
മലയാലപ്പുഴ രാജന്
Posted on: 20 Apr 2009
-ശ്രീകുമാര്‍ അരൂക്കുറ്റി
ശബരിമല ക്ഷേത്രത്തില്‍ ധര്മശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റിവരുന്ന ഗജവീരന് എന്ന നിലയില്‍ കേരളം അങ്ങോളമിങ്ങോളം പ്രസിദ്ധനായിത്തീര്‍ന്ന സഹ്യപുത്രന്; അവനാണ് മലയാലപ്പുഴ രാജന്.
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തപ്പെട്ടവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്വന്തക്കാരന്, നാല്പതുകളുടെ നടവരമ്പിലൂടെയാണ് ജിവിതയാത്ര. പ്രായം നാല്പതിന് മേലുണ്ടെന്ന് ചുരുക്കം.

പതിനാറ് നഖക്കാരന്‍ എന്നതാണ് രാജന്റെ മറ്റൊരു സവിശേഷത. പൊതുവേ അശുഭലക്ഷണമെന്നും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍ എന്നുമൊക്കെ മുന്‍കാലങ്ങളില്‍ കരുതപ്പെട്ടിരുന്ന പതിനാറ് നഖക്കാരെ ക്ഷേത്രത്തില്‍ നിര്‍ത്തിയാല്‍ തരക്കേടില്ലെന്ന വിശ്വാസത്തിലാവാം ഇവന് മലയാലപ്പുഴ ക്ഷേത്രത്തില്‍ എത്തിപ്പെടുന്നത്.
ക്ഷേത്രത്തിലെ നാട്ടാനക്കേമന്മാരില്‍ എണ്ണം പറഞ്ഞ വീരന് പാമ്പാടി രാജനുമായുള്ള അസാമന്യ രൂപസാദൃശ്യവും മലയാലപ്പുഴ ആനയുടെ പ്രത്യേകതയാണ്. പാമ്പാടി രാജന്റെയത്ര ഉയരവും ദേഹപുഷ്ടിയും വരില്ലെങ്കിലും എണ്ണക്കറുപ്പും മുഖത്തെ സ്ഥായിയായ പരുഷഭാവവും ഈ രാജന്റെയും വ്യക്തിമുദ്രകളായി മാറിയിരിക്കുന്നു. മലയാലപ്പുഴ രാജന്റെ മുഖൂത്തേക്ക് ഇത്തിരി നേരം അടുപ്പിച്ച് ഒന്ന് നോക്കിനിന്നു പോയാല്‍ സ്വയമറിയാതെന്നോണം ആരും രണ്ട് ചുവട് പിന്നോട്ട് മാറിപ്പോകുന്ന ഒരു വജ്രായുധ ഭാവവും ഇവന്റെ മുഖത്തുണ്ട്. മറ്റൊരാനയിലും ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം, പുറത്തേക്ക് അല്പം തള്ളി നില്ക്കുന്ന കണ്ണുകളും, ആള്‍ക്കൂട്ടത്തെ നോക്കി പേടിപ്പിക്കും മട്ടിലുള്ള ആ കണ്ണുകളുടെ ചുടലമായ ചലനങ്ങളും രാജന്റെ ഗാംഭീര്യം പതിന്മടങ്ങ് ഉയര്‍ത്തുവാന്‍ പോന്നതു തന്നെ!
ആനകളുടെ പെരുമാറ്റരീതികള്‍ ആധാരമാക്കി അവരെ വര്‍ഗ്ഗീകരിക്കുന്ന സാമ്പ്രദായിക വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ച് ക്ഷത്രിയഗണത്തില്‍പെട്ട ആനയാണ് രാജന്. ഈ ഗണത്തില്‍പെടുന്നവര്‍, വെള്ളം കുടിക്കാന്‍ പറ്റിയ ഇടം കണ്ടാല്‍ വെള്ളത്തില്‍ ഇറങ്ങി നിന്നേ കുടിക്കാറുള്ളത്രെ. അല്പം തലക്കനമുള്ള അഭിമാനികളായിരിക്കും ഇക്കൂട്ടരെങ്കിലും ഒരാളെ വിശ്വസിച്ചാല്‍ അവസാനം വരെ അയാളോട് കൂറ് പുലര്‍ത്തുകയെന്നതും ഒരിക്കലും ചതിക്കാതിരിക്കുകയെന്നതും ക്ഷത്രിയഗണക്കാരുടെ സ്വഭാവമഹിമയായി പ്രകീര്‍ത്തിക്കപ്പെടുന്നു.
കൂടുതല്‍ ചിത്രങ്ങള്‍
sreekumararookutty@gmail.com
Tags: Elephant, Kerala Festivals, Anachantham, Malayapuzha Rajan
