NagaraPazhama

ഭൂതകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന വിവേകാനന്ദപ്രതിമ

Posted on: 20 Sep 2013


ഇനി സ്വാമി വിവേകാനന്ദന്‍ അനന്തപുരിക്ക് സ്വന്തം. കേരളചരിത്രത്തില്‍ അവിസ്മരണീയ സ്ഥാനം കവടിയാറിനുണ്ട്. ഇവിടത്തെ കൊട്ടാരത്തിലാണ് തിരുവിതാംകൂറിന്റെ അവസാന മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ഭരണം നടത്തിയത്. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിയ എത്രയോ മഹാന്മാരുടെ പാദസ്പര്‍ശം ഏറ്റിട്ടുള്ള കവടിയാര്‍ കൊട്ടാരത്തിന് സമീപമുള്ള പാര്‍ക്ക് ഇനി വിവേകാനന്ദന്റെ പേരിലായിരിക്കും അറിയപ്പെടുക.

1892 ഡിസംബറില്‍ നരേന്ദ്രന്‍ എന്ന പേരില്‍ ഈ നഗരത്തിലെത്തുകയും ഒമ്പതുദിവസം ഈ നഗരത്തില്‍ താമസിക്കുകയും ചെയ്ത ഇരുപത്തിയൊമ്പതുകാരനായ സംന്യാസിയായിരുന്നു വിവേകാനന്ദന്‍. അന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. അതില്‍ കോട്ടയ്ക്കകത്തുള്ള ശ്രീമൂലം തിരുനാളിന്റെ കൃഷ്ണവിലാസം കൊട്ടാരവും ഇപ്പോഴത്തെ ശ്രീമൂലം ക്ലബ്ബായ അന്നത്തെ ട്രിവാന്‍ഡ്രം ക്ലബ്ബും മാത്രമേ വ്യക്തമായി അറിയാന്‍ കഴിയൂ. അദ്ദേഹത്തിന്റെ സഞ്ചാരപഥങ്ങളില്‍ പേരൂര്‍ക്കടയും അവിടെ താമസിച്ചിരുന്ന മനോന്മണീയം സുന്ദരംപിള്ളയുടെ ഹാര്‍വിപുരം ബംഗ്ലാവും ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ചിലര്‍ വാദിക്കുന്നത് അദ്ദേഹം അവിടെ പോയിട്ടില്ലെന്നാണ്. സത്യം എന്താണെന്നറിയാന്‍ രേഖകളൊന്നും ഇല്ല.

അതിനാല്‍ മനോന്മണീയം സുന്ദരംപിള്ളയുടെ ബന്ധുക്കള്‍ പറയുന്ന വാദം മാത്രമേ അംഗീകരിക്കാന്‍ പറ്റുകയുള്ളൂ. ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ് അന്ന് മഹാരാജാസ് കോളേജായിരുന്നു. അവിടത്തെ അധ്യാപകനായിരുന്നു മനോന്മണീയം സുന്ദരംപിള്ള. തത്വശാസ്ത്രജ്ഞന്‍, സാഹിത്യകാരന്‍, ചരിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ അറിയപ്പെടുന്നു.

അദ്ദേഹം പേരൂര്‍ക്കടയിലെ കൊടുംകാടും മലയും പാറക്കൂട്ടങ്ങളും നിറഞ്ഞ മരുതുംമൂട് എന്ന സ്ഥലം വിലയ്ക്കുവാങ്ങി തന്റെ അധ്യാപകനും മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലുമായിരുന്ന ഡോ. ഹാര്‍വിയുടെ പേരില്‍ ബംഗ്ലാവ് പണിതു. ഈ ബംഗ്ലാവില്‍ വിവേകാനന്ദന്‍ പല ദിവസവും സന്ദര്‍ശിച്ചുവെന്നും ഇവിടെ മുമ്പുണ്ടായിരുന്ന 'അടുപ്പുകൂട്ടാന്‍ പാറ'യില്‍ കയറി സൂര്യാസ്തമനം കണ്ടുവെന്നും മനോന്മണീയം സുന്ദരംപിള്ളയുടെ ബന്ധുക്കള്‍ പൂര്‍വികരില്‍നിന്ന് കേട്ടിട്ടുള്ളതായി പറയുന്നു. മനോന്മണീയം സുന്ദരംപിള്ളയുടെ ജീവചരിത്രം എഴുതിയ സുകുമാരന്‍ കല്ലുവിള ഇതൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കവടിയാര്‍ പ്രദേശത്തും വിവേകാനന്ദന്റെ പാദസ്പര്‍ശം ഏല്‍ക്കാന്‍ സാധ്യതയുണ്ട്.

