
വീരഭദ്ര മുതലിയാരുടെ സങ്കടഹര്‍ജി
Posted on: 04 Oct 2013
അഡ്വ. ടി.ബി. സെലുരാജ് (seluraj@yahoo.com)

ജീവിതത്തില്‍ ആര്‍ക്കാണ് സങ്കടങ്ങളില്ലാത്തത്? പാമരനും പണ്ഡിതനും സങ്കടങ്ങളുണ്ട്. ദരിദ്രനും ധനികനും സങ്കടങ്ങളുണ്ട്. എന്തിനേറെ, മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്കുപോലും സങ്കടങ്ങളുണ്ട്. സങ്കടനിവാരണത്തിനായി ദൈവങ്ങളുടെ മുമ്പാകെയോ, അധികാരസ്ഥാനങ്ങളുടെ മുമ്പാകെയോ ഇക്കൂട്ടരെത്തുന്നു. വിശപ്പിന്റെ വിളിയൊന്ന് തീര്‍ത്തുതരേണമേ എന്നു ദരിദ്രന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മറ്റുചിലരുടെ പ്രാര്‍ത്ഥന ''ഗ്രീന്‍ ചാനലിലൂടെ ഇനിയും സ്വര്‍ണം കടത്താന്‍ കഴിയണമേ'' എന്നാണ്. ഏതു പ്രാര്‍ഥനയും പാവം ദൈവം കേള്‍ക്കും. വയനാട്ടിലെ ആദിവാസിയുടെ പ്രാര്‍ഥന മുതല്‍ ശാലുമേനോന്റെ പ്രാര്‍ത്ഥനവരെ. കേള്‍ക്കാതിരിക്കാന്‍ അദ്ദേഹം ബധിരനൊന്നുമല്ലല്ലോ. അദ്ദേഹം എന്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്നുള്ളത് പത്രവാര്‍ത്തകളിലൂടെ നാം അറിയുന്നുണ്ടല്ലോ. ഇത്രയും എഴുതിയത് ഒരു സങ്കട ഹര്‍ജിയെക്കുറിച്ച് പ്രതിപാദിക്കാനാണ്. വീരഭദ്രന്‍ എന്ന ഒരു പാവം അബ്കാരി കോണ്‍ട്രാക്ടറുടെ സങ്കട ഹര്‍ജി. എല്ലാ അബ്കാരി കോണ്‍ട്രാക്ടര്‍മാരെപ്പോലെ നമ്മുടെ വീരഭദ്രനും ഒരു പാവമായിരുന്നു. തന്റെ 'വരുമാന'ത്തെക്കുറിച്ച് സങ്കടപ്പെടുന്ന ഈ മനുഷ്യന്റെ ഹര്‍ജി വാസ്തവത്തില്‍ കോഴിക്കോട് ചരിത്രത്തിനുതന്നെ ഒരു മുതല്‍ക്കൂട്ടാണ്. കോഴിക്കോട്ടെ കല്ലായ് പാലത്തെക്കുറിച്ചും പുതുതായുണ്ടാക്കിയ മാങ്കാവ്, മൂരിയാട് എന്നീ പാലങ്ങളെക്കുറിച്ചും ഒരല്പം വിവരം നമ്മുടെ മുന്നിലേക്കെത്തിക്കുന്നു ഈ സങ്കടഹര്‍ജി.
മലബാര്‍ കളക്ടറായിരുന്ന കനോലിയുടെ മുമ്പിലാണ് വീരഭദ്ര മുതലിയാര്‍ എന്ന അബ്കാരി കോണ്‍ട്രാക്ടറുടെ സങ്കട ഹരജിയെത്തുന്നത്. കോഴിക്കോട്ടെയും സമീപപ്രദേശങ്ങളിലെയും കടവുകള്‍ പ്രത്യേകിച്ചും കല്ലായ് പാലത്തിന്റെ ടോള്‍ പിരിവ് ലേലത്തില്‍ പിടിച്ച വ്യക്തിയാണ് നമ്മുടെ വീരഭദ്ര മുതലിയാര്‍. അബ്കാരി കരാറുകാരനും സങ്കടങ്ങള്‍ കാണുമല്ലോ. നമുക്കദ്ദേഹത്തിന്റെ സങ്കടഹര്‍ജിയിലേക്കൊന്നു കണ്ണോടിക്കാം. കോഴിക്കോട് നഗരത്തിലെ കടവുകളെക്കുറിച്ചും പാലങ്ങളെക്കുറിച്ചും ഒരേകദേശരൂപം കിട്ടുന്നതാണീ സങ്കടഹര്‍ജി. ഇനി ആ ഹര്‍ജിയിലേക്ക്.
