
'മിസ് കേരള'യുടെ പേര് മാറുന്നു; ഇനി സഹ്യാദ്രിയുടെ നാമത്തില്‍
Posted on: 27 Nov 2013
ജോസഫ് ആന്റണി

കോഴിക്കോട് : പശ്ചിമഘട്ടത്തിന്റെ സ്വന്തം അലങ്കാരമത്സ്യമായ 'മിസ് കേരള'യുടെ പേര് മാറുന്നു. 'സഹ്യാദ്രി'യുടെ നാമത്തിലാകും ശാസ്ത്രലോകത്ത് ഈ മത്സ്യം ഇനി അറിയപ്പെടുക. 'പുന്റിയസ് ഡെനിസോണി' ( Puntius denisonii ) എന്ന് ഇത്രകാലവും അറിയപ്പെട്ടിരുന്ന മിസ് കേരളയുടെ പുതിയ പേര് 'സഹ്യാദ്രിയ ഡെനിസോണി' ( Sahyadria denisonii ) എന്നാണ്.
'പുന്റിയസ്' ജീനസിലെന്ന് കരുതിയിരുന്ന മിസ് കേരള യഥാര്‍ഥത്തില്‍ 'സഹ്യാദ്രിയ' ജീനസിലാണ് പെടുന്നതെന്ന്, കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'കണ്‍സര്‍വേഷന്‍ റിസര്‍ച്ച് ഗ്രൂപ്പി'ലെ (സി ആര്‍ ജി) ഗവേഷകരാണ് കണ്ടെത്തിയത്. പുതിയ ലക്കം 'ജേര്‍ണല്‍ ഓഫ് ത്രെട്ടന്‍ഡ് ടാക്‌സ'യില്‍ ഇതെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ യു സി എന്‍) ശുദ്ധജല മത്സ്യയിന ഗ്രൂപ്പിന്റെ ദക്ഷിണേഷ്യന്‍ മേഖലാ മേധാവി രാജീവ് രാഘവന്‍ , കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ സിബി ഫിലിപ്പ്, കൊച്ചി സെന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ അന്‍വര്‍ അലി, ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍ റിസര്‍ച്ചിലെ നീലേഷ് ധഹാനുക്കര്‍ എന്നിവരാണ് പഠനം നടത്തിയത്.
പരല്‍ വര്‍ഗത്തില്‍പെട്ട ശുദ്ധജല മത്സ്യയിനമായ മിസ് കേരളയുടെ ജീനസിനെപ്പറ്റി, ഒന്നര നൂറ്റാണ്ടായി നിലനിന്ന ആശയക്കുഴപ്പം അവസാനിപ്പിക്കുന്നതാണ് പുതിയ പഠനമെന്ന് ഗവേഷകര്‍ പറയുന്നു.
1865 ല്‍ മുണ്ടക്കയത്തുനിന്ന് ഫാദര്‍ ഹെന്‍ട്രി ബേക്കര്‍ ശേഖരിച്ച ഈ മത്സ്യയിനത്തിന്, ഡോ.ഫ്രാന്‍സിസ് ഡെ എന്ന ജന്തുശാസ്ത്രജ്ഞനാണ് മദ്രാസ് ഗവര്‍ണറും പ്രകൃതിസ്‌നേഹിയുമായിരുന്ന ഡെനീസനോടുള്ള ബഹുമാനാര്‍ഥം 'ലേബിയോ ഡെനിസോണി' എന്ന് പേരിട്ടത്. 'പുന്റിയസ്', 'ബാര്‍ബസ്' തുടങ്ങി പല ജീനസുകളിലായി ഈ മത്സ്യം ശാസ്ത്രലോകത്ത് അറിയപ്പെട്ടു.

മിസ് കേരള പുതിയൊരു ജീനസില്‍ ഉള്‍പ്പെടാനുള്ള സാധ്യത 2012 ല്‍ ശ്രീലങ്കന്‍ ഗവേഷകനായ റോഹന്‍ പെതിയഗോഡയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം സൂചിപ്പിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ സി ആര്‍ ജി സംഘം ആ മത്സ്യത്തിന്റെ ജനിതക സവിശേഷതകള്‍ പഠിച്ചു. മറ്റ് പരല്‍ വര്‍ഗത്തില്‍പെട്ട മത്സ്യങ്ങളുടേതുമായി അസ്ഥികള്‍ താരതമ്യം ചെയ്തു. അങ്ങനെയാണ് 'സഹ്യാദ്രിയ' എന്ന ജീനസിലാണ് മിസ് കേരള ഉള്‍പ്പെടുന്നതെന്ന നിഗമനത്തിലെത്തിയത്.
പരിണാമവഴിയില്‍ ഒരു ജീവിയുടെ സ്ഥാനം എവിടെയെന്നാണ് 'ജീനസ്' കൊണ്ട് അര്‍ഥമാക്കുന്നത്. മിസ് കേരള ഉള്‍പ്പെടുന്ന 'സഹ്യാദ്രിയ' ജീനസില്‍ നിലവില്‍ ഒറ്റ മത്സ്യമേ ഉള്ളൂ; ചാലക്കുടി പുഴയില്‍ കാണപ്പെടുന്ന 'സഹ്യാദ്രിയ ചാലക്കുടിയന്‍സിസ്' ( Sahyadria chalakkudiensis ) മാത്രം.
ചെങ്കണിയാന്‍ , ചോരക്കണിയാന്‍ എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്ന മത്സ്യമാണ് മിസ് കേരള. കേരളത്തിലെ പത്ത് പുഴകളുള്‍പ്പടെ പശ്ചിമഘട്ടത്തിലെ 11 പുഴകളില്‍നിന്ന് മാത്രം കണ്ടെത്തിയിട്ടുള്ള ഇത്, ഏറ്റവുമധികം ജൈവകള്ളക്കടത്ത് ഭീഷണി നേരിടുന്ന മത്സ്യങ്ങളില്‍ ഒന്നാണ്.
ആഗോള അലങ്കാരമത്സ്യവിപണിയില്‍ വന്‍ ഡിമാന്‍ഡുള്ള ഇനമാണ് മിസ് കേരള. മത്സ്യമൊന്നിന് 25 ഡോളര്‍ (1500 രൂപ) ആഗോള വിപണിയില്‍ വിലയുള്ള മത്സ്യമാണിത്. കേരളത്തിലെ അരുവികളില്‍നിന്ന് പ്രതിവര്‍ഷം 50,000 മിസ് കേരള വീതം വിദേശത്തേക്ക് കടത്തുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
അലങ്കാരമത്സ്യവിപണിക്കായുള്ള അമിതചൂഷണവും, അരുവികളുടെയും ആവാസവ്യവസ്ഥകളുടെയും നാശവും, മലിനീകരണവും എല്ലാം ചേര്‍ന്ന് മിസ് കേരള കടുത്ത ഭീഷണിയിലാണ്. അതിനാല്‍ , 'വംശനാശഭീഷണി നേരിടുന്നവ'യുടെ വിഭാഗത്തിലാണ് ഐ യു സി എന്‍ ഈ മത്സ്യത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത് (ചിത്രങ്ങള്‍ക്ക് കടപ്പാട് : രാജീവ് രാഘവന്‍ )