വിശ്വവിഖ്യാതനായ എഴുത്തുകാരനും നോബല്‍സമ്മാന ജേതാവുമായ റോമന്‍ റോളണ്ട് സ്വാമി വിവേകാനന്ദനെ വര്‍ണ തൂവലുള്ള ഒരു രാജഹംസത്തോടാണ് ഉപമിച്ചിട്ടുള്ളത്. സഞ്ചാരിയായ ആ മഹാപക്ഷി ലോകത്തിന്റെ മുകളില്‍ പറന്ന് വിശ്വമാനവികതയുടെ പുതിയ ദര്‍ശനം വിളംബരംചെയ്തു. അങ്ങ് ലിയോ ടോള്‍സ്റ്റോയിമുതല്‍ ഇങ്ങ് മഹാകവി കുമാരനാശാന്‍ വരെയുള്ളവര്‍ ആ ദര്‍ശനത്തില്‍ ആകൃഷ്ടരായി. വേദാന്തത്തിലെ അദ്വൈതവും ഹേഗലിന്റെ കേവലസിദ്ധാന്തവും ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യമായ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഭാരതത്തിലെ മാമുനിമാരുടെ ഉള്‍ക്കാഴ്ചയും എല്ലാം ഒത്തുചേര്‍ത്ത പുതിയ സന്ദേശം വിവേകാനന്ദന്‍ ലോകത്തിന് സമ്മാനിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള കിഴക്കന്‍ രാജ്യങ്ങള്‍ അജ്ഞാനികളും കാടന്മാരും ആണെന്ന് വിശ്വസിച്ച് വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും കുത്തക അവകാശപ്പെട്ടിരുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ബുദ്ധിജീവികളെ പുനര്‍ചിന്തിപ്പിച്ചതായിരുന്നു വിവേകാനന്ദന്റെ പ്രസംഗങ്ങള്‍. ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും പത്രങ്ങള്‍ പ്രകീര്‍ത്തനങ്ങള്‍കൊണ്ട് ചൊരിയുമ്പോഴോ, ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ റോക്ക്ഫില്ലര്‍ സംഭാവനയായി എത്തുമ്പോഴോ വിശ്വനര്‍ത്തകിയും പാട്ടുകാരിയുമായ മാഡംകാല്‍വേ സഹായം വാഗ്ദാനംചെയ്തപ്പോഴോ ആ യുവ സംന്യാസിയുടെ മനസ്സ് ഇന്ത്യയിലെ പാവപ്പെട്ട ആളുകളുടെയും തൊഴിലാളികളുടെയും ദുരിതപൂര്‍ണമായ ജീവിതത്തില്‍നിന്ന് അവരെ മോചിപ്പിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആലോചനയിലായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉള്‍പ്പെടെയുള്ള ജാതിപിശാചിന്റെ താണ്ഡവനൃത്തത്തില്‍ ഉഴലുന്ന മലയാളക്കരയെപ്പറ്റി വിവേകാനന്ദന്‍ അറിഞ്ഞത് പേട്ട സ്വദേശിയായ ഡോ. പല്പുവില്‍ നിന്നാണ്. അയിത്തം ഉള്ള ജാതിയില്‍ പിറന്നുപോയ കാരണത്താല്‍ തിരുവിതാംകൂറില്‍ ജോലി നിഷേധിക്കപ്പെട്ട ഡോ. പല്പു ബാംഗ്ലൂരില്‍ ഹെല്‍ത്ത് ഓഫീസര്‍ ആയി ജോലിചെയ്യുമ്പോഴാണ് വിവേകാനന്ദനെ കണ്ടത്. ഇവിടത്തെ സാമൂഹ്യ അനാചാരങ്ങളാണ് 'കേരളം ഭ്രാന്താലയം' എന്ന് വിശേഷിപ്പിക്കാന്‍ വിവേകാനന്ദനെ പ്രേരിപ്പിച്ചത്. ആ ഭ്രാന്താലയത്തിലെ അയിത്തഭ്രാന്ത് മാറ്റി ഹിന്ദു സമുദായത്തിലെ സമസ്ത ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ക്ഷേത്രം തുറന്നുകൊടുത്ത ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് അന്ത്യവിശ്രമം കൊള്ളുന്ന 'പഞ്ചവടി'ക്ക് സമീപമാണ് വിവേകാനന്ദ പ്രതിമ ഉയരുന്നത്. ആ പ്രതിമ ഭാവിതലമുറയോട് ഇന്നലെകളുടെ ചരിത്രമായിരിക്കും വിളംബരം ചെയ്യുക.

ഇത്ര പരിഷ്‌കൃതമായ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ എന്തിന് ഭ്രാന്താലയമെന്ന് വിളിച്ചു എന്ന് നാളെ ആരെങ്കിലും ചോദിച്ചാല്‍ അതിന് വിവേകാനന്ദപ്രതിമ ഉത്തരം നല്‍കും.



MathrubhumiMatrimonial