NagaraPazhama

കുറ്റിയാടി മുതല്‍ കോഴിക്കോട് വരെ

Posted on: 10 Oct 2013

അഡ്വ. ടി.ബി. സെലുരാജ്‌



ക്യറ്റിയാടി മനോഹരമായൊരു പ്രദേശമാണ്. കുറ്റിയാടിപ്പുഴയാകട്ടെ, സീമന്തരേഖപോലെ മനോഹരവും പവിത്രവും. കോഴിക്കോട്ടുനിന്ന് അധികദൂരമൊന്നുമില്ല, കുറ്റിയാടിയിലേക്ക്. ഒരു ഒന്നൊന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കോഴിക്കോട്ടുനിന്ന് കുറ്റിയാടിയിലെത്താം. ബസ്സുകള്‍ ധാരാളമുണ്ടിവിടേക്ക്. സര്‍ക്കാറിന്റെ 'അതിവേഗം ബഹുദൂര'മെന്ന മുദ്രാവാക്യം നെഞ്ചിലേറ്റുന്നവരാണ് ഈ ബസ്സുകളിലെ ഡ്രൈവര്‍മാരെന്ന് നിങ്ങളും സമ്മതിച്ചുപോകും, ഇതിലൊന്ന് യാത്രചെയ്താല്‍. ദൂരങ്ങള്‍ താണ്ടുന്നത് നിമിഷനേരങ്ങള്‍കൊണ്ടാണ്. പക്ഷേ, ഈ വേഗമൊന്നും പത്തൊമ്പതാം നൂറ്റാണ്ടിലെ യാത്രകള്‍ക്കവകാശപ്പെടാനില്ലായിരുന്നു. ക്ലേശങ്ങള്‍ മാത്രമായിരുന്നു യാത്രകള്‍ സമ്മാനിച്ചിരുന്നത്. കുറ്റിയാടിയില്‍നിന്ന് കോഴിക്കോട്ടുവരെയുള്ള ഒരു യാത്രയുടെ വിവരണമാണ് എന്റെ മുന്നിലിരിക്കുന്ന രേഖകള്‍.

മലബാറില്‍ ജലഗതാഗതത്തെമാത്രം ആശ്രയിച്ച് ദൂരങ്ങള്‍ താണ്ടിയ ഒരു കാലമുണ്ടായിരുന്നു. ദീര്‍ഘയാത്രകള്‍ക്കൊന്നും അതുകൊണ്ടുതന്നെ മലബാറുകാരന്‍ ഒരുമ്പെട്ടിരുന്നില്ല. എന്നാല്‍, ഭരണാധികാരികളായി വന്ന ബ്രിട്ടീഷുകാര്‍ക്ക് യാത്രകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതായിരുന്നു. ഇന്നത്തെപ്പോലെ താമസസൗകര്യമോ ഭക്ഷണസൗകര്യമോ ഇല്ലാതിരുന്നതിനാല്‍ സര്‍ക്കാര്‍ നിര്‍മിച്ച ട്രാവലേഴ്‌സ് ബംഗ്ലാവുകളായിരുന്നു ഇക്കൂട്ടരുടെ ഇടത്താവളങ്ങള്‍. പ്രധാന സ്ഥലങ്ങളിലെല്ലാംതന്നെ പുഴയോരങ്ങളില്‍ ട്രാവലേഴ്‌സ് ബംഗ്ലാവുകളുണ്ടായിരുന്നു. എന്നാല്‍, ബംഗ്ലാവുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ സമ്മാനിച്ചതാകട്ടെ ദുരിതങ്ങള്‍മാത്രം. ബ്യൂറോക്രസി അന്നും ഇന്നും മാറ്റങ്ങളില്ലാതെ തുടര്‍ന്നുവരുന്നു എന്നതാണ് വാസ്തവം. ഈ വസ്തുത തെളിയിക്കുന്നതാണ് മോര്‍ബി എന്ന ഇംഗ്ലീഷുകാരന്‍ മലബാര്‍ കളക്ടര്‍ക്കെഴുതിയ കത്ത്. നമുക്ക് ആ കത്തിലൂടെയൊന്ന് കണ്ണോടിക്കാം.

