NagaraPazhama

ഈ നഗരത്തിന് അങ്ങനെയും ഒരു ഭൂതകാലം ഉണ്ടായിരുന്നു

Posted on: 22 Oct 2013

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍




അനന്തപുരി അഥവാ തിരുവനന്തപുരത്തിന് അങ്ങനെയും ഒരു ഭൂതകാലം ഉണ്ടായിരുന്നു. ഇന്ത്യയിലെ മഹാനഗരങ്ങളായ ബോംബെ ( മുംബൈ), കല്‍ക്കട്ട, മദ്രാസ് (ചെന്നൈ) തുടങ്ങിയവയെക്കാള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രമാണ് അനന്തപുരിക്കുള്ളത്. യൂറോപ്യന്മാരുടെ വരവിനുശേഷമാണ് മേല്‍പ്പറഞ്ഞ നഗരങ്ങള്‍ ഉയര്‍ന്നു വന്നത്. എന്നാല്‍ ഒന്‍പതാം നൂറ്റാണ്ടുമുതലുള്ള പാരമ്പര്യം അവകാശപ്പെടാവുന്ന നഗരമാണ് തിരുവനന്തപുരം. തമിഴ് വൈഷ്ണവ കവി നമ്മാള്‍വാര്‍ ആണ് ഈ നഗരത്തെപ്പറ്റി ആദ്യം പാടിയത്. ക്ഷേത്രനഗരമെന്ന നിലയില്‍ ആറും അരുവിയും വയലും കാടും പൂത്തമരങ്ങളും നടക്കാവുകളും ഉള്ള ഈനഗരത്തെപ്പറ്റി പതിമൂന്നാം നൂറ്റാണ്ടുമുതലുള്ള 'അനന്തപുര വര്‍ണനം' തുടങ്ങിയ എത്രയോ സാഹിത്യകൃതികളില്‍ കാണാം. അതില്‍ പറയുന്ന അനേകം തീര്‍ഥങ്ങളുണ്ട്. അതില്‍ പലതും ഇന്നും അവശേഷിക്കുന്നു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1729-1758) യുടെ കാലത്തോടെയാണ് ആധുനിക തിരുവനന്തപുരത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രനിര്‍മാണത്തിനുവേണ്ടി ഇന്ത്യയുടെ പലഭാഗത്തുനിന്നും ശില്പികളും കല്ലാശാരിമാരും ആനകളും തൊഴിലാളികളുമായി ആയിരങ്ങള്‍ ഇവിടെയെത്തി. അവര്‍ക്കുവേണ്ടി കാടുകള്‍ വെട്ടിത്തെളിച്ച് താമസസ്ഥലം ഒരുക്കേണ്ടിവന്നു. ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി അഗ്രഹാരങ്ങള്‍ നിര്‍മിച്ചു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മുതല്‍ ശ്രീചിത്തിര തിരുനാള്‍ വരെയുള്ള പന്ത്രണ്ട് രാജാക്കന്മാര്‍ തിരുവിതാംകൂര്‍ ഭരിച്ചു. അവരും അവരുടെ ഭാവനാസമ്പന്നന്മാരായ ദിവാന്‍മാരും കൂടി താലോലിച്ച് വളര്‍ത്തിയെടുത്ത നഗരമാണ് തിരുവനന്തപുരം. ശ്രീമൂലം തിരുനാളിന്റെ കാലത്താണ് ഈ നഗരം മുനിസിപ്പാലിറ്റിയായത്.

1940 ഒക്ടോബര്‍ 31 ന് തിരുവനന്തപുരം കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനായി. റിട്ടയേര്‍ഡ് ആക്ടിങ് ചീഫ് സെക്രട്ടറി സി.ഒ. മാധവനെ ആദ്യത്തെ നഗരസഭാ പിതാവായും സി.പി. ഗോപാലപ്പണിക്കരെ ആദ്യത്തെ കമ്മീഷണറായും സര്‍ക്കാര്‍ നിയമിച്ചു.

