
'കഥാനായകന്‍'
Posted on: 26 Apr 2009
കെ.പി. പ്രവിത

കുഞ്ഞുനാള്‍മുതല്‍ ഉള്ളില്‍ നിറഞ്ഞുനിന്നിരുന്ന മേളത്തെ, കളിയരങ്ങിന്റെ ചെണ്ടമേളമാക്കി വളര്‍ത്തിയെടുത്തത് അമ്മാവന്‍ നീട്ടിയത്ത് ഗോവിന്ദന്‍നായരായിരുന്നുവെന്ന് കേശവന്‍തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. കേള്‍വിശക്തിയും സംസാരശേഷിയുമില്ലാത്ത അമ്മാമ കൊച്ചുകേശവന് മുന്നില്‍ തുറന്നിട്ടത് മേളത്തിന്റെ വിശാലലോകമാണ്. ഒന്‍പതാം വയസ്സിലാണ് ഔദ്യോഗിക പഠനം തുടങ്ങിയത്. പത്താംവയസ്സില്‍ പൂമുള്ളി മനയില്‍വച്ച് തായമ്പക അരങ്ങേറ്റം. പിന്നീട് മൂത്തമന കേശവന്‍ നമ്പൂതിരിയുടെ കീഴില്‍ കഥകളിക്കൊട്ട് അഭ്യസിച്ചുതുടങ്ങി.
ജോലിയെന്ന മോഹവുമായി നടക്കുമ്പോഴാണ് കലാമണ്ഡലത്തിലെ പഠനത്തിന് അപേക്ഷ ക്ഷണിച്ച വിവരം അറിയുന്നത്. മുന്‍ഗണനയോടെതന്നെ പ്രവേശനംകിട്ടി. കൃഷ്ണന്‍കുട്ടി പൊതുവാളായിരുന്നു ആശാന്‍. 12 ആട്ടക്കഥകള്‍ കേശവന്‍ എഴുതി. കലാമണ്ഡലത്തിലെ പഠനകാലത്താണ് മഹാകവി വള്ളത്തോളുമായി അടുക്കുന്നത്. 1958ലാണ് കേശവന്‍ കലാമണ്ഡലം വിടുന്നത്. ഇതിനിടെ നിലയങ്ങോട് മനയ്ക്കല്‍ പാര്‍വതിയുമായി വിവാഹം. വിവാഹശേഷം തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സ്‌കൂള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും അധ്യാപകനായി. ഫാക്ടിന്റെ കഥകളി സ്‌കൂളിലേക്ക് ചെണ്ട അധ്യാപകനായി എത്തുന്നത് 1963ലാണ്. 1994 വരെ ഫാക്ടില്‍ അധ്യാപകനായി തുടര്‍ന്നു.
'മാറാട്ടം' എന്ന അരവിന്ദന്‍ സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. 1990 ലായിരുന്നുഅത്. 'കഥാനായകനി'ലെ കാരണവരുടെ വേഷം കൂടിയായതോടെ സിനിമാരംഗത്തും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. നാടന്‍പെണ്ണും നാട്ടുപ്രമാണിയും, വാനപ്രസ്ഥം, ദി കാര്‍, സാഫല്യം, സായ്‌വര്‍ തിരുമേനി, വരവായ്... തുടങ്ങി ഒട്ടേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെയും പ്രിയങ്കരനായി.
ആട്ടക്കഥയ്‌ക്കൊപ്പം കവിതകളും, ലേഖനങ്ങളും, ബാലസാഹിത്യവുമെല്ലാം കേശവന്‍േറതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകധര്‍മിയുടെ 'പാട്ടബാക്കി'യിലെ ജന്മിയുടെതുള്‍പ്പെടെ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജീവചരിത്രം ഒരു വാരികയില്‍ പ്രസിദ്ധീകരിച്ചുവരികയായിരുന്നു, 'അടിയിടറാതെ' എന്ന പേരില്‍. ഇടയ്ക്ക് കലാ-സാംസ്‌കാരിക വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