1855 നവംബര്‍ ആറാംതിയ്യതിയാണ് മോര്‍ബി എന്ന ഇംഗ്ലീഷുകാരന്‍ മലബാര്‍ കളക്ടര്‍ക്ക് ഈ കത്ത് എഴുതിയതായി കാണുന്നത്. ''സര്‍, മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എന്റെ യാത്രയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിസമയത്ത് ഞാന്‍ കുറ്റിയാടി ട്രാവലേഴ്‌സ് ബംഗ്ലാവില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍, ബംഗ്ലാവില്‍ ശിപായിയോ മസാല്‍ജിയോ ഉണ്ടായിരുന്നില്ല. കുറ്റിയാടിയില്‍നിന്നും കോഴിക്കോട് എത്തിച്ചേരേണ്ടതിലേക്ക് എനിക്ക് തോണികള്‍ സംഘടിപ്പിക്കേണ്ടിയിരുന്നു. എന്നാല്‍, ജീവനക്കാരില്ലാത്തതിനാല്‍ എനിക്കിതിന് സാധിച്ചില്ല. വൈകുന്നേരം ആറുമണിക്ക് മാത്രമാണ് ശിപായി തലകാണിക്കുന്നത്. അയാളുടെ സംഭാഷണത്തില്‍നിന്നും ആ രാത്രി തോണി കിട്ടുകയില്ലെന്നുറപ്പായി. നാലുതോണികളായിരുന്നു യാത്രയ്ക്കായി എനിക്ക് വേണ്ടിയിരുന്നത്. പിറ്റേദിവസം രാവിലെ എട്ടുമണിക്ക് ശിപായി വരികയും ഒരുതോണി തയ്യാറാക്കിയിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

നാലുതോണികള്‍ക്ക് പകരം ഒരു തോണി കിട്ടിയിട്ട് ഒരു പ്രയോജനവുമില്ല എന്ന് ഞാനയാളെ അറിയിച്ചു. അതേദിവസം ബംഗ്ലാവിലെത്തിച്ചേരുന്ന ഒരു മാന്യനുവേണ്ടി നാലുതോണികള്‍ സംഘടിപ്പിക്കണമെന്നറിയിച്ചുകൊണ്ട് വയനാട് താലൂക്ക് ഓഫീസില്‍നിന്ന് ഒരു കുറിപ്പ് ശിപായിക്ക് അപ്പോള്‍ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിനുവേണ്ടി നാലു തോണികള്‍ ഉടനടി തയ്യാറാക്കപ്പെട്ടു. ഒന്നിനും കൊള്ളാത്ത രണ്ടുതോണികള്‍ എനിക്കുവേണ്ടിയും. എന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ ആ മാന്യന്‍ അദ്ദേഹത്തിന്റെ നാലുതോണികളില്‍നിന്ന് രണ്ടെണ്ണം എനിക്കായി തന്നു. ഞാനത് സസന്തോഷം സ്വീകരിച്ചു. ശിപായി തന്ന നിലവാരംകുറഞ്ഞ രണ്ടുതോണികളും മാന്യന്‍ സമ്മാനിച്ച രണ്ടുതോണികളുമായി കോഴിക്കോട്ടേക്ക് പുറപ്പെടാമെന്ന് ഞാന്‍ കരുതി. തോണിതുഴച്ചിലുകാരെ വിളിച്ചുവരുത്തി ഒരു രൂപ അഡ്വാന്‍സായി അപ്പോള്‍തന്നെ കൊടുക്കുകയും ചെയ്തു. ഒരുതോണിയില്‍ വെയില്‍ കൊള്ളാതിരിക്കുവാനുള്ള മൂടിയിടുവാനും മറ്റുതോണികളില്‍ എന്റെ സാധനസാമഗ്രികള്‍ കയറ്റിവെക്കുവാനുമായി ഞാനവരെ പറഞ്ഞയച്ചു.

രാവിലെ അഞ്ചരമണിയോടുകൂടി യാത്രയാരംഭിക്കാനായി പുഴക്കരയിലേക്ക് ഞാന്‍ ചെന്നപ്പോള്‍ എന്റെ തോണികളില്‍ ഒന്ന് എടുത്തുമാറ്റുന്നതായി കണ്ടു. എന്റെ സ്വന്തം ശിപായി ഈ പ്രവൃത്തിയെ ചോദ്യംചെയ്തു. അപ്പോള്‍ അവിടെയെത്തിയ അംശം അധികാരി എന്റെ ഭൃത്യനെ കഴുത്തിന് കുത്തിപ്പിടിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. അംശം അധികാരിയെ അങ്ങോട്ടേക്ക് വിളിച്ചുവരുത്തുകയാണ് ചെയ്തതെന്ന് ഞാന്‍ മനസ്സിലാക്കി. തുടര്‍ന്ന് യാത്ര മുടങ്ങിയതിനാല്‍ ബംഗ്ലാവിലേക്കുതന്നെ തിരിച്ചുപോയി. പിറ്റേദിവസം യാത്രതിരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അംശം അധികാരിയുടെ ധാര്‍ഷ്ട്യംകൊണ്ടും ട്രാവലേഴ്‌സ് ബംഗ്ലാവിലെ ശിപായിയുടെ അലംഭാവംകൊണ്ടുമാണ് എന്റെ കോഴിക്കോട്ടേക്കുള്ള യാത്ര 36 മണിക്കൂര്‍ വൈകിയത്.