''ബഹു: കോഴിക്കോട് കളക്ടറായ ശ്രീ. കനോലി സായ്‌വ് അവര്‍കള്‍ അറിയേണ്ടതിലേക്ക് അബ്കാരി കോണ്‍ട്രാക്ടറായ വീരഭദ്ര മുതലിയാര്‍ എഴുതി അറിയിക്കുന്ന സങ്കടഹര്‍ജി. സര്‍, ഞാന്‍ വളരെയേറെ നഷ്ടം സഹിക്കുന്ന ഒരു അബ്കാരി കോണ്‍ട്രാക്ടറാണ്. കല്ലായ് പാലത്തിനു പുറമെ, ബേപ്പൂര്‍, കടലുണ്ടി, മമ്മിളി എന്നീ കടവുകളും ലേലത്തില്‍ പിടിച്ചിട്ടുള്ളത് ഞാനാണ്. കഴിഞ്ഞ ചിങ്ങത്തില്‍ മൂരിയാട് പാലവും മാങ്കാവ് പാലവും പണി തീര്‍ത്തതിനാല്‍ ഇപ്പോള്‍ കല്ലായ് പാലത്തിലൂടെയുള്ള യാത്രക്കാരുടെയും ചുമട്ടുകാരുടെയും കന്നുകാലികളുടെയും യാത്ര ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഇവരെല്ലാംതന്നെ മുമ്പ് കല്ലായ് പാലത്തിലൂടെയാണ് യാത്രചെയ്തിരുന്നത്. എന്നാല്‍, മൂരിയാട് പാലവും മാങ്കാവ് പാലവും തുറന്നതോടുകൂടി കുറേയധികം പേര്‍ കല്ലായ് പാലം ഒഴിവാക്കി പുതിയ പാലങ്ങളിലൂടെ കടന്നുപോവുകയാണ് പതിവ്. കല്ലായ്, ബേപ്പൂര്‍, കടലുണ്ടി, മമ്മിളി കടവുകളില്‍നിന്നായിരുന്നു നമുക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്നത്. ബേപ്പൂര്‍, കടലുണ്ടി, മമ്മിളി എന്നീ കടവുകള്‍ കടക്കുന്നതിന് ഒരു യാത്രക്കാരന് ഒന്നര പൈസയും ചുമടുമായെത്തുന്ന യാത്രക്കാരനില്‍നിന്ന് രണ്ടേകാല്‍ പൈസയുമായിരുന്നു നാം ടോളായി പിരിച്ചിരുന്നത്. എന്നാല്‍ കല്ലായ് പാലത്തിലെ യാത്രാനിരക്ക് ഇത്രയേറെ വന്നിരുന്നില്ല. ഒരു യാത്രക്കാരനില്‍നിന്ന് അരപൈസയും, ഭാരം വഹിക്കുന്നവനില്‍നിന്ന് ഒന്നേകാല്‍ പൈസയുമാണ് നാം വാങ്ങിക്കുന്നത്. എന്നിട്ടുപോലും മറ്റു മൂന്നു കടവുകളില്‍നിന്നു കിട്ടുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ കല്ലായ് പാലത്തില്‍നിന്ന് നമുക്ക് വരവുണ്ടായിരുന്നു. ഇതിനു കാരണം കോഴിക്കോട് നഗരവുമായി കല്ലായ് അടുത്ത് കിടക്കുന്നുവെന്നതാണ്. നഗരത്തില്‍ ജനസാന്ദ്രത ഏറും എന്നതിനുപുറമേ അവിടെയാണ് ഹുസൂര്‍ കച്ചേരിയും സബ്‌കോടതിയും മുന്‍സിഫ് കോടതിയും സ്ഥിതിചെയ്യുന്നത്. കൂടാതെ, കച്ചവടസമൂഹവും അവിടെത്തന്നെ. നഗരത്തിനു പുറമേയുള്ളവരും മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരും പല ആവശ്യങ്ങള്‍ക്കായി കോഴിക്കോടെന്ന ഈ നഗരത്തില്‍ പോക്കുവരവ് നടത്തുന്നു. അതിനാല്‍ യാത്രാനിരക്ക് കുറവായിട്ടുപോലും കല്ലായ് പാലത്തില്‍നിന്നുള്ള വരുമാനം കൂടുതലായിരുന്നു. ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുമ്പോള്‍ ഈ പാലത്തില്‍ നിന്നുള്ള വരുമാനം കൂടാറുണ്ട്. ഇവരെല്ലാം കല്ലായ് പാലം ഉപയോഗിക്കുന്നതിനാല്‍ നമുക്ക് ടോള്‍ പിരിവിനത്തില്‍ നല്ല വരുമാനമായിരുന്നു കിട്ടിയിരുന്നത്. ഇതുകൊണ്ടുതന്നെ മറ്റു മൂന്നു കടവുകളേക്കാള്‍ കൂടുതല്‍ വരുമാനം ഈ പാലത്തില്‍ നിന്നുള്ളതായിരുന്നു. കര്‍ക്കടകത്തിലെയും ചിങ്ങത്തിലെയും ഉയര്‍ന്ന വരുമാനം കണ്ടതുകൊണ്ടാണ് ഞാന്‍ കല്ലായ് പാലത്തിലെ ടോള്‍ പിരിവ് ലേലത്തില്‍ കൊണ്ടത്. എന്നാല്‍ കന്നിമാസം മുതല്‍ മാസംതോറും 150 ഉറുപ്പികയാണ് എനിക്ക് നഷ്ടം പറ്റിക്കൊണ്ടിരിക്കുന്നത്. ഇതിനു കാരണം വളരെയധികം ആള്‍ക്കാര്‍ ഇപ്പോള്‍ പുതുതായുണ്ടാക്കിയ മൂരിയാട് പാലവും മാങ്കാവ് പാലവും ഉപയോഗിക്കുന്നുവെന്നതാണ്.
മണ്‍സൂണ്‍ മഴ കഠിനമായിരുന്ന അവസരത്തിലാണ് ഞാന്‍ കല്ലായ് പാലത്തിന്റെ കരാറെടുത്തിരുന്നത്. മാങ്കാവിലും മൂരിയാടും പുതിയ പാലങ്ങള്‍ ഉയര്‍ന്നു വരുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. എന്നെ ഇതൊട്ട് അറിയിച്ചിരുന്നുമില്ല. എന്നു മാത്രമല്ല, കല്ലായ് പാലത്തിന്റെ ടോള്‍പിരിവിനായുള്ള ടെണ്ടര്‍ വിളിച്ചുകൊണ്ടുള്ള തുടര്‍ച്ചയായ പരസ്യങ്ങളിലൊന്നുംതന്നെ താങ്കള്‍ ഈ പുതിയ പാലങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നുമില്ല. ഞാനീ നാട്ടുകാരനല്ലെന്നുള്ളത് താങ്കള്‍ക്കറിയാമല്ലോ. അതുകൊണ്ടുതന്നെ ആരോടും കൂടിയാലോചിക്കാനും ചര്‍ച്ചകള്‍ നടത്താനും എനിക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് ഞാനീ കരാര്‍ ഏറ്റെടുക്കുവാന്‍ നിര്‍ബന്ധിതനായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1,600/ - രൂപ കൂട്ടി വിളിച്ചാണ് ഞാനീ കരാര്‍ ഏറ്റെടുത്തിട്ടുള്ളതെന്ന് താങ്കള്‍ക്കറിയാമല്ലോ. പഴയ കരാറുകാരന്‍ അയാളുടെ തോണികളോ ജങ്കാറുകളോ എനിക്ക് വാടകയ്ക്കുപോലും തരാന്‍ തയ്യാറായില്ല. അതിനാല്‍ മമ്മിളി, ബേപ്പൂര്‍, കടലുണ്ടി എന്നീ കടവുകള്‍ക്കായി എനിക്ക് കുറേയേറെ പണം ചെലവാക്കേണ്ടി വന്നു. തോണികളും ജങ്കാറുകളും ഞാനീ മൂന്ന് കടവുകള്‍ക്കായി പുതുതായി നിര്‍മിക്കേണ്ടി വന്നു. ഈ ആവശ്യത്തിലേക്കായി കുറേയേറെ പണം എനിക്ക് ചെലവാക്കേണ്ടിവന്നു. സര്‍ക്കാറുമായുള്ള കരാറില്‍ എന്റെ ഭാഗത്തുനിന്നും യാതൊരു കുറവുകളുമുണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ പട്ടാളക്കാരുടെ പടനീക്കമുണ്ടാകുമെന്ന് എന്നോട് മുന്‍കൂട്ടി പറഞ്ഞിരുന്നു. ഈ വര്‍ഷം ഞാന്‍ കരാറേറ്റെടുത്തതിനുശേഷം മഞ്ചേരിയില്‍ കലാപമുണ്ടായപ്പോള്‍ കണ്ണൂരുനിന്നും മഞ്ചേരിയിലേക്ക് പട്ടാളക്കാരുടെ പടനീക്കമുണ്ടായിരുന്നു. ഇവര്‍ക്കുവേണ്ട യാത്രാസൗകര്യം യാതൊരു കുറവും വരുത്താതെതന്നെ ഞാന്‍ ചെയ്യുകയുണ്ടായി. ഇവര്‍ക്കുവേണ്ട തോണികളും ജങ്കാറുകളും നല്‍കിയെന്നു മാത്രമല്ല, അവര്‍ക്കുവേണ്ട കൂലികളെയും സംഘടിപ്പിച്ചുകൊടുത്തത് ഞാനാണ്. ഈ വിഷയത്തില്‍ ഞാനനുഭവിച്ച കഷ്ടനഷ്ടങ്ങളെക്കുറിച്ച് എന്നേക്കാള്‍ കൂടുതല്‍ താങ്കള്‍ക്കറിയാവുന്നതാണല്ലോ. പട്ടാളക്കാരുടെ പടനീക്കത്തിന്റെ അവസരത്തില്‍ അങ്ങേയറ്റം ആത്മാര്‍ഥതയോടെയാണ് ഞാന്‍ സര്‍ക്കാറിനെ സേവിച്ചിട്ടുള്ളത്. നഗരത്തിലെയും പുറമേയുമുള്ള സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് മാങ്കാവ് പുഴയിലെയും മൂരിയാട് പുഴയിലെയും പുതുതായി നിര്‍മിച്ച പാലങ്ങളെക്കൊണ്ട് വളരെയേറെ ഗുണമുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. താങ്കള്‍ക്ക് ലോകപരിചയമുണ്ട് എന്നു മാത്രമല്ല, അനവധി കാലം താങ്കള്‍ ഈ ജില്ലയില്‍ കളക്ടറായി തുടര്‍ന്നുപോരുകയും ചെയ്തുവരുന്നു. എല്ലാ സംഗതികളിലും താങ്കള്‍ക്ക് അങ്ങേയറ്റത്തെ പരിജ്ഞാനമുണ്ട്. ഇനി പറയൂ, മാങ്കാവ്, മൂരിയാട് എന്നീ പുതിയ പാലങ്ങള്‍കൊണ്ട് ഞാനെന്തിന് കഷ്ടനഷ്ടങ്ങള്‍ സഹിക്കുന്നു. ഇത് ശരിയാണോ? അതിനാല്‍ താങ്കളുടെ ദയവുണ്ടായി എന്റെ ഈ സങ്കടഹര്‍ജി ബോര്‍ഡ് ഓഫ് റവന്യൂവിന്റെ മുമ്പാകെ എത്തിച്ച് എന്റെ കരാറിലെ നഷ്ടം നികത്തിത്തരാന്‍വേണ്ടി താങ്കളുടെ കഴിവുകളുപയോഗിക്കണമെന്ന് വണക്കമായി ഞാനപേക്ഷിക്കുന്നു.
09-03-1850
വീരഭദ്ര മുതലിയാര്‍ (ഒപ്പ്)
163 വര്‍ഷങ്ങള്‍ക്കുമുമ്പ് വീരഭദ്ര മുതലിയാര്‍ എന്ന അബ്കാരി കോണ്‍ട്രാക്ടര്‍ മലബാര്‍ കളക്ടറായ കനോലിക്ക് മുമ്പാകെ സമര്‍പ്പിച്ച ഒരു സങ്കടഹര്‍ജിയാണിത്. വാസ്തവത്തില്‍ ചരിത്രപ്രേമികള്‍ക്കുമുമ്പില്‍ കോഴിക്കോട് ചരിത്രത്തിന്റെ ചില ഏടുകള്‍ സമര്‍പ്പിക്കുകയാണദ്ദേഹം ചെയ്തത്.
