാനും ഡോ. പല്പുവും. അക്ഷരം പഠിക്കുന്നതിനും വിജ്ഞാനം സമ്പാദിക്കുന്നതിനും ഒരുവിഭാഗം ആളുകള്‍ക്ക് അയിത്തം കല്പിച്ചിരുന്ന കാലത്ത് എല്ലാവര്‍ക്കും വേണ്ടി വിജ്ഞാനത്തിന്റെ ആദ്യകൈത്തിരി കത്തിച്ച പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ സ്ഥാപിച്ച വിദ്യാലയത്തിലാണ് ചട്ടമ്പിസ്വാമി ഉള്‍പ്പെടെ എത്രപേര്‍ പഠിച്ചത്. 'ജ്ഞാനപ്രജാഗരം' എന്ന സാഹിത്യസമാജവും രാമന്‍പിള്ള ആശാന്‍ അവിടെ തുടങ്ങി. മനോന്മണിയം സുന്ദരംപിള്ള, തൈക്കാട് അയ്യാസ്വാമി തുടങ്ങിയ എത്രയോ പ്രഗത്ഭന്മാര്‍ ഈ സദസില്‍ പങ്കെടുത്തിരുന്നു. ഇന്ന് രാമന്‍പിള്ള ആശാന്റെ വീടും സാഹിത്യസമാജം നിലനിന്നിരുന്ന സ്ഥലവും എവിടെയാണെന്നുപോലും ആര്‍ക്കും അറിയില്ല. കേരള നവോത്ഥാനത്തിന്റെ മുഖ്യശില്പികളില്‍ ഒരാളായ ഡോ. പല്പു ജനിച്ചതും വളര്‍ന്നതും പേട്ടയിലാണ്. തച്ചക്കുടി പല്പുവിന്, ഡോക്ടര്‍ പരീക്ഷ പാസായിട്ടും ജാതിയുടെ പേരില്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ജോലി നിഷേധിച്ചു. പിന്നീട് റസിഡന്‍റിന്റെ സഹായത്തോടെ മൈസൂര്‍ സംസ്ഥാനത്ത് ഹെല്‍ത്ത് ഓഫീസറായി ജോലി ലഭിച്ചതും ബാംഗ്ലൂരില്‍ സ്വാമി വിവേകാനന്ദനെ കണ്ടതും നാട്ടിലെത്തി ശ്രീനാരായണഗുരുവിനെ കേന്ദ്രമാക്കി എസ്.എന്‍.ഡി.പി. യോഗം സംഘടിപ്പിച്ചതുമെല്ലാം ചരിത്രസംഭവങ്ങളാണ്. കേരളസമൂഹത്തില്‍ മാറ്റത്തിന്റെ വിത്ത് വിതച്ച ഡോ. പല്പുവിന്റെ ജന്മസ്ഥലം എവിടെയാണ്? പുതിയ തലമുറയ്ക്ക് അതൊന്നും അറിയില്ല.

തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുമായി പേട്ടയിലെ രാജേന്ദ്രമൈതാനം സ്ഥിതി ചെയ്യുന്നു. 1947 ജൂലായ് 13ന് ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യരുടെ അവസാനത്തെ നരനായാട്ട് ഇവിടെയായിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗത്തിന് നേരെയുണ്ടായ വെടിവെയ്പില്‍ പരിക്കുപറ്റുകയും സ്വാതന്ത്ര്യലബ്ധിക്കുശേഷം മരണമടയുകയും ചെയ്ത രാജേന്ദ്രന്റെ പേരിലാണ് മൈതാനം അറിയപ്പെടുന്നത്. അതിന് എതിര്‍വശത്തുള്ള ദേവിക്ഷേത്രത്തിന് വളരെ പഴക്കം ഉണ്ട്. കേരളത്തിലെ മാധ്യമരംഗത്തെ അതികായന്മാരുടെ കര്‍മഭൂമിയും പേട്ടയാണ്. 'കേരളകൗമുദി' പത്രാധിപര്‍ കെ. സുകുമാരന്‍, യുവാക്കളുടെ ഹരമായിരുന്ന 'കൗമുദി' പത്രാധിപര്‍ കെ. ബാലകൃഷ്ണന്‍ എന്നിവര്‍ രാഷ്ട്രീയരംഗത്ത് നിര്‍ഭയത്തിന്റെ പര്യായമാണ്. സി. കേശവന്‍, രാഷ്ട്രീയരംഗത്തും സാഹിത്യരംഗത്തും തിളങ്ങിനിന്ന സി.വി. കുഞ്ഞുരാമന്‍ തുടങ്ങി എത്രയോ പേരുകള്‍ പേട്ടയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

തിരുവനന്തപുരത്തിന്റെ പൈതൃകത്തെപ്പറ്റി പഠിക്കാന്‍ 'ഹെറിറ്റേജ് വോക്ക്' എന്ന സംഘടനയുടെ ചരിത്രപ്രേമികള്‍ നടത്തിയ പേട്ടയിലെ പര്യടനത്തില്‍ എത്രയെത്ര വിലപ്പെട്ട വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. പേട്ടയെപ്പറ്റി മാസങ്ങളോളം പഠിച്ചാലേ എല്ലാം രേഖപ്പെടുത്താന്‍ കഴിയൂ. ശ്രീമൂലം തിരുനാളിന്റെ കാലത്ത് പേട്ടയിലെത്തിയ ഡോ. സോയറിന്റെ കുടുംബം ഇപ്പോഴും അവിടെയുണ്ട്. പോര്‍ട്ടുഗീസ് പിതാവും ബ്രിട്ടീഷ് മാതാവുമുള്ള മേണോ ഡി. വെഗീസ് നല്‍കുന്ന വിവരം വിലപ്പെട്ടതാണ്. പേട്ടയിലെറെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുള്ള സ്ഥലം ഡോ. സോയറിന് രാജാവ് പതിച്ചുനല്‍കിയതാണ്. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നാണ് പേട്ട സ്റ്റേഷന്‍ കെട്ടാന്‍ റെയില്‍വേ സ്ഥലം പിന്നീട് വിലയ്ക്കുവാങ്ങിയത്.

കൊല്ലത്തുനിന്ന് 1918ല്‍ ചാക്കയിലേക്ക് തീവണ്ടി ആരംഭിച്ചു. 1931ല്‍ ഇത് തമ്പാനൂരിലേക്ക് നീട്ടി. അതിനുശേഷം രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് പേട്ട സ്റ്റേഷന്‍ നിലവില്‍വന്നത്. തലസ്ഥാനത്തിന്റെ സൂക്ഷ്മചരിത്രം പഠിക്കുന്ന 'ഹെറിറ്റേജ്‌വോക്ക്' കൂടുതല്‍ സ്ഥലങ്ങളില്‍ ഉടന്‍ പര്യടനം ആരംഭിക്കും. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ heritagewalktvmOgmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



MathrubhumiMatrimonial