പയ്യോളിയിലെത്തിയപ്പോഴും കുഴപ്പംതന്നെ. പയ്യോളി ബംഗ്ലാവിലെത്തിയപ്പോള്‍ നാട്ടുകാരായ മൂന്നുപേര്‍ അവിടെ താമസിക്കുന്നതായി കണ്ടു. അതിലൊരാള്‍ അവിടത്തെ അംശം അധികാരികളായിരുന്നു. യാതൊരു മര്യാദയും ഇക്കൂട്ടരുടെ പെരുമാറ്റത്തിലില്ലായിരുന്നു. ഇവിടെയുണ്ടായിരുന്ന ആകെയുള്ള രണ്ടുകസേരകളില്‍ ഒന്നുമാത്രമാണെനിക്ക് ലഭിച്ചത്. അത് കൊണ്ടുവന്നതാകട്ടെ, വൃത്തിയില്ലാത്തൊരു സ്ത്രീയും. കുറച്ച് കോഴികളെ പ്രാതലിനായി തയ്യാറാക്കാന്‍ പറഞ്ഞപ്പോള്‍ താലൂക്ക് കച്ചേരിയില്‍നിന്നും അറിയിപ്പില്ലാത്തതിനാല്‍ അതിന് സാധിക്കില്ല എന്നാണവര്‍ പറഞ്ഞത്.

കളക്ടറെ അറിയിക്കുമെന്ന് പറഞ്ഞിട്ടുപോലും ഫലമുണ്ടായില്ല. തുടര്‍ന്ന് കൊയിലാണ്ടിയില്‍നിന്നും കൊണ്ടുവന്ന വിലകുറഞ്ഞ മീനാണ് പ്രാതലിനായി എനിക്ക് ലഭിച്ചത്. മാപ്പിളമാരുടെ കൈയില്‍ കോഴികളുണ്ടായിരുന്നുവെങ്കിലും ബംഗ്ലാവിലെ ശിപായിയോ മസാല്‍ജിയോ പറയാതെ അവര്‍ എനിക്കിത് വില്‍ക്കില്ല എന്നറിയിച്ചു. അവരാകട്ടെ, ഇവിടെയില്ലായിരുന്നുതാനും. ബംഗ്ലാവില്‍ വിസിറ്റേഴ്‌സ് ബുക്ക് ഉണ്ടായിരുന്നുവെങ്കിലും ജീവനക്കാരില്ലാത്തതിനാല്‍ എനിക്ക് ലഭിക്കുകയുണ്ടായില്ല.
എലത്തൂരില്‍ ഞാനെത്തുമ്പോള്‍ സാധനങ്ങള്‍ കൊണ്ടുപോകുവാനായി ചുമട്ടുകാരെയും പല്ലക്കുകാരെയും മുന്‍കൂട്ടിത്തന്നെ സംഘടിപ്പിച്ചിരുന്നു. ഇവര്‍ക്ക് ഞാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടിവന്നു. എനിക്ക് ഒരു ദിവസത്തില്‍ കൂടുതല്‍ കോഴിക്കോട് തങ്ങുവാന്‍ പരിപാടിയില്ല. വളരെ തിരക്കുണ്ട്. ഇതൊരു പരാതിയായി ഞാന്‍ സമര്‍പ്പിക്കുന്നില്ല. ഇത്രയും വിവരങ്ങള്‍ ഞാന്‍ അറിയിക്കുന്നത് നമ്മുടെ ട്രാവലേഴ്‌സ് ബംഗ്ലാവുകള്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയൊക്കെയാണെന്ന് താങ്കളെ അറിയിക്കാന്‍വേണ്ടിമാത്രം.''

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ബ്യൂറോക്രസിക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സാധാരണക്കാരന്റെ വിഷമതകള്‍ക്കുനേരേ മുഖം തിരിക്കാനാണ് ബ്യൂറോക്രസിയിലെ നല്ലൊരു ശതമാനവും താത്പര്യം കാണിക്കുന്നത്.

selurajOyahoo.com




MathrubhumiMatrimonial