NagaraPazhama

വള്ളക്കടവിലെ മറക്കാന്‍ കഴിയാത്ത ഓര്‍മകള്‍

Posted on: 22 Oct 2013

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍




വള്ളക്കടവ് എന്നു കേള്‍ക്കുബോള്‍ പഴമക്കാരുടെ മനസില്‍ ഉയരുന്ന എത്രയോ ദൃശ്യങ്ങളുണ്ട്. രാജാക്കന്മാര്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കും സഞ്ചരിക്കാനുള്ള പള്ളിബോട്ടുകളുടെ വിശ്രമസങ്കേതമായ മനോഹരമായ പള്ളിബോട്ടുപുര, പലതരം ബോട്ടുകളും വള്ളങ്ങളും സാധനങ്ങളും മറ്റും കയറ്റി വരവുപോക്ക് നടത്തുന്ന നിരവധി വള്ളങ്ങള്‍, വള്ളത്തില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഗോഡൗണുകള്‍, കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്ന ആലായിമാര്‍, സമീപത്ത് അവര്‍ക്ക് തങ്ങാനുള്ള കെട്ടിടങ്ങള്‍, മുമ്പില്‍ അഞ്ചലോഫീസ്, സാധനങ്ങള്‍ കൊണ്ടുവരികയും പോകുകയും ചെയ്യുന്ന കാളവണ്ടികള്‍. ഇവയെല്ലാം ദൃശ്യങ്ങളില്‍ ചിലതുമാത്രം.

ഒരു കാലത്ത് തിരുവിതാംകൂറില്‍ വാണിജ്യത്തിന്‍േറയും ജലഗതാഗതത്തിന്‍േറയും ഗേറ്റ് വേ ആയിരുന്ന ഈ പ്രദേശത്തിന്റെ അവസ്ഥ ഇന്ന് എന്ത്? ചപ്പും ചവറും മാലിന്യങ്ങളും കുളവാഴയും നിറഞ്ഞ് ദുര്‍ഗന്ധം വമിപ്പിക്കുന്ന ഇവിടത്തെ കടവിലെ വെള്ളം ദേഹത്ത് വീണാല്‍ തന്നെ അസുഖം പിടിപെടുന്ന സ്ഥിതിയാണ്.

മുമ്പൊക്കെ മണലും തൊണ്ടും ഓടും മറ്റ് വീട്ടുസാമാനങ്ങളും നിറച്ച വള്ളങ്ങള്‍ ഇതുവഴി പോകുമായിരുന്നു. ഇപ്പോള്‍ അവയേയും കാണാനില്ല. ഇവിടത്തെ ജലാശയം മനുഷ്യമാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും വലിച്ചെറിയാനുള്ള വേദിയായിട്ട് വര്‍ഷങ്ങളായി.

ഒരിക്കല്‍ മഹാരാജാക്കന്മാരും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും എത്രയോ മഹദ് വ്യക്തികളും യാത്രയ്ക്ക് വേദിയായ പ്രദേശമാണിവിടം. ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ കഴ്‌സണ്‍ പ്രഭു, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരെല്ലാം വന്നിറങ്ങിയ വഴിത്താരയാണ് ഇവിടം. ഇന്ത്യയിലെ പല രാജാക്കന്മാരേയും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരേയും വിശിഷ്ടവ്യക്തികളേയും സ്വീകരിക്കാന്‍ എത്രയോ പ്രാവശ്യം ഈ സ്ഥലത്ത് പരിവാര സമേതമായി തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ എഴുന്നള്ളിയ സ്ഥലമാണ് ഇവിടം. ഈ സന്ദര്‍ശനങ്ങളില്‍ പലതിന്‍േറയും ചിത്രം വരച്ചിട്ടുള്ളത് വിഖ്യാതനായ രാജാരവിവര്‍മയാണെന്ന് ഓര്‍ക്കണം. ഇങ്ങനെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച ഒരു സ്ഥലമാണ് അവഗണനയുടേയും അശ്രദ്ധയുടെയും പര്യായമായി മാറിയിരിക്കുന്നത്.

മോണോ ട്രെയിനിനും എക്‌സ്പ്രസ് ഹൈവേയ്ക്കും എല്ലാം മുറവിളി കൂട്ടുമ്പോള്‍ അനന്തപുരിയിലെ ആദ്യത്തെ ഗതാഗത കേന്ദ്രമായ ഈ വള്ളക്കടവിനെ എല്ലാവരും മറക്കുന്നത് വിചിത്രമാണ്. ഇവിടത്തെ പാര്‍വതീ പുത്തനാറും ബോട്ടുപുരയും എല്ലാം വിദേശത്തായിരുന്നെങ്കില്‍ ലക്ഷങ്ങള്‍ കൊയ്യുന്ന ഒന്നാന്തരം വിനോദസഞ്ചാരകേന്ദ്രമാകുമായിരുന്നു. ഒരു കാലത്ത് ഈ കടവിന്റെയും അതുവഴി കടന്നുപോകുന്ന മനോഹരമായ വള്ളങ്ങളുടെയും ബോട്ടുകളുടെയും ചിത്രങ്ങള്‍ വിദേശികളെടുത്തത് ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അവ ഇന്‍റര്‍നെറ്റിലൂടെ കാണുന്നത് വിദേശികള്‍ക്ക് ഇന്നും കൗതുകക്കാഴ്ചയാണ്.

