കലാമണ്ഡലം കേശവന്‍ അരങ്ങൊഴിഞ്ഞു

Posted on: 26 Apr 2009


കൊച്ചി: കലാ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കലാമണ്ഡലം കേശവന്‍ (73) അരങ്ങൊഴിഞ്ഞു. കഥകളിമേളവിദ്വാന്‍, കവി, നടന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ വ്യക്തിമുദ്രപതിച്ച അദ്ദേഹം ശനിയാഴ്ച രാവിലെ 5.15നാണ് അന്തരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് ദിവസമായി ആസ്​പത്രിയിലായിരുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം രാത്രി ഇടപ്പള്ളി പൊതുശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗികബഹുമതികളോടെ സംസ്‌കരിച്ചു.

മേളപ്പദം തനിയാവര്‍ത്തനപ്രകാരം രംഗത്ത് അവതരിപ്പിച്ച് ശ്രദ്ധേയനായ കേശവന്‍ 12 ആട്ടക്കഥകളും രചിച്ചിട്ടുണ്ട്. കഥകളിവേഷം, നാടകം, നൃത്തനാടകം, ബാലസാഹിത്യം എന്നിവയിലെല്ലാം പ്രതിഭ തെളിയിച്ച കലാമണ്ഡലം കേശവനെ കൂടുതല്‍ ജനപ്രിയനാക്കിയത് സിനിമയാണ്. 'കഥാനായകനി'ലെ നായകതുല്യമായ വേഷവും വാനപ്രസ്ഥം, മാറാട്ടം തുടങ്ങിയ സിനിമകളിലെ അഭിനയവും അദ്ദേഹത്തിന്റെ പ്രശസ്തി കൂട്ടി. ഒട്ടേറെ സീരിയലുകളിലും വേഷമിട്ടു.കവിതാസമാഹാരവും ബാലസാഹിത്യവും നൃത്തഗീതികളുമെല്ലാമുള്‍പ്പെടെ 30ലേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍േറതായി പുറത്തുവന്നിട്ടുണ്ട്.

നിലയങ്ങോട് പാര്‍വതിയാണ് ഭാര്യ. മക്കള്‍: സുരേഷ് (എന്‍ജിനീയര്‍, ഫാക്ട്), ശശിധരന്‍ (അസോസിയേറ്റ് പ്രൊഫസര്‍, അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി, ആനന്ദ്, ഗുജറാത്ത്). സുധ (ബിഎസ്എന്‍എല്‍). മരുമക്കള്‍: മല്ലിക, ജയശ്രീ, രാജഗോപാല്‍ (റിട്ട. സംഗീത അധ്യാപകന്‍). പാലക്കാട് ജില്ലയിലെ പെരിങ്ങോട് നീട്ടിയത്ത് വീട്ടില്‍ കുറുങ്കാട്ട് മനയ്ക്കല്‍ വാമനന്‍ നമ്പൂതിരിയുടെയും ജാനകി അമ്മയുടെയും മകനായി 1936 മെയ് 18നാണ് കലാമണ്ഡലം കേശവന്റെ ജനനം. ഒന്‍പതാം വയസ്സില്‍ അമ്മാവനായ നീട്ടിയത്ത് ഗോവിന്ദന്‍ നായരുടെ കീഴില്‍ തായമ്പക അഭ്യസിച്ചാണ് കലാരംഗത്തേക്ക് കടക്കുന്നത്. 1954ലാണ് കലാമണ്ഡലത്തില്‍ പഠനത്തിന് ചേരുന്നത്.
പഠനശേഷം 1963ല്‍ ഫാക്ടിന്റെ കഥകളി സ്‌കൂളില്‍ ചെണ്ട അധ്യാപകനായി. 1994ല്‍ ഫാക്ടില്‍ നിന്ന് വിരമിച്ചു. ചുനങ്ങാട്ട് കലാസദനം, തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സ്‌കൂള്‍ എന്നിവിടങ്ങളിലും അധ്യാപകനായിരുന്നിട്ടുണ്ട്.

അധ്യാപനത്തിനൊപ്പം അദ്ദേഹത്തിന് താല്പര്യമുള്ള മേഖലയായിരുന്നു കഥകളിവേഷവും നാടകവും. കീചകന്‍, ദുര്യോധനന്‍, നരസിംഹം, ധര്‍മപുത്രര്‍ തുടങ്ങിയ വേഷങ്ങള്‍ അരങ്ങില്‍ അവതരിപ്പിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സംഗീതനാടക അക്കാദമി എന്നിവയുടേതുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.






MathrubhumiMatrimonial