തിരുവനന്തപുരം നഗരം കോര്‍പ്പറേഷന്‍ വരെ എത്തിയതിന്റെ പരിണാമചക്രത്തിന്റെ പടവുകള്‍ ഏറെയുണ്ട്. പട്ടണ പരിഷ്‌കരണ കമ്മിറ്റി, മുനിസിപ്പാലിറ്റി എന്നിവയാണ് പ്രധാന പടവുകള്‍. അന്നു മുതലുള്ള ചരിത്രം നോക്കിയാല്‍ നഗരത്തെ സ്‌നേഹിക്കുകയും ഈ നഗരം മനോഹരമാക്കാന്‍ പാടുപെട്ടവരും അനേകമാണ്. നഗരം ശുദ്ധീകരിക്കാന്‍ അന്‍പത് കാളവണ്ടികളും നൂറ് ലക്ഷണമൊത്ത കാളകളെയും ദര്‍ഘാസ് വഴി വാങ്ങിയ പട്ടണ പരിഷ്‌കരണ കമ്മിറ്റി, നഗരത്തിലെ ചപ്പുചവറുകളും മനുഷ്യമാലിന്യങ്ങളും അതത് ദിവസം തന്നെ വാരിക്കോരി നഗരം ശുദ്ധീകരിക്കുന്ന ജീവനക്കാര്‍, അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ പിടിച്ച്‌കെട്ടാനുള്ള പൗണ്ട്, രാവിലെ കണ്ണിമാറ മാര്‍ക്കറ്റിലും ചാലയിലും മണക്കാട് ചന്തയിലും കൃത്യസമയത്ത് എത്തി പരിശോധന നടത്തേണ്ട ഹെല്‍ത്ത് ഓഫീസര്‍, ഗോസായി സത്രം (കരമന) മുതലുള്ള സത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ നിയുക്തരായ ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവയ്ക്ക് എല്ലാം പട്ടണ പരിഷ്‌കരണ കമ്മിറ്റി നേതൃത്വം കൊടുത്തു. നഗരത്തിലെ നദീതടങ്ങളും കുളങ്ങളും ശ്മശാനങ്ങളും സംരക്ഷിച്ചിരുന്നതും കമ്മിറ്റിയാണ്. മുനിസിപ്പാലിറ്റിയായതോടെ നഗരപരിപാലനം ശക്തമായി. നഗരത്തില്‍ ഹോട്ടലുകളും വീടുകളും ചന്തകളും കൂടി. എന്നാല്‍ എല്ലായിടത്തും ഓടിയെത്തി ശുചിത്വം പരിപാലിച്ചിരുന്നതും കെട്ടിട നിര്‍മാണങ്ങള്‍ നിയന്ത്രിച്ചിരുന്നതും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരാണ്. പോലീസുകാരെക്കാള്‍ ഭയമായിരുന്നു അന്നൊക്കെ കാക്കിയിട്ട കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ. അറവുശാലകളിലും ചന്തകളിലും ഹോട്ടലുകളിലും അവരുടെ ശ്രദ്ധ എപ്പോഴും പതിഞ്ഞിരുന്നു. ശുചിത്വത്തിന്റെ കാര്യത്തില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ക്ക് വിട്ടുവീഴ്ചയില്ലായിരുന്നു. അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും ലൈസന്‍സ് ഇല്ലാത്ത നായ്ക്കളെയും മുനിസിപ്പാലിറ്റി അധികൃതര്‍ നിര്‍ദാക്ഷിണ്യം പിടികൂടിയിരുന്നു. പേയ് നായ്ക്കളെ കൊന്ന് കടപ്പുറത്ത് കുഴിച്ചുമൂടുമായിരുന്നു. ഡ്രെയിനേജ് സമ്പ്രദായം ആദ്യകാലത്ത് നഗരത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ പോലും ഇല്ലായിരുന്നു. വീടുകള്‍ക്ക് സമീപത്തുള്ള മറക്കുഴികളിലാണ് മലമൂത്ര വിസര്‍ജനം നടത്തിയിരുന്നത്. ഇവ ബക്കറ്റുകളില്‍ കോരി അതത് സ്ഥലങ്ങളിലെ വലിയ വീപ്പകളില്‍ നിക്ഷേപിക്കുകയും കാളവണ്ടികളില്‍ അവയെ കടപ്പുറത്ത് കൊണ്ടുപോകുന്ന പതിവും അന്നുണ്ടായിരുന്നു. ഇതില്‍ ഏര്‍പ്പെട്ടിരുന്ന ശുചീകരണ തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നതിനോടൊപ്പം കടമകളെ കൂടി പഠിപ്പിച്ചുകൊടുത്ത തൊഴിലാളി നേതാവ് ജുബ്ബാ രാമകൃഷ്ണപിള്ളയെ നഗരം ഇന്നും ഓര്‍ക്കുന്നു.

മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ ആയതോടെ കൂടുതല്‍ അധികാരം കിട്ടി. കോര്‍പ്പറേഷന്‍ മേയര്‍, കമ്മീഷണര്‍ എന്നിവരെ ജനം ബഹുമാനത്തോടെ കണ്ടു. നഗരത്തിന്റെ പലഭാഗത്തും ഡ്രെയിനേജ് സമ്പ്രദായവും പൈപ്പുകള്‍ വഴി ശുദ്ധജലവിതരണവും തുടങ്ങി. ശ്രീമൂലം തിരുനാള്‍ ആരംഭിച്ച ഗ്യാസ് കൊണ്ട് തെരുവുവിളക്കുകള്‍ കത്തിക്കുന്ന സമ്പ്രദായം പിന്നീട് വിദ്യുച്ഛക്തി കൈയടക്കി. നഗരം കൂടുതല്‍ വിസ്തൃതമായി. കാളവണ്ടികളും കുതിരവണ്ടികളും മോട്ടോര്‍ വാഹനങ്ങള്‍ക്ക് വഴിമാറാന്‍ തുടങ്ങി. മസൂരി തുടങ്ങിയ പകര്‍ച്ചവ്യാധി തടയാന്‍ ഐരാണിമുട്ടത്ത് ആശുപത്രി ഉണ്ടായിരുന്നു. അസുഖം വന്ന് മരിക്കുന്നവരെയും അനാഥ പ്രേതങ്ങളെയും ദഹിപ്പിക്കാന്‍ പ്രത്യേക സംവിധാനം വന്നു. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടി കൊല്ലാന്‍ ജീവനക്കാര്‍ ഉണ്ടായി. ചപ്പുചവറും വളമാക്കി മാറ്റി വന്‍തുകയ്ക്ക് വില്‍ക്കാന്‍ വലിയതുറയില്‍ ചവറ് ഡിപ്പോ വന്നു. മനുഷ്യമാലിന്യങ്ങള്‍ ഉപയോഗിച്ച് പുല്ലുവളര്‍ത്താന്‍ മുട്ടത്തറയില്‍ സംവിധാനം ഉണ്ടായി. നഗരസഭ, ശുചീകരണത്തിന്റെ മുഖമുദ്രയായി മാറി. വള്ളക്കടവ് മുതല്‍ വടക്കോട്ടുള്ള യാത്രയ്ക്കുള്ള ജലപാതയിലെ വെള്ളം യാത്രക്കാര്‍ വായ് കഴുകാന്‍ ഉപയോഗിച്ചിരുന്ന കാലം. നഗരത്തിന്റെ പ്രധാന നദികളായ കരമനയെയും കിള്ളിയാറിനെയും സര്‍ക്കാരും നഗരസഭയും കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിച്ച കാലം. രാവിലെ കുടമണി കിലുക്കി ചവറുവണ്ടികള്‍ നഗരത്തിന്റെ എല്ലാ ഭാഗത്തും സഞ്ചരിച്ച കാലം. രാവിലെ തന്നെ ചൂലും കുട്ടയുമായി ശുചീകരണ തൊഴിലാളികള്‍ നഗരം ശുദ്ധമാക്കിയ കാലം. ഒരു തുണ്ട് ചവറുപോലും വഴിയരികില്‍ അന്ന് കാണാനില്ലായിരുന്നു. ചവറുകളെല്ലാം വലിയതുറയിലെ ചവറു ഡിപ്പോകളില്‍ എത്തിച്ച് വളമാക്കുമായിരുന്നു. കുന്നുകുഴിയിലെ അറവുശാലയില്‍ കൊണ്ടുപോയി കൊല്ലുന്ന മൃഗങ്ങളുടെ മാത്രമേ മാംസം വില്‍ക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. നഗരത്തിലെ പ്രധാന ജങ്ഷനുകളിലെല്ലാം പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു. അതെല്ലാം പഴയ കാര്യങ്ങള്‍. പഴമക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പഴങ്കഥകള്‍ മാത്രം.




MathrubhumiMatrimonial