വള്ളക്കടവിന്റെ പഴയ പേര് കല്പാലക്കടവ് എന്നായിരുന്നു. കല്ലുകൊണ്ടുള്ള പാലം ഉണ്ടായിരുന്നതുകൊണ്ടാകാം ആ പേര് വന്നത്. സ്വാതിതിരുനാളിന്റെ ഇളയമ്മ റാണി പാര്‍വതീ ഭായിയാണ് കല്പാലക്കടവ് മുതല്‍ വടക്കോട്ട് കായലുകളെ ബന്ധപ്പെടുത്തി തോടുവെട്ടിയത്. ഇതിന്റെ ചരിത്രത്തെപ്പറ്റി ഈ പംക്തിയില്‍ മുമ്പ് എഴുതിയിട്ടുള്ളതാണ്. അക്കാലത്ത് സാധനങ്ങള്‍ കൊണ്ടുവന്നത് കായലുകള്‍ വഴിയും കടല്‍വഴിയുമായിരുന്നു.

മഴക്കാലത്ത് സാധനങ്ങള്‍ കൊണ്ടുപോകുന്നത് വിഷമമായിരുന്നു. ഒരു മുറജപ കാലത്ത് വടക്കുനിന്ന് സാധനങ്ങള്‍ അനന്തപുരിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് കൊല്ലത്തിനപ്പുറത്തും ഇപ്പുറത്തുമുള്ള കായലുകളെ ബന്ധപ്പെടുത്തി തോടുവെട്ടാന്‍ കൊല്ലവര്‍ഷം 1000 വൃശ്ചികം 24ന് ( ഇംഗ്ലീഷ് വര്‍ഷം 1824-ല്‍ ) പാര്‍വതി റാണി ഉത്തരവിട്ടത്. ഇടയ്ക്ക് വര്‍ക്കല കുന്ന് ഉണ്ടായിരുന്നു. അതിനാല്‍ കല്പാലക്കടവ് മുതല്‍ വര്‍ക്കല വരെയും കുന്നിനു ശേഷം കൊല്ലം വരെയും ആണ് കായലുകളെ ബന്ധപ്പെടുത്തി തോടുവെട്ടിയത്. കല്പാലകടവു മുതല്‍ വേളി കായല്‍ വരെ വെട്ടിയ തോടാണ് യഥാര്‍ഥത്തില്‍ പാര്‍വതീപുത്തനാര്‍. അക്കാലത്ത് ഇതൊരു വിപ്ലവകരമായ നടപടിയായിരുന്നു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1729-1758) മുതലാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്തിന് മോടി കൂട്ടിയത്. അദ്ദേഹത്തിന് മുമ്പും കടപ്പുറത്തേക്ക് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ആറാട്ട് എഴുന്നള്ളത്ത് ഉണ്ടായിരുന്നുവെങ്കിലും ഇതുവഴിയായിരുന്നില്ല. ആറാട്ട് എഴുന്നള്ളത്തിന് വേണ്ടിയായിരിക്കാം ഇവിടെ കല്ല് കൊണ്ട് പാലം ഉണ്ടാക്കിയതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. കാരണം അക്കാലത്തെ രേഖകള്‍ നോക്കിയാല്‍ കരമന, കിള്ളി തുടങ്ങിയ നദികളില്‍ മരപ്പാലങ്ങള്‍ ആണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീടാണ് മരപ്പാലങ്ങള്‍ മാറ്റി കല്ലുകൊണ്ടുള്ള പാലം നിര്‍മിക്കാന്‍ തുടങ്ങിയത്. പാര്‍വതി റാണിയുടെ കാലത്ത് ഇവിടെ ചെറിയതോടും കല്ലുകൊണ്ടുള്ള പാലവും കടവും ഉണ്ടായിരുന്നുവെന്ന് അവരുടെ നീട്ടി (ഉത്തരവ്) ല്‍ നിന്നും വ്യക്തമാണ്. വള്ളക്കടവില്‍ നിന്ന് തിരുവല്ലം വരെയുള്ള തോട് പില്‍ക്കാലത്ത് വെട്ടിയതാണ്. കോവളം മുതല്‍ കോട്ടപ്പുറം വരെയുള്ള ജലപാത വികസിപ്പിക്കുമെന്നും പാര്‍വതീപുത്തനാര്‍ ഒന്നാന്തരം വിനോദ സഞ്ചാരകേന്ദ്രമാക്കുമെന്നും അധികാരികള്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡ തന്നെ ഇവിടെയെത്തി പാര്‍വതീ പുത്തനാറിന്റെ ശുദ്ധീകരണം ഉദ്ഘാടനം ചെയ്തു. അതുപോലെ അടഞ്ഞുകിടക്കുന്ന വര്‍ക്കല തുരപ്പിലൂടെ മുഖ്യമന്ത്രി തന്നെ സഞ്ചരിച്ച് അത് നന്നാക്കുമെന്ന് പ്രഖ്യാപിച്ചു. പക്ഷെ ഒന്നും ഉണ്ടായില്ല. നിരവധി പേരുടെ ജീവന്‍ അപഹരിക്കുന്ന സ്ഥലമായി പാര്‍വതീപുത്തനാര്‍ കാളിന്ദി പോലെ കിടക്കുന്നു. ഇപ്പോള്‍ ഈ ആറ്റിലെ ജലത്തിന്റെ അവസ്ഥയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴും അധികാരികള്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ നടത്തുന്നുണ്ട്. വള്ളക്കടവിനും പാര്‍വതീപുത്തനാറിനും സമീപകാലത്ത് ശാപമോഷം ലഭിക്കുമോ? കാത്തിരുന്നു കാണാം.




MathrubhumiMatrimonial