
പ്രാപ്പിടിയന്മാരുടെ രക്ഷയ്ക്ക് നാഗാലന്‍ഡില്‍ തീവ്രയത്‌നം
Posted on: 26 Sep 2013
-വി.ടി.സന്തോഷ്‌കുമാര്‍

വിരുന്നുകാരെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ സംസ്ഥാനത്തെങ്ങും ഉയര്‍ന്നുകഴിഞ്ഞു. പക്ഷിവേട്ട തടയുന്നതിന് നാട്ടുകാരുടെയും വനപാലകരുടെയും കാവല്‍സംഘങ്ങള്‍ റോന്തുചുറ്റാന്‍ തുടങ്ങി. അമ്യൂര്‍ പ്രാപ്പിടിയന്മാരെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി നെയ്ഫ്യു റിയോ പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കന്‍ ചൈനയില്‍ നിന്ന് തെക്കേ ആഫ്രിക്കയിലേക്കുള്ള അതിശയിപ്പിക്കുന്ന ലോകസഞ്ചാരത്തിനിടെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് അമ്യൂര്‍ പ്രാപ്പിടിയന്മാര്‍ നാഗാലന്‍ഡിലെ മൊക്കോച്ചുങ്, വോഖാ ജില്ലകള്‍ ഇടത്താവളമാക്കുന്നത്. ബ്രഹ്മപുത്രയുടെ കൈവഴിയായ ദൊയാങ് നദിയുടെ തീരത്ത് ചേക്കേറുന്ന പക്ഷികളെ നാഗാജനത കൂട്ടത്തോടെ കൊന്നുതിന്നുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.
ഓരോ വര്‍ഷവും ഒന്നേകാല്‍ ലക്ഷത്തോളം പ്രാപ്പിടിയന്മാര്‍ ഇവിടെ കുരുതികഴിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. അപൂര്‍വ ദേശാടനപ്പക്ഷികളെ കൂട്ടക്കൊല ചെയ്യുന്നതില്‍ അന്താരാഷ്ട്ര പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് സര്‍ക്കാറും സന്നദ്ധ സംഘടനകളും ഈവര്‍ഷം വേട്ട തടയാന്‍ രംഗത്തിറങ്ങിയത്.
പ്രാപ്പിടിയന്മാരുടെ സംരക്ഷണമുറപ്പാക്കാന്‍ അവ ചേക്കേറുന്ന പംഗ്തി, സുന്‍ഗ്രോ, ആശാ ഗ്രാമങ്ങളിലെ വില്ലേജ് കൗണ്‍സിലുകളും 'വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ'യും സംസ്ഥാനത്തെ പരിസ്ഥിതി സംഘടനയായ 'നാച്ചുറല്‍ നാഗാസും' ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. വേട്ട തടയാന്‍ വനപാലകര്‍ക്കും പോലീസിനും നാട്ടുകാരുടെ സഹായം ഉറപ്പാക്കാനാണ് കരാര്‍. വേട്ട തടയാനുണ്ടാക്കിയ കാവല്‍സംഘത്തില്‍ മാനസാന്തരപ്പെട്ട വേട്ടക്കാരും പ്രാപ്പിടിയന്മാര്‍ ചേക്കേറുന്ന പ്രദേശങ്ങളിലെ കര്‍ഷകരുമാണുള്ളത്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇവര്‍ ദൊയാങ് നദീതീരത്ത് റോന്തുചുറ്റും. അതിന് ഇവര്‍ക്ക് 'വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ' പ്രതിഫലം നല്കും.
പ്രാപ്പിടിയന്മാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാട്ടുകാരെ ബോധവത്കരിക്കുന്നതിന് 'നാഗാലന്‍ഡ് വൈല്‍ഡ് ലൈഫ് ആന്‍ഡ് ബയോ ഡൈവേഴ്‌സിറ്റി ട്രസ്റ്റ്' എന്ന സംഘടന 'ഫ്രണ്ട്‌സ് ഓഫ് ദ അമ്യൂര്‍ ഫാല്‍ക്കണ്‍സ്' എന്ന പേരില്‍ പ്രചാരണ പരിപാടി തുടങ്ങി. വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, ബേഡ് ലൈഫ്, റാപ്റ്റര്‍ റിസര്‍ച്ച് ആന്‍ഡ് കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.
അമ്യൂര്‍ പ്രാപ്പിടിയന്മാര്‍ നാഗാലന്‍ഡിന്റെ അതിഥികളാണെന്നും അവയെ സംരക്ഷിക്കേണ്ടത് നാഗാ ജനതയുടെ കടമയാണെന്നും മുഖ്യമന്ത്രി നെയ്ഫ്യു റിയോ പറഞ്ഞു. നാഗാ ജനതയുടെ ആതിഥ്യമര്യാദ പുറംലോകത്തിന് കാണിച്ചുകൊടുക്കേണ്ട അവസരമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
